‘വിജയിച്ചുകൊണ്ടേയിരിക്കുക, അതാണ് ജീവിതത്തിനു ഞാൻ കൊടുക്കുന്ന അർഥം’
Mail This Article
പൂട്ടുവീഴുന്ന ജീവിതം
പത്തേക്കറിലെ ഗേറ്റ് തുറന്നപ്പോൾ പതിവില്ലാതെ ഇരുമ്പു കരഞ്ഞു. അതുകേട്ടിട്ടാകണം, വീടിനുപിന്നിൽ തോപ്രൻ മുരണ്ടു. അതൊരു മുന്നറിയിപ്പുപോലെ തോന്നി. ഉടൽ വിറയ്ക്കുന്നില്ലെന്നു സ്വയം ബോധ്യപ്പെടുത്താൻ ഞാൻ കഷ്ടപ്പെട്ടു. വാതിൽ തുറന്നുതരാൻ കുഞ്ഞാത്തയെ കണ്ടില്ല. അതു പകുതി ചാരിയിട്ടിരിക്കയായിരുന്നു.
തലേന്നു രാത്രിയിലാണ് റബേക്ക ടീച്ചർ ഫോൺ ചെയ്തത്, രാവിലെ ഇത്തിരി വൈകിവന്നാൽ മതിയെന്ന്.
‘‘നാളെ ഞായറാഴ്ച പുതുമണവാളനും മണവാട്ടിയും ഫ്രീയായിരിക്കില്ലേ? അവരെക്കൂടെ കൂട്ടിക്കോളൂ...’’
ടീച്ചറുടെ ശബ്ദത്തിൽ പതിവിലേറെ ആർദ്രത.
‘‘എന്തെങ്കിലും വിശേഷം?’’
‘‘എന്റെ പിറന്നാളാടോ... അല്ലെങ്കിലും അവർക്കൊരുപിടിച്ചോറു കൊടുക്കണമെന്നു ഞാൻ വിചാരിച്ചിരിക്കുവായിരുന്നു. നീ പോയിക്കഴിഞ്ഞാൽ പറ്റില്ലല്ലോ,’’ ടീച്ചർ ചിരിച്ചു, ‘‘ഞാൻ നേരിട്ടു ക്ഷണിക്കണോ? ചേട്ടനുണ്ടോ അവിടെ? ’’
‘‘ഇല്ല. ചേച്ചിയുണ്ട്.’’
‘‘എന്നാൽ കൊടുക്കൂ.’’
ഞാൻ ഫോൺ ലീനച്ചേച്ചിക്കു കൊടുത്തു.
‘‘എത്ര അന്തസ്സുള്ള പെരുമാറ്റം,’’ഫോൺ വച്ചപ്പോൾ ലീനച്ചേച്ചി പറഞ്ഞു, ‘‘പക്ഷേ, നിന്റെ ചേട്ടൻ വരുമോ അവരുടെ പിറന്നാളുണ്ണാൻ?’’
റബേക്ക ടീച്ചറെ പരിചയപ്പെടാൻ കാത്തിരിക്കുന്ന ഷെർലക് ഹോംസ് ഈ അവസരം പാഴാക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. കഴിഞ്ഞദിവസം നാദാപുരത്ത് പോയിവന്നതുമുതലേ ഹോംസ് പുതിയൊരു ഊർജത്തിലായിരുന്നു.
വാതിൽ തള്ളിത്തുറന്ന് ഞാൻ അകത്തേക്കു കയറിയപ്പോൾ റബേക്ക ടീച്ചർ കസേരയിൽ ചാരിയിരിപ്പുണ്ടായിരുന്നു. കറുത്ത കട്ടിക്കരയുള്ള ചേലയും കറുത്ത പൂക്കളുള്ള ബ്ലൗസും അവരെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. സാരിക്കു ചേരുന്ന കറുത്തകല്ലുള്ള കമ്മലും പതിവില്ലാതെ ഒരു മൂക്കുത്തിയും അണിഞ്ഞിരുന്നതു പ്രത്യേകം ശ്രദ്ധിച്ചു.
‘‘ഹാപ്പി ബർത്ത് ഡേ...’’
സമ്മാനപ്പൊതി നീട്ടി ആശംസനേർന്നപ്പോൾ, നേർത്തൊരു ചിരിയോടെ ടീച്ചർ അതേറ്റുവാങ്ങി.
