അധികപ്പറ്റെന്ന് സ്വന്തം മാതാപിതാക്കള്‍ എഴുതി തളളിയവൾ മറ്റൊരിടത്ത് സ്നേഹിക്കപ്പെടുന്നു, പക്ഷേ ഉപേക്ഷിച്ചവരോ?; ഗൂഢാത്മകം ഈ ജീവിതം
Mail This Article
അധ്യായം രണ്ട്: ആത്മനിര്‍വൃതി
അഞ്ചു തിരിയിട്ട നിലവിളക്കില്‍ ദീപങ്ങള്‍ മിന്നിത്തിളങ്ങി. താലത്തില്‍ പൂക്കളും പാതിമുറിഞ്ഞ നാളികേരത്തില്‍ തിരിയുമായി വലതുകാല്‍ വച്ച് ശാന്ത കൊട്ടാരത്തിനുളളിലേക്ക് കയറി. അവളുടെ ഇടതും വലതും വര്‍ഷിണിയും ലോമപാദനും നിന്നു. ഇനി ജീവിതത്തിന് തുണയും വെളിച്ചവും ഇവരാണ്. ഇവര്‍ മാത്രം.
അച്ഛനും അമ്മയും എന്ന പദം പോലും തന്നെ സംബന്ധിച്ച് മിഥ്യയാണ്. ജന്മബന്ധത്തേക്കാള്‍ വലുതാണ് കര്‍മ്മബന്ധം. ജന്മം നല്കിയവര് നിരാകരിച്ച ജീവന് ഇവിടെ സസന്തോഷം സ്വീകരിക്കപ്പെടുന്നു. ജീവിതം ഒരു സമസ്യ പോലെ ഗൂഢാത്മകമാണെന്ന് ശാന്തയ്ക്ക് തോന്നി.
കൊട്ടാരത്തിനുളളില്‍ കടന്ന ശാന്തയുടെ കരങ്ങളിലേക്ക് രാജപുരോഹതന് അടയ്ക്കയും വെറ്റിലയും നാണയവും നല്‍കിക്കൊണ്ട് പറഞ്ഞു.
'അച്ഛന്റെയും അമ്മയുടെയും കയ്യിലേക്ക് കൊടുത്ത ശേഷം ആ പാദങ്ങളില്‍ വീണ് നമസ്കരിച്ച് അനുഗ്രഹം ഏറ്റുവാങ്ങണം. ആദ്യം അമ്മയുടെ പാദങ്ങളില്‍..'
ശാന്ത അത് അനുസരിച്ചു.
നിലത്തേക്ക് കുനിഞ്ഞ ശാന്തയെ ഇരുകരങ്ങള്‍ കൊണ്ടും അനുഗ്രഹിച്ച് പതിയെ പിടിച്ചെഴുന്നേല്പ്പിക്കുമ്പോള് വര്‍ഷിണിയുടെ കണ്ണുകള്‍ നിറഞ്ഞ് തൂവി. അവര്‍ അവളെ മാറോട് ചേര്‍ത്ത് ആശ്ലേഷിച്ചു. പിന്നെ പരിസരം മറന്ന് ഉറക്കെ പൊട്ടിക്കരഞ്ഞു. പുരോഹിതന് പറഞ്ഞു.
'ആനന്ദക്കണ്ണീരാണെന്ന് അറിയാം. എന്നാലും സത്കര്‍മ്മങ്ങളില്‍ കണ്ണീര് വേണ്ട മഹാറാണി'
വര്‍ഷിണി അവളെ തന്നില്‍ നിന്നകറ്റി പട്ടുതൂവാല കൊണ്ട് കണ്ണുകള്‍ തുടച്ചു.
പിന്നാലെ ലോമപാദനും ദക്ഷിണ സ്വീകരിച്ച് അനുഗ്രഹം നല്കി.
'കുട്ടി അകത്തുപോയി വിശ്രമിച്ചോളൂ'
ശാന്ത വര്ഷിണിക്കൊപ്പം ശയ്യാതലത്തിലേക്ക് നടന്നു.
ആ ദിക്കിലേക്ക് നോക്കി ലോമപാദന് പുരോഹിതനോടായി പറഞ്ഞു.
