ADVERTISEMENT

ദീപ്തിയുടെ ഐപാഡിനുള്ളിലെ ഒരു ചിത്രത്തിൽ അയാൾ സ്പർശിച്ചു, ആ ചിത്രം അയാൾ അവളുടെ നേരെ തിരിച്ചു വച്ചു. ദീപ, ദീപ്തി, നിമ്മി. നിങ്ങള്‍ മൂവരും നെയിസ് കോളേജിൽ ഒരുമിച്ചാണ് സൈക്കോളജി പഠിച്ചത്. വെസ്ലീലിനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ചെറിയാനുമായി നിങ്ങളിലാരോ ബന്ധം സ്ഥാപിച്ചു. കാനിബാളിസം അഥവാ നരമാസം ഭോജനത്തിലൂടെ ഉണ്ടാകുന്ന ഏതോ രോഗങ്ങളെ ചെറുക്കാനുള്ള ഗവേഷണമാണ് അയാൾ ചെയ്തുകൊണ്ടിരുന്നത്. അയാളുമായുള്ള സൗഹൃദം കുറച്ചു കഴിഞ്ഞപ്പോഴേക്കും കാനിബാളിത്തെക്കുറിച്ചു നിങ്ങൾക്കും കൗതുകം വളർന്നു. ചെറിയാന്റെ പേഷ്യന്റും അതേ സമയം സഹായിയുമായിരുന്നു ജോർജ്. കാലക്രമേണ നിമ്മിയും ജോർജുമായി അടുപ്പമായി. 

കേൾക്കുമ്പോൾ വിയേർഡ് ആയി തോന്നും പക്ഷേ കാനിബാളിസം പ്രെമോട്ട് ചെയ്യുന്ന വലിയൊരു ഗ്രൂപ്പിന്റെ ഫണ്ടിങ് ചെറിയാനു ലഭിച്ചിരുന്നു. ലോകമെമ്പാടും ശാഖകളുള്ള കാനിബാൾ ഗ്രൂപ്പിന്റെ കേരളത്തിലെ കാനിബാൾ ക്ളബിന്റെ നേത്യത്വത്തിലേക്കു ചെറിയാൻ വളർന്നു. ചെറിയാന്റെ പരീക്ഷണത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ അയാളിലേക്ക് ധാരാളം പണം എത്താൻ കാരണമായി. വിചിത്രമായ ആചാരങ്ങളായിരുന്നു നിങ്ങളുടെ ഒത്തുചേരലിൽ പിന്തുടർന്നത്. ദീപ്തി നിങ്ങളുടെ ക്ളബിൽ ചേരുന്നത് സീക്രട്ട് ക്യാമിൽ പകർത്തി. അതോടെ അവൾ നിങ്ങളുടെ ചരടിലെ പാവയായി മാറി. 

ഏതോ കാരണവശാൽ ചെറിയാൻ നിങ്ങളിൽ നിന്നകന്നു. താമസിയാതെ നിമ്മി കൊല്ലപ്പെട്ടു. ആ ശരീരവും ജോർജ് ചെറിയാനെത്തിച്ചു കൊടുത്തു. പക്ഷേ അധികം വൈകാതെ ജോർജും കൊല്ലപ്പെട്ടു. നിനക്കു രഘുറാമുമായുള്ള ബന്ധം എന്താണ്, അയാൾ എന്തിനാണ് ദീപ്തിയെ പിന്തുടരുന്നത്, എങ്ങനെയാണ് വീഡിയോ അവന് കിട്ടുന്നത്. ലൈം ലൈറ്റിലേക്കില്ലെന്നു റിസേർച്ചാണ് താൽപര്യമെന്നും പറഞ്ഞു വാശിയിലിരുന്ന ദീപ്തി ഗെയിംഷോയിലേക്ക് വന്നത് എന്തിനാണ്, അവിടെ എന്താണ് സംഭവിച്ചത് ഇതൊക്കെയാണ് എനിക്കറിയേണ്ടത്...? 

ദീപ പറഞ്ഞു തുടങ്ങി....

ഇരുട്ടിൽ‌ ഒരു വാഹനത്തിന്റെ വട്ടക്കണ്ണുകൾ തെളിഞ്ഞു. പ്രധാനപാതയിൽനിന്നും വിട്ടു ഇടറോഡിലേക്ക് വാഹനം ഓടി. കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ വഴിയരികിലെ പ്രകാശം കുറഞ്ഞുവന്നു. രണ്ടായി പിരിയുന്ന വഴി. സെന്റ് മേരീസ് ദേവാലയമെന്നെഴുതിയ നീല ബോർഡ് ആടി നിൽക്കുന്നു. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ പള്ളിയുടെ മേലാപ്പ് തെളിഞ്ഞു. റോഡ് പള്ളിയുടെ പിന്നിലാണ് അവസാനിച്ചിരുന്നത്. വാഹനത്തിന്റെ ലൈറ്റ് കെടുത്തി. അയാൾ ആ റോഡിലേക്ക് ഇറക്കി.

