ADVERTISEMENT

"മഹീ.. " ഫയാസിന്റെ സ്വരം വിറച്ചു. "നീ.. നീ എന്താ ഈ ചെയ്തത്..."

"കണ്ടില്ലേ.. " മഹേന്ദ്രൻ പല്ലുകൾ അമർത്തി ഒന്നു ചിരിച്ചു.

"നമ്മക്കിട്ട് നാളെ പണിയാനിരുന്ന ഒരുത്തനിട്ട് ഞാൻ ഇന്നേ പണിതു."

"എടാ... കൊലക്കേസാ'' ഫയാസിന്റെ കണ്ണുകൾ ഭയം കൊണ്ട് ഇരുണ്ടിരുന്നു.

"ഇയാൾക്ക് പിന്നിൽ വല്യ അധോലോകം കാണും. നമ്മുടെ വണ്ടിയിലാ അയാൾ ഹോട്ടൽ മാരിയറ്റിൽ നിന്ന് പുറപ്പെട്ടത്. നാളെ അയാളുടെ ശവം ഈ റോഡിൽ കാണുമ്പോൾ നമ്മൾ മറുപടി പറയേണ്ടി വരും."

"അതിന് ശവം റോഡിൽ കണ്ടാൽ അല്ലേ?" മഹേന്ദ്രൻ താർ ജീപ്പിന്റെ ഡോർ തുറന്നു.

"മഹീ... നീ .. നീ എന്താ ചെയ്യാൻ പോവുന്നത്?" ഫയാസിന് ഒന്നും മനസ്സിലായില്ല.

"നീ കണ്ടോ '' മഹേന്ദ്രൻ മഴയിലേക്ക് ഇറങ്ങി. പിന്നെ, തല തിരിച്ച് ഫയാസിനെ നോക്കി.

"കപ്പിത്താനെ ഞാൻ വാനിലാക്കി കായലിൽ തള്ളാൻ പോവുകയാ..."

"മഹീ.." ഫയാസിന്റെ സ്വരം വിറച്ചു.

"എടാ... നമ്മുക്ക് പണവും വേണ്ട... ഒന്നും വേണ്ട. പടച്ചവന് നെരക്കാത്ത പണിയാ ഇത്. ചതി"

"കപ്പിത്താൻ നമ്മളോട് കാണിച്ചത് ചതിയല്ലേ.. തൊണ്ണൂറ് കോടിയുടെ ചതി... യുദ്ധത്തിൽ ചതി എന്നൊന്നില്ല ഫയാസേ... എല്ലാം തന്ത്രങ്ങൾ മാത്രം "

"എടാ... എന്നാലും ഒരാളെ കൊന്നിട്ട്.. "

"കൊലപാതകം അല്ല ... അപകട മരണം. നീ ജീപ്പും കൊണ്ട് പുറകെ വാ.. "

ഫയാസിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മഹേന്ദ്രൻ ഓടി റോഡിൽ വീണു കിടന്നിരുന്ന കപ്പിത്താന്റെ അരുകിലേക്ക് എത്തി.

മഴ അലറിയാർക്കുകയായിരുന്നു. കപ്പിത്താന്റെ കാലിൽ പിടിച്ച് മഹേന്ദ്രൻ ഫോക്സ് വാഗൺ വാനിന്റെ മറവിലേക്ക് മാറ്റിയിട്ടു.

പിന്നെ, കപ്പിത്താന്റെ നനഞ്ഞ കോട്ടിനുളളിൽ നിന്ന് വാനിന്റെ കീ എടുത്ത് ഡോർ തുറന്നു. കപ്പിത്താന്റെ തടിച്ച ശരീരം

ആയാസപ്പെട്ട് വലിച്ച് വാനിലേക്ക് ഇട്ടു. 

റോഡിലിട്ട് താർ ജീപ്പ് തിരിക്കുകയായിരുന്നു ഫയാസ്. വാനിന്റെ ഡോർ വലിച്ചടച്ചിട്ട് തിരിഞ്ഞു. താർ ജീപ്പ് പാഞ്ഞു വന്ന് വാനിന് സമാന്തരമായി നിന്നു.

