ADVERTISEMENT

അധ്യായം ഒന്ന്: നിരാകരണം

ഒരു മണ്‍കുടം വീണുടയും പോലെയാണ് തന്റെ മനസെന്ന് ശാന്തയ്ക്ക് തോന്നി. കൊട്ടാരത്തില്‍ ഔഷധ ഉദ്യാനത്തിലെ തുളസിച്ചെടികള്‍ക്ക് നടുവില്‍ കുറച്ചകലെ നിന്നും വരുന്ന ചന്ദനത്തിന്റെയും മുല്ലയുടെയും ഗന്ധം ആസ്വദിച്ച് നില്‍ക്കുകയായിരുന്നു അവള്‍. മുല്ലയുടെ തീക്ഷ്ണസൗരഭത്തിന് മുന്നില്‍ ചന്ദനവും തുളസിയും പോലും നിര്‍വീര്യമാവുന്നുവെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് നോവുന്നു എന്ന് ഭാവിക്കാതെ ഔഷധലേപനം പുരട്ടുന്ന സൗമ്യതയോടെ അടുത്തു വന്ന് നീണ്ട് ഇടതൂര്‍ന്ന മുടിയിഴകളിലും ചുമലിലും മെല്ലെ തലോടി അമ്മ ആ വിവരം ഉണര്‍ത്തിച്ചത്. വിറയാര്‍ന്ന കരങ്ങളില്‍ നിന്ന് താലോലിച്ചുകൊണ്ടിരുന്ന പച്ചപനം തത്ത പറന്ന് ഉദ്യാനത്തിന് നടുവിലെ കല്‍മണ്ഠപത്തിന് മേലേക്ക് ചെന്നിരുന്നത്. അഹിതമായ എന്തോ സംഭവിക്കാനൊരുങ്ങുന്നുവെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞതു പോലെയായിരുന്നു അതിന്റെ പെരുമാറ്റം. 

ശാന്ത പക്ഷെ അനിവാര്യമായ ദുരന്തം പ്രതീക്ഷിച്ചിരുന്നു. സുദീര്‍ഘമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും പലരുമായുളള കൂടിക്കാഴ്ചകള്‍ക്കും ശേഷം ഒടുവില്‍ അവര്‍ തീരുമാനത്തിലെത്തിയിരിക്കുന്നു. ആ വാര്‍ത്തയുടെ തീവ്രപ്രഹരശേഷി അവളെ പൊളളിച്ചുകളഞ്ഞു. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ- അതും കേവലം എട്ട് വയസ് മാത്രം പ്രായമുളള ആദ്യജാതയെ നിഷ്‌കരുണം മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നു. അതും ജന്മം നല്‍കിയ അച്ഛനും അമ്മയും ചേര്‍ന്ന്.

അവരുടെ മനസ് എന്നേ കണ്ടവളാണ് താന്‍. അതുകൊണ്ട് അത്ഭുതം തീരെയില്ല. തീരുമാനം ഇത്രയും കാലം വൈകിച്ച മഹാമനസ്‌കതയ്ക്ക് നന്ദി. അവള്‍ മനസില്‍ പറഞ്ഞു.

പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. ശയ്യാതലത്തില്‍ മാനം നോക്കി നിസഹായതയുടെ കണ്ണീരോടെ നിശ്ശബ്ദം കിടക്കുമ്പോള്‍ വീണ്ടും അമ്മ കയറി വന്നു. കൗസല്യ മകളുടെ അരികിലിരുന്ന് ആ അളകങ്ങളില്‍ മൃദുവായി തലോടി. പിന്നെ ശബ്ദം പരമാവധി താഴ്ത്തി ചോദിച്ചു.

'നിനക്ക് വിഷമമായോ?'

ശാന്ത ചിരിച്ചു.

