രാജ്യങ്ങളും അതിർത്തികളും താണ്ടി മനുഷ്യരിലേക്കും അവരുടെ ജീവിതത്തിലേക്കും ആഴ്ന്നിറങ്ങുന്ന ഒരു പെൺസഞ്ചാരം
Mail This Article
രാജ്യങ്ങളും അതിർത്തികളും താണ്ടി മനുഷ്യരിലേക്കും അവരുടെ ജീവിതത്തിലേക്കും ആഴ്ന്നിറങ്ങുന്ന ഒരു പെൺ സഞ്ചാരം. ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’ എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ അത്തരത്തിലൊരു സഞ്ചാരിയെ നമുക്ക് പരിചയപ്പെടാനാകും– രമ്യ എസ്. ആനന്ദ്. എഴുത്തുകാരിക്ക് യാത്രകളെന്നാൽ ഓർമകളും ഒപ്പം മുഖങ്ങളുമാണ്. അതുകൊണ്ടുതന്നെ ഓർമകൾ തുടിക്കുന്ന മുഖങ്ങളാണ് പുസ്തകം നിറയെ; മനുഷ്യരും അവരുടെ അസാധാരണമായ അയനങ്ങളും.
പല കാലങ്ങളിൽ, പല ദേശങ്ങളിൽ ഒറ്റയായും കൂട്ടമായും കണ്ട, പരിചയപ്പെട്ട, ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ചില മുഖങ്ങളാണ് രമ്യയുടെ ‘വഴികളിൽ തെളിയുന്ന മുഖങ്ങളി’ൽ നിറയെ. ഒപ്പം ചില രുചിയോർമകൾ കൂടിയാണ് പുസ്തകമെന്ന് പറയാം. മനുഷ്യർ സ്നേഹത്തിൽ ചാലിച്ച് നീട്ടുന്ന, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചില രുചികൾ. ഗുജറാത്തിലെ മേരി ലോമ്പോ, അവരുടെ ലാ ബെല്ല എന്ന റസ്റ്ററന്റ്, ഉപ്പിട്ട ചൂടു ചോറും ആവി പറക്കുന്ന ഡക്ക് വിന്താലുവും, വിയന്നയിലെ അഹമ്മദ്, ടർക്കിഷ് ഡോണർ കബാബ്- അങ്ങനെ നമുക്ക് പരിചിതമല്ലാത്ത ആ മുഖങ്ങളും രുചികളും രമ്യയുടെ എഴുത്തിലൂടെ നമുക്കും സുപരിചിതമാകുന്നുണ്ട്, പിന്നീട് നമ്മുടെ ഓർമയിലും ആ മുഖങ്ങൾ തെളിഞ്ഞുനിൽക്കുന്നുണ്ട്.
യാത്രകളിലുടനീളം പുതിയ പുതിയ മുഖങ്ങൾ വന്നുചേരുന്നുണ്ട്. കണ്ട കാഴ്ചകളെക്കാൾ ഉപരി, ആ മുഖങ്ങളെയും ഒന്നിച്ചുണ്ടായിരുന്ന ഇനിയൊരിക്കലും ആവർത്തിക്കാത്ത ആ സമയത്തെയും അവരുടെ ജീവിതത്തെയും കുറിച്ചുവയ്ക്കുകയാണ് എഴുത്തുകാരി. അടുത്ത സ്ഥലം ഏത് എന്നതിനപ്പുറം, അടുത്തതാര് എന്ന വിധത്തിൽ പുതിയ മനുഷ്യരെ തേടാനും അറിയാനുമുള്ള ഉദ്വേഗം തുടിക്കുന്ന ഒരു സഞ്ചാരി മനസ്സ് വായനയിലുടനീളം കാണാനാകും. കണ്ടതും അറിഞ്ഞതുമായ മനുഷ്യരിലൂടെ ഓരോ പ്രദേശത്തെയും അടയാളപ്പെടുത്തുകയാണ് എഴുത്തുകാരി ചെയ്യുന്നതെന്ന് വായന തുടരവേ നമുക്കും തോന്നും. ഹിമാലയൻ യാത്രയിലെ ഡ്രൈവറായ പഹാഡി പയ്യൻ ഭരത്, തേക്കടിയിൽ കണ്ടുമുട്ടിയ സ്വീഡിഷ് ചെറുപ്പക്കാരി ജിസൽ അമേയ്ഡ്, മ്യൂനിക്കിലെ ബസ് ഡ്രൈവർ മൈക്കിൾ സെർണി തുടങ്ങി നിരവധി പേർ എവിടെനിന്നൊക്കെയോ യാത്രകളിൽ പിന്നെയും കണ്ണികളാകുന്നു, പുതിയ മനുഷ്യരെയും ദേശങ്ങളെയും തേടിയുള്ള ആ യാത്ര ഇടമുറിയാതെ തുടരുകയും ചെയ്യുന്നു.
വഴികളിൽ തെളിയുന്ന മുഖങ്ങൾ
രമ്യ എസ്. ആനന്ദ്
ഇന്ദുലേഖ
വില : 240 രൂപ