"എവിടേക്കാ...? " ഫയാസ് വിറയലോടെ മഹേന്ദ്രനെ നോക്കി. തങ്ങളുടെ ടീമിൽ അല്പം ദുർബലൻ ഫയാസ് ആണെന്ന് മഹേന്ദ്രന് അറിയാം. ഇതിപ്പോൾ ഒരു മരണം നേരിൽ കണ്ടതിന്റെ ഞെട്ടലും.

"ഫയാസേ... " മഹേന്ദ്രൻ വിളിച്ചു കൊണ്ട് വാനിന് അരുകിലേക്ക് വന്നു.

"എടാ... കപ്പിത്താൻ നമ്മളെ ചതിച്ചു. എനിക്ക് മാത്രമായി ഗുണം ഉണ്ടാവാൻ അല്ല ഞാനിത് ചെയ്തത്. കപ്പിത്താന്റെ വിഹിതം നമ്മൾ വീതിച്ചെടുക്കും. ഞാനും നീയും മാത്രം. കാരണം ഈ നടന്നത് നമ്മളേ അറിഞ്ഞിട്ടുള്ളു... " ഫയാസ് തല കുലുക്കി.

"എന്നാൽ ... നീ ജീപ്പ് കുമ്പളം ഭാഗത്തേക്ക് വിട്. ഞാൻ പിന്നാലെ ഉണ്ടാവും...."

"റോഡിലെ ചോര "

"റോഡൊക്കെ മഴ കഴുകി വൃത്തിയാക്കിക്കോളും. നീ വിട്"

"ഓകെ "

ഫയാസ് ജീപ്പ് മുമ്പോട്ട് എടുത്തു. മഹേന്ദ്രൻ വാനിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി. വണ്ടി സ്റ്റാർട്ട് ചെയ്യും മുമ്പ് മഹേന്ദ്രൻ ഡാഷ് ബോർഡ് തുറന്നു നോക്കി. അഞ്ഞൂറിന്റെ മൂന്ന് കെട്ട് നോട്ടുകളും ഒരു ഫുൾ ബോട്ടിൽ ബ്രാണ്ടിയും. നോട്ട് കെട്ടുകൾ മഹേന്ദ്രൻ ഷർട്ടിനിടയിലേക്ക് തിരുകി.

"നരകത്തിലേക്ക് പോവാൻ വഴിച്ചെലവിന് കാശ് എന്തിനാ " തിരിഞ്ഞ്, അനക്കമില്ലാതെ കിടക്കുന്ന കപ്പിത്താനെ മഹേന്ദ്രൻ ഒന്നു നോക്കി. പിന്നെ, ബ്രാണ്ടിക്കുപ്പി തുറന്ന് കപ്പിത്താന്റെ ചുണ്ടുകളിലേക്കും മുഖത്തേക്കും ഒഴിച്ചു.

"മദ്യലഹരിയിൽ വാൻ കായലിലേക്ക് മറിഞ്ഞ് അപകട മരണം " മഹേന്ദ്രൻ വാൻ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. താർ ജീപ്പ് മുമ്പിൽ പോവുന്നുണ്ടായിരുന്നു. അരമണിക്കൂർ കൊണ്ട് വാഹനങ്ങൾ മഴ ആർത്തു പെയ്യുന്ന കുമ്പളം കായലിന്റെ കരയിൽ എത്തി.

തുരുമ്പിച്ച ബോട്ടുകൾ പ്രേതങ്ങളെ പോലെ കരയിൽ ഉണ്ടായിരുന്നു.

ബോട്ടുകളുടെ മറവിലായി വാനും ജീപ്പും നിന്നു. മഹേന്ദ്രനും ഫയാസും വാഹനങ്ങളിൽ നിന്ന് ഇറങ്ങി.

"ഫയാസേ... വാടാ..." മഹേന്ദ്രൻ വിളിച്ചു.