നെഞ്ചില്‍ ആഴത്തില്‍ കത്തി താഴ്ത്തിയിട്ട് വേദനയുണ്ടോ എന്ന് തിരക്കും പോലെ എത്ര ബാലിശവും അപഹാസ്യവുമായ ചോദ്യം. പക്ഷെ മറുമൊഴി നല്‍കിയില്ല. പെറ്റവയറാണ്. വെറുതെ ഗുരുത്വദോഷം വാങ്ങി വയ്ക്കണ്ട.

നാളെയാണ് തന്റെ വീട് മാറ്റത്തിന് നിശ്ചയിച്ചിരിക്കുന്ന ദിവസം. അതികാലത്ത് രാഹുകാലത്തിന് മുന്‍പ് അംഗരാജാവ് ലോമപാദനും പട്ടമഹിഷി വര്‍ഷിണിയും എത്തും. വെറും മഹാറാണിയെന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റില്ല. അമ്മയുടെ ജ്യേഷ്ഠത്തി. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാല് കാണാന്‍ യോഗമില്ലാതെ പൂജകളും ഹോമങ്ങളും വഴിപാടുകളും ചികിത്സകളുമായി കാലയാപനം നടത്തുന്നവര്‍. അവരെ സംബന്ധിച്ച് ഇത് അസുലഭ സന്ദര്‍ഭമാണ്. അപരിചിതയായ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന ആക്ഷേപം വേണ്ട. രക്തബന്ധമില്ലാതെ ആര്‍ക്കോ അവിഹിതത്തില്‍ പിറന്ന ജീവനെ ജുഗുപ്‌സയോടെ ലാളിക്കേണ്ട ഗതികേട് ഒഴിവാക്കാം. അനുജത്തിയുടെ മകള്‍ വര്‍ഷിണിക്കും ലോമപാദനും മകള്‍ തന്നെ.

വെറുമൊരു വാഗ്ദാനവുമായല്ല അവരുടെ വരവ്. തങ്ങള്‍ക്കുളളതെല്ലാം നല്‍കി ഒരു കൈമാറ്റം. അംഗരാജ്യത്തിന്റെ രാജകുമാരിയായി വാഴാനാണ് അവര്‍ തന്നെ ക്ഷണിക്കുന്നത്. പക്ഷെ സ്വന്തം ചോരയെ മറന്ന് മറ്റൊരു സൗഭാഗ്യത്തിലേക്ക് ചാഞ്ചാടാന്‍ തനിക്ക് കഴിയുമോ? ഇല്ലെന്ന് ശാന്തയ്ക്ക് തോന്നി. പക്ഷെ ഇവിടെ മറുവാക്കിന് പ്രസക്തിയില്ല. കൊടുക്കുന്നവരും വാങ്ങുന്നവരും തീരുമാനിച്ചു കഴിഞ്ഞു. ധാരണാപത്രത്തില്‍ മനസുകൊണ്ട് ഒപ്പു വച്ച് കഴിഞ്ഞു. നിന്നുകൊടുക്കുക മാത്രമാണ് തന്റെ ചുമതല.

എന്തായിരുന്നു തനിക്കുളള കുറവ്? ജന്മം നല്‍കിയ മാതാപിതാക്കള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാകത്തില്‍ എന്തായിരുന്നു തന്റെ ന്യൂനത? പന്ത്രണ്ട് മക്കളുളള നിര്‍ദ്ധനരായ രക്ഷിതാക്കള്‍ പോലും അവരിലൊരാളെ മറ്റൊരാള്‍ക്ക് തീറെഴുതാന്‍ മടിക്കുമ്പോള്‍ ഇവിടെ ഏകപുത്രിയെ-ആദ്യജാതയെ-മഹാരജാവ് ദശരഥനും ഭാര്യ കൗസല്യയും നിഷ്‌കരുണം മറ്റൊരു കുടുംബത്തിന് ദാനം നല്‍കുന്നു.