‘‘എന്താ ഇത്? എന്തിനാ വെറുതേ കാശുകളഞ്ഞത്?’’
‘‘ഒരു സാരിയാണ്. ടീച്ചർക്കിഷ്ടപ്പെടും.’’
‘‘നിനക്കു സാരി വാങ്ങനൊക്കെ അറിയാമോ? ചേട്ടന്റെ കെട്ടിയോളു വാങ്ങിയതായിരിക്കും. അവരു വരില്ലേ?’’
‘‘വരും. ചേട്ടൻ പുറത്തെവിടെയോ പോയിരിക്കുന്നു. വന്നാലുടൻ തിരിക്കും.’’
‘‘നിന്റെ ചേട്ടൻ വലിയ തിരക്കിലാണെന്നു തോന്നുന്നല്ലോ... ഇവിടുത്തെ സ്റ്റേഷനിലേക്കു മാറ്റം കിട്ടീട്ട് എന്നോടു പറയാഞ്ഞതെന്താ?’’
ഞാൻ തലകുനിച്ചു.
‘‘ഉം. പോട്ടെ...ഞാൻ ക്ഷമിച്ചു. നീ വേഗം ഇന്റർനെറ്റ് തുറന്നേ...അമേരിക്കേന്നു മറുപടി വല്ലോമുണ്ടോന്നു നോക്കിയേ...’’
തലേന്നുതന്നെ സോജന്റെ മറുപടി വന്നതും ചേട്ടന്റെ നിർദേശപ്രകാരം മറുപടി അയച്ചതും ഭാവിക്കാതെ ഞാൻ ലാപ്ടോപ് തുറന്നു. ഞാനല്ലാതെ മറ്റാരോ ലാപ്ടോപ്പ് തുറന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ നെഞ്ചിടിപ്പിനു വേഗം കൂടി.
‘‘ഇന്നലെ ചെറിയാൻ വക്കീലു വന്നായിരുന്നു,’’ പരിഭ്രമം തിരിച്ചറിഞ്ഞിട്ടെന്നപോലെ റബേക്ക ടീച്ചർ പറഞ്ഞു, ‘‘എഴുതിയത് വായിച്ചുനോക്കണമെന്നു പറഞ്ഞ് അതെല്ലാം അങ്ങേരു കൊണ്ടുപോയി.’’
ഫയൽ കോപ്പിചെയ്യുകയല്ല, അതുപോലെ അടർത്തിയെടുത്തിരിക്കയാണെന്നു മനസ്സിലായപ്പോൾ എന്റെ കീശയിലിരുന്ന പെൻഡ്രൈവ് നെഞ്ചത്തുകുത്തി കളിയാക്കുന്നതുപോലെ തോന്നി. ടീച്ചറിനും വക്കീലിനും എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാവുമോ? അല്ലെങ്കിൽ പെട്ടെന്നെന്താണ് ഇങ്ങനെ?
‘‘സോജൻ ഇന്നലെ വക്കീലിനെ വിളിച്ചിരുന്നു. കേസുമായി പോകാൻതന്നെ തീരുമാനിച്ചെന്ന് അവൻ തീർത്തുപറഞ്ഞു. അതുകഴിഞ്ഞ് വല്ല മനംമാറ്റോം വന്നെങ്കിലേ ഉള്ളൂ.’’
ടീച്ചർ ചുണ്ടുകൊണ്ട് അവജ്ഞയുടെ ആംഗ്യം കാട്ടി.
‘‘മെയിലൊന്നും വന്നിട്ടില്ല.’’
വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
‘‘അപ്പോൾ അവൻ രണ്ടും കൽപ്പിച്ചാണ്. അതുകൊണ്ട് ഇനി ഈ എഴുത്തിൽ കാര്യമില്ല. നമുക്ക് ഇന്നത്തേതോടെ നിർത്താം.’’
അനായാസമാണ് പറഞ്ഞതെങ്കിലും നേരത്തേ തീരുമാനിച്ചുറപ്പിച്ചതായിരുന്നു എന്നു ടീച്ചറുടെ മുഖചലനങ്ങൾ ബോധ്യപ്പെടുത്തി.