'മട്ടും ഭാവവും കണ്ടിട്ട് പേര് പോലെ തന്നെ ശാന്തശീലയാണെന്ന് തോന്നുന്നു. പെണ്ണിന് അതാണ് യോജിച്ച രീതി. നാളെ ഭര്‍ത്തൃഗൃഹത്തിലേക്ക് പോകേണ്ടവളാണ്. അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ അവള്‍ക്ക് നന്ന്'
നടന്ന് നീങ്ങുന്നതിനിടയിലും ആ വാക്കുകള്‍ ഒരു അശരീരി പോലെ ശാന്ത കേട്ടു.
കഷ്ടം..പെണ്ണ് ഒരു പരിമിതവൃത്തമെന്ന് ഈ രാജാവും ധരിക്കുന്നു. അവളുടെ പരിധികളും സാധ്യതകളും അവള്‍ക്കല്ലേ അറിയു..
അവള്‍ക്ക് മാത്രം...
ശാന്ത ഒരു ചിത്രശലഭത്തെ പോലെ ഓടിനടന്ന് കൊട്ടാരത്തിനകവും പുറവും നോക്കി കണ്ടു. എല്ലാം കാണിച്ചുകൊടുക്കാനും വിശദീകരിക്കാനും തോഴിമാരുടെ ഒരു കൂട്ടം തന്നെയുണ്ടായിട്ടും വര്‍ഷിണി ചാരത്തു നിന്ന് മാറിയില്ല. തലയില്‍ വച്ചാല്‍ പേനരിക്കും താഴത്തു വച്ചാല്‍ ഉറുമ്പരിക്കും എന്ന പോലെയായിരുന്നു അവരുടെ മനസ്.
ഭൂമിയില്‍ ഒരു സ്ത്രീയ്ക്കും സാധിക്കാത്തവിധം സ്നേഹവാത്സല്യധാരാളിമ കൊണ്ട് അവര്‍ ശാന്തയെ പൊതിഞ്ഞു. ശാന്തയ്ക്കും അത് പുതിയൊരു അനുഭവമായി.
കോസലയില്‍ താനൊരു അനാവശ്യവസ്തുവായിരുന്നെങ്കില് ഇവിടെ താനൊരു അനിവാര്യതയായിരിക്കുന്നൂ. ലോമപാദനും അവളെ ജീവനായിരുന്നു. ഏകാന്തമായ സ്വന്തം ആത്മാവിലേക്ക് കടന്നു വന്ന ചലനാത്മകതയായിരുന്നു അവര്‍ ഇരുവര്‍ക്കും ശാന്ത.
ഈ ഭൂമിയില്‍ ഏറ്റവും വിലപ്പെട്ടതെന്തും അവള്‍ക്ക് കയ്യെത്തും ദൂരത്തായി. അവളുടെ കാര്യങ്ങള്‍ക്കായി മാത്രം നിരവധി പരിചാരകര്‍ പ്രത്യേകം നിയോഗിക്കപ്പെട്ടു. ജീവിതം ഒരു അസുലഭ അനുഭവമാണെന്ന് ശാന്തയ്ക്ക് തോന്നി. വിശിഷ്ട ഭക്ഷണങ്ങളോ വസ്ത്രമോ ഒന്നുമായിരുന്നില്ല അവളെ പ്രലോഭിപ്പിച്ചത്. അതൊക്കെ കോസലയിലും ലഭ്യമായിരുന്നു. കരുതല്‍...പരിഗണന...സ്നേഹം...വാത്സല്യം...ജീവിതം ധന്യമാകാന്‍ അതിലും വലുതായി മറ്റൊന്നുമില്ലെന്ന് കുറഞ്ഞ നാളുകള്‍ക്കുളളില്‍ ശാന്ത തിരിച്ചറിഞ്ഞു. ഈ മാറ്റം ഒരു അനുഗ്രഹമായി അവള്‍ക്ക് തോന്നി.
രണ്ടാം വാരം പതിവു പോലെ വര്‍ഷിണിയും ലോമപാദനും കോസലയിലേക്ക് പോകാന്‍ തയ്യാറെടുത്തു.
'എന്തേ നീ ചമയങ്ങളണിഞ്ഞില്ല?'
വര്‍ഷിണി അമ്പരപ്പോടെ തിരക്കി.
'എന്തിന്?
ശാന്തയുടെ വിടര്‍ന്ന കണ്ണുകളില്‍ വിസ്മയം തുളുമ്പി. വര്‍ഷിണി പറഞ്ഞു.
