ADVERTISEMENT

മഴ അലറിയാർക്കുകയായിരുന്നു. ജാഗ്രതയോടെയാണ് മഹേന്ദ്രൻ ഓരോ ചുവടും മുമ്പോട്ട് വച്ചത്. ഫയാസോ സച്ചിനോ ഉണർന്നാൽ കാര്യങ്ങൾ തകിടം മറിയും. എത്രയും പെട്ടെന്ന് നിലവറ ക്ഷേത്രം തകർത്ത് നാഗ പ്രതിമയുമായി കബനീ ദേവിയുടെ അരികിൽ എത്തണം.

കബനീ ദേവി ... ആ ഓർമയിൽ പോലും മഹേന്ദ്രന്റെ മനസ്സ് ഒന്നു കുതികുത്തി. കബനീ ദേവിക്ക് തന്നെ ഇഷ്ടമാണ്.

അവരുടെ ഇഷ്ടം മതി തനിക്ക്. പിന്നെ, നൂറ് കോടിയും.

ദൂരെ പെൺകുട്ടികൾ ഉറങ്ങുന്ന കുടിൽ കാണാമായിരുന്നു. മഴയിലൂടെ മഹേന്ദ്രൻ കുടിലിന്റെ മുമ്പിൽ എത്തി.

'ആരെ കൊല്ലണം?' മഹേന്ദ്രൻ ആലോചിച്ചു. താൻ വിളിച്ചാൽ ഇറങ്ങി വരുന്നവൾ തനുജ മാത്രമാണ്. ചോദിച്ചാൽ പ്രാണൻ എടുത്തു തരുന്നവൾ. തനുജ തന്നെ ഈ മഹാദൗത്യത്തിന് ബലി ആവട്ടെ.

മഹേന്ദ്രൻ ഒരു ചുവട് മുമ്പോട്ട് വച്ചതും, ഒരു സീൽക്കാര ശബ്ദം വന്ന് കാതിൽ വീണു. പിടിച്ചു നിർത്തിയതു പോലെ മഹേന്ദ്രൻ നിന്നു. പെയ്തു വീഴുന്ന മഴ മറയ്ക്കപ്പുറം ഒരു സ്വർണ്ണത്തിളക്കം. മഹേന്ദ്രൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. മുൻപിൽ സ്വർണ്ണനിറമുള്ള ഒരു വലിയ പാമ്പ് പത്തി വിരിച്ചു നിൽക്കുന്നു. മഹേന്ദ്രന്റെ കണ്ണുകൾ ഭയം കൊണ്ട് ചുരുങ്ങി. അടുത്ത നിമിഷം കൈയിലിരുന്ന വീതിയേറിയ കത്തി പാമ്പിനു നേരേ നീട്ടിക്കൊണ്ട് മഹേന്ദ്രൻ മുരണ്ടു:

"മാറി നിൽക്ക് മുമ്പീന്ന്... അല്ലെങ്കിൽ ഒറ്റ വെട്ടിന് നിന്റെ പത്തി ഞാൻ താഴെ ഇടും." പാമ്പ് മഹേന്ദ്രനെ ആക്രമിക്കാൻ മുതിർന്നില്ല.

പക്ഷേ പെൺകുട്ടികൾ കിടക്കുന്ന കുടിലിലേയ്ക്ക് അയാളെ കയറ്റാതെ ഒരു കാവൽക്കാരനെപ്പോലെ പത്തി വിരിച്ചുനിന്നു.

അടുത്ത നിമിഷം മഹേന്ദ്രന്റെ ചുമലിൽ ഒരു കൈവന്നു വന്നു വീണു.

അമർത്തിയ നിലവിളിയോടെ ഞെട്ടിത്തിരിഞ്ഞ മഹേന്ദ്രൻ മുമ്പിൽ ചെമ്പരത്തിയുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടു. മഴ നനഞ്ഞ് കുതിർന്നു നിൽക്കുകയാണ് ചെമ്പരത്തി.

