ADVERTISEMENT

അരവിന്ദ് മുകളേത്ത് തറവാടിന്റെ ഗേറ്റ് കടന്നത് ശ്യാമള ടീച്ചറെ ദഹിപ്പിക്കാന്‍ വെട്ടിയ മാവ് വീണ ശബ്ദം കേട്ടുകൊണ്ടാണ്.ചാരുകസാരയില്‍ നിർവികാരതയോടെ കിടന്ന അച്ഛനു പിന്നില്‍ ആശച്ചേച്ചിയുടെ ചെറിയ കുട്ടികള്‍ മരണമെന്നതിന്റെ അര്‍ഥം മനസിലാവാതെ ഒാടിക്കളിക്കുന്നു.

 

അകത്ത് അറവാതിലിനു മുന്നില്‍ ശ്യാമള ടീച്ചറുടെ മൃതദേഹം കിടത്തിയിരുന്നു. മുഖത്ത് ശാന്തഭാവം. അരികില്‍ ബന്ധുക്കളും അയല്‍ക്കാരുമായി ആറേഴ് സ്ത്രീകള്‍. ആരും കരഞ്ഞില്ല. കറുപ്പുവീണ കണ്‍തടങ്ങളോടെ ആശച്ചേച്ചി അരവിന്ദിനെക്കണ്ട് എണീറ്റു വന്നു. വേറാരും വരാനില്ല. അന്ന് തന്നെ ശവദാഹം നടത്തി.

 

പിറ്റേന്ന് ഉച്ചയായപ്പോള്‍ അരവിന്ദിന് മാത്യുവിന്റെ ഫോണ്‍. ഗദ്ഗദത്തിൽ ഇടറി മാത്യു അറിയിച്ചു അരവിന്ദ് ... ‘‘രാഖി അത്മഹത്യ ചെയ്തു’’

 

അമ്മ മരിച്ച വിവരം അറിയാതെ മാത്യു തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. 

 

രാഖിയുടെ ഫ്ലാറ്റിനുപിന്നിലെ ചെറിയ കാവല്‍ക്കാരില്ലാത്ത പാര്‍ക്കില്‍ കത്തിക്കരിഞ്ഞ അവളുടെ ശരീരം ആദ്യം കണ്ടത് രാവിലത്തെ പതിവ് വ്യായാമ നടത്തത്തിന് പോയവരാണ്. ചില രാത്രികളില്‍ ജോലി സംബന്ധമായി ദീര്‍ഘനേരം ഫോണ്‍സംഭാഷണം വേണ്ടിവരുമ്പോള്‍ ഫോണും പിടിച്ച് പുറത്തേക്ക് ഇറങ്ങുന്ന രാഖി പാര്‍ക്കിലെ സിമന്റ് ബെഞ്ചില്‍ ഇരിക്കുന്ന പതിവുണ്ട്. പെട്രോള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ച ക്യാനും മൃതദേഹത്തിന് അടുത്തു നിന്ന് കിട്ടി. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. 

 

കേട്ടുനിൽക്കുന്നവരുടെ അന്തക്കരണവും തീവ്ര വ്യസനം കൊണ്ട് മരവിപ്പിയ്ക്കാൻ ശേഷിയുള്ള ഒരു ദീനരോദനം ഉള്ളിൽപ്പൊട്ടിയത് പുറത്തേക്കുവരാതിരിക്കാൻ അരവിന്ദ് ഫോണുമായി റൂമിലേക്ക് ഓടി. തന്റെ മേൽ പതിച്ച കൊടിയ ദുരന്തത്തെ ഒരു ഭ്രാന്ത്രന്റെ ചേഷ്ടകളോടെ നിലത്ത് വീണ് കൈകാലിട്ടടിച്ച് പ്രതിരോധിക്കുവാൻ ശ്രമിച്ചു. തളർന്നപ്പോൾ പാതി നഷ്ടമായ പ്രാണനുമായി  മുറിയടച്ചിരുന്നു, ആരോടുമൊന്നും ഉരിയാടാതെ. 

 

അമ്മയും രാഖിയും തന്നെ ബന്ധിച്ച ഇരട്ടച്ചങ്ങലായണെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. പക്ഷേ ആ രണ്ട് കെട്ടുകളും ഒരുമിച്ച് ഇല്ലാതായതോടെ ലോകത്തെ എറ്റവും ഒറ്റപ്പെട്ടവനും ആലംബഹീനനുമായ മനുഷ്യജീവിയാണ് താനിപ്പോൾ. ഒരേപോലെ അത്മബലമുണ്ടായിരുന്ന രണ്ട് പെൺജന്മങ്ങൾ... അമ്മയും മകളുമാകാൻ പോന്ന ചേർച്ചയുള്ളവർ.... ഞാനാണ് അന്യൻ. രാഖി ഇവിടെ ജനിക്കേണ്ടിയിരുന്നവളാണ്.

 

‘‘അകാരണ വിഷാദംകൊണ്ട് രോഗഗ്രസ്തമായി ഒടുങ്ങുമായിരുന്ന തന്റെ ജീവനില്‍ അമൃതകലയായി ഉദിച്ചവള്‍. പ്രേമപൂര്‍വം അരികിലെത്തുമ്പോള്‍, വിടരുന്ന കണ്‍കളും വിറയ്ക്കുന്ന അധരങ്ങളും തുടിക്കുന്ന അടിവയറുമായി തന്നെ എതിരേറ്റവള്‍. ഇല്ല കരിക്കട്ടയായി മാറിയ ആ ശരീരം കാണാന്‍ വയ്യ. താന്‍ പോകുന്നില്ല’’

 

മാത്യു വീണ്ടും വിളിച്ചു- ‘‘എല്ലാം ഞാന്‍ നോക്കിക്കൊള്ളാം, നീ വരേണ്ട’’

 

–––––––

 

ശ്യാമള ടീച്ചറുടെ സഞ്ചയനം കഴിഞ്ഞതിന്റെ പിറ്റേന്ന് ആശച്ചേച്ചിയും കുട്ടികളും തിരിച്ചുപോയി, അച്ഛനെയും അവര്‍ കൂടെ കൊണ്ടുപോയി. 