'നമ്മള് കോസലയിലേക്ക് പോകുന്നു'
'നമ്മളല്ല വല്യമ്മേ...നിങ്ങള്‍...ഞാനില്ല'
വര്‍ഷിണി ഒന്ന് നടുങ്ങി.
'എന്തേ..നിന്റെ വീടല്ലേ അത്. നീ ജനിച്ചയിടം. അച്ഛനെയും അമ്മയേം നിനക്ക് കാണണ്ടേ?'
'നിങ്ങളെ ഞാന്‍ കാണുന്നുണ്ടല്ലോ നിത്യവും..'
'അതല്ല നിന്റെ സ്വന്തം അച്ഛനും അമ്മയും..'
ശാന്ത അമ്മയുടെ കവിളില്‍ തലോടി. പിന്നെ നിറകണ്‍ചിരിയോടെ പറഞ്ഞു.
'ഈ അമ്മയും ദാ ആ നില്ക്കുന്നയാളുമാണ് എന്റെ അച്ഛനും അമ്മയും. ഇനിയെന്നും അത് അങ്ങനെ തന്നെയായിരിക്കും'
ആ വാക്കുകളില്‍ വര്‍ഷിണിയുടെ മനം കുളിര്‍ത്തു. തന്റെ മകളാണ് പറയുന്നത്. മകളെ പോലെയല്ല അവള് ഇപ്പോള്‍. മകള്‍ തന്നെ. ജീവിതം അര്ത്ഥപുര്ണ്ണമായതായി വര്‍ഷിണിക്ക് തോന്നി. ജഗദീശ്വരനെ അവര്‍ മനസില്‍ വാഴ്ത്തി. പ്രപഞ്ചശക്തികള്‍ക്ക് നന്ദി പറഞ്ഞു.
പൂക്കാത്ത ഗര്‍ഭപാത്രവും ചുരത്താത്ത മുലകളും ഒരു അയോഗ്യതയല്ല. സ്നേഹത്തിന്റെ പട്ടുനൂലിഴയില്‍ തീര്‍ത്ത കര്മ്മബന്ധത്തോളം മഹത്തരവും മനോഹരവുമായി മറ്റൊന്നുമില്ലെന്ന് വര്‍ഷിണിക്ക് തോന്നി. ശാന്തയ്ക്കും..
എന്നിട്ടും ഒരു അവസാനശ്രമം പോലെ വര്‍ഷിണി ചോദിച്ചു.
'നീ ഒപ്പം വന്നില്ലെങ്കില്‍ അവര്‍ക്ക് വിഷമമാവില്ലേ?'
'എന്തിന്? അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ അവര്‍ മകളെ ഇവിടേക്ക് അയക്കുമായിരുന്നോ?'
വര്‍ഷിണി ഒന്ന് ആലോചിച്ചു.
'നിനക്കവരോട് പിണക്കമാണോ മോളെ'
'എന്തിന്? ഇത്രയും നല്ല മാതാപിതാക്കളെ തന്നതിന് നന്ദിയാണുളളത്. പക്ഷെ ഇനി എനിക്ക് ഇവിടം മതി. അംഗരാജ്യം മാത്രം'
'അപ്പോള്‍ നീ വരുന്നില്ല'
'ഇല്ല''
അവള് മന്ദഹാസത്തോടെ കണ്ണടച്ചു.
പുറത്ത് രഥം അകന്നു.
വര്‍ഷിണിയും ലോമപാദനും അവളെ നോക്കി കൈവീശി.
തിരികെ ശാന്തയും..
രഥം ദൃഷ്ടിയില് നിന്ന് മറയും മുന്‍പേ സര്ണ്ണക്കൂട്ടില് ചിറകിട്ടടിക്കുന്ന പച്ചപനംതത്തയെ നോക്കി അവള് മൊഴിഞ്ഞു.
'തത്തമ്മേ...പുച്ച...പൂച്ച...തത്തമ്മേ പൂച്ച പൂച്ച'
അതേ താളത്തില്‍ തത്തമ്മയും പ്രതിവചിച്ചു.
വീണാതന്ത്രികള്‍ ചലിച്ചു. ശാന്തയുടെ വിരലുകള്‍ അതിലൂടെ അനുസ്യൂതം ഒഴുകി നടന്നു. അംഗരാജ്യം സംഗീതസാന്ദ്രമായി. ശാന്തയുടെ മനസ് പോലെ..
ശാന്ത കൗതുകത്തോടെ ഓര്‍ത്തു.