അത്രയ്ക്ക് ബാധ്യതയായിരുന്നോ അവര്‍ക്ക് ഞാന്‍? ഒന്നും ചോദിച്ചില്ല. ആരും പറഞ്ഞതുമില്ല. പക്ഷെ പിന്നാമ്പുറത്തെ അടക്കം പറച്ചിലുകളില്‍ നിന്ന് ഞാന്‍ എല്ലാം ഗ്രഹിച്ചിരുന്നു. പെണ്ണായി പിറന്നവളാണ് ഞാന്‍. അതായിരുന്നു അവര്‍ എന്നില്‍ കണ്ട അപാകത. രാജാധികാരത്തിന്റെ പിന്‍തുടര്‍ച്ചാവകാശത്തിന് പെണ്ണ് അയോഗ്യയാണത്രെ. ഭരണം പെണ്ണിന് സാധിക്കില്ലത്രെ. എന്ന് ആര് പറഞ്ഞു?

പുരുഷനേക്കാള്‍ പ്രായോഗിക ബുദ്ധിയും കൂര്‍മ്മബുദ്ധിയും ദീര്‍ഘവീക്ഷണവും ആസൂത്രണവൈഭവവും എല്ലാം തികഞ്ഞവളാണ് പെണ്ണ്. അവസരം കിട്ടിയാല്‍ ഏത് പുരുഷനെയും മറികടക്കും വിധം ഭരണം കാഴ്ചവയ്ക്കാന്‍ അവള്‍ക്ക് കഴിയും. എന്നിട്ടും പറയുന്നു പെണ്ണ് അബല. അച്ഛന്‍ മാത്രമല്ല അങ്ങനെ വിശ്വസിക്കുന്നത്. പെണ്ണായി പിറന്ന അമ്മയ്ക്കും സ്ത്രീയുടെ കരുത്തില്‍ വിശ്വാസമില്ല. കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മാത്രമുളള ഒരു ജന്മം. പുരുഷന്റെ ബീജം ഏറ്റുവാങ്ങാനും കുഞ്ഞിന് വളരാന്‍ പാകത്തില്‍ ഗര്‍ഭപാത്രം ചുമക്കാനുമുളള ഒരു ഭാരവണ്ടി. അത് മാത്രമാണോ പെണ്ണ്. ആണെന്ന് ഇവര്‍ പറയുന്നു. പക്ഷെ അങ്ങനെയല്ലെന്ന് എനിക്കുറപ്പുണ്ട്. അത് തെളിയിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്. പക്ഷെ അവസരം ലഭിക്കാതെ എങ്ങനെ കഴിവ് തെളിയിക്കും. ഒരു വാരം ആ സിംഹാസനത്തില്‍ ഇരുത്തി പരീക്ഷിക്കാനുളള ക്ഷമ പോലും ഇവര്‍ക്കില്ല. അവരുടെ കണ്ണില്‍ എഴുതി തളേളണ്ട ജന്മമാണ് പെണ്ണ്. ഒരു അലങ്കാര വസ്തു. ഒരു ഭോഗവസ്തു. അവളുടെ വ്യക്തിത്വവും സ്വത്വബോധവും അവര്‍ ഗണിക്കുന്നതേയില്ല.

ശാന്തയുടെ ഉളളില്‍ പ്രതിഷേധത്തിന്റെ കനലുകള്‍ ഇരമ്പി. നൂറ്റാണ്ടുകളായി പിന്‍തുടരുന്ന ഒരു കീഴ്‌വഴക്കത്തിന്റെ അടിമകളാണ് എല്ലാ മനുഷ്യരും. മുന്‍വിധികളാണ് അവരെ ഭരിക്കുന്നത്. അത് ഇങ്ങനെയാണ് എന്ന് അവര്‍ അടിവരയിട്ട് വിശ്വസിക്കുന്നു.

