‘പിശാചോ ദൈവമോ ആരാണിയാൾ, തരകൻ പോയ വഴിയിലേക്കു നോക്കി സാംകുട്ടി പകച്ചിരുന്നു’
Mail This Article
വെട്ടിരുമ്പ് രണ്ടെണ്ണം അകത്തുചെന്നപ്പോൾത്തന്നെ സാംകുട്ടിയുടെ കിളി പറന്നു. തലമുന്നോട്ടും പിന്നോട്ടും ആട്ടി അയാൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. തുമ്പി ജോണും സാബുവും പരസ്പരം നോക്കി മുഖം ചുളിച്ചു. വേണ്ടാത്ത വയ്യാവേലി പിടിച്ച ഭാവമായിരുന്നു ജോണിന്റെ മുഖത്ത്. ജോണേ നീ നോക്കിക്കോ... ഞാനവനെ തട്ടും.. ഫോണെടുത്തൊന്നു കറക്കിയാ.. ബോംബേന്നോ ബാംഗ്ളൂരുന്നോ ചെത്തുപിള്ളേരു വരും… ശൂ.. അവന്റെ കാര്യം തീർന്നു. ആ കിളവൻ– കൊടികെട്ടിയ ഒരു തരകൻ. അയാൾക്കിപ്പോ അവനേം മകളേം മതി. സ്വന്തം രക്തത്തിലുണ്ടായവനിപ്പം പുറത്ത്... നീ നോക്കിക്കോ സാംകുട്ടി ആരാന്ന് തെക്കേക്കരക്കാരു ഇനി അറിയാൻ പോവാ… ഗ്വാ… സാംകുട്ടി കണ്ടലിൽ പിടിച്ചു താഴേക്കു ആടിയിരുന്നു.. പല്ലിറുമ്മി തെറി വിളിച്ചുകൊണ്ടു തുമ്പി അയാളുടെ പുറം തിരുമ്മി കൊടുത്തു. അയാൾ തിരിഞ്ഞു സാബുവിനെ നോക്കി– വന്നു തിരുമ്മടാ...
********* ********** ********** *********
സിനി കാബിനിലെ കർട്ടൻ മാറ്റി ഗോഡൗണിന്റെ ഭാഗത്തേക്കു നോക്കി. അവിടെ സ്റ്റോക്ക് രജിസ്റ്ററിൽ പേന കൊണ്ടു മാർക്ക് ചെയ്തുകൊണ്ടു സാജൻ നിന്നിരുന്നു. പാന്റും ഷർട്ടുമൊക്കെ ഇട്ടു, മീശ മാത്രം വച്ചു, മുടിയും പിന്നിലേക്ക് ഈരിയ അവനെ കാണാൻ സണ്ണിയെപ്പോലെ തന്നെ ഇരിക്കുന്നെന്നു സിനി ഓർത്തു. അവളുടെ കണ്ണു നിറഞ്ഞു.
കൊച്ചു മുതലാളിയുടെ പവർ കാണിക്കാനെത്തിയ ആളായി കണ്ട് ആദ്യം അവർ അകലം പാലിച്ചിരുന്നു.
ഇപ്പോൾ കമ്പനിയിലെ സൂപ്പർവൈസർമാരെല്ലാം സാജനു ചുറ്റും കൂടിയിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് അവരുടെ വിശ്വാസമാർജ്ജിക്കാൻ അവനു കഴിഞ്ഞു. അവരുടെ കൂട്ടത്തിലെ ഒരാളായണവർ അവനെ കണ്ടത്.
സണ്ണികുഞ്ഞേ ദേ ഇതു നോക്കിയേ... ആദ്യ ബാച്ചിലെ പ്രോഡക്ട് അവർ സാജനെ കൊണ്ടു കാണിച്ചു. ദേ റഗ്മാർക്കൊണ്ട്, പക്ഷേ എക്സ്പോർട്ടു കിട്ടണേൽ ഐഎസ്ഒയോ മറ്റെന്തെക്കയോ വേണം. തരകൻ മുതലാളിക്കു ഈക്കാര്യത്തിലൊന്നും വലിയ താൽപ്പര്യമില്ലാരുന്നു. സിനിക്കുഞ്ഞിന്റെ അപ്പൻ തുടങ്ങിയ കമ്പനിയാ.. ഞങ്ങൾ കുറച്ചുപേരുടെ അന്നമാണിത്. കമ്പനി പച്ചപിടിച്ചാൽ ഞങ്ങളും രക്ഷപ്പെടും. സണ്ണിക്കുഞ്ഞ് ഒന്നുത്സാഹിച്ചാൽ ഒരു നീക്കുപോക്കുണ്ടാകും.
ഐഎസ്ഒ, റഗ്മാർക്ക്, എക്സ്പോർട്ട് ക്വാളിറ്റി. എൻഒസി... എന്നൊക്കെ അവർ പറഞ്ഞതിലെ പല വാചകങ്ങളും മനസ്സിലിട്ടുരുട്ടി അവൻ മുന്നോട്ടു നടന്നു. കാബിനു നേരേ അവൻ വരുന്നതു കണ്ടതോടെ സിനി കർട്ടൻ വലിച്ചിട്ടു വേഗം കസേരയിലിരുന്നു. ആവുന്നത്രം ഗൗരവം മുഖത്തു വരുത്തി, കവിൾ പറ്റാവുന്നത്ര വീർപ്പിച്ചു വച്ചു.