‘‘മോഹനൻ ഒരെഴുത്തുകാരനല്ലേ? ഭാവിയിൽ എന്റെ അനുഭവങ്ങളൊക്കെ ചിലപ്പോൾ നോവലിലും കഥയിലുമൊക്കെ പ്രയോജനപ്പെടുത്തുമായിരിക്കും അല്ലേ? പക്ഷേ, എന്റെ കാലം കഴിഞ്ഞിട്ടുമതി കേട്ടോ? അതൊക്കെ നമ്മുടെ കരാറിൽ ഉള്ളതാണ്. മറക്കണ്ട.’’
ഞാൻ ചിരിച്ചെന്നു വരുത്തി.
‘‘ജീവിതത്തിന്റെ അർഥം എന്താണെന്നാണ് മോഹനന്റെ വിചാരം?’’
ചോദ്യം പെട്ടെന്നായിരുന്നു. പെട്ടെന്നൊരുത്തരം കിട്ടാതെ ഞാൻ പരുങ്ങി.
‘‘ഓരോരുത്തർക്കും അത് ഓരോ വിധത്തിലായിരിക്കില്ലേ?’’
‘‘ തീർച്ചയായും. പക്ഷേ, മോഹനനെന്താണ്? എങ്ങനെയാണ്?’’
‘‘അങ്ങനൊന്നും ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ടിവന്നിട്ടില്ല.’’
‘‘ആലോചിക്കണം. അത്തരം ആലോചനകളാണ് ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്.’’
ടീച്ചർ വിശദീകരിച്ചു.
‘‘ടീച്ചറിന്റെ കാഴ്ചപ്പാടു പറയൂ?’’
പരിഹാസത്തോടെയാണു ചോദിച്ചതെങ്കിലും ഗൗരവത്തോടെയായിരുന്നു മറുപടി.
‘‘വിജയിച്ചുകൊണ്ടേയിരിക്കുക. അതാണ് ജീവിതത്തിനു ഞാൻ കൊടുക്കുന്ന അർഥം. എഴുത്തുകാരനു മനസ്സിലായില്ലെന്നു തോന്നുന്നു,’’ ടീച്ചർ മുന്നോട്ടാ ഞ്ഞിരുന്നു,‘‘ശരിക്കും ജീവിതം ഒരുതരം പോരാട്ടമല്ലേ? സാഹചര്യങ്ങളുമായിട്ട്, രോഗങ്ങളുമായിട്ട്, ആയുസ്സുമായിട്ട്... അങ്ങനെയങ്ങനെ. വലിയൊരു പോരാട്ടം കഴിഞ്ഞല്ലേ മനുഷ്യൻ ജനിക്കുന്നതുതന്നെ. കുറച്ചുകൂടി പിന്നോട്ട് ആലോചിച്ചാലോ, ബീജങ്ങൾ തമ്മിലുള്ള മൽസരത്തിൽ കരുത്തുനേടുന്ന ഒരു ബീജം അണ്ഡത്തോടു ചേരുമ്പോഴാണ് ജീവന്റെ തുടക്കം. ശരിയല്ലേ?’’
‘‘അതെ.’’
അത്ഭുതത്തോടെ ഞാൻ തലകുലുക്കി.
‘‘ഭൂഗുരുത്വബലം മുതൽ ഇടിയും മിന്നലും ഭൂകമ്പോം വരെ എല്ലാം ജീവനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ്. അതിനെയെല്ലാം അതിജീവിച്ചാണ് ഓരോ ജീവിയും വളരുന്നത്. തോൽക്കുന്നിടത്ത് ജീവിതം തീർന്നു. മരണക്കിടക്കയിൽപോലും ജയിക്കാനാണു ശ്രമം. തോറ്റുകൊടുക്കുന്നത് നിവൃത്തിയില്ലാതെയാണ്. എന്തായാലും എനിക്ക് ജയിക്കാതിരിക്കാനാവില്ല. അക്കാര്യം ഞാൻ സോജനോടു തീർത്തുപറഞ്ഞു. ജയിക്കാൻ ഏതുകളിയും ഞാൻ കളിക്കും, ആവുമെങ്കിൽ തടയാനും പറഞ്ഞിട്ടുണ്ട്.’’
എനിക്കു പറയണമെന്നുണ്ടായിരുന്നു, എല്ലാ കളിക്കും അവസാനമുണ്ടെന്ന്. ജയവും തോൽവിയും ഒരുപോലെ അർഥരഹിതമാവുന്ന നിമിഷമുണ്ടെന്ന്.