ഫയാസ് ഓടി വന്നു. രണ്ടു പേരും ചേർന്ന് കപ്പിത്താനെ എടുത്ത് വാനിന്റെ ഡ്രൈംവിംഗ് സീറ്റിലേക്ക് ഇരുത്തി. സ്റ്റിയറിംഗ് വീലിന് മീതേക്ക് കപ്പിത്താൻ മുഖം അമർത്തി കിടന്നു. മഹേന്ദ്രൻ വാനിന്റെ ഗിയർ ലിവർ തട്ടി ന്യൂട്രലിലിട്ടു.

പിന്നെ, ഡോറടച്ചു.

"വാ ..."

ഫയാസിനെയും വിളിച്ചു കൊണ്ട് മഹേന്ദ്രൻ വാനിന്റെ പിന്നിലേക്ക് വന്നു. ഫയാസിന് കുറച്ച് ധൈര്യമൊക്കെ വന്നിരുന്നു.

"തള്ളെടാ ..."

മഹേന്ദ്രൻ വാൻ കായലിനു നേരെ തള്ളി. സർവ്വ ശക്തിയുമെടുത്ത് ഫയാസും ഒപ്പം കൂടി. വാൻ ഒന്നു മടി പിടിച്ചു നിന്നിട്ട് കായലിനു നേരെ ഉരുണ്ടു പോയി. നനഞ്ഞ പുൽത്തലപ്പുകൾക്കു മീതെ കൂടി വാൻ തെന്നിത്തെറിച്ച് കായലിലേക്ക് മൂക്കു കുത്തി.

വാൻ ഇടം വലം ഒന്ന് ചെരിഞ്ഞിട്ട് പതിയെ കറുത്ത വെള്ളത്തിലേക്ക് താണു പോയി. മഹേന്ദ്രൻ തിരിഞ്ഞ് ഫയാസിനെ  നോക്കി.

"ഇത്രേയുള്ളു കാര്യം. അതിന് നീ ചുമ്മാ പേടിച്ച് ."

"എനിക്ക് വല്യ പേടിയൊന്നുമില്ല.. " ഫയാസ് പിടിച്ചു നിൽക്കാൻ ഒരു ശ്രമം നടത്തി.മഹേന്ദ്രൻ ചെന്ന് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.ഫയാസ് മറുവശത്തേക്കും.

"കട്ടയ്ക്ക് കൂടെ നിന്നോണം" ജീപ്പ് തിരിക്കുന്നതിനിടെ മഹേന്ദ്രൻ ഫയാസിനെ നോക്കി.

"എടാ.. പത്തു ദിവസം കഴിഞ്ഞാൽ നമ്മള് ശതകോടീശ്വരന്മാരാ..."

" ആ പെണ്ണുമ്പിള്ള നമ്മളെ ചതിക്കുമോ?"

" ആര് കബനീ ദേവിയോ?" മഹേന്ദ്രൻ ചിരിച്ചു,

" കുമ്പളം കായലിൽ ഇനീം ഇഷ്ടം പോലെ സ്ഥലം ഉണ്ടെടാ.." മഹേന്ദ്രൻ ചിരിച്ചു.

" വീപ്പയ്ക്കകത്ത് വച്ച് ... കോൺക്രീറ്റ് ചെയ്ത് നമ്മള് കായലിൽ തള്ളും. കബനീ ദേവിയെ ... " ജീപ്പ് റോഡിലേക്ക് കയറി.

മഹേന്ദ്രൻ തല തിരിച്ച് ഫയാസിനെ നോക്കി.

"നീ നമ്മുടെ ഗ്രൂപ്പിൽ ഒരു മെസേജ് ഇട്. നാളെ വൈകിട്ട് അഞ്ചു മണിക്ക് ഒബ്റോണിലെ ഫുഡ് സോണിൽ കാണണം എന്നു പറഞ്ഞ് " ഫയാസ് തല കുലുക്കി.