അവന്‍ വാതിലിനുപിന്നിൽ നിന്നശേഷം പതിയെ കൊട്ടി. അവൾ കേക്കാത്ത മട്ടിലിരുന്നു. അവൻ വാതിൽ പതിയെ തുറന്നു അകത്തേക്കു കയറി. അവൾ അവനെ രൂക്ഷമായി നോക്കി. അവൻ അതു ഗൗനിക്കാതെ കസേര വലിച്ചിട്ടിരുന്നു. അതേ ഒരുകാര്യം പറയാനുണ്ട്. എന്നോടുള്ള ദേഷ്യം മാറ്റിവച്ച് കേള്‍ക്കണം.. അവൾ ഫയലിൽ നോക്കുന്ന പോലെ തലകുനിച്ചിരുന്നു. ഒരു പുരികം പൊന്തിച്ചു. അവനോടു പറഞ്ഞു. ഉം പറ…
എന്തായാലും വേഷംകെട്ടി. അപ്പോ അതിന്റെ മാന്യത കാണിക്കണമല്ലോ?. ആ ചാക്കപ്പൻ ചേട്ടൻ എക്സ്പോർട്ടിങിന്റെ എന്തോ പ്രശ്നത്തെക്കുറിച്ചു പറഞ്ഞു. മുതലാളി വിചാരിച്ചാ നടക്കുമെന്നും. അതു റെഡിയായാൽ അവർക്കും നേട്ടമാണത്രെ.
ശരി പരിഗണിക്കാം–ഗൗരവത്തിൽ അവനെ നോക്കിയശേഷം പറഞ്ഞു. പിന്നേ തന്നെ ഇന്റർവ്യൂ ചെയ്യാൻ ഏതോ പത്രക്കാരു വരുമെന്നു പറഞ്ഞിട്ടുണ്ട്. ങേ എന്നെയോ.. അവൻ വിക്കി ചോദിച്ചു. അതെ മീൻപിടുത്തക്കാരനിൽ നിന്നു എക്സ്പോർട്ടറിലേക്കുള്ള വളർച്ച ഇതാണു വിഷയം.. അവൻ പതിയെ എണീറ്റു തിരിഞ്ഞു നടന്നു. വാതിലിന്റെ പിടിയിൽ പിടിച്ചശേഷം തിരിഞ്ഞു നിന്നു പറഞ്ഞു. പോടി കോപ്പേ... അവളൊന്നു ഞെട്ടി.
********* ********** ********** ********
തേങ്ങ മലപോലെ മുറ്റത്തു കൂട്ടിയിട്ടിരിക്കുന്നു. തോട്ടുവക്കത്തു നിർത്തിയിട്ട കെട്ടുവള്ളത്തിലേക്കു കുട്ടയിൽ തേങ്ങ എണ്ണിയെടുത്തോണ്ടു പോകുന്ന തൊഴിലാളികളെ ശാസിച്ചു തരകന്‍ ചക്രക്കസേരയിൽ മുറ്റത്തുണ്ടായിരുന്നു. സാംകുട്ടി മാവിനു ചുറ്റും കെട്ടിയിരുന്ന ചെറിയ മതിലിലിരുന്നു. അവന്റെ മുഷിഞ്ഞ വേഷവും കണ്ണുകളിലെ ചുവപ്പും തരകൻ ശ്രദ്ധിച്ചു.
എന്താടാ.. സാംകുട്ടി കേൾക്കാത്തതുപോലെ ഇരുന്നു. തരകൻ വേലുമൂപ്പനെ നോക്കി, അയാൾ സാംകുട്ടിയുടെ അടുത്തേക്കു ചക്രക്കസേര ഉന്തികൊണ്ടു ചെന്നു. തരകന്‍ ശ്വാസം അകത്തേക്കു ആഞ്ഞുവലിച്ചു. ഫ.. എവിടുന്നു കിട്ടിയടാ ഈ കുതിര റം.. നല്ല സ്കോച്ചല്യോ തെക്കേ അലമാരയിലിരിക്കുന്നേ..
അതൊക്കെ എടുക്കാനുള്ള സ്വാതന്ത്രം എനിക്കുണ്ടോ ആവോ. മഹാറാണി കൽപ്പിച്ചാലല്ലേ അതൊക്കെ കിട്ടൂ.
അതെന്താടാ അങ്ങനൊരു വർത്തമാനം… നിനക്കു വട്ടായോ?
ഇങ്ങനെപോയാ വട്ടുപിടിക്കും. അപ്പനെന്തെക്കൊയെ ഈ കാണിക്കുന്നേ. രണ്ടാഴ്ച കൊണ്ടു അങ്ങു പുണ്യാളനായോ?. ചക്രക്കസേരയിൽ ഉന്തിയൊരു നടപ്പും. സിനിമാ ഡയലോഗും. എനിക്കു നിങ്ങളെ മനസ്സിലാവുന്നില്ല..
തരകൻ അവന്റെ അടുത്തേക്കു മുഖം നീട്ടി. തരകനെ നിനക്കു മനസ്സിലാകില്ല, പക്ഷേ എനിക്കു എല്ലാം മനസ്സിലാകുന്നുണ്ട്. ദേ മണ്ടൻ പദ്ധതികൾ വല്ലോം മനസ്സിലുണ്ടേൽ കൈയ്യിൽ വച്ചാൽ മതി കേട്ടല്ലോ. അവിവേകം വല്ലോം കാണിച്ചാൽ ചവിട്ടി ചേറിൽ താക്കും ഞാൻ.
പിന്നോട്ടു അയാൾ തലവലിച്ചപ്പോഴേക്കും മനസറിഞ്ഞപോലെ വേലുമൂപ്പൻ ചക്രക്കസേര വളച്ചെടുത്തു. പിശാചോ ദൈവമോ ആരാണിയാൾ കർത്താവേ.. തരകൻ പോയ വഴിയിലേക്കു നോക്കി സാംകുട്ടി പകച്ചിരുന്നു.
Content Summary: Kanal, e-novel written by Sanu Thiruvarppu