‘‘അത്രയും ആശ്വാസം. ദുഖവും ഇരുട്ടും മാത്രം നിറഞ്ഞ ഈ വിട്ടില്‍ നിന്നാല്‍ അച്ഛനാകും അടുത്തത്’’

 

ശ്യാമള ടീച്ചറുടെ നിര്യാണം അറിഞ്ഞ് ഉപചാരം അര്‍പ്പിക്കാന്‍ പരിചയക്കാരുടെ വരവ് രണ്ടു ദിവസംകൊണ്ടു തീര്‍ന്നു. അച്ഛനും വീടുവിട്ടുപോയി അരവിന്ദ് ഒറ്റയ്ക്കായി. ഒന്നു രണ്ടു ദിവസം ഭക്ഷമൊന്നും കഴിക്കാതെ കടന്നുപോയി. വിശന്നപ്പോള്‍ അടുക്കളയില്‍ച്ചെന്ന് അവല്‍ നനച്ച് കഴിച്ചു. വെകുന്നേരം പൊടിയരിക്കഞ്ഞിയും. ദിവസങ്ങള്‍ എണ്ണിയില്ല.

 

പത്രത്തിനൊപ്പം വന്ന സപ്ളിമെന്റ്  മുറ്റത്തുകിടക്കുന്നത് കണ്ടപ്പോഴാണ് ഞായറാഴ്ചായാണ് എന്ന ബോധം വന്നത്. അതുമായി ചാരുകസാരയിൽ‍ കിടന്നു. ഒരു കൈനോട്ടക്കാരി മുറ്റത്തു നിന്ന് വിളിക്കുന്നു. ഇടയ്ക്കൊക്കെ വരാറുള്ളതാണ്. അവര്‍ക്ക് ആഹാരവും കൊടുത്ത്, കൈനോട്ടക്കാരി കെട്ടഴിക്കുന്ന കഥകളും കേട്ട് അമ്മ താടിക്ക് കൈയ്യുംകൊടുത്തിരിക്കുന്നതും കാണാം. കൈനോക്കിക്കുന്നത് കണ്ടിട്ടില്ല. ഇത്തവണ കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുമുണ്ട്. മുടി രണ്ടായിപ്പിന്നി റിബണ്‍ കെട്ടിയിരിക്കുന്നു. ആറിലോ ഏഴിലോ ആവണം പഠിക്കുന്നത്.

‘‘മോനേ അമ്മ എവിടെ ?”

 

‘‘അമ്മ ഇവിടില്ല.”

കൈനോട്ടക്കാരി വിശ്വാസം വരാതെ പടിയിൽ ഇരുപ്പുറപ്പിച്ചു. പെണ്‍കുട്ടി തൊടിയില്‍ വിടര്‍ന്നു നില്‍ക്കുന്ന ചെമ്പരത്തിപ്പൂക്കളെ ലാളിക്കുന്നു. 

‘‘എടീ.. അതുപറിക്കരുത്. ടീച്ചര്‍ വഴക്കുപറയും. അവള്‍ ചെടിയില്‍ നിന്ന് കൈയ്യെടുത്ത് മാറിനിന്നു. 

കൊച്ചുമോളാ.. ഒന്നു പഠിക്കത്തില്ല. കഴിഞ്ഞ പരീക്ഷക്കും തോറ്റു. വീട്ടിലിരുത്തിയിട്ട് പോന്നാല്‍ പാട്ടും പടംവരയുമായി സമയം കളയും. ഈ തൊഴിലെങ്കിലും കണ്ടുംകേട്ടും പഠിക്കട്ടെ.”

 

‘‘അമ്മ മരിച്ചുപോയി’’

‘‘അയ്യോ മോനേ”..

‘‘എന്ന് ?” 

‘‘പാടം കഴിഞ്ഞ് ഇവിടാ ആദ്യം കേറുന്നത്. ആരും പറഞ്ഞില്ല..”

‘‘വയ്യാതിരിക്കുവാരുന്നു.”

 

ഏത് ദിവസമെന്ന് പറയാന്‍ അരവിന്ദ് കലണ്ടറിലേക്ക് നോക്കി. ദിവസങ്ങളുടെ കണക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞപ്രാവശ്യം കണ്ടപ്പോള്‍ ശ്യാമള ടീച്ചര്‍ വല്ലാതെ കിതച്ചിരുന്നതും കഥയൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ തന്നെ മടക്കിയയച്ചതും കൈനോട്ടക്കാരി പറഞ്ഞു. കുറേനേരം കൂടി അവിടെയിരുന്നിട്ട് അവര്‍ പോകാന്‍ ഒരുങ്ങി.

 

‘‘മോനേ.. രണ്ടു നാളീകേരം എടുത്തോട്ടെ’’ മൂലയിലെ തേങ്ങാക്കൂമ്പാരം നോക്കി അവര്‍ ചോദിച്ചു. അതും പതിവുള്ളതാണ്. സമ്മതത്തിന് കാത്തുനില്‍ക്കാതെ അവര്‍ വലുതുനോക്കി രണ്ട് തേങ്ങയെടുത്തു. അടുക്കളവശത്തുനിന്ന് വെട്ടുകത്തി എടുത്ത് പൊതിച്ച് ഭാണ്ഡത്തില്‍ വച്ചുമുറുക്കി. ചുള്ളിക്കമ്പുകൊണ്ട് മുറ്റത്ത് വരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അവര്‍ വിളിച്ചു -  ‘‘വാ കൊച്ചേ..”

