ADVERTISEMENT

"Remember me when I am gone away

Gone far away into the silent land"

(Christina Rossettie)

പൂർത്തിയാക്കാത്ത  കവിത പോലെ, വരച്ചു പാതിയാക്കിയ  ചിത്രം പോലെ മാഞ്ഞു പോയ ഒരാൾ. ഓർമ്മകൾ കൊണ്ട് അദ്ദേഹത്തെ വീണ്ടെടുക്കുകയാണ് ഒരു കൂട്ടം സുഹൃത്തുക്കൾ. 

'ബിജു എന്ന കവിത' ഇത്തരത്തിൽ ഒരു വീണ്ടെടുക്കലാണ്. അകാലത്തിൽ നമ്മെ വിട്ടു പിരിയേണ്ടി വന്ന കവിയും ചിത്രകാരനും ആയിരുന്ന ബിജു കാഞ്ഞങ്ങാടിനെക്കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്തകം. ബിജുവിന്റെ ജീവിതത്തെ അടയാളപ്പെടുത്തി വയ്ക്കൽ ആണിത്. വാക്കുകൾ കൊണ്ട് ഒരു അഞ്ജലി. ബിജു കാഞ്ഞങ്ങാടിനെക്കുറിച്ച് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവർ എഴുതിയ കുറിപ്പുകൾ ആണ് 'ബിജു എന്ന കവിത'.

സച്ചിദാനന്ദൻ, കെ ജി എസ്, കല്പറ്റ നാരായണൻ, തുടങ്ങി ബിജുവിനെ വായിച്ചും കണ്ടും മിണ്ടിയും അറിഞ്ഞവർ എഴുതിയ കുറിപ്പുകൾ, ഒപ്പം ബിജുവിന്റെ ചില കവിതകളും ഒരു ലേഖനവും പ്രകാശൻ മടിക്കൈ ബിജുവുമായി നടത്തിയ അഭിമുഖവും പുസ്തകത്തിൽ ഉൾചേർത്തിരിക്കുന്നു. ബിജുവിന്റെ വരകൾ, സ്നേഹിതരോടൊത്തുള്ള ചിത്രങ്ങൾ എന്നിവയും ഓർമ്മത്താളുകളിൽ നിറയുന്നു.

ഒരാൾ ജീവിച്ച ഇടങ്ങൾ, നടന്ന വഴികൾ, കയറിയ പടവുകൾ, വരഞ്ഞിട്ട വാക്കുകൾ, ചിത്രങ്ങൾ എല്ലാം ഓർമ്മയുടെ ഈ അടരുകളിൽ ഭദ്രം.

ബിജുവിന്റെ 'ഈയൽ' എന്ന കവിത ഇങ്ങനെയാണ്.

ഞാൻ മരിക്കുമ്പോൾ

ഗൂഢ ഭാഷയിലുള്ള

ഒരു സന്ദേശം

വിട്ടു പോകും.

കഴിഞ്ഞ ജന്മത്തിലെ

എന്റെ ഭാഷയെ കണ്ടെത്തിയ നീ

നിശബ്ദയാകും.

വരും ജന്മത്തിലെ

എന്റെ സൂക്ഷ്മ ശരീരത്തെ

കാത്ത് കാത്ത്

മൗനമായി ചിരിക്കും.

ഇതല്ലാതെ

നിനക്കെന്താണ്

ചെയ്യാനാവുക?

മരണശേഷം

അൽപ സമയത്തേക്ക്

പൂർവജന്മ സ്മരണകൾ

നിലനിൽക്കുന്നത് പോലെ

നിന്നെ കാണുമ്പോൾ.

ബിജുവിന്റെ കവിതകൾക്ക് തൊട്ടാൽ ഉടയുന്ന ഒരു ലോലത ഉണ്ടെന്ന് സച്ചിദാനന്ദൻ. ഒരു കവി മരിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പിറക്കാതെ പോയ അനേകം ലോകങ്ങളാണ്. അത് ഒരു യുവകവി കൂടി ആകുമ്പോൾ ആ നഷ്ടത്തിന്റെ വിസ്തൃതി ഭൂമിയോളം വലുതാകുന്നു. അല്പം വാക്കുകൾ, വരകൾ മതി ബിജുവിന് അപാരതയെ എഴുതാനും വരയ്ക്കാനും എന്ന് കെ ജി എസ്.

