‘തനിക്ക് ആദ്യമായി ലഭിച്ച സമ്മാനം ഓർമ്മയില്ലേ, അത് അയാളുടെ വിരലായിരുന്നു’
Mail This Article
‘അപ്പോൾ നോക്കൂ നടാഷാ, നിങ്ങളോട് ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കാം. കൃത്യമായി ആലോചിച്ച് മറുപടി പറയുക, ഓക്കെ?’
മാനസികരോഗ വിദഗ്ദ്ധൻ ഡോക്ടർ വിവേക് നടാഷയോട് ചോദിക്കുമ്പോൾ ഞാനും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഒപ്പമുണ്ടായിരുന്നവളെ നന്നായി അറിയാമെന്ന അഹങ്കാരവും എനിക്കുണ്ടായിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് അകത്തേക്കു പ്രവേശനം ലഭിച്ചത്. മാനസികരോഗ വിദഗ്ധന്റെ മുന്നിൽ പോലും എന്താണ് തിരക്ക്! ആശുപത്രിയിലെ മറ്റേതു വിഭാഗവും പോലെ അതും സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നു. മാനസികമായി അരുതായ്ക വന്നാൽ ഡോക്ടറെ കാണാനും മരുന്ന് കഴിക്കാനും മനുഷ്യർ തയാറാകുന്നു. ഭ്രാന്താശുപത്രി എന്ന ചിന്തയിൽ നിന്ന് മാനസികാരോഗ്യത്തിലേക്കുള്ള തിരിച്ചറിവിൽ പലരും എത്തിയിരിക്കുന്നു, എന്ത് നല്ല മാറ്റമാണത് -
‘ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടോ?’
നടാഷ എന്റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ ഒച്ച കുറച്ചു പറഞ്ഞു,
‘ഉണ്ട്...’
എനിക്ക് നെഞ്ചു വേദനിച്ചു, ഞാൻ നടാഷയുടെ കൈകൾ എന്റെ കൈകൾക്കുള്ളിലാക്കി മുറുക്കി.
‘ആത്മവിശ്വാസം നഷ്ടപ്പെട്ടത് പോലെ തോന്നുന്നുണ്ടോ?’
‘ഉണ്ട്’
‘ഇപ്പോഴും കരയാൻ തോന്നുന്നുണ്ടോ?’
‘ഉണ്ട്’
‘വീട് വിട്ട് ഇറങ്ങിപ്പോകാൻ തോന്നിയിരുന്നോ ?’
‘തോന്നാറുണ്ട്’
ഒരു കരച്ചിൽ വന്നു നടാഷയുടെ നെഞ്ചിനെ അമർത്തി നോവിച്ചു. പിന്നെയും ആവർത്തിച്ച് ചോദിച്ചതിലൊക്കെയും അവളുടെ വിഷാദം പ്രകടമായിരുന്നു.
‘എത്ര അടുപ്പമുള്ള സുഹൃത്തുക്കളുണ്ടായാലും അവനവന്റെ വിഷാദങ്ങളെ ഇല്ലാതാക്കാൻ മറ്റൊരാൾക്കാവില്ല. അതിന്റെ ഉത്തരവും മരുന്നും സ്വന്തം മനസ്സ് മാത്രമാണ്. സ്വയമാണ് വഴികൾ കണ്ടെത്തേണ്ടത്. വിഷാദം വർധിച്ചു വരുമ്പോൾ, സ്വയം നിയന്ത്രിക്കാനാവുന്നതിൽ നിന്നും പരിധികൾ കടന്നാൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടിയേ മതിയാകൂ. ഒപ്പം ചേർത്തു നിർത്താനും ആശ്വസിപ്പിക്കാനുമല്ലാതെ സുഹൃത്തുക്കൾക്ക് മറ്റൊന്നിനുമാവില്ല.’, ഡോക്ടറെ കാണും മുൻപ് നടാഷയോടു പറഞ്ഞ വാചകങ്ങൾ.
മറ്റൊരാൾക്ക് മാറ്റാനാകുമായിരുന്നെങ്കിൽ അവളുടെ വിഷാദം എന്നേ തങ്ങളുടെ സ്നേഹം കൊണ്ട് മാഞ്ഞു പോയേനേ ...