മനസോളം സംഗീതം മറ്റെവിടെയുണ്ട്?
കോസലയിലെ കൊട്ടാരമുറ്റത്ത് രഥം വന്നു നിന്നപ്പോള്‍ കുങ്കുമത്തട്ടവുമായി ഇടനാഴിയിലുടെ നടന്നു വന്ന കൗസല്യ പാത്രം തോഴിക്ക് കൈമാറി ഓടി അടുത്തേക്ക് വന്നു. പുറത്തിറങ്ങിയ ലോമപാദനെയും വര്‍ഷിണിയെയും കണ്ട് ആശ്ചര്യത്തോടെ അവര്‍ തിരക്കി.
'എവിടെ ശാന്ത..?'
'അവള് വന്നില്ല. അവള്‍ക്ക് സംഗീതപഠനത്തിന്റെ തിരക്കുകള്‍..'
കൗസല്യയുടെ മുഖം മങ്ങി.
'എന്നാലും ഇത്രടം വരെയൊന്ന്..'
'ആവുന്നത്ര നിര്‍ബന്ധിച്ചു നോക്കി. പെണ്ണ് കേള്‍ക്കണ്ടേ? അവള്‍ക്കിപ്പോ അംഗരാജ്യം വിട്ട് എവിടേക്കും പോകാന്‍ മനസില്ല പോലും'
വര്‍ഷിണി അഭിമാനത്തോടെ ചിരിച്ചു. തന്നിലെ മാതൃത്വം അംഗീകരിക്കപ്പെട്ടതു പോലെ അവര്‍ക്ക് തോന്നി. പക്ഷെ കൗസല്യയുടെ മുഖം തെളിഞ്ഞില്ല. ശാന്ത ഒരു കരടായി അവരുടെ മനസില്‍ ഇടംകോലിട്ട് നിന്നു.
ദശരഥന് വിശേഷവിധിയായി ഒന്നും തോന്നിയില്ല. അയാളുടെ മനസില്‍ ക്ഷണിക്കാതെ വന്ന ഒരു അതിഥിയായിരുന്നു അവള് എന്നും. അംഗദേശത്ത് അവള് സുരക്ഷിതയാണെന്ന് അയാള്‍ക്കറിയാം. പിന്നെ അവളെ കാണുകയെന്നത് ഒരിക്കലും അയാളുടെ പരിഗണനാ വിഷയമായിരുന്നില്ല.
ലോമപാദനും വര്‍ഷിണിയും വന്ന് മടങ്ങും വരെ ദശരഥന് അവരുമായി സംസാരിച്ചത് കൗസല്യയുടെ ചികിത്സകളെക്കുറിച്ചായിരുന്നു. ഒരു ആണ്കുട്ടിക്കുവേണ്ടിയുളള ശ്രമങ്ങള്‍ നാളിതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. പൂജകളും ഹോമങ്ങളും യാഗങ്ങളും പലകുറി നടന്നു. പുറം നാടുകളില്‍ നിന്നു പോലും മഹാവൈദ്യന്മാരെ വരുത്തി. പക്ഷെ ഒന്നും ഫലം കാണാതെ പോവുകയാണ്. ഇനിയൊരു കുഞ്ഞ് ജനിക്കുമോയെന്ന് തന്നെ സംശയമാണ്. വര്‍ഷിണി അതുകേട്ട് ആശങ്കയോടെ ലോമപാദനെ നോക്കി. സമീപഭാവിയില്‍ ഇവര്‍ ശാന്തയെ തിരിച്ച് ചോദിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. ലോമപാദന് പേടിക്കാനില്ലെന്ന മട്ടില്‍ ആത്മവിശ്വാസത്തോടെ കണ്ണടച്ച് കാണിച്ചു. അയാള്‍ക്കറിയാം ശാന്ത അവരുടെ മനസില്‍ ഇല്ലെന്ന്. അങ്ങനെയൊരു ആഭിമുഖ്യം മനസിലുണ്ടായിരുന്നെങ്കില്‍ താനല്ല സാക്ഷാല്‍ ദേവേന്ദ്രന് ആവശ്യപ്പെട്ടാല്‍ പോലും സ്വന്തം ചോരയില്‍ പിറന്ന മകളെ ഇവര്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുമായിരുന്നില്ല.