കൂരിരുട്ടായിരുന്നു അവിടെ. അയാൾ ഏതോ ലോഹവസ്തു ഡിക്കിയിൽ നിന്നു പുറത്തേക്കെടുത്തു. ശ്മശാനത്തിലെ മതിൽ ചാടിക്കടന്ന് അയാൾ പോയി. മതിൽ ചാടുന്നതിനിടയിൽ കൈയ്യിലെ ലോഹവസ്തു അയാൾ തോളിൽ തൂക്കി. ഇരുട്ടിലും ആ ലോഹ ആയുധത്തിന്റെ ഒരു നേരീയ മിന്നിമറയൽ കാണാമായിരുന്നു, അൽപ്പം കഴിഞ്ഞു അയാൾ തിരികെ ചാടി. ഭാരമേറിയ എന്തോ കാറിന്റെ പിന്നിൽ നിന്ന് വലിച്ചു പൊക്കി, ശ്മശാനത്തിലേക്ക് നടന്നു. കാർ സ്റ്റാർട്ടായി ലൈറ്റ് ഓണാക്കാതെ മെയിൻ റോഡിലേക്കെത്തി. അൽപ്പം അകലെയായപ്പോൾ റോഡിൽ പ്രകാശം വിതറി വാഹനം അകന്നുപോയി

കൈയ്യിൽ ഗ്ളൗസിടുന്നതിനിടയിൽ പുറത്ത് വാഹനം തിരിയുന്നത് ചെറിയാൻ കണ്ണാടിച്ചില്ലിലൂടെ കണ്ടു. അയാൾ ഇറങ്ങിച്ചെന്നു. കാർ നിർത്തി ജോർജ്ജ് പുറത്തേക്കിറങ്ങി. മുടിയും താടിയും വളർത്തി പ്രാകൃതരൂപമായിരുന്നു അയാൾ. മീശയും താടിയും ചെയിൻ സ്മോക്കറെന്നപോലെ ചെമ്പിച്ചിരുന്നു. വിസിറ്റിങ് റൂമിലെ ലൈറ്റും ചെറിയാൻ ഓഫ് ചെയ്തു. കാർ സമീപത്തെ ചെറിയ ഗാരേജിലേക്കു ജോർജ് ഓടിച്ചു കയറ്റി. ഇരുവരും ചേർന്ന് കാറിന്റെ പിന്നിൽ നിന്ന് ഒരു പോളീത്തീൻ കവർ താങ്ങിയെടുത്തു ആ കവർ വരിഞ്ഞ് മുറുക്കി കെട്ടിയിരുന്നു..

പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു മൃതദേഹം കിടന്നു.അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു.ഡോക്ടർ?..  ഉപകരണങ്ങൾ തിരിയുകയായിരുന്ന ചെറിയാൻ തിരിഞ്ഞുനോക്കി. ഐ വാണ്ട് ദാറ്റ് റിംഗ്. ശവശരീരത്തിന്റെ കൈയ്യിൽ വിലയേറിയ ഒരു ഡയമണ്ട് റിംഗ് ധരിച്ചിരുന്നു.ഡോക്ടർ മരവിച്ച വിരലിൽ പിടിച്ച് ഊരാൻ ശ്രമിച്ചു. വിരലിൽ ഇറുക്കത്തിൽ അമർന്ന നിലയിലായിരുന്നു മോതിരം. വാസലിൻ ടിന്നെടുക്കാനായി പോയിട്ടുവന്ന ഡോക്ടർ കണ്ടത്. കൈപ്പത്തിയപ്പാടെ അറുത്തെടുത്ത് പൈശാചികമായി നോക്കി നിൽക്കുന്ന ജോർജ്ജിനെയാണ്.. ഡോക്ടർ ചെറിയാൻ ക്ഷുഭിതനായി. ജോർജ് വാതിൽ തട്ടിത്തുറന്നു ഇറങ്ങിപ്പോയി....

.................

ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന മുറി. മേശയും കസേരയും ഒരു കട്ടിലും മാത്രമേ മുറിയിലുള്ളൂ. ഭിത്തിയിൽ  ഒരു ഫോട്ടോ. സുന്ദരിയായ പെൺകുട്ടി. വിവാഹവേഷത്തിൽ നിൽക്കുന്നു. അവിടെ കട്ടിലില്‍ ദീപയും ദീപ്തിയും ജോർജിനെ കാത്തിരുന്നിരുന്നു. കാർ വന്ന ശബ്ദം കേട്ടു ഇരുവരും എണീറ്റു. തലകുനിച്ച് അയാൾ മുറിയിലേക്കെത്തി. നടക്കുന്നതിനിടെ അയാൾ പലതവണ വേച്ചുവീണു. 

കസേരയിൽ ഇരുന്നശേഷം അയാൾ തന്റെ കയ്യിലിരുന്ന പൈന്റ് ബോട്ടിൽ തുറന്ന് കുടിച്ചു. പെട്ടെന്ന് അയാൾ പൊട്ടിച്ചിരിച്ചു, പിന്നീടു പൊട്ടിക്കരഞ്ഞു. ജോർജ്..ദീപ ഭീതിയോടെ വിളിച്ചു ദീപ്തി പതുക്കെ അയാളുടെ അടുത്തേക്കെത്തി. ജോർജ് സഞ്ചിയിൽ നിന്നെടുത്ത മുറിച്ചെടുത്ത കൈപ്പത്തി അവരെ ഉയർത്തിക്കാട്ടി. നിമ്മിയുടെ കൈയ്യിലെ ഡയമണ്ട് റിംഗ് ആ കൈത്തലത്തിൽ കണ്ട് അവർ അമ്പരന്നെണീറ്റു. മേശപ്പുറത്ത് തലചായ്ച്ച് വിങ്ങിപ്പൊട്ടുകയും ഒരേസമയം ചിരിക്കുകയും ചെയ്യുന്ന ജോർജ്ജിനെ അവിടെ വിട്ടു അവർ പുറത്തേക്കോടി. അപ്പോഴേക്കും പുറത്തെ റോഡിൽ ചെറിയാന്റെ കാർ എത്തി. 

Content Summary: Order Of The Empire Episode 08, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com