കാമത്തിന്റെ അർഥം; കാമം തീരാതെ അർഥം
Mail This Article
പണത്തിനോടുള്ള ബഹുമാനത്തിൽ ഒരു പങ്ക് ബാങ്കിന് ലഭിക്കുന്നു; ബാങ്ക് ജീവനക്കാർക്കും. സുരക്ഷിതത്വം ബാങ്കിന്റെ മുഖമുദ്രയാണ്. സുരക്ഷ ഉറപ്പാക്കുന്ന ജീവനക്കാരോട് ആദരവും കൂടും. അവരുടെ കൈകളിലൂടെ പണം കടന്നുപോകുന്നു. തിരിച്ചുവരുന്നു. ഒരു കാലത്ത് മനുഷ്യർ ചെയ്ത മിക്ക ജോലികളും യന്ത്രങ്ങൾ ഏറ്റെടുത്തെങ്കിലും ബാങ്ക് ജീവനക്കാരുടെ ആവശ്യം കൂടിയിട്ടേയുള്ളൂ; ബാങ്കുകളുടെ എണ്ണവും. അവരോടുള്ള ബഹുമാനത്തിലും കുറവ് വന്നിട്ടില്ല. എന്നാൽ, വെളിച്ചം വിതറുന്ന ബാങ്കിനുള്ളിൽ ഇരുട്ട് വീണ ഒരു ലോകമുണ്ട്. ഉപഭോക്താവിനെ ചിരിച്ചു സ്വീകരിച്ച് ആദരിക്കുന്ന ജീവനക്കാരുടെ ഉള്ളിലും. അധോലോകം എന്ന് അതിനെ വിശേഷിപ്പിക്കുന്നത് കുറഞ്ഞുപോകുകയേ ഉള്ളൂ എന്ന് മുന്നറിയിപ്പ് തരുന്ന നോവലാണ് ദീർഘകാലം ബാങ്കിന്റെ ഭാഗമായിരുന്ന ലിസിയുടെ അർഥകാമ.
ഞെട്ടലും നിരാശയും പകരുന്ന ഇരുട്ടിനൊപ്പം പ്രതീക്ഷയുടെ വെളിച്ചമുണ്ട്. നീതിയുടെ സൗന്ദര്യമുണ്ട്. ധാർമികതയിലും പ്രതിബദ്ധതയിലും സമർപ്പണത്തിലുമുള്ള ഇടിവ് തട്ടാത്ത വിശ്വാസവുമുണ്ട്. ലോകത്തെ താങ്ങിനിർത്തുന്ന നെടുംതൂണുകളായ അർഥം, കാമം എന്നിവയുടെ പ്രയോഗ സാധ്യതകളും പരിണാമവും. എന്നാൽ, അനന്ത വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ലോകത്തിന്റെ നേർക്കാഴ്ച മാത്രമാണ് നോവൽ എന്നു കരുതരുത്. യാഥാർഥ്യത്തിനൊപ്പം അയഥാർഥ്യം കൂടിയാണ് അർഥകാമ. സത്യത്തിനൊപ്പം മിഥ്യ. ഞെട്ടിക്കുന്ന സത്യം പോലെ ആശ്വസിപ്പിക്കുന്ന മതിഭ്രമം. ഉണർവ് പോലെ ഉറക്കം. ആസ്വാദ്യമായ വായനയുടെ രസച്ചരടിൽ കോർത്ത് ലിസി കാഴ്ചവയ്ക്കുന്ന ലോകവും കാലവും നമ്മുടെ ഭാഗമാണ്. നമ്മൾ കൂടി ഉൾപ്പെട്ട ലോകം.
അർഥകാമ കുറ്റാന്വേഷണ കഥയല്ല. പാൻ ഇന്ത്യ തലമുള്ള കോർപറേറ്റ് ത്രില്ലറുമല്ല എന്ന് ഉറപ്പിച്ചു പറയുന്നത് നോവലിസ്റ്റ് തന്നെയാണ്. ശരിയാണ്. എന്നാൽ കുറ്റവും അന്വേഷണവും തന്നെയാണ് ഈ ദീർഘനോവലിന്റെ ജീവൻ. കേരളം മുതൽ കശ്മീർ വരെയും ഇന്ത്യയ്ക്കു പുറത്തും സഞ്ചരിക്കുന്നതിലൂടെ പാൻ ഇന്ത്യ സ്വഭാവവും നോവലിന് സ്വന്തമാണ്. ത്രില്ലർ പോലെ ആവേശം കൊള്ളിക്കുന്നുമുണ്ട്. എന്നാൽ, ഇത്തരം കള്ളികളിൽ ഒതുക്കിനിർത്തുന്നത് നീതികേടുമാണ്.