‘‘എനിക്കു ജീവിതത്തിൽ ഒരേയൊരു സങ്കടമേയുള്ളൂ. എന്താന്നറിയാമോ?’’
ടീച്ചർ കള്ളച്ചിരിയോടെ എന്നെ നോക്കി.
‘‘മരിക്കാതിരിക്കാൻ മരുന്നു കണ്ടുപിടിക്കുന്നതിനുമുൻപ് ഈ ലോകത്തുനിന്നു പോകേണ്ടിവരുന്നത്. ഒന്നോർത്തുനോക്കിയേ, അങ്ങനൊരു മരുന്നു കണ്ടുപിടിച്ചാൽ, ഇതുവരെ മരിച്ചവരെല്ലാം മഹാ വിഡ്ഢികളായിപ്പോവില്ലേ?’’
ചിരി പതിവില്ലാതെ ഉച്ചത്തിലായപ്പോൾ കുഞ്ഞാത്ത ചുമരിനപ്പുറം നിന്നു പാളിനോക്കി. അവരുടെ മുഖത്തുമുണ്ടായിരുന്നോ, ഒരു പരിഹാസത്തരി? അടുക്കളയിൽ വറുക്കുകയും പൊരിക്കുകയും ചെയ്യുന്നതിന്റെ മണം. പതിവില്ലാതെ തോപ്രന്റെ ഇടവിട്ട മുരളൽ.
‘‘ഊണൊരുക്കുന്നുണ്ട്. കഴിച്ചിട്ടേ പോകാവൂ. ഞാനൊന്നു നോക്കിയിട്ടുവരട്ടെ. ഇല്ലെങ്കിൽ കുഞ്ഞാത്ത കുളമാക്കും. ചേട്ടനും ഭാര്യേം വരുന്നതുവരെ മോഹനൻ ഒന്നു ക്ഷമിക്കണേ.’’
കവിളത്തൊരു കുത്തുതന്ന് ടീച്ചർ അടുക്കളയിലേക്കു പോയി. എങ്ങനെ നേരം തള്ളണമെന്നറിയാതെ ഞാൻ അവിടെത്തന്നെയിരുന്നു. വെള്ളപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം ശവക്കച്ച പുതച്ചതുപോലെ തോന്നി. വിഷാദം വാട്ടിയ ചിരിയോടെ വെയിൽ അതിനുമേലേ പരക്കുന്നു. ഇരുന്നു മടുത്തപ്പോൾ പുറത്തിറങ്ങി. മുറ്റത്തിനൊരു വലംവച്ച് വടക്കേ മുറ്റത്തു ചെന്നപ്പോൾ ദൂരെ ബത്‌ലഹേമിലെ പൂത്തുലഞ്ഞ ചാമ്പമരങ്ങൾ കൈയാട്ടിവിളിച്ചു. അതിരുമുറിച്ച്, കിളച്ചിട്ട മൺകട്ടകൾക്കുമുകളിലൂടെ ഞാനവിടേക്കു നടന്നു. ചാമ്പച്ചോട്ടിൽ വയലറ്റ് പൂക്കൾ പരവതാനി വിരിച്ചിരുന്നു. അകത്തെവിടെയോ പാത്രം നിലത്തുവീണ ഒച്ച. കുഞ്ഞിന്റെ കരച്ചിൽ...പിന്നിൽ ഉടുപുടവ ഉലയുന്ന ശബ്ദം....എനിക്കു പേടിയായി. പെട്ടെന്നുതന്നെ ഞാൻ പത്തേക്കറിലേക്കു മടങ്ങി. വാതിലിനുപുറത്ത് ചിതറിക്കിടന്ന നീലവള്ളിച്ചെരിപ്പുകൾ പിറന്നാൾ സദ്യയ്ക്ക് പത്രോസ്മാഷിന്റെ സാന്നിധ്യം വിളിച്ചറിയിച്ചു. മുറിക്കുള്ളിൽ അടക്കിപ്പിടിച്ച സംസാരം കേട്ടു.
‘‘എവിടെവരെ പോകുമെന്നു കാക്കുകയായിരുന്നു ഞാൻ,’’ടീച്ചറിന്റെ സ്വരത്തിൽ വല്ലാത്ത പാരുഷ്യം, ‘‘എനിക്കെതിരെ എല്ലാവരും ഒന്നിക്കുകയാണ് അല്ലേ? ഒന്നും ഞാനറിയില്ലെന്നു കരുതിയോ?’’
