ADVERTISEMENT

ദാക്ഷായണിയമ്മയുടെ പൂജാമുറിയുടെ വെളിയിൽ കാത്തിരിക്കുന്ന മൂവർക്കറിയിപ്പ് കിട്ടിയത് അമ്മയേക്കാൾ മെല്ലിച്ച ഒരു സ്ത്രീയിൽ നിന്നാണ്.

"കേറിക്കോ. പിന്നെയൊരു കാര്യം. അമ്മ മെല്ലിച്ചിരിക്കുന്നുവെന്നൊന്നും കരുതണ്ട. അമ്മേടെ ശരീരത്തു കയറിക്കൂടുന്ന ശക്തിയെക്കുറിച്ച് നമുക്കൊന്നുമറിയില്ല. ആയതിനാൽ അമ്മ ചോദിക്കുന്നതിനു കൃത്യമായി മറുപടി കൊടുത്തേക്കണം. ചെലപ്പോ കയ്യീ ചൂരല് കാണും.നല്ല പെട കിട്ടിയിട്ട് പിന്നെ അയ്യോ പൊത്തോ വെച്ചിട്ട് യാതൊരു കാര്യവുവില്ല."

അത് കേട്ടപ്പോൾ പ്രദീപിന് എന്തോ പോലെ തോന്നി.

"എന്നാപ്പിന്നെ നിങ്ങള് കേറ്. ഞാൻ ഇവിടെയിരുന്നോളാം."

"വാടാ."സുഭാഷ് പ്രദീപിന്റെ കൈക്ക് പിടിച്ചു പൊക്കി.

"എന്തുവാടെ?"വിനോദ് പുച്ഛത്തോടെ പ്രദീപിനെ നോക്കി.

മൂവരും പൂജാമുറിയിൽ പ്രവേശിച്ചു.

ധൂമം.

പുകയിൽ സാമ്പ്രാണി മണക്കുന്നെങ്കിലും കർപ്പൂരം കൂടിയിട്ടാണ് കത്തിച്ചതെന്ന് കണ്ണ് നീറിയപ്പോ പ്രദീപിന് മനസ്സിലായി.

"പണ്ടാരം." കണ്ണ് ഷർട്ടിന്റെ കയ്യിലൊപ്പിയിട്ടു പ്രദീപ്‌ പിറുപിറുത്തു.

"ചുമ്മായിരിയെടാ." വിനോദ് ശാസിച്ചു.

ചുവന്ന പട്ടുടുത്ത ദാക്ഷായണി അവരുടെ മുന്നിൽ പുകമറക്കുള്ളിലൂടെ വെറും കയ്യോടെ പ്രത്യക്ഷയായി. മൂവരെയും മാറിമാറി നോക്കിയിട്ട് അവർ ഒരു നിമിഷം കണ്ണടച്ചു നിന്നു. എന്തൊക്കെയോ മന്ത്രങ്ങൾ അസ്പഷ്ടമായി ചിലമ്പിച്ച ശബ്ദത്തിൽ ഉരുവിട്ടു. എന്നിട്ട് ചോദിച്ചു.

"മൂന്ന് പേരും വന്നത് ഒരാളുടെ കാര്യത്തിനാണല്ലേ?"

"അതെ." സുഭാഷിന് അത്ഭുതമായി.

"നിനക്കെന്താ അറിയേണ്ടത്?"

വിനോദിനെ നോക്കി അമ്മ ചോദിച്ചു.

ഇത്തവണ അദ്‌ഭുതം വിനോദിനായി. അയാൾ പ്രദീപിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെയും അത്ഭുതം വിരിഞ്ഞു തുടങ്ങുന്നു.

"എന്താ പേര്?" അമ്മ കണ്ണുകളടച്ചിരുന്നു നടുക്കിരുന്ന വിനോദിനെ ലക്ഷ്യം വച്ചു ചോദിച്ചപ്പോൾ അയാൾ പേര് പറഞ്ഞു.

"വലതു കൈ നീട്ട്."അമ്മ കൽപ്പിച്ചപ്പോൾ വിനോദ് അനുസരിച്ചു.

വൃദ്ധയുടെ കൈകൾക്ക് ഐസിന്റെ തണുപ്പ്. വിനോദിന് മേലാസകലസം രോമാഞ്ചമുണ്ടായി. അയാൾ ഒന്നു കിടുകിടുത്തു.

അമ്മയുടെ ഭാവം മാറി വന്നു. മുഖം വലിഞ്ഞു മുറുകി. ശ്വാസഗതി വർദ്ധിച്ചു. കുറച്ചു നേരം അങ്ങനെ തുടർന്നിട്ട് അവർ എണീറ്റു.

" അനങ്ങരുത്. ഉരിയാടരുത്. അമ്മയ്ക്ക് താളിയോലകൾ നോക്കണം. "

പറഞ്ഞിട്ടവർ ധൂമത്തിനുള്ളിൽ കൂടി നടന്നപ്രത്യക്ഷയായി.

