‘ഈ നോട്ടുകെട്ടുകൾക്ക് എന്നെ കൊണ്ട് എന്തും ചെയ്യിക്കാനുള്ള കഴിവുണ്ട്, അത് ഞങ്ങളുടെ അവസ്ഥയാണ്’
Mail This Article
സാജന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. എടോ എന്നെ കൊല്ലല്ലേ...ഒരുപാട് ആഗ്രഹങ്ങളുള്ളതാ..ദേ നിന്നെ കണ്ടകാര്യം ഞാൻ ആരോടും പറയില്ല. എവിടേലും പോയി പിഴച്ചോളാം.. അവൾ വിരൽ കാഞ്ചിയിൽ വച്ചു. അവൻ കണ്ണുകളിറക്കിയടച്ചു. ഇരുകൈകളും നിലത്തുപതിപ്പിച്ചവൻ ശ്വാസം ഇറുക്കി കിടന്നു. കുറച്ചു നേരമായിട്ടും വെടിപൊട്ടാതെ വന്നപ്പോളവൻ കണ്ണുതുറന്നു.
കശുമാവിലകളുടെയിടയിൽക്കൂടി കടന്നുവന്ന സൂര്യകിരണങ്ങളവന്റെ കണ്ണുമഞ്ഞളിപ്പിച്ചു. അവന് ചുറ്റും ഇരുട്ടുതോന്നി. ഇനി താൻ മരിച്ചോ. ഇതായിരിക്കുമോ മരണം.. അവൻ ചുറ്റും നോക്കി. എഴുന്നേറ്റിരുന്നവൻ നുള്ളി നോക്കി.. ഏയ് അല്ല. ദേ മാരണം നിൽക്കുന്നു അവൻ തനിയെ പറന്നു. സിനി അടുത്തുള്ള തടിയിൽ ചമ്പൽ റാണിയെപ്പോലെ തോക്കൊക്കെ ചുണ്ടോടു ചേർത്തു ഊതി നിൽപ്പുണ്ടായിരുന്നു.
എടീ ഇതു കളിയാണെന്നോർത്തോ.. അവൻ ചാടിയെണീറ്റു.. അവളുടെ മുഖം വീണ്ടും മുറുകി. അവനെ കൈകൾകൊണ്ടു ഇനി ഇല്ലെന്ന് ആഗ്യം കാണിച്ചു. എന്നിട്ടു നിലത്തു വീണ ചില്ലറത്തുട്ടും.. പഴ്സുമൊക്കെ കുനിഞ്ഞെടുത്തു.
അതേ എന്താ സാറിന്റെ പ്ളാൻ..
അവൻ ഒന്നു ചെരിഞ്ഞു നോക്കി– ജീവനും കൊണ്ടു രക്ഷപ്പെടുക അതുതന്നെ..
തനിക്കെന്നെ ഒന്നു സഹായിച്ചുകൂടെ..
അവൻ ചില്ലറ പെറുക്കൽ നിർത്തി എണീറ്റിട്ടു..കൈകൂപ്പി തൊഴുതു കാണിച്ചു..
അവൾ തന്റെ ബാഗിൽ നിന്നും ഒരുകെട്ടു നോട്ടെടുത്തു. ദേ ഇപ്പം 5 ലക്ഷം നമ്മുടെ കരാർ തീർന്നാൽ 5 കൂടി തരും. അവന്റെ കയ്യിൽനിന്നു ചില്ലറപ്പൈസ വഴുതി വീണു. അത്രയും പണം ഒരുമിച്ചു അവൻ കണ്ടിട്ടുണ്ടായിരുന്നില്ല, അവൾ ആ നോട്ടുകെട്ട് അവന്റെ നേർക്കിട്ടു. അവൻ അതും കൈയ്യിൽപിടിച്ച് അരനിമിഷം നിശ്ചലനായി നിന്നു.