പെണ്ണ് അവര്‍ക്ക് ഒരു ബാധ്യതയാണ്. കുഞ്ഞിനെ ഉത്പാദിപ്പിക്കാന്‍ മാത്രമുളള ഒരു യന്ത്രം. രാഷ്ട്രനിര്‍മ്മാണത്തില്‍ ഒരു പങ്കും വഹിക്കാന്‍ ശേഷിയില്ലാത്ത അഭിശപ്തജന്മം. അതിനെ എങ്ങനെ ഒഴിവാക്കാമെന്ന് തലപുകയുന്നതിനിടയിലാവാം ആ സന്ദര്‍ശനം.

അമ്മയേക്കാള്‍ മുന്‍പ് കഴിഞ്ഞതാണ് വര്‍ഷിണി വല്യമ്മയുടെ വിവാഹം. സന്താനസൗഭാഗ്യത്തിന് അവര്‍ ചെയ്യാത്ത വഴിപാടുകളില്ല. പൂജകളും ഹോമങ്ങളും യാഗങ്ങളും മാത്രമായിരുന്നു ഒരു കാലത്ത് അവരുടെ ജീവിതം. ഒരു ഈശ്വരനും കനിഞ്ഞില്ല. ഒരു കുഞ്ഞിന്റെ കരച്ചില്‍ കൊട്ടാരത്തില്‍ മുഴങ്ങിയില്ല. ഓരോ തവണ കോസലരാജ്യത്ത് വരുമ്പോഴും അമ്മയോട് സങ്കടം പറഞ്ഞ് കരയുന്ന വര്‍ഷിണി വല്യമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. അമ്മ അവരെ ഭംഗിവാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കും. അപ്പോഴും അമ്മയുടെ ഉളളിലറിയാം. പൂക്കാത്ത മാവാണ് വര്‍ഷിണി. 

ഓരോ വരവിലും മടക്കയാത്രയിലും അവര്‍ എന്നെ കോരിയെടുത്ത് താലോലിക്കും. കൊതിയോടെ ആശ്ലേഷിക്കും. ഉമ്മ വയ്ക്കും. കൈനിറയെ സമ്മാനങ്ങള്‍ തരും. അതൊരു സൂചകമായിരുന്നു. ഇതുപോലെ ഓമനത്തമുളള ഒരു പെണ്‍കുഞ്ഞിനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍...

അടുത്ത തവണ വന്നപ്പോഴും വല്യമ്മ പതിവ് സങ്കടം പറഞ്ഞു. അതിന് അമ്മ നല്‍കിയ മറുപടി അകത്ത് ചമയമുറിയിലെ കണ്ണാടിയില്‍ നോക്കി കരിമഷി എഴുതുകയായിരുന്ന താന്‍ വ്യക്തമായി കേട്ടു.

'ഏടത്തി വിചാരിക്കും പോലെ ഞങ്ങളും അത്ര സന്തോഷത്തിലൊന്നുമല്ല കഴിയുന്നത്. കുട്ടിയുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം? ഫലത്തില്‍ ഞങ്ങളുടെ സ്ഥിതിയും ഏടത്തിയുടെ അവസ്ഥയും തമ്മില്‍ വ്യത്യാസമൊന്നുമില്ല'

വര്‍ഷിണിയുടെ നടുക്കം അവരുടെ നിശ്വാസത്തില്‍ നിന്ന് തന്നെ ശാന്ത വായിച്ചു.

'അതെന്താ നീ അങ്ങനെ പറഞ്ഞത്. ശാന്ത നല്ല കുട്ടിയല്ലേ...ബുദ്ധിമതി..സുന്ദരി..ആര് കണ്ടാലും എടുത്ത് ഒന്ന് ഓമനിക്കാന്‍ തോന്നും'

നിരാശ നിറഞ്ഞ സ്വരത്തിലായിരുന്നു കൗസല്യയുടെ മറുപടി.

'അതുകൊണ്ടെന്ത് കാര്യം? പ്രദര്‍ശനത്തിന് വയ്ക്കാനല്ലല്ലോ കുട്ടികള്‍. രാജ്യത്തിനുതകണം.. കുടുംബത്തിന് ഉതകണം...കൊട്ടാരത്തിന്റെ അഭിമാനമായി മാറണം..'