മഴയിലൂടെ ജീപ്പ് ഓടിക്കൊണ്ടിരുന്നു. അര മണിക്കൂർ കൊണ്ട് ജീപ്പ് പൈപ്പ് ലൈൻ ജംഗ്ഷനിൽ എത്തി.

"ഞാൻ ഇവിടിറങ്ങാം " ഫയാസ് മഹേന്ദ്രനെ നോക്കി. ജീപ്പ് പാലാരിവട്ടം റൂട്ടിലേക്ക് തിരിച്ച് മഹേന്ദ്രൻ നിർത്തി.

"എടാ... വേറെ ആരും ഒന്നും അറിയരുത്..."

"ഇല്ല " ഫയാസ് തല കുലുക്കി.

"ഇതാ.. "

ഷർട്ടിനടിയിൽ നിന്ന് മഹേന്ദ്രൻ അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ട് എടുത്ത് ഫയാസിന് നീട്ടി.

"കപ്പിത്താന്റെ വാനിൽ നിന്ന് കിട്ടിയതാ..." ഒന്ന് അറച്ചിട്ടാണ് ഫയാസ് അതു വാങ്ങിയത്. പിന്നെ, ജീപ്പിൽ നിന്ന് ഇറങ്ങി. കൈ ഉയർത്തി കാണിച്ചിട്ട് മഹേന്ദ്രൻ ജീപ്പ് മുമ്പോട്ട് എടുത്തു.

'സീ ഷെൽ' ബാറിന് മുമ്പിലായാണ് ജീപ്പ് നിന്നത്. ബാറിലേക്ക് കയറിയിട്ട് മഹേന്ദ്രൻ ഒഴിഞ്ഞ ഒരു ടേബിളിന് അരുകിലേക്ക് ഇരുന്നു.

"ഒരു ആംസ്റ്റൽ ബിയർ "

ബിയർ പെട്ടെന്നു വന്നു. മഹേന്ദ്രൻ അതു തുറന്ന് മടുമടാന്ന് വായിലേക്ക് ഒഴിച്ചു. അടുത്ത നിമിഷം മൊബൈൽ ഫോൺ ബെല്ലടിച്ചു. മഹേന്ദ്രൻ ഡിസ്പ്ലേയിലേക്ക് നോക്കി.

" PRIVATE NUMBER calling " ഒന്ന് അറച്ചിട്ട് മഹേന്ദ്രൻ ഫോൺ കാതോട് ചേർത്തു.

"ഹലോ "

"അബ്ദുള്ളയാ.. '' മറുവശത്തു നിന്ന് ശബ്ദം കേട്ടു.

"ഞാൻ മാഡത്തിന് കൊടുക്കാം " അബ്ദുള്ള പറഞ്ഞു. അടുത്ത നിമിഷം കബനീ ദേവിയുടെ മധുര സ്വരം മഹേന്ദ്രന്റെ കാതിൽ എത്തി.

"മഹേന്ദ്രൻ "

"യെസ്... മാഡം"

"വഴിയിലെ തടസ്സങ്ങൾ നീക്കിയോ..?" മഹേന്ദ്രൻ ഒന്ന് അറച്ചു

"എങ്കിൽ ഒന്ന് ഇങ്ങോട്ട് വരൂ... ഞാൻ മാരിയറ്റിലുണ്ട്" കോൾ കട്ട് ആയി. 

ബിയർ ഒറ്റ വലിക്ക് കുടിച്ചിട്ട് മഹേന്ദ്രൻ ഉത്സാഹത്തോടെ എണീറ്റു. മഴ ആർത്തു പെയ്തു കൊണ്ടേയിരുന്നു. അര മണിക്കൂർ കൊണ്ട് താർ ജീപ്പ് ഹോട്ടൽ മാരിയറ്റിനു മുമ്പിൽ എത്തി. ജീപ്പ് പാർക്കിംഗ്‌ ബേയിൽ ഇട്ടിട്ട് മഹേന്ദ്രൻ തല അമർത്തിത്തുടച്ചു.