‘‘റബേക്കേ, നിങ്ങൾ കരുതുന്നതുപോലെയല്ല കാര്യങ്ങൾ....’’ പത്രോസ് മാഷിന്റെ ശബ്ദം ദുർബലമായിരുന്നു.
‘‘അതിനു ഞാൻ കരുതുന്നത് എന്താണെന്ന് മാഷിനറിയില്ലല്ലോ... എന്റെ മനസ്സിൽ എന്തെന്ന് പണ്ടും അറിയില്ലായിരുന്നല്ലോ.’’
റബേക്ക ടീച്ചർ ചൊടിച്ചു. വടിത്തുമ്പുകൊണ്ട് വായുവിൽ വടിവില്ലാത്ത അക്ഷരങ്ങളെഴുതി മാഷിപ്പോൾ മുഖം കുനിച്ചു നിൽക്കുകയാവും എന്ന് എനിക്കുറപ്പായിരുന്നു.
‘‘എന്താണ് ഈ പോലീസുകാരന്റെ ഉദ്ദേശ്യം? എന്നെ വിഴുങ്ങിക്കളയുന്ന മട്ടിലാണല്ലോ അയാൾ... നാട്ടുകാരാരോ പണ്ടു കൊടുത്ത പരാതിയൊക്കെ അയാളെന്തിനാണിപ്പോൾ പൊടിതട്ടിയെടുക്കുന്നത്? ലില്ലി കൊച്ചോമിലുള്ള എന്റെ പഴയ കൂട്ടുകാരിയാണെന്ന് ആരാണ് അയാളോടു പറഞ്ഞത്? അവളുടെ കൂടപ്പിറപ്പിന്റെ വിവരം എങ്ങനെ കിട്ടി? ലില്ലീടെ ചത്തുപോയ കെട്ടിയോന്റെ വീട്ടിലും അയാളു ജോലി ചെയ്തിരുന്ന സ്വർണക്കടേലുമൊക്കെ ചെന്നിരുന്നല്ലോ അയാൾ.’’
‘‘എനിക്കറിയില്ല ഒന്നും. കുഞ്ഞാത്തയുടെ പേര് ലില്ലീന്നാണെന്നുപോലും ഞാനിപ്പോഴാണ് അറിയുന്നത്.’’
പത്രോസ് മാഷിന്റെ സ്വരം കരച്ചിലിന്റെ വക്കോളമെത്തി.
‘‘മാഷേ,’’ ടീച്ചറുടെ സ്വരം മൃദുവായി, ‘‘എന്നോട് ഒരു തരി സ്നേഹമുണ്ടെങ്കിൽ തോമാച്ചൻ എവിടെയുണ്ടെന്ന് ഇനിയെങ്കിലും ഒന്നു പറയ്.’’
‘‘സത്യമായും എനിക്കറിയില്ല റബേക്കേ. അയാൾ വിളിച്ചിട്ടുതന്നെ മാസങ്ങളായി.’’
‘‘ഞാൻ കാത്തിരിക്കുകയാണെന്ന് തോമാച്ചനറിയില്ലേ?...’’
‘‘എപ്പോഴും പറയാറുണ്ട്.’’
‘‘തോമാച്ചനില്ലാതെ എനിക്കു വയ്യ, മാഷേ... അതെങ്ങനെയാ പറഞ്ഞു മനസ്സിലാക്കുന്നേ?’’
കാൽപ്പെരുമാറ്റം സംഭാഷണത്തിന്റെ കഴുത്തു ഞെരിച്ചു. എന്നെ കണ്ടപ്പോൾ ഇരുവരും പെട്ടെന്ന് ‘ഒന്നുമില്ലാച്ചിരി’ വാരിയണിഞ്ഞു.
‘‘നീ നേരത്തേ വന്നാരുന്നോ?’’