 

തലേന്ന് പൊടിച്ച വേനല്‍മഴയില്‍ പൊടിയടങ്ങിയ മുറ്റത്തെ മണ്ണിൽ ഏതാനും രേഖകള്‍കൊണ്ട് പെണ്‍കുട്ടി വരഞ്ഞ പടം തെളിഞ്ഞുകാണാം. 

 

കുന്നിന്‍ മുകളിലെ ഒരു കെട്ടിടം. ഗോളാകാര മേലാപ്പുള്ള ക്ഷേത്രം പോലെ. ഏതാനും കിളികള്‍ അതിനുമുകളിലിരിക്കുന്നു. ഒരെണ്ണം പറന്നു വരുന്നു. ഒഴുകുന്ന പുഴയെ സൂചിപ്പിക്കുന്ന വരകള്‍ താഴെ. അടുത്ത പ്രദേശത്തൊന്നും അതുപോലെയൊരു നിര്‍മ്മിതിയില്ല. എവിടെയെങ്കിലും ചിത്രത്തില്‍ കണ്ടതായിരിക്കണം. കുട്ടി വരനിര്‍ത്തി കൈനോട്ടക്കാരിയുടെ പുറകേ നടന്നു.

 

മുറ്റം കടന്നില്ല, അയ്യോ എന്നു വിളിച്ച് പെണ്‍കുട്ടി അവളിട്ടിരുന്ന ചെരുപ്പ് ഊരി കയ്യിലെടുത്തു. വിള്ളല്‍ വീണ പ്ലാസ്റ്റിക് ചെരുപ്പിനടിയില്‍നിന്ന് എന്തോ വലിച്ചൂരി. തിരിച്ചുംമറിച്ചും നോക്കിയിട്ട് അരവിന്ദിന്റെ അടുത്തേക്ക് ഓടിവന്ന് അത് അയാളുടെ കയ്യില്‍ കൊടുത്തു.

 

ചുവന്ന കല്ലുവച്ച ഒരു മൂക്കുത്തി.! മുതിര്‍ന്നവര്‍ അണിയുന്നത്. തീയില്‍ വീണ സ്വര്‍ണംപോലെ കറുത്തിരുന്നു. കല്ല് പൊട്ടിയിട്ടില്ല. രാഖി ധരിക്കാറുള്ളതിന് സമം.

 

അമ്മ മൂക്കിത്തിയിടാറില്ല, ആശച്ചേച്ചിയും ഇട്ടുകണ്ടിട്ടില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് വന്ന ആരുടെയെങ്കിലും ആവണം. അന്വേഷിച്ചു വരും. അരവിന്ദ് അതുവാങ്ങിത്തുടച്ച് അറപ്പടിയില്‍ വച്ചു. പെണ്‍കുട്ടിയോട് നില്‍ക്കാന്‍ പറഞ്ഞിട്ട് അകത്തുപോയി ശ്യാമള ടീച്ചറുടെ റൂമില്‍നിന്ന് ഒരു പൊട്ടിക്കാത്ത ഒരു പെന്‍സില്‍ പാക്കറ്റ് കൊണ്ടുവന്ന് കൊടുത്തു. അവള്‍ അത് നന്ദിയോടെ വാങ്ങി അമ്മൂമ്മയുടെ പുറകേ ഒാടി.

 

ത്രിസന്ധ്യ. 

 

തലേന്ന് ചാറിപ്പോയ വേനല്‍ മഴ അന്ന് ഇടിവെട്ടി പെയ്തു. ലൈറ്റിടാതെ ഉമ്മറത്ത് ഇരിയ്ക്കുകയായിരുന്നു അരവിന്ദ്. ഒരോ മിന്നലിലും അറവാതിലിലിരുന്ന മൂക്കുത്തിയുടെ ചുവന്ന കല്ല് തെളിഞ്ഞു, വിജനമായ വഴിയില്‍ മിന്നുന്ന ട്രാഫിക് ലൈറ്റുപോലെ. 

 

ദീപം തെളിക്കാന്‍ ആരുമില്ലാതെ ക്ലാവ് പിടിച്ച നിലവിളക്ക് അറവാതില്‍ക്കല്‍ ഇരിക്കുന്നു. രാഖിയുടെ വാക്കുകൾ മനസിൽ വന്നു ‘‘ഇനി ഞാനിവിടെ വരുന്ന ദിവസം ഈ വാതിൽ തുറന്ന് ഉമയമ്മയെ സ്വതന്ത്രയാക്കും’’

 

ഓടാമ്പൽ നീക്കി തള്ളിയിട്ടും തുറക്കാഞ്ഞ അറവാതിൽ ബലമായി ചവിട്ടിത്തുറന്ന് അരവിന്ദ് അകത്ത് കയറി. വർഷങ്ങളായി തുറക്കാത്ത അറയിലെ പഴകിയ ഇരുട്ടിലേക്ക് എൽഇഡി ലൈറ്റിന്റെ വെളിച്ചം വീണപ്പോൾ പാറ്റകൾ കൂട്ടമായി ഇളകിപ്പറന്നു. 

