എല്ലാ കളിയും തോറ്റാലും ഇവർ ജയിച്ചവർ തന്നെ; ഈ പാക്ക് ടീം!
Mail This Article
ലോക ക്രിക്കറ്റിലെ ശക്തമായ ടീമുകളിലൊന്നാണ് പാക്കിസ്ഥാൻ. ഏതു ടീമിനെയും തോൽപിക്കാനുള്ള കഴിവും ഏതു ടീമിനോടും തോൽക്കുന്ന ദൗർബല്യവുമുള്ള ടീം. ഇടയ്ക്കു തകരാറുണ്ടെങ്കിലും ശക്തരായ ഇടംകൈ ഫാസ്റ്റ് ബൗളർമാരും ബാറ്റ്സ്മാൻമാരുമുള്ള ടീം അനിഷേധ്യ ശക്തിയാണ് എന്നും. മിയാൻ ദാദ്, ഇമ്രാൻ ഖാൻ, വസീം അക്രം എന്നിവരുടെ കാലത്തിനു ശേഷം പ്രതാപം കുറഞ്ഞ പാക്ക് ടീം നിലവിൽ ലോകകപ്പിൽ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഏതു ദിവസവും തിരിച്ചുവരാം. അപ്രതീക്ഷിത വിജയങ്ങൾ കൈപ്പിടിയിലാക്കാം. പാക്ക് ക്രിക്കറ്റ് ടീം എന്നു കേൾക്കുമ്പോൾ പുരുഷ ടീം എന്നാണു കരുതപ്പെടുന്നത്. കാരണം സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇന്നും പാക്കിസ്ഥാനിൽ മരീചികയാണ്. ആൺതുണയില്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഒട്ടേറെ പ്രദേശങ്ങൾ ആ രാജ്യത്തുണ്ട്. മത ശാസനകൾ ധിക്കരിക്കുന്നവർക്ക് കടുത്ത ശിക്ഷയും ലഭിക്കാറുണ്ട്. എന്നാൽ, വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ന് പാക്കിസ്ഥാനിൽ ഒരു വനിതാ ക്രിക്കറ്റ് ടീമുമുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളെപ്പോലെ പ്രശസ്തമല്ലെങ്കിലും ലോകകപ്പിൽ ഉൾപ്പെടെ അവർ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്. അതിന്റെ പിന്നിൽ അധികമാർക്കുമറിയാത്ത ഒരു ചരിത്രവുമുണ്ട്. സഹനത്തിന്റെയും ഇഛാശക്തിയുടെയും നിശ്ചയദാർഡ്യത്തിന്റെയും കരുത്തുള്ള കഥയുണ്ട്. ആ കഥയും ചരിത്രവും പറയുന്ന ധീരമായ പുസ്തകമാണ് ആയുഷ് പുത്രൻ എഴുതിയ അൺവെയ്‌ലിങ് ജസ്ബാ. 1997 മുതൽ കഴിഞ്ഞ വർഷം വരെയുള്ള 25 വർഷക്കാലം പാക്കിസ്ഥാനെ രാജ്യാന്തര തലത്തിൽ പ്രതിനിധീകരിച്ച 86 വനിതാ താരങ്ങളുടെയും അവരുടെ അത്ര അറിയപ്പെടുന്നില്ലെങ്കിലും ക്രിക്കറ്റ് എന്ന കായിക വിനോദത്തിനുവേണ്ടി അവരേക്കാളേറെ സഹിച്ചു വിസ്മൃതരായവരുടെയും ജീവിതകഥ.
പാക്ക് ടീം അംഗമായി ഒരു രാജ്യാന്തര മത്സരം മാത്രം കളിച്ച താരമാണ് സബ നസീർ. ലഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെ മുരിട്കെ എന്ന ഗ്രാമപ്രദേശത്തു ജനിച്ചുവളർന്ന പെൺകുട്ടി. കൗമാരത്തിൽ ക്രിക്കറ്റ് ആ പെൺകുട്ടിയിൽ ആവേശത്തിന്റെ വിത്ത് വിതച്ചു. ആവേശം നിലനിർത്തിയതിന്റെ പേരിൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ബഹിഷ്കൃതയായതുൾപ്പെടെ സബ കടന്നുപോയ സഹനങ്ങൾ ഒരു പുസ്തകത്തിനു തന്നെ പ്രമേയമാക്കാവുന്നതാണ്.