പിന്നെ, വേഗത്തിൽ നടന്നു ചെന്ന് ലിഫ്റ്റിൽ കയറി. വിശാലമായ സ്യൂട്ട് റൂമിലെ പതുപതുത്ത സോഫയിൽ ഇടതു കാലിൽ മേൽ വലതുകാൽ കയറ്റി വച്ച് കബനീദേവി ഒറ്റയ്ക്ക് ഇരിപ്പുണ്ടായിരുന്നു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന, കഷ്ടിച്ച് കാൽമുട്ടിന് താഴെ വരെ എത്തുന്ന സ്വർണ്ണ നിറമുള്ള സ്ലീവ് ലെസ് ഗൗൺ ആയിരുന്നു കബനീ ദേവിയുടെ വേഷം. മുടി ഉച്ചിയിൽ കെട്ടിയിരിക്കുകയാണ്.

വലംപിരി ശംഖിന്റെ ആകൃതിയൊത്ത കഴുത്തിൽ ഒരു പ്ലാറ്റിനം ചെയിൻ പറ്റിച്ചേർന്ന് കിടന്നു തിളങ്ങുന്നു. കയ്യിലെ ഗ്ലാസിൽ ജാക്ക് സാനിയൽ ഹണി വിസ്കി ഐസ് കട്ടകൾക്ക് ഇടയിൽ ഓളം വെട്ടുന്നു. കബനീ ദേവിയുടെ സൗന്ദര്യം കണ്ട് കണ്ണഞ്ചി നിൽക്കുകയായിരുന്നു മഹേന്ദ്രൻ.

'ഇതാണ് പെണ്ണ് ! ' മഹേന്ദ്രന്റെ മനസ്സ് മന്ത്രിച്ചു. കുറുകിയ പാലിൽ പൊന്നു കുഴച്ചെടുത്തു നിർമ്മിച്ചതു പോലത്തെ സുന്ദരി.

"ഹാവ് യു ...?" കബനി ദേവി ഗ്ലാസ് ഉയർത്തിക്കൊണ്ട് മഹേന്ദ്രനെ നോക്കി.

"നോ.. നോ മാഡം" മഹേന്ദ്രൻ തല വെട്ടിച്ചു. കബനീ ദേവി എണീറ്റു. പിന്നെ, ഒരു കൗശലച്ചിരിയോടെ മഹേന്ദ്രനെ നോക്കി.

" ഇടനിലക്കാരനെ ഒഴിവാക്കി. അല്ലേ?"

" ങും "

" മിടുക്കൻ '' കബനീദേവി പുഞ്ചിരിച്ചു.

കടും ചുവപ്പാർന്ന നനുത്ത ചുണ്ടുകൾക്കിടയിൽ വെൺപല്ലുകളുടെ തിളക്കം മഹേന്ദ്രൻ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന ആ സൗന്ദര്യത്തിനു മുമ്പിൽ താൻ ബോധം കെട്ട് വീണു പോവുമോ എന്ന് മഹേന്ദ്രൻ ഭയപ്പെടുന്നു.

"നീ മിടുക്കനാ..." കബനീ ദേവി മഹേന്ദ്രനെ അടിമുടി ഒന്നു നോക്കി.

"കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് നിന്നെ കണ്ടപ്പോൾ, ഒറ്റനോട്ടത്തിലേ എനിക്കത് മനസ്സിലായി. നീ... ജയിക്കാൻ ജനിച്ചവൻ ആണെന്ന് " മഹേന്ദ്രന് അതു കേട്ട് അഭിമാനം തോന്നി.

കബനി ദേവിയുടെ  നീലക്കണ്ണുകൾ മഹേന്ദ്രനിൽ തന്നെ ആയിരുന്നു. അവർ പതിയെ തിരിഞ്ഞു.

"കപ്പിത്താൻ വയസ്സനും മൂന്നു തവണ പരാജപ്പെട്ടവനും. പരാജയപ്പെടുന്ന പുരുഷൻമാരെ എനിക്ക് ഇഷ്ടമല്ല."