 

കരിവീട്ടിയിൽ പണിത പീഠത്തിനുമുകളിൽ പലമടക്കായി വിരിച്ച പട്ട് അരവിന്ദ് വലിച്ചുമാറ്റി. പന്ത്രണ്ട് വർഷം കൂടുമ്പോൾ പൂജചെയ്ത് കൊണ്ടുവന്ന് ഒന്നുമുകളിൽ ഒന്നായി വരിച്ചതാണവ. ഉമയമ്മയെ ആവാഹിച്ചുവച്ച മൺകുടമെടുത്തു. കോലരക്കിട്ട് ഉറപ്പിച്ച മൂടി തുറക്കാനാവുന്നില്ല. നിലത്തേക്കെറിഞ്ഞു. കുടം പൊട്ടിയ ശബ്ദം അറയുടെ മരച്ചുവരുകളിൽ തട്ടി പ്രതിധ്വനിച്ച് തുറന്ന വാതിലിലൂടെ പുറത്തേക്കൊടുങ്ങി.. വെള്ളിയിൽ തീർത്ത ആൾരൂപവും യന്ത്രമെഴുതിയ സ്വർണത്തകിടും നിലത്ത് കിടക്കുന്നു.

 

‘‘ഇനിയൊരിക്കലും വരാനാവാത്ത രാഖിയ്ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാനായല്ലോ !..” വേണ്ടത്ര വായു സഞ്ചാരമില്ലാത്ത അറയ്ക്കുള്ളില്‍ ശ്വാസം കിട്ടാതെ അരവിന്ദ് കിതച്ചു. 

 

അറയുടെ കനത്ത തടിവാതില്‍ ചേര്‍ത്തടയ്ക്കാന്‍ മെനക്കെടാതെ ഉമ്മറത്തെ ചാരുകസാരയിയില്‍ പോയി കിടന്നു. അച്ഛൻ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന ചാരുകസാരയിൽ കുറേനേരം ചുരുണ്ടപ്പോള്‍, ഉത്തമമായത് എന്തോ ചെയ്തു എന്ന കൃതാർഥതയിൽ സങ്കടം കുറഞ്ഞു. തൊടിയ്ക്കപ്പുറമുള്ള പാടങ്ങളില്‍നിന്ന് വീശിയ തണുത്ത കാറ്റിൽ ശരീരവും മനസും തണുത്തു. ശരീരം അയഞ്ഞ് ലഘുവായി. പതുക്കെ സ്വന്തം ശ്വാസം ശ്രദ്ധിച്ചു കിടന്നു. പ്രാണന്റെ അതിവേഗമൊടുങ്ങി, ചിന്തകൾ മറഞ്ഞു.

 

ഉറക്കത്തിനും ഉണർവിനുമിടയിൽ,  ബോധത്തിന്റെയും അബോധത്തിന്റെയും അതിരിൽ , ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ഒരു വിതാനത്തിൽ, ആണിന്റേതോ പെണ്ണിന്റേതോ എന്ന് വേർതിരിച്ച് അറിയാനാകാത്ത ഒരു സ്വരം കേട്ടു – ‘‘നിരാശയും സങ്കടവും അടക്കൂ. പ്രതികാരത്തിന്റെ കര്‍മഭൂമികളില്‍ നിന്നെയും കാത്ത് ഞാനിരിക്കുന്നു. വരൂ.... യാത്ര പുറപ്പെടൂ....”

 

സ്വബോധം വീണ്ടുകിട്ടിയപ്പോള്‍ അനുഭവിച്ചതൊന്നും സ്വപ്നമോ വിഭ്രമോ അല്ലെന്ന് അരവിന്ദിന് ഉറപ്പായിരുന്നു. 

 

‘‘ആരാണ് അത്?’’ രാഖിയാണ് എന്നുറപ്പിക്കാന്‍ ആകുന്നില്ല. ഡല്‍ഹിയില്‍, യമുനാ ബാങ്ക് മെട്രോസ്റ്റഷനിലെ തിരക്കില്‍, നൂറുകണകണക്കിന് യാത്രക്കാരുടെ ഇടയില്‍ നിന്ന് ഒറ്റനോട്ടംകൊണ്ട് രാഖിയെ തിരിച്ചറിയുന്ന അരവിന്ദിന്റെ സ്പര്‍ശനികള്‍ക്ക് ഇപ്പോള്‍ അവളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുന്നില്ല. 

 

‘‘രാഖി തന്നെയാണോ അത്? അതോ ബന്ധനത്തില്‍നിന്ന് മുക്തയായ ഉമയമ്മയോ ?”

‘‘രാഖിയും ഉമയമ്മയും ഒന്നാണോ?”

‘‘എങ്ങോട്ടാണ് പോവേണ്ടത്, എന്താണ് ചെയ്യേണ്ടത് ?’’ എളുപ്പത്തില്‍ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ അരവിന്ദിനെ അലട്ടി.

 

സംശയങ്ങള്‍ക്ക് അറുതിയില്ലാതെ വലഞ്ഞ്, എന്തുചെയ്യണമെന്ന് അറിയാതെ അരവിന്ദ് പീതംബരനെ വിളിച്ചു. ജ്യേഷ്ഠനേപ്പോലെ ബഹുമാനിക്കുന്ന സുഹൃത്താണ്. തമിഴ്നാട്ടില്‍ താമസിച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട് ചെറുപ്പത്തില്‍. ഇപ്പോള്‍ പ്രാക്ടീസില്ല. കൊച്ചിയില്‍ ഹോള്‍സെയില്‍ വ്യാപാരി. കാര്യങ്ങള്‍ ചുരുക്കി വിവരിച്ചു. എല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞു– ‘‘നീയൊരു കാര്യം ചെയ്യ്. വൈത്തീശ്വരന്‍ കോവിലിന് അടുത്തുള്ള ശീര്‍കാഴി വരെ ചെല്ല്. അവിടെ സലീം എന്നൊരു നാഡീജ്യോതിഷിയുണ്ട്. അവന്റെ അച്ഛനും ഞാനും പരിചയക്കാര്‍ ആയിരുന്നു. മകനും കേമനാണ്. കോണ്ടാക്ട് നമ്പര്‍ അയച്ചുതരാം’’

 

പീതാംബരന്‍ തന്ന നമ്പറില്‍ കോണ്ടാക്ട് ചെയ്ത് കേരളത്തില്‍ നിന്നാണ്, സലീം ജ്യോതിഷരെ കാണാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചു. ഇവിടെ വന്നിട്ട് വിളിക്ക് എന്ന മറുപടിയോടെ ഫോണ്‍ കട്ടായി. വേറൊന്നും ചെയ്യാനില്ല. അന്നുതന്നെ ശീര്‍കാഴിക്ക് പുറപ്പെട്ടു. 