"സാറെന്താ ഈ രാത്രിയിൽ ഇവിടെ പെൺകുട്ടികളുടെ കുടിലിനു മുൻപിൽ?" മഹേന്ദ്രനെ തുറിച്ചു നോക്കിക്കൊണ്ട് ചെമ്പരത്തി ചോദിച്ചു. ഒരു നിമിഷത്തേയ്ക്ക് മഹേന്ദ്രൻ ഒന്നു പരുങ്ങി.

"അല്ല... ഇവിടെ എന്തോ ഒരു ആളനക്കം പോലെ തോന്നി. ആരാണെന്ന് നോക്കാൻ വന്നതാ ഞാൻ...." 

മറുപടിയായി ചെമ്പരത്തി ഒന്നു ചിരിച്ചു. മഹേന്ദ്രന് വല്ലാത്ത കുറച്ചിൽ തോന്നി.

''എന്താ ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസമായില്ലേ?''

"ഞാനങ്ങനെ ആരെയും വിശ്വസിക്കാറില്ല സാറേ... പ്രത്യേകിച്ച്‌ പുറം നാട്ടിൽ നിന്നും വരുന്നവരെ."

പറഞ്ഞു കൊണ്ട് ചെമ്പരത്തി തിരിഞ്ഞു.

''വരൂ .. ഇവിടെ നിൽക്കണ്ടാ... ഇവിടെന്നല്ല രാത്രി കാലങ്ങളിൽ ഈ വനത്തിൽ ഇറങ്ങി നിൽക്കാനേ പാടില്ല." ചെമ്പരത്തി മഹേന്ദ്രനെ നോക്കി.

"രാത്രിയിൽ ഇറങ്ങി നിന്നാൽ എന്തു സംഭവിക്കും?" നടക്കുന്നതിനിടയിൽ മഹേന്ദ്രൻ ചോദിച്ചു.

"മണ്ണിനടിയിൽ പോലും നാഗങ്ങൾ വസിക്കുന്ന സ്ഥലമാണിത്. പുറത്തു നിന്നുള്ളവരെ അവയ്ക്ക് ഇഷ്ടമല്ല. എന്ത് ഉദ്ദേശത്തിലാണ് പുറമേക്കാർ വരുന്നതെന്ന് അറിയത്തില്ലല്ലോ. അതുകൊണ്ട് സാറിങ്ങനെ രാത്രിയിൽ ചുറ്റിത്തിരിയണ്ട. കാട്ടിൽ കിടന്ന് ചത്തു പോകും." ചെമ്പരത്തി ചിരിച്ചു.

"ഞാനങ്ങനൊന്നും ചാവത്തില്ല.'' മഹേന്ദ്രൻ ചുണ്ടു കോട്ടി.

"പിന്നെ ഈ പാമ്പിനേം ചേമ്പിനേം ഒന്നും എനിക്ക് പേടീം ഇല്ല."

''പേടിയൊക്കെ താനേ ഉണ്ടായിക്കോളും. ജീവിതത്തിൽ ഓരോ അനുഭവങ്ങൾ വരുമ്പോളാണല്ലോ നമ്മളതിന്റെ ചൂടും തിളപ്പും ഒക്കെ തിരിച്ചറിയുന്നത്."

മഹേന്ദ്രനൊപ്പം കുടിലിന്റെ മുമ്പിലെത്തി ചെമ്പരത്തി നിന്നു.

"സാറ് പോയി കിടന്നോ..'' ചെമ്പരത്തി മഹേന്ദ്രനെ നോക്കി.

''ഞാൻ വീണ്ടും പറയുകയാണ്... രാത്രി കാലങ്ങളിൽ ഇങ്ങനെ ഇറങ്ങി നടക്കരുത്. അത് മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്ല്യമാണ്. "

പറഞ്ഞിട്ട് ചെമ്പരത്തി ഇരുളിലേയ്ക്ക് നടന്നു. മഹേന്ദ്രൻ കണ്ണുകൾ തിരുമ്മി ഒന്നുകൂടി നോക്കി. ഇരുട്ടിൽ അലിഞ്ഞതുപോലെ ചെമ്പരത്തി ഇല്ലാതാവുന്നു. നടന്നു മറഞ്ഞതാണോ? അതോ ... 