ധ്യാനനിരതമായ ഒരു ആത്മാവിന്റെ ഏകാന്ത ഭരിതമായ അഗാധ പ്രതലത്തിൽ ചിത്രത്തെയും കാവ്യത്തെയും സമന്വയിപ്പിച്ച ഇമ്പ്രഷനിസ്റ്റ് വ്യാഖ്യാനങ്ങളാണ് ബിജു കാഞ്ഞങ്ങാടിന്റെ കവിതയും ചിത്രങ്ങളും എന്ന് എം. എ. റഹ്‌മാൻ. താഹ മാടായിയ്ക്ക് ഒരു തുള്ളി കവിയും പല തുള്ളികളിൽ ചിത്രകാരനും ആയിരുന്നു ബിജു കാഞ്ഞങ്ങാട്.

അംബികാസുതൻ മാങ്ങാട് ബിജുവിനെ ഇങ്ങനെ എഴുതുന്നു. "ബിജുവിന്റെ കവിതകൾ അതിസൂക്ഷ്മതയോടെ രചിക്കപ്പെട്ടവയാണ്. അവ ഒട്ടും വാചാലമല്ല. അത്യധികം മെലിഞ്ഞതിന്റെ ഭംഗിയും നട്ടെല്ലും ഓരോ കവിതയിലും തെളിഞ്ഞു കാണാം. വാക്കുകൾ കൊണ്ടുള്ള വാചാടോപങ്ങളിൽ മുഴുകാതെ ഭാഷയുടെ ഉള്ളനക്കങ്ങൾക്കാണ് കവി ചെവി കൂർപ്പിച്ചത്. വലിയ ഒച്ചകളിൽ നിന്ന് അകലം പാലിച്ചുകൊണ്ട് വാക്കുകളെയും ഭാഷയെയും പുതിയ നിലയിൽ അഴിച്ചു കെട്ടി."

കവിത, ചിത്രകല, സംഗീതം എല്ലാം ബിജുവിന്റെ ഇഷ്ടങ്ങൾ ആയിരുന്നു. കവിതകളിൽ ചിത്രങ്ങളെ വരച്ചിട്ട കവി. പി. കുഞ്ഞിരാമൻ നായർക്ക് ശേഷം കവിതയിൽ വടക്കിന്റെ സ്വന്തം എന്ന് പറയാവുന്ന കവി ആയിരുന്നു ബിജു. പ്രകൃതിയെ, അതിന്റെ നേർത്ത ഇളക്കങ്ങളെ പോലും കവിതയിൽ അദ്ദേഹം കുറിച്ചിട്ടു. എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാവുന്നവ ആയിരുന്നില്ല ബിജുവിന്റെ കവിതകൾ. ചിത്രകലയുടെ സാധ്യതകളെ കവിതയിൽ സന്നിവേശിപ്പിക്കുകയാണ് ബിജു ചെയ്തിരുന്നത്.

'ഭഗവതി' എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

അവൾ

വെള്ളത്തിൽ

മുടി താഴ്ത്തി

നിൽക്കെ

കാറ്റിൽ

ആകാശ നീലിമയിൽ

കാവ് ഒന്ന് വിറച്ചു.

ചിത്രത്തെ അല്ലാതെ മറ്റെന്തിനെയാണ് ഈ വരികൾ ആവിഷ്കരിക്കുന്നത്!

ഭാഷയുടെ സ്ട്രോക്കുകൾ കൊണ്ട് പൂർത്തിയാക്കിയ പെയിന്റിംഗ് ആയിരുന്നു ബിജുവിന്റെ കവിതകൾ എന്ന് വീരാൻകുട്ടി മാഷ് എഴുതിയത് വെറുതെയല്ല. ബിജുവിന്റെ കവിത മറ്റൊരു ഭാഷയായി നമ്മുടെ മുന്നിൽ പലപ്പോഴും പിടി തരാതെ ഒളിച്ചുകളിയിൽ ഏർപ്പെട്ടു. മൗനത്തിനുള്ളിൽ അടയിരുന്ന ശബ്ദത്തെ, ചെറുതുകളുടെ സൗന്ദര്യത്തെ, അതിന്റെ അനിവാര്യമായ സാന്നിധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ട് എഴുത്തിലും അധ്യാപനത്തിലും വായനയിലും ഏത് സർഗാത്മക ഇടപെടലുകളിലും നവീനമായ സൗന്ദര്യ ത്തിന്റെ നിരന്തരമായ ധ്യാനത്തിൽ ആയിരുന്നു എന്നും ബിജു എന്ന് ദിവാകരൻ വിഷ്ണുമംഗലം.