 

––––––

 

തിരുവനന്തപുരത്ത് നിന്ന് തിരുച്ചിറപ്പള്ളിവരെ പോകുന്ന അവധിക്കാല സ്പെഷല്‍ ട്രയിനില്‍ ഒട്ടും തിരക്കില്ല. മിക്ക സീറ്റും കാലി. റിസര്‍വേഷന്‍ ഇല്ലാഞ്ഞിട്ടും ബര്‍ത്ത് കിട്ടി. തിരുച്ചിറപ്പള്ളിയില്‍നിന്ന് മയിലാടുതുറവരെ ചേരന്‍ എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍. അവിടെനിന്ന് ചിദംബരത്തിന് പോകുന്ന ബസില്‍കയറി ശീര്‍കാഴിയിൽ ഇറങ്ങിയപ്പോള്‍ സന്ധ്യയായി. സലീം ജ്യോതിഷിക്ക് വീണ്ടും ഫോണ്‍ചെയ്തു. കാലത്ത് ഒന്‍പത് മണിക്ക് ചെല്ലാൻ അനുമതി കിട്ടി.

 

എട്ടരയ്ക്ക് സലീമിന്റെ വിട്ടിൽ ചെന്നു. തടിച്ച ശരീരവും മുഖത്ത് വസൂരിക്കലയുമുള്ള പരിചാരകന്‍ അപരിചിതനെക്കണ്ട് അടുത്തുവന്ന് പേരു ചോദിച്ചു. വെള്ളിയാഴ്ചയാണ്, സലീം ജുമായ്ക്ക് പോയിരിക്കുന്നു. അരവിന്ദിന്റ വലത് കൈയ്യുടെ തള്ളവിരല്‍ മഷിയില്‍ മുക്കി ഒരു തുണ്ടുകടലാസില്‍ പതിപ്പിച്ചു. നെടുകയും കുറുകയും വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയ ഒരു ചാര്‍ട്ട് നോക്കി തുണ്ടുകടലാസില്‍ അരവിന്ദിന് മനസിലാകാത്ത എന്തൊക്കെയോ ചിഹ്നങ്ങളിട്ട് ഡയറിയില്‍ വച്ചു. മല്ലികപ്പൂവ് വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. മുല്ലപ്പൂ കാഴ്ചവെയ്ക്കുന്നത് അവിടുത്തെ ആചാരമാണത്രെ. ഒരു മുഴം മുല്ലപ്പൂവുമായി തിരിച്ചുവന്നപ്പോള്‍ മുറ്റം നിറയെ ആളുകള്‍ എല്ലാവരും സലിമിനെ കാണാന്‍ വന്നവരാണ്.

 

ഒന്‍പതരയ്ക്ക് എന്‍ഫീല്‍ഡ് ബുള്ളറ്റ് ഒാടിച്ച് കറുത്തുമെല്ലിച്ച ഒരു ഒരു മനുഷ്യന്‍ ഗേറ്റിലെത്തി. സഹായി പയ്യന്‍ ബഹുമാനത്തോടെ ഒാടിച്ചെന്ന് ബൈക്ക് വാങ്ങി ഉരുട്ടി സ്റ്റാന്‍ഡില്‍വച്ചു. ബുള്ളറ്റില്‍ വന്നയാള്‍ വെളിയില്‍നിന്നവരെ ഒട്ടും ശ്രദ്ധിക്കാതെ കാറ്റുപോലെ അകത്തേക്ക് വീശിപ്പോയി. താടിയില്ല, നീണ്ട മുടിയില്ല, ഭൂതവും ഭാവിയും അറിയുന്നവന്റെ ഗാംഭീര്യമില്ല. വഴിയില്‍ക്കണ്ടാല്‍ വീണ്ടുമൊന്നുകൂടി ശ്രദ്ധിക്കാന്‍ തോന്നാത്തയത്ര സാധാരാണക്കാരന്‍. 

 

ആദ്യം തന്നെ അരവിന്ദിനെ വിളിച്ചു. വാതില്‍ക്കല്‍ അറബിയില്‍ എഴുതിയ തകിട് വലുതായി ഫ്രയിം ചെയ്തുവച്ചിരിക്കുന്നു. അകത്തെ ചുവരുനിറയെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍. താഴെ ദേവീവിഗ്രഹം, വിളക്ക്. തടികൊണ്ടുണ്ടാക്കിയ പണപ്പെട്ടിപോലുള്ള ഒന്നില്‍ നിറയെ താളിയോലക്കെട്ടുകള്‍. അതിനു പിന്നില്‍ ഷര്‍ട്ടിടാതെ തഴപ്പായില്‍ സലീം ഇരുന്നു. സഹായി അരവിന്ദിനെ വിരിച്ചിട്ട പുല്‍പ്പായ ചൂണ്ടിക്കാട്ടി. സലിം തടിപ്പെട്ടിയില്‍ നിന്ന് ഒാലച്ചുവടി എടുത്ത് ഇരുകൈകൊണ്ടും നെറ്റിയില്‍ ചേര്‍ത്ത് പ്രാര്‍ഥിച്ചു. അതുകഴിഞ്ഞ് ഓലക്കെട്ട് അഴിച്ചു. ഇതിനിടയിൽ സഹായി അരവിന്ദിന്റെ വിരലടയാളം പതിപ്പിച്ച കടലാസ് സലിമിനുമുന്നിലെ പെട്ടിയുടെ പുറത്ത് വച്ചിരുന്നു.  