പത്രോസ് മാഷ് കൺകോണിലൂടെ പാളിനോക്കി. നിശബ്ദത ഞങ്ങൾക്കിടയിൽ അതിരുകെട്ടി. പങ്കയുടെ കാറ്റിനൊപ്പിച്ചു ചുമരിലെ കലണ്ടർ താളമിടുന്ന ശബ്ദം മുറിയിൽ നിറഞ്ഞു. ഗാഢമായ ആലോചകളിലെപ്പോലെ ചുണ്ടു കൂർപ്പിച്ചിരുന്ന റബേക്ക ടീച്ചർ വിരലുകൾ ഞെരിച്ച് ഞൊട്ടയുതിർത്തു. ചേട്ടനെത്താൻ പിന്നെയും വൈകി. ബൈക്കിന്റെ ശബ്ദം കേട്ട് വാതിൽപ്പടിയോളം ചെന്ന റബേക്ക ടീച്ചറുടെ മുഖം വാടി.
‘‘ഒറ്റയ്ക്കേ ഉള്ളോ?’’
ടീച്ചറെ അടിമുടി കീറിമുറിച്ചു പരിശോധിക്കുന്നതിനിടയിൽ ചേട്ടൻ അലക്ഷ്യമായി തലകുലുക്കി.
‘‘പുതുമണവാട്ടിയെ കൂട്ടാഞ്ഞതു കഷ്ടമായി. കാണണമെന്ന് വലിയ മോഹമായിരുന്നു,’’ മുൻവശത്തെ മുറിയിൽ പുതുവെള്ള വിരിപ്പണിഞ്ഞ കസേര ചൂണ്ടിക്കാണിക്കുമ്പോൾ ടീച്ചർ പറഞ്ഞു, ‘‘മിടുക്കി പെൺപിള്ളാരെ എനിക്കിഷ്ടമാ. ആണുങ്ങളുടെ മിടുക്ക് വലിയ ഇഷ്ടോമില്ലെന്നു കൂട്ടിക്കോ...’’
ചിരിച്ചുകൊണ്ടാണു പറഞ്ഞതെങ്കിലും ഓരോ വാക്കിനും പ്രത്യേക ഉന്നമുണ്ടെന്നു തോന്നി.
‘‘സുഭാഷ് പുഞ്ചക്കുറിഞ്ചീലേക്ക് സ്ഥലം മാറ്റം ചോദിച്ചുവന്നതായിരിക്കും. അല്ലേ?’’
അതെയെന്ന് ചേട്ടൻ തലകുലുക്കി.
‘‘പോലീസുകാരെ എനിക്കു പേടിയാ കേട്ടോ...’’
ടീച്ചർ കണ്ണടച്ചു ചിരിച്ചു.
‘‘അതെന്താ? കുറ്റം ചെയ്തവരല്ലേ പോലീസിനെ പേടിക്കേണ്ടൂ?’’
‘‘അതെ. പക്ഷേ, കുറ്റം ചെയ്യാത്ത ആരുണ്ട് ഭൂമിയിൽ? നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു കർത്താവുതന്നെ പറഞ്ഞിട്ടുണ്ട്. അല്ലേ മാഷേ?’’
പത്രോസ് മാഷ് യാന്ത്രികമായി തലകുലുക്കി. താലത്തിൽ മാമ്പഴജ്യൂസുമായി കുഞ്ഞാത്ത വന്നപ്പോൾ ചേട്ടൻ അവരെ ഇരുത്തിനോക്കി. മുട്ടവട്ടത്തിലുള്ള ടീപ്പോയിൽ ഗ്ലാസുകൾ നിരത്തി, തലയുയർത്താതെ, അവർ മടങ്ങി.
‘‘ജ്യൂസു കുടിക്കൂ.’’
ടീച്ചർ മാമ്പഴമഞ്ഞയിലേക്കു വിരൽചൂണ്ടി. ഗ്ലാസെടുക്കാൻ കൈനീട്ടിയ പത്രോസ് മാഷ് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ കൈ പിൻവലിച്ചു.
‘‘അമേരിക്കേന്നു സോജൻ വിളിച്ചിരുന്നു കേട്ടോ,’’ ടീച്ചർ പത്രോസ് മാഷിനുനേരേ തിരിഞ്ഞു, ‘‘അവനു കേസ് നടത്തിയേ പറ്റൂന്ന്. ആരോ അവനെ എരികേറ്റുന്നുണ്ട്.’’
മാഷിന്റെ നോട്ടം എവിടെയും ഉറയ്ക്കാതെ തെന്നി.
‘‘ടീച്ചർ എന്താണു പുറത്തെങ്ങും ഇറങ്ങാത്തത്?’’
