ADVERTISEMENT

വിഖ്യാത ഫ്രഞ്ച് സമുദ്ര ഫൊട്ടോഗ്രഫർ റേച്ചൽ മൂർ പകർത്തിയ ഒരു തിമിംഗലത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രകൃതി സ്നേഹികൾക്കിടയിൽ ചർച്ചാവിഷയം. അത്യപൂർവമായി മാത്രമേ തിമിംഗലത്തിന്റെ ക്ലോസ് ഷോട്ട് ലഭിക്കൂ എന്നിരിക്കേയാണ് റേച്ചൽ മൂറിന് അതിശയകരമായ ഈ തിമിംഗല ചിത്രം പകർത്താൻ അവസരം ലഭിച്ചത്. പ്രപഞ്ച സൗന്ദര്യം തുളുമ്പി നിൽക്കുന്ന തിമിംഗല കണ്ണിന്റെ ഫോട്ടോ, റേച്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. സോണി ആൽഫ 1 + 16-35 എംഎം ലെൻസ് ക്യാമറയിലെടുത്ത ചിത്രം വളരെ വേഗം വൈറലായി. 

whale-eye-art-l-photo
Image Credit: www.rachelmoorephotos.com

ആരെയും വിസ്മയിപ്പിക്കുന്ന നയനസൗന്ദര്യം ‘സ്വീറ്റ് ഗേൾ’ എന്ന് വിളിക്കുന്ന തിമിംഗലത്തിന്റേതാണ്. സോണി, ഗോപ്രോ, പാഡി, ഒൺലി വൺ എന്നിവയുടെ അംബാസഡറും ഓഷ്യൻ കൺസർവൻസിയുടെ 2023 ഫോട്ടോ മത്സരത്തിൽ ജഡ്ജസ് ചോയ്‌സ് അവാർഡ് ജേതാവുമായ റേച്ചൽ, അപൂർവമായ ഷോട്ട് ലഭിക്കാനിടയായ നിമിഷത്തെ ഓർക്കുന്നത് അതിശയത്തോടെയാണ്. ‘കണ്ണിന്റെ അരികിലുള്ള ആ നിമിഷം എന്റെ വന്യമായ സ്വപ്നങ്ങൾക്കുമപ്പുറമായിരുന്നു. ഇതുപോലൊരു തിമിംഗലത്തെ ഞാൻ ഒരിക്കലും നേരിട്ടിട്ടില്ല, എന്റെ ജീവിതത്തിലെ ഏറ്റവും അഗാധമായ, മനോഹരമായ അനുഭവമായിരുന്നു അത്. ആ കണ്ണുകൾക്കുള്ളിലെ സൗന്ദര്യവും ജീവനും പകർത്താൻ അവൾ എന്നെ അനുവദിച്ചതിൽ ഞാൻ അഭിമാനിക്കുന്നു’– റേച്ചൽ പറഞ്ഞു.

whale-eye-art-li
Image Credit: moore_rachel/instagram.com

"തിമിംഗലങ്ങളെ മനസ്സിലാക്കുന്നതിനു പകരം അവയെ കാണാൻ മാത്രം പലരും വരുന്നത് വർഷങ്ങളായി ഞാൻ ശ്രദ്ധിക്കാറുണ്ട്. ഈ ജീവികളെയും അവയുടെ സ്ഥലത്തെയും ബഹുമാനിക്കുക, അവയെ ശല്യപ്പെടുത്താതെ നിരീക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇണചേര്‍ന്ന്, അവരുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും പോറ്റാനും വിശ്രമിക്കാനും ഇവിടെയെത്തുന്ന തിമിംഗലങ്ങൾ 6-8 മാസം വരെ പട്ടിണി കിടക്കുകയാണ്. അവയെ ശല്യപ്പെടുത്തി ദൂരേക്ക് നീന്താൻ പ്രേരിപ്പിക്കുമ്പോൾ അവരുടെ ഊർജമാണ് നാം ഊറ്റിയെടുക്കുന്നത്"– റേച്ചൽ ആശങ്ക പങ്കുവച്ചു.