 

സലീം അരവിന്ദിനോട് ചോദിച്ചു ‘‘ഏതു കാണ്ഡമാണ് എടുക്കേണ്ടത് ?’’

 

ജ്യോതിഷം മനുഷ്യ ജീവിതത്തെ പന്ത്രണ്ട് ഭാഗങ്ങളായി പകുത്തിരിക്കുന്നു. ഒന്നാം ഭാവത്തിൽനിന്ന് ഒരാളുടെ ജനനം, ശരീരം, ആരോഗ്യം തുടങ്ങിയ പൊതുവായ കാര്യങ്ങൾ അറിയാം. രണ്ടിൽ ധനം, വാക്ക്, വീട് തുടങ്ങിയവയും മൂന്നാം ഖണ്ഡത്താൽ സഹോദരങ്ങളെക്കുറിച്ചും നാലിൽ മാതാവ് ബന്ധുക്കൾ, അഞ്ചിൽ സന്താനങ്ങൾ ബുദ്ധി എന്നിവയും അറിയാം. 

 

ആറാം കാണ്ഡം ശസ്ത്രുസ്ഥാനം.

 

‘‘ അതാണ് അറിയേണ്ടത് ’’

 

ഒരോല എടുത്ത് സലിം ഉച്ചത്തില്‍ വായിച്ചു. പ്രാചീന തമിഴ് വായ്‍ത്താരി കേട്ടിട്ട് അരവിന്ദിന് ഒന്നും മനസിലായില്ല.

‘‘നീങ്കള്‍ പിറന്തത് വെള്ളിക്കിഴമയില്‍ താനേ ? ’’

‘‘അല്ല ഒരു വ്യാഴാഴ്ച ’’ അരവിന്ദ് ഉത്തരം പറഞ്ഞു.

‘‘കാലയിലോ നൈറ്റിലോ ?’’

‘‘രാത്രി ’’

‘‘അസ്തമച്ചിച്ചാല്‍ പിറ്റേന്നത്തെ ഫലം തന്നെ’’ സലിം വായന തുടര്‍ന്നു.

‘‘സ്വന്തം വീട്ടിലാ ജനിച്ചുവീണത്? ആശുപത്രിയില്‍ ഒന്നും പോവാതെ ?’’

തേന്‍വരിക്ക കണ്ട് കൊതിയൂറി ശ്യാമള ടീച്ചര്‍ കുറേ ചുള അകത്താക്കി. ചക്കപ്പഴം തിന്നതിന്റെ ചെറിയ വയറുവേദന പേറ്റുനോവാണന്ന് അറിഞ്ഞില്ല. പത്ത് മിനിട്ട് നീണ്ട വേദനയ്ക്ക് ഒടുവില്‍ സ്വന്തം വീട്ടിൽ സുഖപ്രസവം. ചതുര്‍ദശി ദിവസം രാത്രി ഒന്‍പതിന്.

 

‘‘അമ്മയുടെ പേര് രണ്ട് അക്ഷരം ചേര്‍ന്നതാണോ ? ’’

‘‘അല്ല’’

സലീം വായിച്ചുകൊണ്ടിരുന്ന ഒാല മാറ്റി. അത് അരവിന്ദിന്റെ വിധികുറിച്ച രഹസ്യരേഖയല്ല. വേറൊരെണ്ണം ഏടുത്തു. വീണ്ടും ചോദ്യങ്ങള്‍.

 

‘‘ശ , ഷ , സ ഇവയില്‍ തുടങ്ങുന്ന ദേവീ നാമത്തിലാണോ അമ്മുടെ പേര് ?’’

‘‘അതെ ശ്യാമള എന്നാണ് ! ’’

‘‘നിങ്ങളുടെ കുടുംബത്ത് പടുമരണപ്പെട്ട ഒരു സ്ത്രീയുണ്ടോ ?’’

‘‘ഉണ്ട്’’ കുറിക്കപ്പെട്ടതെല്ലാം ഒന്നിനൊന്ന് സത്യം. മതി. ഒന്നാം കാണ്ഡം സലിം അത്രയേ വായിച്ചുള്ളൂ. 

 

ആറാം കാണ്ഡമടങ്ങിയ ഒാലയെടുത്ത് വായന തുടങ്ങി. ചോദ്യത്തരങ്ങളില്ല. ശത്രുസ്ഥാനത്ത് മധുവും(മദ്യം), മാലിന്യം തിന്ന് വളരുന്ന ജന്തുവിന്റെ മാംസവും കച്ചവടം ചെയ്യുന്നവന്‍.

‘‘ഒറ്റക്കയ്യന്‍’’

‘‘അവനിരിക്കുന്നത് വടക്ക് ദിക്കില്‍.”

 

ഒാലയില്‍ അത്രയും വിവരങ്ങളേയുള്ളൂ. അരവിന്ദിന്റെ ജീവിതം വിവരിക്കുന്ന മറ്റു കാണ്ഡങ്ങള്‍ വായിക്കാന്‍ സലിമിന് അനുമതി കിട്ടിയില്ല.! 