ഇരുട്ടിൽ ലയിച്ചു ചേർന്നതാണോ? മഹേന്ദ്രന് ഒന്നും മനസ്സിലായില്ല. വാതിൽ തുറന്ന് മഹേന്ദ്രൻ അകത്തേയ്ക്ക് കയറി. അടുത്ത നിമിഷം ആരോ തീപ്പെട്ടി ഉരയ്ക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് കുടിലിനുള്ളിൽ മെഴുകുതിരി വെളിച്ചം പരന്നു. മഹേന്ദ്രൻ ഞെട്ടിത്തിരിഞ്ഞു.

തന്നെ നോക്കി നിൽക്കുന്ന ഫയാസ്. മഹേന്ദ്രനെ തുറിച്ചു നോക്കിക്കൊണ്ട് ഫയാസ് മുമ്പോട്ടു വന്നു.

"നീ ഈ രാത്രിയിൽ എവിടെ പോയതാ മഹീ...?'' 

"ഞാൻ... ഞാൻ ചുമ്മാതെ പുറത്ത്... മഴ കണ്ടപ്പോ..." മഹേന്ദ്രൻ വിക്കി. ഫയാസിന്റെ മുഖം മാറി. തല വെട്ടിച്ചു കൊണ്ട് അവൻ മുൻപോട്ടു വന്നു.

"മഴ കാണാനാണോ നമ്മളീ കാട്ടിലേയ്ക്ക് വന്നത്?

''മഹീ.. ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. നിന്റെ മനസ്സിൽ എന്തെങ്കിലും രഹസ്യ പദ്ധതികളോ ലക്ഷ്യങ്ങളോ ഉണ്ടെങ്കിൽ നീ അത് ഇപ്പോ ഇവിടെ വച്ച് ഉപേക്ഷിച്ചേക്കണം. വെറുതെ ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുത്. നാളെത്തന്നെ ഞങ്ങൾ തിരിച്ചു പൊയ്ക്കോളാം.''

"ശെടാ ... നീ എന്താ ഇങ്ങനെ?" മഹേന്ദ്രൻ മുമ്പോട്ടു വന്ന് ഫയാസിന്റെ ചുമലിൽ പിടിച്ചു.

"അങ്ങനെ പോകാൻ വേണ്ടിയാണോ നമ്മൾ വന്നിരിക്കുന്നത്? അല്ലല്ലോ... നമ്മൾ വന്ന കാര്യം സാധിച്ചിട്ടേ ഒരു തിരിച്ചു പോക്ക് ഉണ്ടാവൂ... ''

''എല്ലാ കാര്യങ്ങളും ഇങ്ങനെ നീ സ്വയം തീരുമാനിക്കുകയാണെങ്കിൽ പിന്നെ ഞങ്ങളുടെ ആവശ്യമില്ലല്ലോ?" ഫയാസ് സംശയത്തോടെ മഹേന്ദ്രനെ നോക്കി.

"എന്താ ഇത്ര വരെ എത്തിച്ചിട്ട് തമ്മിൽ തല്ലി പിരിയാനാണോ നിന്റെ ഭാവം?'' മഹേന്ദ്രൻ ഫയാസിന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

മറുപടി പറയാതെ ഫയാസ് മുഖം തിരിച്ചു.

"എടാ.. ഫയാസേ... " മഹേന്ദ്രൻ ഫയാസിനെ നോക്കി.