അവൻ അവളുടെ അടുത്തെത്തി മരത്തടിയിൽ ഇരുന്നു. ഈ നോട്ടുകെട്ടുകൾക്ക് എന്നെ എന്തു തീരുമാനമെടുപ്പിക്കാനുള്ള കഴിവും ഉണ്ട്, അത് ഞങ്ങളുടെ അവസ്ഥയാണ്.. ഈ പണം കിട്ടിയാൽ എത്തിപ്പിടിക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ പെങ്ങളുടെ കല്യാണം ഉൾപ്പടെ.. പറക്കമുറ്റാത്ത ഞങ്ങളെ അമ്മയുടെ കയ്യിലേൽപ്പിച്ചാണ് ചാച്ചൻ പോയത്. അവന്, എന്റെ ചേട്ടന് ഒരുപാട് പാപങ്ങൾ ചെയ്യേണ്ടി വന്നു പണത്തിനായി. എന്നിട്ടും അതൊന്നും കൊണ്ടു ചെലവു കഴിക്കേണ്ടന്നു തീരുമാനിച്ച ഒരമ്മ വീട്ടിലുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഈ പണം കിട്ടീട്ടു കാര്യമില്ലെടോ…
അവളുടെ മുഖം മാറി. സാജാ സ്കൂൾകാലം മുതൽ നിനക്കെന്നെ അറിയാം. നിന്റെ ചേട്ടായിയെ എനിക്കിഷ്ടമായിരുന്നു. പക്ഷേ അയാൾ. നീ പേടിക്കേണ്ട അവനൊന്നും പറ്റീട്ടില്ല. അവനെങ്ങോട്ടാ മുങ്ങിയെന്നും എനിക്കറിയാം. പക്ഷേ അവനിപ്പോൾ പിടികൊടുക്കാതിരിക്കുന്നതാ നല്ലത്. കിട്ടിയാൽ അവനെ അവർ കൊല്ലും. പക്ഷേ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. അവൻ അവളുടെ നേരേ നോക്കി, അവൾ കണ്ണിറുക്കി കാണിച്ചു.
...............................
കുടയും ചൂടി ജംഗ്ഷനിലേക്കു നടക്കുകയായിരുന്ന മെമ്പർ ഫൽഗുനൻ ഇടിമണ്ണിക്കൽ വീടിനു വാതില്‍ക്കലെത്തി ഒന്നു നിന്നു. വർഷങ്ങളായി ആൾതാമസമില്ലാതെ കിടക്കുന്ന വീടും പരിസരവും പത്തോളം തൊഴിലാളികൾ നിന്നു വൃത്തിയാക്കുന്നു.
പണിക്കാരുടെ സാധനങ്ങളുമായി വന്ന ഒരു ടെംബോ തിരിച്ചു നിർത്തിയിരിക്കുന്നു. ചാരിനിന്നു ഒരു ഭീമാകാരനൊരാൾ സിഗരറ്റ് വലിച്ചു പുക തുപ്പുന്നു. ഫൽഗുനൻ അടുത്തെത്തി. അതേ.. അയാൾ തിരിഞ്ഞു. കുറ്റിത്തലമുടിയും കണ്ണിനു മുകളിലെത്തുന്ന വെട്ടുപാടും. മുട്ടോളമെത്തുന്ന ജുബയും കള്ളിമുണ്ടും.. എന്തേ
ഈ വീട് ആരെങ്കിലും മേടിച്ചോ?
അറിഞ്ഞിട്ടെന്തിനാ..
ഞാൻ ഈ വാർഡിലെ മെമ്പറാ…
ഓഹോ മെമ്പറാ.. ഇത് വാങ്ങിയത് ഞാനാ..
നി. നിങ്ങളോ?..
അതെന്താ എന്നെക്കൊണ്ടു കൂട്ടിയാ. കൂടില്ലേ.. ആ പൊക്കോളീ.. വിട്ടോളി..
ഫൽഗുനനൻ ശരിയാക്കിത്തരാമെന്ന് തലകൊണ്ടു ആക്ഷൻ കാണിച്ചു പിന്നിലേക്കു നീങ്ങി. നിവർത്തിയ കൂട അതിവേഗം തിരികെ ചലിച്ചു. അരമണിക്കൂർ പിന്നിട്ടില്ല. തുമ്പിയും സംഘവും ആ മുറ്റത്തേക്കിരച്ചെത്തി.
ആരാണ്ടാ.. ഈ വീടു വാങ്ങിച്ചേ.. ഇവിടെ ഞങ്ങളറിയാതെ ഒരു പുല്ലും നടക്കില്ല. അടഞ്ഞുകിടന്ന വാതിൽ തുറന്നു. വാതിലിലൂടെ വിശാലമായ ശരീരം തിക്കിയിറക്കി ഒരാൾ പുറത്തേക്കിറങ്ങി. കപ്പലണ്ടി കൊറിച്ചു, അയാൾ അതിന്റെ തൊലി പുറത്തേക്ക് ഇടയ്ക്കിടെ ഊതി പറപ്പിച്ചു. തുമ്പി ജോണിന്റെ മുണ്ടിന്റെ മടക്കിക്കുത്തു തനിയെ അഴിഞ്ഞു വീണു. റാവുത്തറണ്ണാ ഇവിടെ.