അല്ല, അതൊന്നുമല്ല സത്യം...
ആശുപത്രിയിൽ നിന്ന് മരുന്നുകൾ വാങ്ങിയിറങ്ങുമ്പോൾ ഞാൻ, നടാഷയുടെ കൈകൾ മുറുക്കെ പിടിച്ചിരുന്നു. അവളെ ജോലിക്ക് വിടാൻ താല്പര്യമില്ലായിരുന്നെങ്കിലും തല്ക്കാലം വീട്ടിൽ ഒറ്റയ്ക്കിരുത്താൻ തോന്നിയില്ല. നടാഷയെ ഞാൻ എനിക്കൊപ്പം ഡ്രാമാ ലാബിലേക്ക് കൂട്ടി. മണികർണികയുടെ അടുത്ത അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സംവിധായകനായ വിശാഖ് മാഷ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്, അദ്ദേഹമുൾപ്പെടെ ആർക്കും ഈയടുത്ത ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളറിയാത്തതുകൊണ്ട് മറ്റു ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. ലാബിൽ എല്ലാം ശാന്തമാണ്.
അരങ്ങിൽ പരിശീലനത്തിനിടയിൽ ഞാൻ വീണ്ടും മണികർണികയായി. ഭർത്താവിന്റെ ഉപദ്രവങ്ങളേറ്റു വാങ്ങി നീറി നീറി തീരുന്നവൾ. ഒടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റവൾ ...
എത്ര ശക്തയാണ് അവൾ...
നടാഷ, മണികർണികയെ മാത്രമായിരുന്നു കണ്ടത്. എമ്മയുടേതായ ഒന്നും അവൾ ശ്രദ്ധിച്ചതേയില്ല. ആ കണ്ണുകൾക്ക് പോലും മാറ്റമുണ്ടായിരിക്കുന്നു. എമ്മാ ജോൺ ഒരു അസാധ്യ അഭിനേത്രി തന്നെയാണ്. ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടവൾ. സിനിമയിൽ ചാൻസ് കിട്ടിയിരുന്നെങ്കിൽ...
പരിശീലനവും ചർച്ചകളും കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് നടാഷയോടൊപ്പമിരിക്കുന്ന അനിൽ മാർക്കോസിനെ കണ്ടത്. ഇയാളെപ്പോഴാണ് വന്നത്! അയാൾ എനിക്ക് ഹസ്തദാനം നൽകി.
അടുത്തുള്ള ബേക്കറിയിലിരുന്ന് സംസാരിക്കാമെന്ന തീരുമാനം അനിൽ മാർക്കോസിന്റേതായിരുന്നു.
കാപ്പിയുടെ മുന്നിലിരുന്ന് അയാൾ സംസാരിച്ചു തുടങ്ങി.
‘എമ്മ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടത് ഓർക്കുന്നുണ്ടോ? തന്റെ നാടകത്തെക്കുറിച്ച്?’
‘അതേ, സർ , ഓർമ്മയുണ്ട്.’
‘അതിൽ ഒരാളുടെ കമന്റിന് താഴെ ചർച്ച നടന്നതോ?’
‘യെസ് ഓർമ്മയുണ്ട്, അയാളുടെ ആദ്യത്തെ കമന്റ് കുഴപ്പമില്ലായിരുന്നു, പിന്നീട് പോകെ പോകെ അസഭ്യമായി’
‘അയാളെ ആദ്യം തന്നെ എന്തുകൊണ്ട് ബ്ലോക്ക് ചെയ്തില്ല?’
ഇയാളെന്താണ് ഇതൊക്കെ ചോദിക്കുന്നതെന്ന് മനസ്സിലായില്ല.