'അതിന് തക്ക എന്ത് കുറവാണ് അവള്‍ക്കുളളത്?'

'കുറവെന്താണ്..അവളൊരു പെണ്ണാണ്..അത്ര തന്നെ..നാളെ കോസലരാജ്യത്തിന്റെ ഭരണം അവളെ ഏല്‍പ്പിക്കാനാവുമോ? ശാന്തയുടെ സ്ഥാനത്ത് ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ ഈ വക പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു'

'അതിപ്പോ..ഈശ്വരന്‍ തരുന്നത് സ്വീകരിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗം?'

'എല്ലാം കര്‍മ്മദോഷം. അല്ലാതെന്ത് പറയാന്‍...'

ശാന്ത ഒന്ന് നടുങ്ങി. പെറ്റവയര്‍ തന്റെ ജന്മത്തെ പഴിക്കുകയാണ്. വേണ്ടിയിരുന്നില്ല എന്ന ധ്വനി ആ വാക്കുകളുടെ അടിത്തട്ടിലുണ്ട്.

സമാധാനിപ്പിക്കാനെന്നോണം വര്‍ഷിണി പറഞ്ഞു.

'ആണ്‍കുട്ടികള്‍ ഇനിയും ഉണ്ടാകാമല്ലോ?'

'എനിക്ക് പ്രതീക്ഷയില്ലേടത്തി..പൊതുവെ കുട്ടികള്‍ ഉണ്ടാകുന്നതില്‍ തടസം കാണുന്നു. എങ്ങനെയോ ജനിച്ചു പോയതാണ് ഈ കുട്ടി. അത് ഇങ്ങനെയുമായി'

കരിമഷിയെഴുതിയ കണ്‍പീലികള്‍ നനഞ്ഞു. ഒരു വിതുമ്പല്‍ ശാന്തയുടെ അധരങ്ങളെ പൊതിഞ്ഞു. ചമയം പാതിവഴിയില്‍ അവസാനിപ്പിച്ച് അവള്‍ പതിയെ പടിക്കെട്ടുകളിറങ്ങി പുറത്ത് ഉദ്യാനത്തിലേക്ക് നടന്നു.

അപ്പോള്‍ വിടര്‍ന്ന ജമന്തിപ്പൂക്കള്‍ അവളെ നോക്കി പുഞ്ചിരിച്ചു. പൂക്കള്‍ക്ക് ആണ്‍-പെണ്‍ ഭേദമുണ്ടോ? അവള്‍ സ്വയം ചോദിച്ചു.

'എന്താ കുമാരി...കാലത്തെ പൂക്കളുടെ ഭംഗി കാണുകയാണോ?'

ഉദ്യാനം കടന്ന് ഔഷധപ്പുരയിലേക്ക് നടക്കുന്നതിനിടയില്‍ കൊട്ടാരം ജോത്സ്യന്‍ ചോദിച്ചു. അവള്‍ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

അപ്പോഴും അകത്ത് വര്‍ഷിണിക്ക് അരികില്‍ പതിയെ തേങ്ങുകയായിരുന്നു കൗസല്യ. വര്‍ഷിണി അതിശയിച്ചു പോയി. ഒരാള്‍ കുട്ടികളുണ്ടാകാത്തതില്‍ പരിതപിക്കുന്നു. കരയുന്നു. മറ്റൊരാള്‍ കുട്ടി ജനിച്ചതില്‍ കരയുന്നു. പതം പറയുന്നു.

വര്‍ഷിണി ഏറെസമയം നിശ്ശബ്ദം ആലോചിച്ചിരുന്നു.

അവളുടെ മനസില്‍ ചില സാധ്യതകളുടെ രജതരേഖകള്‍ തെളിഞ്ഞു. പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മനസിനെ അലട്ടി. പലകുറി കൂട്ടലും ഗുണിക്കലും ഹരിക്കലും നടന്നു. ഒടുവില്‍ ബ്രഹ്‌മാവിനെ മനസില്‍ ധ്യാനിച്ച് വര്‍ഷിണി ചോദിച്ചു.

'ഞാനൊരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം തോന്നരുത്. കാര്യം നടന്നാലും ഇല്ലെങ്കിലും എനിക്ക് പരാതിയില്ല. നമ്മള്‍ തമ്മില്‍ അങ്ങനെയൊന്ന് സംസാരിച്ചിട്ടില്ലെന്ന് വിചാരിച്ചോളാം'

എന്താണ് വര്‍ഷിണി പറഞ്ഞു വരുന്നതെന്ന് ഒരു ഊഹവും കിട്ടാതെ കൗസല്യ അന്ധാളിച്ചു. ഇത്തരം മുന്നൊരുക്കങ്ങളും ആമുഖങ്ങളും അവര്‍ക്ക് പതിവുളളതല്ല.

'ഏടത്തി കാര്യം പറയൂ..കേട്ടിട്ടല്ലേ മറുപടി നല്‍കുക?'

വര്‍ഷിണി വിഷാദസുന്ദരമായി ചിരിച്ചു. അവള്‍ക്ക് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല.

എന്നാലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ? ഒടുവില്‍ രണ്ടും കല്‍പ്പിച്ച് വര്‍ഷിണി പറഞ്ഞു.

'ശാന്തയെക്കുറിച്ചാണ്. എനിക്ക് അവളെ ജീവനാണ്. ആ കുഞ്ഞിനെ നീ എനിക്ക് തരുമോ? സ്വന്തം കുഞ്ഞിനെ പോലെ ഞങ്ങളവളെ വളര്‍ത്തിക്കൊളളാം'

വിസ്മയം കൊണ്ട് കൗസല്യയുടെ മുഖം വിടര്‍ന്നു. വായ് പിളര്‍ന്നിരുന്ന് പോയി അവര്‍.

അങ്ങനെയൊരു ചോദ്യം-ആശയം വിദൂരമായി പോലും അവരുടെ മനസില്‍ ഉണ്ടായിരുന്നില്ല. വിസ്മയം കൗതുകത്തിന് വഴിമാറി. 

മഹാരാജാവുമായി ആലോചിക്കട്ടെയെന്നു പറഞ്ഞ് തത്കാലം ഒഴിഞ്ഞെങ്കിലും ആ ആഗ്രഹത്തില്‍ അനൗചിത്യമൊന്നുമില്ലെന്ന് കൗസല്യയ്ക്ക് തോന്നി.

വര്‍ഷിണി അന്യസ്ത്രീയല്ല. ഒരമ്മയ്ക്ക് പെറ്റ മക്കളാണ് ഞങ്ങള്‍. തന്റെ അതേ ചോരയാണ് ഏട്ടത്തിക്കും. കോസലരാജ്യം പോലെ തന്നെ സമ്പന്നമാണ് അംഗദേശവും. ബന്ധുതയേക്കാള്‍ വലിയ ബന്ധമാണ് സൗഹൃദം. ദശരഥനും ലോമപാദനും തമ്മിലുളള അടുപ്പവും കൂട്ടുകെട്ടും വിവാഹത്തിന് മുന്‍പേ തുടങ്ങിയതാണ്.

ശാന്ത അംഗദേശത്ത് വളരുന്നു എന്നത് കോസലയില്‍ വളരുന്നതിന് തുല്യമാണ്.

വാരത്തില്‍ ഒരു തവണ അങ്ങോട്ടും ഇങ്ങോട്ടും സൗഹൃദസന്ദര്‍ശനങ്ങളുണ്ട്. അധിക ദിവസം കാണാതിരിക്കാന്‍ തനിക്കും വര്‍ഷിണിക്കും എന്ന പോലെ ചങ്ങാതിമാര്‍ക്കും കഴിയാറില്ല. നല്ലസമയം നോക്കി വിഷയം ദശരഥന് മുന്നില്‍ അവതരിപ്പിക്കാമെന്ന് കൗസല്യ തീരുമാനിച്ചു.