ഒാലച്ചുവടിക്കെട്ടില്‍ ചരടുചുറ്റി പെട്ടിയില്‍ വച്ചുകൊണ്ട് സലിം ചോദിച്ചു - ‘‘കൊടുങ്ങല്ലൂര്‍ അമ്മന്‍ കോവിലില്‍ പോയിട്ടില്ലേ ?’’

‘‘ഉണ്ട്’’

‘‘ഇനിയും പോകണം. അത് ഒരു ചൊവ്വയോ വെള്ളിയോ രാത്രി ആവണം.’’

‘‘ആളൊഴിഞ്ഞ ഇടം നോക്കി ഇരിക്കണം. ആറ് എലുമിച്ചിപ്പഴം രണ്ടായി മുറിച്ച് അതില്‍ എള്ളണ്ണ ഒഴിച്ച് ദീപം തെളിക്കണം. ശ്രീകോവിലിനുനേരേ നോക്കി ഭദ്രകാള്യയഷ്ടകം ചൊല്ലി എണീറ്റ് വരുമ്പോള്‍ ചുവന്ന ചേലചുറ്റി, ജടകെട്ടിയ ഒരു വൃദ്ധയെ കാണും. അവര്‍ക്ക് ചുവന്ന പട്ടുസാരിയും നൂറ്റൊന്ന് രൂപയും കൊടുക്കണം’’

 

സലീം ദോഷശാന്തിക്ക് ഉപദേശിച്ച വഴിപാടുകളായിരുന്നു സഹായിയുടെ കയ്യില്‍ ദക്ഷിണ ഏല്‍പ്പിച്ച് മടങ്ങുമ്പോള്‍ അരവിന്ദിന്റെ മനസില്‍.

വീട്ടിലേക്ക് മടങ്ങുന്നില്ല. നേരേ എറണാകുളത്തിന് തിരിച്ചു.

 

രാവിലെ, ആശച്ചേച്ചിയുടെ എറണാകുളത്തെ വിട്ടീല്‍ കയറിച്ചെല്ലുമ്പോള്‍ അച്ഛന്‍ മാത്രമേ അവിടെ ഉള്ളൂ. ചേച്ചിയും ഭര്‍ത്താവും ജോലിക്കും കുട്ടികള്‍ സ്കൂളിലും പോയിരിക്കുന്നു. അച്ഛന്റെ മുഖത്ത് അന്ധകാരക്കോട്ടയില്‍ നിന്ന് രക്ഷപെട്ട് ഒരുനേരവും വെളിച്ചം അണയാത്ത നഗരത്തിന്റെ സൗകര്യങ്ങളില്‍ ജീവിക്കുന്നതിന്റെ പ്രസാദം. അരവിന്ദ് ഡല്‍ഹിക്ക് തിരിച്ചുപോകുന്നതിന് മുമ്പ് തന്നെ കാണാന്‍വന്നതാണെന്ന് അദ്ദേഹം കരുതി. അങ്ങനെ കരുതിക്കോട്ടെ പാവം. 

 

ചേച്ചിയും കുട്ടികളും വരുംമുമ്പ്, വെയിലാറിയ നേരംനോക്കി അച്ഛനോട് യാത്രചൊല്ലിയിറങ്ങി. 

 

––––––

 

കൊടുങ്ങല്ലൂര്‍ !

 

ആളൊഴിഞ്ഞ കല്‍പ്പടവില്‍ പേപ്പര്‍ വിരിച്ച് ഇരുന്നു. ആറ് നാരങ്ങ രണ്ടായി മുറിച്ച് നീരു പിഴിഞ്ഞുകളഞ്ഞ് അകംപുറം തിരിച്ചിട്ട് എള്ളെണ്ണ ഒഴിച്ച് ദീപം തെളിച്ചു. ദേവീസ്തോത്ര രത്നാകരം തുറന്നുവച്ചു. ഭദ്രകാള്യഷ്ടകം ചൊല്ലി. പുസ്തകം നോക്കേണ്ടിവന്നില്ല. അഷ്ടകം ഒാര്‍മയില്‍ ഉണ്ടായിരുന്നു. കത്തുന്ന നാരങ്ങ വിളക്കുകളെയും അയാളെയും കൗതുകത്തോടെ നോക്കി ചിലര്‍ കടന്നുപോയി.

 

പ്രാര്‍ഥന കഴിഞ്ഞ്, കല്‍പ്പടവുകളിലെ എണ്ണതുടച്ചുകളഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ക്ഷേത്രമുറ്റം ഏറക്കുറെ വിജനം. സ്ത്രീകളെ ആരെയും കാണുന്നില്ല. കുറച്ചുകൂടി മുന്നോട്ടു നടന്നു. ഇല്ല ആരുമില്ല. റോഡിലേക്ക് ഇറങ്ങുമുമ്പ് ഒന്നുകൂടി തൊഴാന്‍ പുറകോട്ട് തിരിഞ്ഞതാണ്. ആല്‍ത്തറയില്‍ ഒരു വൃദ്ധയിരിക്കുന്നു. അവരെ കടന്നാണ് ഇങ്ങോട്ട് പോന്നത്. എന്നിട്ടും കണ്ടില്ലെന്നതാണ് അതിശയം. ഇറങ്ങിത്തിരിച്ചവന് മുമ്പില്‍ അത്ഭുതങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അപ്പോള്‍ അരവിന്ദിന് മനസിലായിരുന്നില്ല. അവ നിസാരരായ ലൗകികര്‍ക്കുള്ളതാണ്. നിഗൂഢമായ ഏതോ ബലരേഖകള്‍ ചൂണ്ടുന്ന വഴികളിലൂടെ നിയോഗിക്കപ്പെട്ടവന് സഞ്ചരിച്ചേ പറ്റൂ.