കാറ്റിൽ ഭാഷയുടെ കെട്ടഴിച്ചു വിട്ട പുല്ലുവണ്ടിയായിരുന്നു ബിജുവിന് കവിത എന്ന് ഇ. ഉണ്ണികൃഷ്ണൻ. ഒച്ചയില്ലാത്തൊരു നിലവിളി പോലെയാണ് ബിജുവിന്റെ കവിതകൾ. കണ്ടെഴുത്തുകളാണ് കവിത ബിജുവിന് എന്ന് സജയ് കെ വി. പി രാമൻ ബിജുവിനെ ഇങ്ങനെ വായിക്കുന്നു. "നേർത്ത ഒരിഴ കൊണ്ടെഴുതിയ കവിതയാണ് ബിജുവിന്റേത് എന്ന് തോന്നാറുണ്ട്. മുടിനാരിഴ കാറ്റിൽ എഴുതുന്നതിന്റെ താളത്തിൽ ഉള്ളത്. മൗനത്തിൽ നിന്ന് ഭാഷയിലേക്കും ഭാഷയിൽ നിന്ന് മൗനത്തിലേക്കും തെന്നി നീങ്ങുന്നത്."

സൗമ്യമായ പെരുമാറ്റം കൊണ്ട്, സ്നേഹം നിറഞ്ഞ പുഞ്ചിരി കൊണ്ട്, പരിചയപ്പെടുന്നവരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ എന്നും ബിജുവിന് കഴിഞ്ഞിരുന്നു. കവിതയിലൂടെ മാത്രം പരിചയം ഉണ്ടായിരുന്നവർക്ക് കവിയെ അടുത്തറിയാൻ ഈ പുസ്തകം സഹായിക്കും. കവിയെക്കാൾ ഉയരത്തിൽ നിൽക്കുന്ന  ചിത്രകാരനെ, അധ്യാപകനെ, സുഹൃത്തിനെ, വായനക്കാരനെ, നിഷ്കളങ്കമായ പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന ഉള്ളിൽ അലിവ് നിറഞ്ഞ ഒരു മനുഷ്യനെ ഈ പുസ്തകത്തിൽ കാണാം. ഒരാൾ ജീവിച്ചിരുന്നപ്പോൾ കാണാതിരുന്ന, അറിയാതിരുന്ന പലതും പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിറയും.

വളരെ നേരത്തെ ഭൂമിയിൽ നിന്ന്  മറഞ്ഞു പോയത് കൊണ്ട് മാത്രം നമുക്ക് കിട്ടാതെ പോയ കവിതകൾ, സംസാരങ്ങൾ, പ്രകൃതിയുടെ രസക്കൂട്ടുകൾ അണിയേണ്ടിയിരുന്ന ചിത്രങ്ങൾ ഒക്കെയും നഷ്ടമാകുമ്പോൾ തന്നെയും ജീവിച്ച കാലമത്രയും കൈമാറിയ പുഞ്ചിരിയും വാക്കുകളും നിറങ്ങളും മായാതെ എല്ലാവരുടെയും മനസ്സിൽ അവർ ഉള്ള കാലത്തോളം കാത്തു വയ്ക്കും എന്ന ഒരുറപ്പ് കൂടിയാണ് ഈ പുസ്തകം.

ബിജു എന്ന കവിത, ബിജു കാഞ്ഞങ്ങാട് എന്ന വ്യക്തിയെ ഓർമ്മകളിൽ എക്കാലവും ജീവിപ്പിച്ചു നിർത്തും.

'ഞാൻ' എന്ന കവിതയിൽ എഴുതിയ പോലെ

".....എവിടെയോ ഉണ്ട്

അറിയാതെ, ഒച്ച വയ്ക്കാതെ".

അതെ. അങ്ങനെ വിശ്വസിക്കാനാണ് ബിജുവിനെ സ്നേഹിക്കുന്നവർക്ക് ഇഷ്ടം.

ബിജു എന്ന കവിത 

എഡിറ്റർമാർ: അംബികാസുതൻ മാങ്ങാട്, ഇ. പി. രാജഗോപാലൻ, ദിവാകരൻ വിഷ്ണുമംഗലം

ഡി സി ബുക്സ്

വില: 299 രൂപ

English Summary:

Biju Enna Kavitha": A Moving Tribute to a Lost Artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com