ഉരിയാടിയില്ലെങ്കിലും മൂവരും അനങ്ങി. അന്ധാളിപ്പോടെ മൂവരും പരസ്പരം നോക്കി. മൂവരുടെയും കണ്ണുകൾ നീറി കണ്ണിലൂടെയും മൂക്കിലൂടെയും ഒലിക്കുവാൻ തുടങ്ങി.

157692602
Representative image. Photo Credit: Vera Petruk/Shutterstock.com

പുകപടലത്തിലൂടെ അമ്മ വീണ്ടും പ്രത്യക്ഷയായി. ചുവന്ന പട്ടു പുതപ്പിച്ച ഇരുപ്പിടത്തിൽ വന്നിരുന്ന ശേഷം അമ്മ കണ്ണുകളടച്ചിരുന്നു.

"എരിയും പൊരുൾ." അമ്മയുടെ ചിലമ്പിച്ച ശബ്ദം കടുത്തു.

"ങേ? "ഭാഷ മാറിയത് കേട്ടു വിനോദ് ചോദിച്ചു.

"എരിയും പൊരുൾ! കത്തുന്നതെന്തും! അതുമായി നിനക്കൊരു പഴയ ബന്ധമുണ്ടല്ലോ മോനേ."

അപ്പോൾ പത്തിരുപതു കൊല്ലം മുൻപ് താൻ ജോലി ചെയ്തിരുന്ന തേനിയിലെ പെട്രോൾ പമ്പ് വിനോദ് ഓർത്തെടുത്തു.

"ഞാൻ തമിഴ്നാട്ടിൽ ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നമ്മേ ."

അതു കേട്ട് വിനോദിന്റെ പ്രസ്തുത പൂർവാശ്രമത്തെക്കുറിച്ചറിയാത്ത സുഭാഷിന്റെയും പ്രദീപിന്റെയും വാ പൊളിഞ്ഞു.

" ഉം. താളിയോലകൾ അതെന്നെ അറിയിച്ചു. " അമ്മ കണ്ണുകൾ തുറന്നു ചെറുതായി പുഞ്ചിരിച്ചു.

"ഇന്നലെ രാത്രി നിനക്ക് പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചോ മോനേ?"

"ഇന്നലെ..." വിനോദ് വിക്കി.

"ആക്രമണം!"

"ആക്രമണം?" വിനോദ് പിന്നെയും വിക്കി.

"മനുഷ്യനാവാം. മൃഗവുമാവാം."

അത് കേട്ടു വിനോദ് ചെറുതായി വിയർത്തു പോയി. അയാൾ അവിശ്വസനീയതയോടെ വൃദ്ധയെ നോക്കി. അവിടെയൊരു നേരിയ പുഞ്ചിരി.

"ഒരു മൃഗം ഇന്നലെ രാത്രി നിന്നെ ആക്രമിക്കുവാൻ വന്നില്ലേ മോനേ ?"

അമ്മക്ക് വീണ്ടും പുഞ്ചിരി.

വിനോദിന്റെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി.

തലേന്ന് രാത്രി ഒരു കറുത്ത നായ തന്റെ ബുള്ളറ്റിന് പുറകെ കുരച്ചും കൊണ്ട് കുറേ ദൂരം ഓടിയത് അയാൾ ഉൾക്കിടിലത്തോടു കൂടിയോർത്തു. ബുള്ളറ്റ് സ്പീടെടുത്തിട്ടും ആ കറുത്ത പട്ടി കുറേ ദൂരം കുരച്ചും കൊണ്ട് പിന്തുടർന്നിരുന്നു.

"ഒരു കറുത്ത പട്ടി. അമ്മ പറഞ്ഞത് ശരിയാണ്."

വിനോദ് സമ്മതിച്ചു.

"നിന്റെ വീട്ടിൽ കഴിഞ്ഞയാഴ്ച ഒരു മോഷണം നടന്നു. അതേക്കുറിച്ചറിയാനല്ലേ നീ വന്നത്?"

"അതെ."

"തിരിച്ചു കിട്ടില്ല മോനേ. "

"ഇല്ലേ?"

"ഉറപ്പായും തിരിച്ചു കിട്ടില്ല. കർമഫലമാണ് മോനേ.മനസ്സിലായോ നിനക്ക്?"

"മനസ്സിലായമ്മേ."

"ഇനി നിന്നെ അറിയിക്കാൻ എനിക്കൊന്നുമില്ല. നിനക്ക് പോവാം." അമ്മ കൽപ്പിച്ചു.

വിനോദ് രണ്ടായിരം രൂപയുടെ നോട്ടുകൾ അമ്മയുടെ മുന്നിലെ താലത്തിൽ വെച്ചിട്ട് എണീറ്റു നിന്ന് അമ്മയെ തൊഴുതു.

തിരിഞ്ഞു നടന്ന വിനോദ് വാതിൽക്കലെത്തും മുൻപ് അമ്മയെ തിരിഞ്ഞു നോക്കിയപ്പോൾ അമ്മ ചെറുചിരിയോടെ കൽപ്പിച്ചു.

"നന്മ ചെയ്തു ജീവിക്കൂ മോനേ ."

Content Summary: Thaliyolakolapathakam – Episode 1, Novelette written by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com