 

ചുവന്ന പട്ടുസാരി ബാഗിലുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. വൃദ്ധ ആല്‍ത്തറയിലിരുന്ന് പൊതിയഴിച്ച് എന്തോ വായിലേക്കിട്ട് ചവയ്ക്കുന്നു. മടി തോന്നിയില്ല, മുന്നില്‍ ചെന്നുനിന്നു. കണ്ണടച്ച്, പല്ലില്ലാത്ത മോണകൊണ്ട് ചവച്ച് ആസ്വദിച്ച് കഴിക്കുകയാണ്. കാത്തുനിന്നു. 

 

തൊണ്ടയിലുള്ളത് ഇറക്കി ഒരു ചെറുചിരിയോടെ അവര്‍ കണ്ണുതുറന്നു. എന്ത് സംസാരിക്കണമെന്ന് നിശ്ചയമില്ലാഞ്ഞതിനാല്‍ അരവിന്ദ് ബാഗ് തുറന്ന് സാരിയെടുത്ത് മുന്നില്‍വച്ചു. 

 

‘‘അത് അങ്ങോട്ട് വിരിക്ക്’’ വ‍ൃദ്ധ ആവശ്യപ്പെട്ടു. ഒരു ചാക്ക് നീളത്തില്‍ വിരിച്ചിട്ടിട്ടുണ്ട്, കിടന്നുറങ്ങാനാവണം. അരവിന്ദ് സാരി അതിനുമേലേ വിരിച്ചു. വൃദ്ധ സാരിക്കുമേലെ കൈകൊണ്ടു തടവി. കല്‍വിളക്കിലെ അണയാറായ തിരിവെട്ടത്തില്‍ പട്ടിന്റെ ചുവപ്പിന് കട്ടി കൂടിയപോലെ. 

 

മൈതാനത്തിന് അപ്പുറം റോഡില്‍ തെരുവു നായ്‍ക്കള്‍ ഉച്ചത്തില്‍ കടിപിടി കൂടുന്നു. 

 

‘‘വടക്കോട്ട് ചെല്ല്’’. കാലഭൈരവന് അഴിക്കാന്‍ വയ്യാത്ത കുരുക്കുണ്ടോ? വൃദ്ധയുടെ ഒച്ചപൊങ്ങിയതും തെരുവുനായ്‍ക്കളുടെ കുര നിലച്ചു.

 

‘‘പൊയ്‍ക്കോ’’

 

മടിയിലെ പൊതിയില്‍നിന്ന് ഒരു പിടിവാരി കടലാസില്‍ പൊതിഞ്ഞു തന്നത് അരവിന്ദ് ശ്രദ്ധയോടെ വാങ്ങി ബാഗില്‍ വച്ചു. കാത്തുനിന്നെങ്കിലും പിന്നെ അവരൊന്നും മിണ്ടിയില്ല. നൂറിന്റെ നോട്ടും ഒറ്റരൂപാനാണയവും സമര്‍പ്പിച്ചത് നോക്കുകപോലും ചെയ്യാതെ തീറ്റ തുടര്‍ന്നു. അരവിന്ദ് പിന്തിരിഞ്ഞു നടന്നു.

 

വൃദ്ധതന്ന പൊതി അഴിച്ചു നോക്കി. അവലും മലരും ഉണക്കമുന്തിരിയും കല്‍ക്കണ്ടത്തിന്റെ കഷണങ്ങളും.  അവലും മലരും ഉമിനീരില്‍ കുതിര്‍ന്ന്, അലിഞ്ഞ കല്‍ക്കണ്ടത്തോട് ചേര്‍ന്ന് നല്ല സ്വാദ്.  അതുമാത്രമല്ല ചെറിയ ഉപ്പും. വെജിറ്റേറിയന്‍ ആണെങ്കിലും അരവിന്ദിന് കോഴിച്ചോരയുടെ ലവണരസം പെട്ടന്ന് പിടികിട്ടി. തുപ്പിക്കളഞ്ഞില്ല, ഇറക്കി. ഒരു പിടികൂടി കിട്ടിയിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചു.

 

ക്ഷേത്രത്തിന്റെ മുമ്പില്‍നിന്ന് ഒാട്ടോറിക്ഷ പിടിച്ചു. പാതിവഴി ചെന്നപ്പോള്‍ ഒാര്‍ത്തു. കാലഭൈരവ സ്ഥാനങ്ങള്‍ കാശിയിലുമുണ്ട്, മധ്യപ്രദേശിലെ ഉജ്ജയിനിലുമുണ്ട്. രണ്ടും വടക്കുദിക്കില്‍. എങ്ങോട്ടാണ് പോകേണ്ടത് ? അത് ചോദിക്കാന്‍ മറന്നുപോയി. ഒാട്ടോ തിരിച്ച് അമ്പലത്തിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. ഒാടിയിറങ്ങി ആല്‍ത്തറില്‍ ചെന്നു. അവിടെ ആരുമില്ല. നിരാശയോടെ തിരികെ നടന്നു. കൊണ്ടുവിട്ട ഒാട്ടോക്കാരന്‍ എതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയോടെ കാത്തുനില്‍പ്പുണ്ട്. 

 

കൂവളമാലകൊണ്ട് മറഞ്ഞിട്ടുണ്ടെങ്കിലും തെരുവ് വിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ ഒാട്ടോയുടെ പേര് അരവിന്ദ് തെളിഞ്ഞുകണ്ടു -  

‘‘കാശിനാഥന്‍’’

 

(തുടരും)

 

Content Summary: Lajja Gauri, Tantric novel by Sreekumar V.S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com