‘ഞാനെന്തിനാണ് അയാളെ ബ്ലോക്ക് ചെയ്യുന്നത്? അയാൾ കാണിച്ച ചെറ്റത്തരം എല്ലാവരും കാണട്ടെ. മറുപടി നല്കാൻ എനിക്കറിയാം, ഇനിയും പറഞ്ഞു വന്നാലും’
‘എന്നാൽ താനിനി വിഷമിക്കണ്ട, അയാളിനി ഒന്നും പറഞ്ഞു വരില്ല. തനിക്ക് ആദ്യമായി ലഭിച്ച സമ്മാനം ഓർമ്മയില്ലേ, അത് അയാളുടെ വിരലായിരുന്നു’
-എന്ത്-
എനിക്കെന്താണ് പറയേണ്ടതെന്ന് മനസ്സിലായില്ല. കഴിഞ്ഞ ദിവസം കൂടി ഞങ്ങൾ ആലോചിച്ചതാണ് ആ വിരൽ, അതാരുടേതായിരിക്കുമെന്ന്...
‘പറയുന്നത് സമാധാനമായി കേൾക്കണം.’
എനിക്ക് അമർന്നിരിക്കാൻ പറ്റുന്നേയില്ല. അസ്വസ്ഥമായ ഹൃദയം നിലയ്ക്ക് നിൽക്കുന്നില്ല. നടാഷ വായ തുറന്ന് തന്നെയിരിക്കുകയാണ്.
‘തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ കൃത്യമായി കാണുന്ന ആരോ തന്നെയാണ് ഈ സമ്മാനങ്ങൾക്ക് പിന്നിൽ. അയാൾ തന്നെ സ്ഥിരമായി വാച്ച് ചെയ്യുന്നു, ഒരുപക്ഷേ വർഷങ്ങളായി തന്നെ ശ്രദ്ധിച്ചിരുന്ന ഒരാൾ, അല്ലെങ്കിൽ ഈയടുത്ത് കണ്ടെത്തിയ ഒരാൾ. തനിക്കെതിരെ സംസാരിക്കുന്നവരാണ് അയാളുടെ ഇരകൾ.’
‘സർ ... എനിക്ക്.. എനിക്കത് വിശ്വസിക്കാനാവുന്നില്ല... എന്റെ ഫെയ്‌സ്ബുക്ക്...’
‘താനെന്താണ് ഈ സോഷ്യൽ മീഡിയയെക്കുറിച്ച് ധരിച്ച് വച്ചിരിക്കുന്നത്?’
‘അതെന്റെ സ്വന്തം ഇടമല്ലേ സർ. അവിടെ എനിക്ക് സ്വാതന്ത്ര്യമില്ലേ?’
അനിൽ മാർക്കോസ് സ്വയം മറന്ന് ചിരിച്ചു. തെല്ലു നേരത്തിനു ശേഷമാണ് അയാളെന്റെ മാനസിക അവസ്ഥയെക്കുറിച്ച് പോലും ഓർത്തത്. പെട്ടെന്ന് അയാൾ ചിരിയടക്കി. എന്റെ മുഖത്തപ്പോൾ ഉരുണ്ടു കൂടിയ രക്തപ്രവാഹം ആവിയായിപ്പോയതുപോലെ തോന്നി. ശൂന്യമായ, വിളർത്ത ഒരു മുഖമായിരിക്കണം ഇപ്പോഴത്!.
‘എമ്മാ, സ്വാതന്ത്ര്യം, സ്വകാര്യത എന്നതൊക്കെ വെറും സങ്കൽപമാണ് സോഷ്യൽ മീഡിയയിൽ. തന്നെപ്പോലെ ചിന്തിക്കുന്ന കുട്ടികൾ എങ്ങനെയാണ് കരുതുന്നത്? എന്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം, ഒന്നും സംഭവിക്കില്ലെന്നോ? എന്നാലങ്ങനെയല്ല. ഇത്തരം മാധ്യമങ്ങൾ പല കുത്തക കമ്പനികളുടെയും മികച്ച വിപണിയാണ്. അവിടെ മനുഷ്യന്റെ മനസ്സിനെ അവർ പഠന വിധേയമാക്കുന്നുണ്ട്, അവിടെ നമ്മുടെ സ്വകാര്യത പോലും ഭേദിക്കപ്പെടുന്നുണ്ട്. എത്ര സുരക്ഷിതമാക്കിവച്ചാലും അതൊരു പബ്ലിക് സ്പെയിസാണ്. അവിടെ സ്വകാര്യതയ്ക്ക് പരിധികളുണ്ട്. സ്വന്തം വീട്ടു വിശേഷങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ മാത്രം സ്ഥിരമായി നിരീക്ഷിക്കുന്നവരുണ്ട്, അവരെ ടാർജറ്റ് ചെയ്യുന്നവരുണ്ട്, ഉദ്ദേശം പലതുമാകാം, എന്തും വിപണിയിൽ ലഭ്യമാണല്ലോ, പെണ്ണും മണ്ണും വരെ. അതുകൊണ്ട് സോഷ്യൽ മീഡിയയിലെ സ്വാതന്ത്ര്യവും സ്വകാര്യതയും ഏറ്റവും വലിയ മണ്ടത്തരവും മിത്തുമാണ് ’
അനിൽ മാർക്കോസിന്റെ നെടുനീളൻ പ്രസംഗമൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും എന്റെ തലച്ചോറിൽ രക്തം ഇരമ്പി പ്രവഹിച്ചു. തലയ്ക്ക് വല്ലാത്ത ഭാരം. താൻ അപ്പോൾ ആരുടെയോ ടാർജറ്റ് ആയിരുന്നെന്നോ?