2009 ൽ 17–ാം വയസ്സിൽ കൊലപാതകത്തേക്കാൾ ഹീനമായ ഒരു കുറ്റകൃത്യം ആ പെൺകുട്ടിക്ക് ചെയ്യേണ്ടിവന്നു. മുടി മുറിക്കുക. ആൺകുട്ടികൾക്കും പുരുഷൻമാർക്കും മാത്രം യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്ന ബസിൽ കയറി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു യാത്ര ചെയ്യാൻ അതല്ലാതെ മറ്റൊരു മാർഗവും സബയ്ക്കു മുന്നിൽ ഉണ്ടായിരുന്നില്ല. എന്നാൽ മുടി മുറിച്ച കുറ്റത്തിന് ചെരിപ്പേറ് ഉൾപ്പെടെ സഹിക്കേണ്ടിവന്നു ആ പെൺകുട്ടിക്ക്. അച്ഛനും സഹോദരൻമാരും കഠിനമായി പരിശ്രമിച്ചിട്ടും ആവശ്യത്തിനു ഭക്ഷണം ലഭിച്ചിരുന്നില്ല. രഹസ്യമായായിരുന്നു ക്രിക്കറ്റ് പരിശീലനം. വൈകുന്ന ദിവസങ്ങളിൽ അത്താഴം കഴിക്കാതെ കിടന്നുറങ്ങേണ്ടിവന്നു. കിലോമീറ്ററുകളോളം നടന്നും സൈക്കിളിലും യാത്ര ചെയ്യേണ്ടിവന്നു. ഒന്നിലേറെ തവണ ടൈഫോയ്ഡ് ബാധിതയായി. എന്നാൽ സബ തളർന്നില്ല. തിരിച്ചടികളെ ആയുധമാക്കി ദേശീയ ടീം അംഗമായി.
സബ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതു പ്രാദേശിക പത്രങ്ങളിൽ വലിയ വാർത്തയായി. 3 ദിവസത്തേക്ക് അവൾ വീട്ടിലേക്കു വന്നതേയില്ല. ചുറ്റും കൂടുന്ന പത്രക്കാർക്കു നടുവിൽ എന്തു പറയണമെന്നും പ്രശസ്തി വീട്ടിൽ സൃഷ്ടിക്കുന്ന കലാപവും പേടിച്ചായിരുന്നു അത്. ഒടുവിൽ, വീട്ടിൽ തിരിച്ചെത്തിയപ്പോൾ 50,000 പാക്ക് രൂപ സബ പിതാവിന്റെ കയ്യിൽ വച്ചുകൊടുത്തു.
സഹോദരൻമാർ ചെയ്യാറുള്ളതുപോലെ ആദ്യത്തെ ശമ്പളം പിതാവിന് കൊടുക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. മക്കളെ വളർത്താൻ അദ്ദേഹം സഹിച്ച കഷ്ടപ്പാടിന് ഞാനും സാക്ഷിയാണ്. ആൺമക്കളെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു. എന്നാൽ, അവർ നന്നായി പഠിച്ചില്ല. നല്ല ജോലിയും ലഭിച്ചില്ല. എന്നിട്ടും വലിയൊരു തുക പിതാവിന് കൊടുക്കാൻ കഴിഞ്ഞത് അപശകുനമായി കരുതപ്പെട്ട എനിക്കാണ്. ആ പണം പിതാവ് സ്വീകരിച്ചില്ല. എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കണ്ണീരോടെ സമ്മതിച്ചു. ആൺ മക്കൾക്ക് കഴിയാതിരുന്നത് സാധിച്ച മകളോട് നന്ദി പറയുകയും ചെയ്തു: സബ ഓർമിക്കുന്നു.
പട്ടിണി. വിശപ്പ്. സാമൂഹിക നിയമങ്ങള്‍... എന്നിവയോട് സബയെപ്പോലെ പൊരുതേണ്ടിവന്ന മറ്റൊരാളും ഒരുപക്ഷേ രാജ്യത്തുതന്നെ ഉണ്ടാവില്ല. പാക്കിസ്ഥാനെ പ്രതിനിധീകരിച്ചവരിൽ സബയുടെയത്ര ദാരിദ്ര്യം അനുഭവിക്കേണ്ടിവന്ന മറ്റൊരാളെയും ചൂണ്ടിക്കാണിക്കാനാവില്ല. വേറൊരു കുടുംബത്തിലെയും മാതാപിതാക്കൾ ഇത്രമാത്രം മുഖം തിരിച്ചുനിന്നിട്ടുണ്ടാവില്ല. രഹസ്യമായും ഒളിയിടങ്ങൾ കണ്ടുപിടിച്ചും ക്രിക്കറ്റ് കളിക്കേണ്ടിയും വന്നിട്ടുണ്ടാവില്ല. അടിയും ഇടിയും മർദനങ്ങളും സഹിക്കേണ്ടിയും വന്നിട്ടുണ്ടാവില്ല. എന്നാൽ സബയുടെ നേട്ടങ്ങൾ അത്ര വലുതൊന്നുമല്ല താനും. അതിന്റെ പേരിൽ മാത്രമല്ല ആ പെൺകുട്ടി വിലയിരുത്തപ്പെടേണ്ടത്. പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനെ മത ശാസനകൾ ഉയർത്തിക്കാട്ടിയും യാഥാസ്ഥിതിക നിയമങ്ങൾ ഓർമിപ്പിച്ചും തളർത്താൻ ശ്രമിച്ചവർക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ പേരിലാണ്. അതിന്റെ ഫലം അനുഭവിക്കുന്നത് ഒന്നോ രണ്ടോ പേരല്ല. ഭാവിതലമുറകളാണ്.