''നമ്മൾ രണ്ടു പേരും ചേർന്ന് ഒരു ക്രൈം നടത്തിയിട്ടുണ്ട്. കപ്പിത്താന്റെ കൊലപാതകം ... മറന്നിട്ടില്ലല്ലോ അത്‌. അതുകൊണ്ട് തമ്മിൽ തല്ലി പിരിയുവാണെങ്കിൽ എല്ലാവരും കൂടെ പോയി അകത്തു കിടക്കും.''

''മഹി എന്താ ഭീഷണിപ്പെടുത്തുവാണോ?'' ഫയാസ് മഹേന്ദ്രനെ നോക്കി.

''ഞാൻ ആരേം കൊന്നിട്ടില്ല. കപ്പിത്താനെ ഇടിച്ചിട്ടതും വണ്ടി കയറ്റി കൊന്നതും ബോഡി കൊണ്ടുപോയി കുമ്പളം കായലിൽ തള്ളിയതും നീയാണ്.....നീ...''

''അതു ശരി... " മഹേന്ദ്രന്റെ മുഖം മാറി. അപ്പോ നിനക്ക് ഒന്നിലും ഒരു പങ്കും ഇല്ല. പക്ഷേ കിട്ടുന്ന കോടികളുടെ പങ്ക് നിനക്ക് വേണം താനും."

"കോടികൾ കിട്ടുന്നുണ്ടെങ്കിൽ അത് പാമ്പു കടിക്കുമോ എന്നും പേടിച്ച് ജീവനും കൈയിൽ പിടിച്ച് ഈ വനത്തിൽ വന്ന് ഒരു മിഷന് ഒപ്പം നിൽക്കുന്നതുകൊണ്ടാ. അല്ലാതെ കപ്പിത്താനെ കൊന്നതുകൊണ്ടല്ല.''

മഹേന്ദ്രന്റെ മനസ്സിൽ രോഷം പതഞ്ഞുയർന്നെങ്കിലും അയാൾ സംയമനം പാലിച്ചു. ഫയാസിനെ പിണക്കുന്നത് ബുദ്ധിമോശമാണ്.

മഹേന്ദ്രൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി.

''ഫയാസേ... നീ വെറുതേ കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് പ്രശ്നം ഉണ്ടാക്കണ്ടാ. എല്ലാ കാര്യങ്ങളും നമ്മൾ രണ്ടു പേരും ചേർന്ന് തീരുമാനിക്കും. കപ്പിത്താനെ കൊന്നെങ്കിൽ അതിനു കിട്ടുന്ന ലാഭത്തിന്റെ പകുതി നിനക്കുള്ളതാണെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ.. തൽക്കാലം നീ പോയി കിടന്നുറങ്ങ്. വിശദമായിട്ട് നമുക്ക് നാളെ സംസാരിക്കാം."

പറഞ്ഞിട്ട്  മഹേന്ദ്രൻ നനഞ്ഞ ടീ ഷർട്ടും ട്രാക്ക് സ്യൂട്ടും മാറി ഒരു ലുങ്കിയും ബനിയനും ധരിച്ചു. ഫയാസ് അപ്പോഴും മഹേന്ദ്രനെ നോക്കി നിൽക്കുകയായിരുന്നു.

"എടാ.. എനിക്ക് നിന്നെയാണ് കൂടുതൽ വിശ്വാസം. അതു കൊണ്ടാണല്ലോ എല്ലാ കാര്യങ്ങളിലും നിന്നെ കൂടെ നിർത്തുന്നത്.

നീ വെറുതെ ഓരോന്ന് ആലോചിച്ചിരുന്ന് ഉറക്കം കളയാതെ പോയി കിടന്ന് ഉറങ്ങാൻ നോക്ക്. നാളെ കുറേ കാര്യങ്ങൾ ചെയ്യാനുള്ളതാ.''