ആരുടെ?
ആരാണ് തന്നെ പിന്തുടരുന്നത്?
ശത്രുവോ മിത്രമോ?
അപ്പോൾ രാത്രിയിൽ ആരോ നോക്കിയതുപോലെ തോന്നിയത് സത്യമായിരുന്നോ ? അയാൾ എവിടെയും തന്നെ അന്വേഷിച്ചു വരുന്നുണ്ടോ? ഇവിടെയുമുണ്ടാകുമോ?
ഞാൻ ചുറ്റും നോക്കി...
ബുദ്ധിമുട്ട് മനസ്സിലായെന്നു പോലെ അനിൽ മാർക്കോസ് എന്നെ നോക്കി,
‘ഒരു കാര്യം കൂടി, നിമിഷ് എബ്രഹാം എന്ന ആളാണ് ആദ്യം മിസ്സിങ് ആയിരിക്കുന്നത്. അയാളുടെ ബോഡി, ഇനിയിപ്പോൾ അയാൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ, കണ്ടെത്താനായിട്ടില്ല. അയാളുടെ വിരൽ നമ്മുടെ കയ്യിലുണ്ട്. രണ്ടാമത് ലഭിച്ചത് അങ്ങനെ വരുമ്പോൾ തോമസ് അലക്സിന്റെ ശരീര ഭാഗമാണ്. എമ്മയ്ക്ക് അന്ന് വന്ന സന്ദേശം അനുസരിച്ച് അജ്ഞാതൻ ഉദ്ദേശിച്ചത് ഒരുപക്ഷേ അയാളുടെ ലിംഗമായിരിക്കണം. അതാവും ഇതല്ല തരാൻ ഉദ്ദേശിച്ചത് എന്നയാൾ എഴുതിയത്. ഇപ്പോൾ കാര്യങ്ങളെല്ലാം നേരെ വരുന്നുണ്ട്. എമ്മയ്ക്ക് മനസ്സിലാവുന്നുണ്ടോ?’,
അനിൽ മാർക്കോസ് നോക്കുന്നു. അമിതമായ ചിന്താ ഭാരത്താൽ ഞാൻ തല താഴ്ത്തി. എങ്ങനെയാണ് പൊലീസ് നിമിഷിനെ കണ്ടെത്തിയത്.
‘സർ, ആ വിരൽ, നിമിഷിന്റെതായിരുന്നുവെന്ന് എങ്ങനെയാണ് അറിഞ്ഞത്?’