ലോമപാദനോട് ആലോചിക്കാതെയാണ് വര്‍ഷിണി അങ്ങനെയൊരു താത്പര്യം കൗസല്യയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 

ഒരു രാത്രി അത്താഴത്തിന് ഒരുമിച്ചിരിക്കുമ്പോള്‍ വര്‍ഷിണി ഭര്‍ത്താവിന്റെ മുഖം പഠിച്ചു. ഇന്ന് എന്നത്തേതിലും സന്തുഷ്ടനാണ് അദ്ദേഹം. ഭരണപരമായ പ്രശ്‌നങ്ങള്‍ അലട്ടാത്ത ഒരു ദിവസം. സൗമ്യതയോടെയാണ് തുടങ്ങിയത്. വളരെ ഗൗരവത്തില്‍ പറയുന്നു എന്ന മട്ട് ഒഴിവാക്കി സ്വാഭാവികമായ ഒരു അവതരണം.

'ദശരഥനും കൗസല്യയും കുറച്ച് സങ്കടത്തിലാണ്'

'ങും?'

ഒരു കദളിപ്പഴം ഉരിയുന്നതിനിടയില്‍ ലോമപാദന്‍ ചോദ്യഭാവത്തില്‍ അവരെ തലചെരിച്ച് നോക്കി.

'രാജ്യാധികാരം കൈമാറാന്‍ ഒരു ആണ്‍കുട്ടിയില്ല. ചികിത്സകള്‍ പലത് ചെയ്തിട്ടും ഫലം തഥൈവ'

ലോമപാദന്‍ അതിന് മറുപടി പറഞ്ഞില്ല. ആ പഴുതില്‍ വര്‍ഷിണി അടുത്ത വിഷയം എടുത്തിട്ടു.

'ഞാനൊരു കാര്യം അവളോട് ചോദിച്ചു'

'എന്ത്?'

'നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ശാന്തയെ നമുക്ക് തരുമോന്ന്'

ലോമപാദന്‍ വലിയ ഉന്മേഷമില്ലാതെ ഭാര്യയെ തറപ്പിച്ച് നോക്കി. ഒപ്പം ഒരു മറുചോദ്യവും.

'എന്തിന്?'

'നമുക്ക് വളര്‍ത്താന്‍...കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നവരില്ലേ?'

'ഓ..അങ്ങനെ..'

ലോമപാദന്റെ ലാഘവത്തോടെയുളള മറുപടി വര്‍ഷിണിയെ അതിശയിപ്പിച്ചു.

'അവര്‍ സമ്മതിച്ചാല്‍ അത് നല്ല കാര്യമല്ലേ?'

'അതിലും ഭേദം പുറത്തു നിന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുക്കുന്നതാണ്'

വര്‍ഷിണിയുടെ നെറ്റിചുളിഞ്ഞു.

'ശാന്തയ്ക്ക് എന്താണ് ഒരു കുഴപ്പം. അങ്ങ് ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായില്ല?'

'കുഴപ്പം അവള്‍ക്കല്ല. വര്‍ഗത്തിനാണ്. ഒരു പെണ്ണിന് രാജ്യം ഭരിക്കാന്‍ കഴിയുമോ? വെറുതെ വളര്‍ത്തിയിട്ടെന്ത് കാര്യം. ആവശ്യത്തിലേറെ പക്ഷികളെയും മൃഗങ്ങളെയും നമ്മള്‍ വളര്‍ത്തുന്നില്ലേ?'

ഒരു അമ്പ് വന്ന് ഹൃദയത്തില്‍ തറച്ചതു പോലെ വര്‍ഷിണിക്ക് തോന്നി. ലിംഗപരമായ അസമത്വം ഒരു നാട്ടുനടപ്പാണെന്ന് അറിയാമെങ്കിലും ഇത്ര വലിയ അധിക്ഷേപം അവര്‍ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എടുത്തടിച്ചതു പോലെ അവര്‍ ചോദിച്ചു.