whale-eye-art
Image Credit: moore_rachel/instagram.com

ചിത്രം പകർത്തിയതിന്റെ ആഹ്ലാദം അവസാനിക്കുന്നതിന് മുൻപു തന്നെ ഒരു ദുഃഖ വാർത്തയും റേച്ചലിന് പങ്കുവെയ്ക്കേണ്ടി വന്നു. ചിത്രം പകർത്തി ആഴ്ചകൾക്കുശേഷം, താഹിതിക്കും മോറിയയ്ക്കും ഇടയിൽ ഓടിക്കൊണ്ടിരിക്കുന്ന അതിവേഗ കപ്പലുമായി കൂട്ടിയിടിച്ച് ‘സ്വീറ്റ് ഗേൾ’ തിമിംഗലം ദാരുണമായി കൊല്ലപ്പെട്ടു എന്നതായിരുന്നു വാർത്ത. അതിന്റെ സങ്കടവും അവർ തുറന്നു പറഞ്ഞു.

'അവൾക്ക് ധാരാളം പേരുകൾ ഉണ്ടായിരുന്നു, പക്ഷേ അവളെ സ്വീറ്റ് ഗേൾ എന്ന് വിളിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, അവൾ നിരവധി ജീവിതങ്ങളെ സ്പർശിച്ചു. ഫോട്ടോ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി. അവളുടെ ദാരുണകഥ അർഥവത്തായ മാറ്റത്തിന് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' തിമിംഗലങ്ങളുടെ സീസണിൽ ദ്വീപുകൾക്ക് ചുറ്റുമുള്ള വേഗപരിധി സംബന്ധിച്ച് നിയന്ത്രണങ്ങൾ ആവശ്യമാണെന്നും റേച്ചൽ അഭ്യർഥിച്ചു.

whale-eye-art-moore
Image Credit: moore_rachel/instagram.com

'അവളുടെ കഥ സ്നേഹം, ജിജ്ഞാസ എന്നിവയെക്കുറിച്ചായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പകരം, അത് വേദനയിലും കഷ്ടപ്പാടിലും അവസാനിച്ചു. ക്രൂരമായി മണിക്കൂറുകളോളം വേദനകളും കഷ്ടപ്പാടുകളും സഹിച്ചു, ഒടുവിൽ മുറിവുകളുമായി മരണത്തിനു കീഴടങ്ങി. മനുഷ്യരായ ഞങ്ങളോട് കാണിച്ച ദയയ്ക്കും ജിജ്ഞാസയ്ക്കും ശേഷം അവൾക്ക് ഇത് സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.' നിർഭാഗ്യവശാൽ, സ്വീറ്റ് ഗേൾ ഒറ്റയ്ക്കല്ല, ഓരോ വർഷവും 20,000 തിമിംഗലങ്ങൾ കപ്പൽ ആക്രമണത്തിൽ മരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

whale-eye-art-lm
Image Credit: moore_rachel/instagram.com

സന്തോഷകരമായി ആരംഭിച്ച ചിത്രത്തിന്റെ കഥ ഇപ്പോൾ ദുഃഖത്തോടെയാണ് പലരും പങ്കുവെയ്ക്കുന്നത്. ഈ സംഭവം സമുദ്രസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വംശനാശഭീഷണി നേരിടുന്ന തിമിംഗലത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആഗോള ചർച്ചകൾക്ക് തിരികൊളുത്തിരിക്കുകയാണ്. ഈ വിഷയത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്നുണ്ട്.

rachel-moore
റേച്ചൽ, Image Credit: www.rachelmoorephotos.com
English Summary:

'Sweet Girl' Remembered: Photographer's Moving Tribute to a Gentle Giant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com