സുഭാഷേട്ടൻ ചോദിച്ചു.
‘‘ആവശ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ.’’
‘‘കേസൊക്കെയായാൽ കോടതിയിൽ കയറിയിറങ്ങേണ്ടിവരില്ലേ?’’
‘‘എന്തിന്? മിടുക്കന്മാരായ വക്കീലിനെ വച്ചാൽപോരേ.’’
‘‘എന്നാലും ഒരിക്കലെങ്കിലും കൂട്ടിൽ കയറാതിരിക്കാനാവില്ലല്ലോ.’’
ടീച്ചറെ പ്രകോപിപ്പിക്കാൻ അറിഞ്ഞുകൊണ്ടു ശ്രമിക്കുകയാണു ചേട്ടനെന്ന് നെറ്റിയിലെ ഹോംസിന്റെ ചുളിവുകൾ എന്നോടുമാത്രം വെളിപ്പെടുത്തി.
‘‘അതിനുള്ള സാധ്യത അന്വേഷിച്ചാണോ ഇന്നലെ നാദാപുരത്തു പോയത്?’’
ടീച്ചറിന്റെ കണ്ണിൽ വല്ലാത്തൊരു ഭാവം നിഴലിട്ടു.
‘‘ഹേയ്...’’ ചേട്ടന് ഒട്ടും കൂസലില്ലായിരുന്നു,‘‘അതൊരു ഗൾഫുകാരന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു. ഒരു സ്ത്രീ, അവരുടെ ഇരട്ട സഹോദരിയുടെ ഭർത്താവിനെ കൊന്ന കേസ്... സയനൈഡ് പോലെന്തോ കൊടുത്തായിരുന്നു കൊല.’’
‘‘എന്നിട്ട് കിട്ടിയോ തെളിവൊക്കെ?’’
‘‘പ്രതിയുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ജൂവലറിയിൽനിന്ന് കുറെ സയനൈഡ് കാണാതെ പോയെന്ന സുപ്രധാന വിവരം കിട്ടി. അതെവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം. പ്രതിയെ സംരക്ഷിക്കുന്നവരെയും അറിയാം. എന്തായാലും തെളിയാതെ കിടന്ന കുറെ കേസുകൾ തെളിയിക്കാൻ പറ്റുമെന്നുറപ്പ്.’’
അടുക്കളയിൽ ഒരു പാത്രം നിലത്തുവീണു കലമ്പി. ചേട്ടൻ കൈകൾ കൂട്ടിത്തിരുമ്മി. മാമ്പഴച്ചാറുനിറഞ്ഞ ഗ്ലാസിനുമേലേകൂടി ഒലിച്ചിറങ്ങിയ വെള്ളത്തുള്ളി വിരലുകൊണ്ട് തട്ടിയെറിഞ്ഞ് ടീച്ചർ മുന്നോട്ടാഞ്ഞിരുന്നു.
‘‘പ്രതിയെ കുടുക്കും ... അല്ലേ?’’
‘‘സംശയമെന്ത്?’’
ചേട്ടന്റെ ശബ്ദത്തിന്റെ മുഴക്കത്തിനുമേലേ വീടിനുപിന്നിൽനിന്നു തോപ്രന്റെ മുരൾച്ച ഉയർന്നു. ടീച്ചർ അടുക്കളയിലേക്കു നടന്നു. ചുമരലമാരയിൽനിന്നു പാത്രമെടുക്കാൻ തീൻമുറിയിലേക്കുവന്ന കുഞ്ഞാത്ത തീപാറുന്ന കണ്ണുകൾ എന്റെ നേരേ വലിച്ചെറിഞ്ഞു. മരിച്ചവരുടേതുപോലെ അവരുടെ മുഖം വിളറിയിരുന്നു.
‘‘നമ്മൾ ഇവിടെനിന്ന് ഒന്നും കഴിക്കുന്നില്ല,’’ ചേട്ടൻ അടക്കിയ ശബ്ദത്തിൽ എന്നോടും പത്രോസ് മാഷിനോടും പറഞ്ഞു, ‘‘ഭക്ഷണത്തിലൂടെയായിരുന്നു എല്ലാം എന്നറിയാമല്ലോ?’’
പത്രോസ് മാഷ് ഭീതിയോടെ തലകുലുക്കി.