‘തനിക്കിപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ. നിമിഷ് എബ്രഹാം കൊച്ചിയിൽ ക്വട്ടേഷന് വേണ്ടി പണിയെടുക്കുന്ന ഒരുത്തനാണ്. ഗുണ്ടാ ലിസ്റ്റിൽ പെട്ടവൻ. എന്നാൽ കുറച്ചു നാളായി അയാളെല്ലാം ഒഴിവാക്കി നഗരത്തിൽ തന്നെ ഒരു ചേരിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അയാളെ കാണാതായിട്ട് ദിവസങ്ങളായി. എന്നാൽ ആരും അന്വേഷിക്കാനില്ലാത്തത് കൊണ്ട് അറിഞ്ഞില്ല. ഫിംഗർ പ്രിന്റ് ഫൊറൻസിക് ലാബിൽ പരിശോധിച്ച് നമ്മുടെ ലിസ്റ്റിലുള്ളവരുടെ അടയാളങ്ങളുമായി ഒത്തു നോക്കിയപ്പോഴാണ് അത് അയാളുടേതെന്ന് മനസ്സിലായത്. അങ്ങനെയൊരു സാധ്യത സത്യത്തിൽ ആദ്യ സമയത്തും തോന്നിയിരുന്നില്ല. ഇപ്പോൾ എല്ലാം വ്യക്തമായി. എന്നാൽ നിമിഷിന്റെയും ബോഡി നമുക്ക് കിട്ടിയിട്ടില്ല. അയാൾ അവർ രണ്ടു പേരെയും കിഡ്നാപ്പ് ചെയ്തിരിക്കുന്നു, എന്നാൽ കൊലപ്പെടുത്തിയോ എന്ന കാര്യത്തിൽ ഉറപ്പില്ല. എവിടെ നിന്നും അവരുടെതെന്ന് സംശയിക്കുന്ന ഒന്നും കണ്ടെടുത്തിട്ടില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചു പോലും അന്വേഷണം മുന്നോട്ടു പോകുന്നില്ല. രണ്ടു പേരുടെയും മൊബൈലിൽ വന്ന കോളുകൾ പരിശോധിച്ചിട്ടും അപരിചതരായവർ ആരും തന്നെയില്ല, സംശയം തോന്നിവരെയെല്ലാം ഞങ്ങൾ കണ്ടു സംസാരിച്ചിരുന്നു.’
കാര്യങ്ങളെല്ലാം വ്യക്തമായിരിക്കുന്നു. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് അജ്ഞാതന്റെ ലോകം. അവിടെ നിന്നാണ് സമ്മാനങ്ങളുടെ ഉദ്ഭവം.
ആദ്യം നിമിഷ്, പിന്നെ തോമസ് അലക്സ്, ഇനിയാരാണ്?
‘എമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. തന്നോടു മോശമായി പെരുമാറിയവരുടെ ലിസ്റ്റെടുക്കുന്നുണ്ട്. തോമസ് അലക്സിന്റെ മിസ്സിങ് വാർത്ത ഇതുവരെ ഇങ്ങനെയൊരു ടേണിങ് പോയിന്റിൽ വന്നത് മീഡിയ അറിഞ്ഞിട്ടില്ല, അറിഞ്ഞാൽ പിന്നെ എമ്മ ഒരു വാർത്താ കേന്ദ്രമാക്കും. സൂക്ഷിക്കണം’
‘അതൊന്നും മീഡിയ അറിയാൻ താമസമുണ്ടാകില്ലല്ലോ സർ’
എന്റെ ജീവിതം എന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് മറ്റേതോ വഴിയിലൂടെ മുന്നോട്ടു പോകാൻ തുടങ്ങുകയാണെന്ന് ആ നിമിഷം എനിക്ക് തോന്നി. മണികർണിക വഴി ആവണം എന്നെ ലോകം അറിയേണ്ടതെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു, എന്നാലിപ്പോൾ... ഫെയ്‌സ്ബുക്കിൽ പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ... മരണങ്ങളുടെ പേരിൽ... ഒരു അജ്ഞാതന്റെ പേരിൽ...
ഇനിയാരാവും അയാളുടെ ഇര?
വീട്ടിൽ ചെന്നതും ഞാനെന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ആഴത്തിൽ കുഴിച്ചു മൂടാൻ തുടങ്ങി. എന്നിട്ടും തീരാത്തതു പോലെ വാക്കുകൾ സ്‌ക്രീനുകളിൽ നിന്നും പുറത്തേയ്ക്ക് വന്നു പരസ്പരം കോർത്ത് പിടിച്ച് നൃത്തം വയ്ക്കാൻ തുടങ്ങി.
തുടരും...
English Summary: Njan Emma John e-novel written by Sreeparvathy