നേരിന്റെ വഴിയിലൂടെ നടന്നിട്ടും അധികാര ഗർവിന്റെ ബലിയാടുകളാകേണ്ടിവന്ന ഒരുപാട് നിസ്സഹായരുണ്ട്. നീതി നിഷേധിക്കപ്പെട്ടവരും സീലിങ്ങിൽ തൂങ്ങിയാടിയവരും ഉള്ളം വെന്തവരും കയങ്ങളിൽ താഴ്ത്തപ്പെട്ടവരും നാടുകടത്തപ്പെട്ടവരും വിരമിക്കൽ ദിവസം തന്നെ സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ചവരും. ഈ ഹതഭാഗ്യരെ ഓർക്കാതെ വയ്യ; പ്രത്യേകിച്ചും സാക്ഷിക്ക്. സത്യം തുറന്നുപറയാതെ വയ്യ; ജീവിതത്തോടുള്ള പ്രതിബദ്ധതയാൽ. എല്ലാ പരിവേഷങ്ങൾക്കു പിന്നിലും ഒരു നിഗൂഢതയുണ്ടെന്നതുപോലെ, ബഹുമാനവും ആദരവും ഒഴിവാക്കി ബാങ്കിലേക്കു കയറുകയാണ് നോവലിസ്റ്റ്. ഇതുവരെ കണ്ട കാഴ്ചകൾക്കെല്ലാം അപ്പുറമുള്ള നേർക്കാഴ്ച തേടി. ഇതാദ്യമാണ് മലയാളത്തിൽ ഇത്തരമൊരു നോവൽ സംഭവിക്കുന്നത്. ആദരവിന്റെ പുകക്കണ്ണട മാറ്റിവച്ചുകൊണ്ടുള്ള കാഴ്ചയുടെ നീതിശാസ്ത്രം.
സ്ത്രീയായിരുന്നിട്ടും പുരുഷന്റെ കാമം നുരയുന്ന കണ്ണും ആസക്തിയുടെ കനിവില്ലാത്ത കേൾവിയും ലിസി ഈ നോവലിനു വേണ്ടി സ്വന്തമാക്കിയിരിക്കുന്നു. എന്നെ എങ്ങനെ ഇത്ര സത്യസന്ധമായി പകർത്തി എന്ന് ഏതു പുരുഷനും അതിശയിക്കുന്ന പകർന്നാട്ടം. വിലാപ്പുറങ്ങളിൽ തന്നെ സ്ത്രീയുടെ അന്തർനേത്രം കാണുന്ന സ്ത്രീ–പുരുഷൻമാരെ നോവലിസ്റ്റ് അവതരിപ്പിച്ചു വിജയിച്ചിട്ടുണ്ട്. എന്നാൽ, അർഥകാമ ഒരു പടി കൂടി കടന്ന്, പെണ്ണെഴുത്തിന്റെ ഇടുക്കുതൊഴുത്ത് തകർക്കുകയാണ്. ഒരു സ്ത്രീയാണ് ഈ നോവൽ എഴുതിയതെന്ന് സാധാരണ വായനക്കാരൻ ഒന്നിലധികം തവണ പറഞ്ഞുറപ്പിക്കേണ്ടിവരും.
പുരുഷന്റെ വാക്കുകൾ, വാക്യങ്ങൾ, വിചാരങ്ങൾ, അർഥത്തെയും കാമത്തെയും കുറിച്ചുള്ള സങ്കൽപങ്ങൾ അനാവൃതമാക്കപ്പെടുകയാണ്. പുരുഷ എഴുത്തുകാരൻ നിയന്ത്രണം പാലിക്കാമായിരുന്ന സങ്കൽപങ്ങളിൽപ്പോലും എഴുത്തുകാരി അശ്വമേധം നടത്തുന്നത് ഭാവനയുടെ വിജയം കൂടിയാണ്. ക്ലീഷേ ഭാഷയിൽ, എഴുത്തിന്റെ മാജിക്കൽ റിയലിസവും.