മഹേന്ദ്രനെ ഒന്നുകൂടി നോക്കിയിട്ട് ഫയാസ് അപ്പുറത്തേയ്ക്ക് പോയി. കുടിലിന്റെ മൂലയ്ക്കു കിടന്നിരുന്ന ചൂരൽ കസേര വലിച്ചിട്ട് മഹേന്ദ്രൻ ഇരുന്നു. അവന്റെ തലയ്ക്കുള്ളിൽ ചിന്തകളുടെ കടന്നലുകൾ മൂളി പറന്നു കൊണ്ടിരുന്നു. ഫയാസിനെ ഒഴിവാക്കുന്നതാണ് ബുദ്ധി. ജാനകിക്കാട്ടിൽ ആദ്യം തീരുന്നത് ഫയാസ് തന്നെ ആവട്ടെ.തീരുമാനിച്ചുറപ്പിച്ചതു പോലെ മഹേന്ദ്രൻ കണ്ണുകൾ അടച്ചു.

പിറ്റേന്നു രാവിലെ ഭക്ഷണം കഴിച്ച ശേഷം രണ്ടു സംഘങ്ങളായി മഹേന്ദ്രനും കൂട്ടരും വനത്തിലേയ്ക്ക് ഇറങ്ങി. ഫയാസിനെ മറ്റുള്ളവരിൽ നിന്നും അകറ്റി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു മഹേന്ദ്രന്റെ ലക്ഷ്യം. ഒരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് മഹേന്ദ്രൻ ഫയാസുമായി മൂർഖൻ ചാലിനടുത്തെത്തി. മൂർഖൻ ചാലിലേയ്ക്ക് ഫയാസിനെ തള്ളിയിട്ട് വെള്ളത്തിൽ മുക്കി കൊല്ലുക എന്നതായിരുന്നു മഹേന്ദ്രന്റെ ലക്ഷ്യം. കോടികളുടെ ഒരു പങ്കു കൂടി തന്റെ കൈയ്യിൽ വന്നു ചേരാൻ പോകുന്നു. മഹേന്ദ്രൻ കണക്കുകൂട്ടി.

''നീ എന്തിനാ ഇങ്ങോട്ടു വന്നത്?" ഫയാസ് മഹേന്ദ്രനെ നോക്കി.

''ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞില്ലേ? നീ ഒന്ന് സമാധാനപ്പെട്.'' മഹേന്ദ്രൻ ചിരിച്ചു.

"ഞാൻ ഈ വെള്ളത്തിലൊന്നും ഇറങ്ങാനില്ല കേട്ടോ... എനിക്ക് പേടിയാ." മൂർഖൻ ചാലിലേയ്ക്ക് നോക്കിയിട്ട് കുറച്ചു ദൂരേയ്ക്ക് മാറി നിന്നുകൊണ്ട് ഫയാസ് പറഞ്ഞു.

"നിന്റെ ഒരു ഒടുക്കത്തെ പേടി... നിന്റെ പേടി ഞാൻ ഇപ്പോ മാറ്റിത്തരാം.'' പറഞ്ഞു കൊണ്ട് മഹേന്ദ്രൻ വെള്ളത്തിലേക്ക് ഇറങ്ങി. 

പിന്നെ ഫയാസിനെ കാണിക്കാൻ രണ്ടു കൈക്കുമ്പിളിലും വെള്ളം കോരി മുഖം കഴുകി. പെട്ടന്ന് മൂർഖൻ ചാലിലെ വെള്ളം ഒന്ന് ഇളകി. ഒരു ചുഴി രൂപപ്പെട്ടു.

വെള്ളത്തിനടിയിൽ നിന്നും മിന്നൽ പോലെ പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ് പൊങ്ങി വരുന്നതു മാത്രമേ ഫയാസ് കണ്ടൊള്ളു.

അടുത്ത നിമിഷം അത് മഹേന്ദ്രന്റെ കഴുത്തിൽ ചുറ്റി. പിന്നെ മഹേന്ദ്രനെയും വലിച്ചുകൊണ്ട് വെള്ളത്തിനടിയിലേയ്ക്ക് പോയി.

ഒന്നു നിലവിളിക്കാൻ പോലും ആകാതെ ഫയാസ് പകച്ചു നിന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com