‘‘പക്ഷേ, പിറന്നാളായിട്ട്... അവരു നിർബന്ധിച്ചാൽ...’’
ചേട്ടൻ മറുപടി പറയാനായുമ്പോഴേക്കും ചുമലിലെ നീലക്കരയുള്ള തോർത്തിൽ കൈകളും സംഭാഷണത്തിന്റെ കയ്പും തുടച്ചുനീക്കി പ്രസാദം നിറഞ്ഞ ചിരിയെടുത്തണിഞ്ഞ് ടീച്ചർ മുറിയിലേക്കു മടങ്ങിവന്നു.
‘‘ജ്യൂസ് കുടിച്ചില്ലല്ലോ ആരും...,’’ ടീച്ചർ പരിഭവിച്ചു, ‘‘എന്നാൽ ഇത്തിരി ആട്ടിൻ സൂപ്പെടുക്കട്ടേ... സ്പെഷലാണ്...’’
‘‘ഇപ്പോ ഒന്നും വേണ്ട.’’
പത്രോസ് മാഷ് ദുർബലമായ ശബ്ദത്തിൽ പറഞ്ഞു.
‘‘അങ്ങനെ പറഞ്ഞാലെങ്ങനാ മാഷേ. ഇവിടെ വരെ വന്നിട്ട് ഒന്നും കഴിക്കാതെ പോയാലെങ്ങനാ... അല്ലേ കുഞ്ഞാത്തേ...?’’
അതു വരവുവച്ച് കുഞ്ഞാത്ത തിടുക്കത്തിൽ ഉള്ളിലേക്കു തലവലിച്ചു. ചേട്ടൻ കൈകൾ മുറുക്കിയും അയച്ചും പിരിമുറുക്കം നിയന്ത്രിക്കുന്നതുപോലെ തോന്നി.
എവിടെയോ വാതിൽ തുറന്നടയുന്ന ശബ്ദം. കൊടുങ്കാറ്റുപോലെ ഒരു ഇരമ്പൽ. തൊട്ടരികിൽ ജനാലയ്ക്കപ്പുറം ആളൊപ്പം ഉയരത്തിൽ കണ്ടത് ഐറിഷ് വുൾഫ് ഹൗണ്ടിന്റെ നിഴലാണെന്നു തിരിച്ചറിഞ്ഞ നിമിഷം എന്റെ ഉടൽ വിറച്ചു. കണ്ണിൽ ഇരുട്ടുകയറി. കഴുത്തിൽ കയറിക്കടിച്ചാൽ പിടിവിടാത്ത ഇനമാണെന്നു റബേക്ക ടീച്ചർ പലതവണ പറഞ്ഞത് ഞാനോർത്തു. ഞങ്ങൾ മൂന്നാളുകളെ അനായാസം കടിച്ചുകീറാൻ അതിനു കഴിയുമെന്നറുപ്പ്. പത്രോസ് മാഷ് എന്റെ കൈയിൽ മുറുകെ പിടിച്ചു. ഉറക്കെ അലറാൻ ശ്രമിച്ചെങ്കിലും നാവ് ടാറിൽ പുതഞ്ഞ ചേരയെപ്പോലെ ചലനമറ്റു കിടന്നു.
‘‘ഇത്തിരിമുൻപ് ഞാനീ ചെക്കനോടു പറഞ്ഞതേയുള്ളൂ. വിജയിച്ചുകൊണ്ടേയിരിക്കുക. അതാണ് ജീവിതത്തിനു ഞാൻ കൊടുക്കുന്ന അർഥമെന്ന്.’’
ടീച്ചറിന്റെ ശബ്ദം ഗുഹകൾ കടന്നുവരുന്നതുപോലെ മുഴങ്ങി. അതിനുമേലേ, മുൻവശത്തെ വാതിലിനു കുറുകെനിന്ന് തോപ്രൻ ഉറക്കെ കുരച്ചു. മരിച്ചവരുടെയും ജീവിക്കുന്നവരുടെയും വേറിട്ട ലോകങ്ങൾ പോലെ വാതിലിനപ്പുറവും ഇപ്പുറവുമായി ഭൂമി നെടുകേ പിളരുന്നത് ഞാനറിഞ്ഞു.
(അവസാനിച്ചു)
English Summary : Literature Channel E - Novel Rabecca by Rajeev Shivasankar