പണം. പദവി. ആസക്തി. അധികാരത്തിലേക്കുള്ള വഴികൾ. വളഞ്ഞും പുളഞ്ഞും ഒരൊറ്റ ലക്ഷ്യത്തിലേക്ക്. അധികാരത്തോടുള്ള ആസക്തിയും നിസ്സംഗതയുമാണ് അർഥകാമ പൊളിച്ചെഴുതുന്നത്. പരമാധികാരം കിട്ടാതെ ഇരിക്കില്ലെന്ന് ഉറപ്പിക്കുന്നവർക്കൊപ്പം പദവിയിൽ നിന്നും പണത്തിൽ നിന്നും ഓടിയൊളിക്കുന്നവരും ഈ കഥയുടെ ഭാഗമാണ്. അവരിലൂടെയാണ് അധികാരം ദുഷിപ്പിച്ച മനുഷ്യരുടെ ദുർവൃത്തികളെ ഇരുട്ടിന്റെ ഭാഷയിൽ വരച്ചിടുന്നതും. ആസക്തിയുടെ ഒളിവിടങ്ങളിലേക്ക് വഴി വെട്ടുന്നവർക്കൊപ്പം കാമനകളെ നിയന്ത്രിക്കുന്നവരുമുണ്ട്. കൈകളിലൂടെ കടന്നുപോകുന്ന പണത്തെ ജോലിയുടെ ഭാഗം മാത്രമായി സ്വീകരിക്കുന്നവരും.
അർഥത്തിനും കാമത്തിനും ഒരു പ്രത്യേകതയുണ്ട്. ധർമസങ്കടം എന്നും പറയാം. അതിർത്തി വരയ്ക്കാൻ അത്രയെളുപ്പം കഴിയില്ലെന്നതു തന്നെ. ഒരാളുടെ ശരി അവരുടെ മാത്രം ശരിയും മറ്റുള്ളവർക്ക് തെറ്റുമാകുന്ന ദുരൂഹത. അറിഞ്ഞോ അറിയാതെയോ ഭാഗമാകുന്ന ഒരിക്കലും അഴിക്കാനാകാത്ത കുരുക്കുകളും. പണം ഇല്ലാത്തിടത്തോളം ദാരിദ്ര്യം മഹത്തരമാണ്. കുന്നുകൂട്ടുന്തോറും ആശ്വസിപ്പിക്കുന്നത് കഴിഞ്ഞ കാലത്തിലെ ഇല്ലായ്മയാണ്. എന്നാലും, മതി എന്നൊരു വാക്കില്ല അർഥത്തിന്റെ നിഘണ്ടുവിൽ. കാമം കുരുക്കിടുന്ന വഴികൾ നോക്കൂ. കുടിക്കുന്തോറും ദാഹം പെരുകുന്ന ജീവജലമാണത്. ഒരിക്കലും പഠിക്കാത്ത പാഠം പോലെ ശമനമില്ലാത്ത മനസ്സ്. നിയന്ത്രണം മറ്റുള്ളവർക്കു കൊള്ളാം. മറ്റാരും അറിയാതിരിക്കുവോളം സുഖാലസ്യവും കൂടുതലാണ്. എന്നാലും ഇനിയില്ല എന്നൊരു വാക്കില്ല കാമത്തിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത നിഘണ്ടുവിൽ.
ജന്തുവിൽ വാസനാബന്ധം അണയാതെ കത്തും; ഉടൽ വീഴുവോളം. ഒരുപക്ഷേ അതിനുശേഷവും. കാമത്തിന്റെ അർഥവും അർഥത്തോടുള്ള കാമവുമാണ് അർഥകാമ എന്ന ത്രില്ലറിൽ ലിസി സമർഥമായി അവതരിപ്പിക്കുന്നത്. ഓർക്കുക, ഇത് പെണ്ണെഴുത്തല്ല. ആണെഴുത്തുമല്ല. എഴുത്തിന്റെ മനുഷ്യത്വമാണ്. അധികാരത്തിന്റെ പോസ്റ്റ് മോർട്ടമാണ്. പണം കൈവശം വച്ചിട്ടും കറ പുരളാത്ത കയ്യെഴുത്താണ്.
അർഥകാമ
ലിസി
മാതൃഭൂമി ബുക്സ്
വില: 590 രൂപ