കബനീ ദേവി ഒന്നു ചുണ്ടു കോട്ടി;

"അതാ ഇത്തവണ നാഗവേട്ട നിയന്ത്രിക്കാൻ ഞാൻ നേരിട്ടെത്തിയത്. ഒരു റിസ്കും എടുക്കാതെ കപ്പിത്താന് തൊണ്ണൂറ് കോടി രൂപ.

എന്തിന്? വിജയിച്ചാൽ ഞാൻ കുറച്ച് മുമ്പ് പറഞ്ഞതു പോലെ നിനക്ക് ആണ് അതിന് അവകാശം ." മഹേന്ദ്രന്റെ മനസ്സ് ഒന്നു കുതികുത്തി. മൊത്തം തനിക്ക് കിട്ടുന്നത് നൂറ് കോടി.

"സ്വർണ്ണത്തിന്റെ തൂക്കം അല്ല ... ആ വിഗ്രഹത്തിന്റെ മൂല്യം. അതാ ഞാനതിന് ഇത്ര റിസ്ക് എടുക്കുന്നത്. " കബനീ ദേവി തിരിഞ്ഞു.

"നിലവറ ക്ഷേത്രത്തിന്റെ ശക്തി ക്ഷയിപ്പിക്കാൻ പടുമരണം സംഭവിച്ച ഒരു കന്യകയുടെ ചോരയും അസ്ഥിക്കഷണവും മുടിയും വേണ്ടേ ... അതിന് എന്തു ചെയ്യും?" കബനീ ദേവി മഹേന്ദ്രന്റെ കണ്ണുകളിലേക്ക് തറച്ചു നോക്കി.

"അത്... മാഡം" മഹേന്ദ്രന് പെട്ടെന്ന് ഒരു ഉത്തരം അതിന് കിട്ടിയില്ല.

"മണ്ടൻ'' കബനീ ദേവി കവിൾ കോട്ടി ഒന്നു ചിരിച്ചു.

"ഈ മിഷന് കൂടെ വരുന്നില്ലേ... മൂന്ന് കന്യകമാർ. അതിലൊരാളെ ബുദ്ധിപരമായി തീർക്ക്" മഹേന്ദ്രന്റെ നെഞ്ച് ഒന്നു വിലങ്ങി.

"മറ്റു പെമ്പിള്ളേരുടെ കാര്യം ഉറപ്പില്ലെങ്കിലും... നിന്റെ കാമുകി കന്യകയാണെന്ന് നിനക്ക് ഉറപ്പല്ലേ. അവൾ മതി. അവളുടെ ഒരു തുടം ചോര... ഒരു കഷണം അസ്ഥി. പിഴുതെടുത്ത കുറച്ച് മുടി..." മഹേന്ദ്രന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

"ബിസിനസ്സിൽ സെന്റിമെന്റ്സ് പാടില്ല " കബനീ ദേവി മഹേന്ദ്രനോട് അല്പം കൂടി ചേർന്നു നിന്നു. ഊദിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം മഹേന്ദ്രന്റെ മൂക്കിലേക്ക് അടിച്ചു കയറി.

"നൂറ് കോടി കയ്യിൽ വന്നാൽ.... ആയിരം കന്യകമാരെ വേറെ കിട്ടും. നിലവിലുള്ള കാമുകിയേക്കാൾ പതിന്മടങ്ങ് സുന്ദരിമാർ "

കബനീദേവി വലതു കൈപ്പടം ഉയർത്തി മഹേന്ദ്രന്റെ കവിളിൽ ഒന്നു തഴുകി. ഇളം ചൂടുള്ള റോസാദലങ്ങൾ കവിളിൽ ഉരുമി കടന്നു പോയതു പോലെയാണ് മഹേന്ദ്രന് തോന്നിയത്. ആസക്തിയുടെ ഒരു കരിനാഗം കരളിനെ ചുറ്റിവരിയുന്നത് മഹേന്ദ്രൻ അറിഞ്ഞു.

( തുടരും )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com