അതേടാ നമ്മുടെ പിള്ളേരാ.. വീടു വാങ്ങിച്ചേക്കുന്നേ.. തിങ്കളാഴ്ച താമസിക്കാനെത്തും. വേണ്ട കാര്യങ്ങൾ ചെയ്തേക്കണം.. ഓ അണ്ണാ..ശരി..
...............................
പ്ഫ്...തരകന്റെ തുപ്പൽ തമ്പിയുടെ മുഖത്തേക്കു തെറിച്ചു. അയാൾ പുറംകൈകൊണ്ടു തൂത്ത് തലകുനിച്ചു നിന്നു. മുതലാളി റാവുത്തറണ്ണൻ എന്നെ പണി പഠിപ്പിച്ച ആശാനാ..
ഏതു ആശാന്റെയും നെഞ്ചത്തു കത്തികേറ്റാനാ നിനക്ക് ചോദിച്ചതു തന്ന് ഇവിടെ നിർത്തിയേക്കുന്നത്. നിന്നെ ഏൽപ്പിച്ച ഏതുപണിയാ അടുത്തകാലത്തു നടന്നിട്ടുള്ളത്. തരകന്റെ മകൻ സാംകുട്ടി അകത്തുനിന്നും കർട്ടൻ മാറ്റി ഇറങ്ങി. ഇവൻമാരൊക്കെ വെറും തൊലിയൻമാരാ അപ്പാ.. കള്ളും കഞ്ചാവും കേറ്റി നടക്കാന്നല്ലാണ്ട്.. ഒരു വിളിവിളിച്ചാ മതി.. ദേ ബോംബേന്ന് ഹിന്ദിക്കാര് പിള്ളേര് വരും.
വരട്ടെടാ മക്കളേ.. നമ്മുടെ നാട്ടുകാർക്ക് ഒരു സഹായമാകട്ടെന്നു കരുതിയാ പണി ഇല്ലാതെ നടന്ന ഇവൻമാരെ പിടിച്ചു കൂട്ടത്തി കൂട്ടിയത്. തോളിലിരുന്നു ചെവി കടിക്കാനാ ഭാവമെങ്കീ.. കൊന്നു പൊക്കാളിക്കു വളമിടും ഞാൻ.. ആ വീടു മേടിച്ചവര് എന്നാ വരുന്നെന്നു പറഞ്ഞേ.
തിങ്കളാഴ്ച..
വരട്ടെ..
ഇടിമണ്ണിക്കലെ പൂതക്കുളത്തിൽ എല്ലുകളുടെണ്ണം കൂടുമല്ലോ തമ്പുരാനെ….
ജംഗ്ഷൻ ഉച്ചക്കുശേഷം ഉറക്കം തൂങ്ങുകയായിരുന്നു, അപ്പോളാണ് ജങ്കാറിന്റെ ഹോൺ വിളി കേട്ടത്. സമയം തെറ്റിയോന്ന് ലോട്ടറി പാപ്പൻ വാച്ചിലേക്കു നോക്കി. എന്നിട്ടു തിരിഞ്ഞു സേവ്യറിനോടു പറഞ്ഞു. സ്പെഷലാണ്..
ആരാണ് സ്പെഷ്യൽ സർവീസ് ബുക്ക് ചെയ്ത് എത്തുന്നതെന്ന കൗതുകത്തിലേവരും ഇരുന്നു. ജങ്കാർ തീരത്തേക്കടുത്തു. ഒരു മെഴ്സിഡസ് ബെൻസ് മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. വാഹനം ജെട്ടിയിലേക്കിറങ്ങി പ്രതിമയെ വലംവച്ച് ഇടത്തേക്കുള്ള റോഡിൽ മൂളിക്കൊണ്ടു പോയി. ഇരുവശത്തും ഇരുന്നവർക്ക് ഡ്രൈവിങ് സീറ്റിലിരുന്ന യുവാവിനെയും യുവതിയെയും ഒരുനോക്കു കാണാനവസരം കിട്ടി. ഒരു സെക്കന്റ് കവല ശ്വാസമടക്കി. പെട്ടെന്നവിടെ ഒരു ഇരമ്പൽ പൊട്ടിപ്പുറപ്പെട്ടു, വാർത്ത ചൂടോടെ എത്തിക്കാൻ പലരും സൈക്കിൾ തിരിച്ച് പല വഴിയേ പാഞ്ഞു.
English Summary: Kanal, e-novel written by Sanu Thiruvarppu