'ഒരു പെണ്ണ് രാജ്യം ഭരിച്ചാല്‍ എന്താണ് കുഴപ്പം?'

വെല്ലുവിളി പോലുളള ആ ചോദ്യം ലോമപാദന്‍ തീരെ പ്രതീക്ഷിച്ചില്ല.

'അത് ശരിയാവില്ല. അത്ര തന്നെ..'

'വ്യക്തമായില്ല..'

'പെണ്ണിന് അതിനുളള കൗശലമില്ല'

'എന്നാര് പറഞ്ഞു?'

'അത് അങ്ങനെയാണ്'

'എന്നാല്‍ ഞാന്‍ പറയുന്നു. അത് അങ്ങനെയല്ല. കൗശലം മാത്രമല്ല ഭരണം. അതിനപ്പുറം വേറെയും ചിലതുണ്ട്'

'അത് നിനക്കെങ്ങനെ അറിയാം?'

'എനിക്ക് അറിയാം. രണ്ടുവാരം നിങ്ങള്‍ സിംഹാസനത്തില്‍ എന്നെയൊന്ന് ഇരുത്തൂ..ഞാന്‍ കാണിച്ച് തരാം'

ലോമപാദന്‍ ഒന്ന് ഞെട്ടി.

'ഓ...നിനക്കുമുണ്ടോ അത്തരം മോഹങ്ങള്‍?'

'എന്തേ..എനിക്ക് മോഹിച്ചുകൂടെ?'

അയാള്‍ മറുപടി പറഞ്ഞില്ല.

എണീറ്റ് ശുദ്ധജലത്തില്‍ വായും കയ്യും കഴുകി തുടച്ചു. വര്‍ഷിണിയും അതുതന്നെ ചെയ്തശേഷം പിന്നാലെ ചെന്ന് ആ തോളില്‍ കൈവച്ചു.

അവരുടെ കണ്ണുകള്‍ തടാകങ്ങളായി.

'നിങ്ങള്‍ക്കറിയാല്ലോ? അങ്ങയുടെ നിഴലായി ഒതുങ്ങിക്കഴിയണം. അത്രേയുളളു മോഹം. സ്വര്‍ണ്ണത്തളികയില്‍ വച്ചു നീട്ടിയാലും എനിക്ക് വേണ്ട അത്തരം സ്ഥാനമാനങ്ങള്‍. ആത്മവിശ്വാസക്കുറവു കൊണ്ടല്ല. താത്പര്യമില്ല. അത്ര തന്നെ. അതൊന്നും എന്റെ മോഹങ്ങളല്ല'

'പിന്നെ..?'

'സ്‌നേഹിക്കാനും താലോലിക്കാനും ഒരു കുഞ്ഞ്. പെണ്ണെങ്കില്‍ പെണ്ണ് ആണെങ്കില്‍ ആണ്. എത്രയും വേഗം നമുക്കും വേണം ഒരു തങ്കക്കുടം'

ലോമപാദന്‍ അവളെ പതുക്കെ ചേര്‍ത്തണച്ച് ആ ശിരസില്‍ ചുംബിച്ചു. പിന്നെ ഒരു മഹാമന്ത്രം പോലെ സാന്ദ്രമായ സ്വരത്തില്‍ പറഞ്ഞു.

'അവര്‍ക്ക് സമ്മതമെങ്കില്‍ എനിക്കും സമ്മതമെന്ന് അറിയിച്ചേക്കൂ'

വര്‍ഷിണി ഭര്‍ത്താവിനെ അതിഗാഢം പുണര്‍ന്നു.

പെട്ടെന്ന് പുറത്ത് മഴ പെയ്തു.

മഴയ്ക്കറിയാമായിരുന്നു അവരുടെ മനസ്.

(തുടരും...)

Content Summary: Santha, Episode 01, e novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com