അവരുടെ മനസ് നിശ്ചയിക്കുന്ന സങ്കുചിതവൃത്തങ്ങളുടെ ചുഴിയില്‍ അഭിരമിക്കുന്നവരാണ്. സന്താനസൗഭാഗ്യം ഇനി ഉണ്ടായില്ലെങ്കിലും ഒരു പെണ്‍കുട്ടി അവരുടെ ആലോചനയിലില്ല. അനന്തരാവകാശിയായി, ഭരണത്തിന്റെ പിന്തുടര്ച്ചക്കാരനായി ആണൊരുത്തന് - അത് മാത്രമാണ് ദശരഥന്റെയും കൗസല്യയുടെയും ലക്ഷ്യം. അതിനായി അവര്‍ ഏതറ്റം വരെയും പോകും. ഈ ഭൂമിയുടെ ഏത് കോണില്‍ പോയി എന്ത് ചികിത്സ ചെയ്തിട്ടാണെങ്കിലും ശരി അവര്‍ ആഗ്രഹപ്രാപ്തി വരുത്തും.
ശാന്ത തനിക്കും വര്‍ഷിണിക്കും വിധിക്കപ്പെട്ട മകളാണ്. ബുദ്ധിമതിയാണ് അവള്. സംഗീതത്തിലും നൃത്തത്തിലും എല്ലാം അഭിരുചിയുണ്ട്. ജന്മവാസനയുണ്ട്. വേദത്തിലും ശാസ്ത്രത്തിലും ജ്ഞാനമുണ്ട്. ഒരര്‍ത്ഥത്തില്‍ അവള് ഒരു മുത്താണ്. ജന്മം നല്കിയവര് അവളുടെ വില അറിയുന്നില്ലെങ്കിലും...
കുറഞ്ഞ നാള് കൊണ്ട് തന്നെ ലോമപാദന് എല്ലാം മനസിലാക്കിയിരുന്നു.
ദശരഥനോട് അയാള്‍ക്ക് വാസ്തവത്തില്‍ സഹതാപം തോന്നി. വിലമതിക്കാനാവാത്ത ഒരു സ്വത്താണ് പെണ്ണാണ് എന്ന ഒരേയൊരു കാരണത്താല്‍ അദ്ദേഹം വലിച്ചെറിഞ്ഞത്. ചില നഷ്ടങ്ങള്‍ ചില നേട്ടങ്ങളിലേക്കുളള ജാലകങ്ങളാണെന്ന് ലോമപാദന് തോന്നി.
ഈ ലോകത്ത് തന്റേതെന്ന് ഉറപ്പിച്ച് പറയാന്‍ ഒരാളുണ്ടായതിന്റെ ആഹ്ളാദപ്രഹര്ഷങ്ങളിലായിരുന്നു വര്‍ഷിണി.
ശാന്തയ്ക്കും അതേ സന്തോഷം തന്നെയായിരുന്നു. ലോമപാദനും വര്‍ഷിണിയും അവളെ കൈവെളളയില്‍ കൊണ്ടു നടന്നിരുന്നു. അവര്‍ അവളുടെ ഏത് ഇഷ്ടവും സാധിച്ചുകൊടുത്തു. അവള് പറയുന്നതെന്തും വിലകല്‍പ്പിക്കപ്പെട്ടു.
അധികപറ്റാണെന്ന് സ്വന്തം മാതാപിതാക്കള്‍ എഴുതി തളളിയ ജന്മം മറ്റൊരിടത്ത് മറ്റൊരു തലത്തില്‍ അംഗീകരിക്കപ്പെടുകയാണ്. സ്നേഹിക്കപ്പെടുകയാണ്. ഒരു മനുഷ്യാത്മാവിന് അതില്‍ പരം ആഹ്ളാദ ദായകമായി മറ്റെന്താണുളളത്?
മനസ് നിറഞ്ഞ ഒരു ദശകം കടന്നു പോയത് ശാന്ത അറിഞ്ഞില്ല. കാലം അവളില്‍ പെണ്ണിന്റെ സഹജമായ രൂപഭംഗി അതിന്റെ എല്ലാ പൂര്‍ണ്ണതയോടെയും നിറച്ചു.
ഇപ്പോള്‍ ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും. അത്രയ്ക്കാണ് ലാവണ്യം.
ശാന്ത അതിലൊന്നും അഭിരമിച്ചിരുന്നില്ല. അവളുടെ മനസില്‍ എന്നും ഒരു ദുഖം ബാക്കി നിന്നു. പെണ്ണാണ് എന്ന ഏകകാരണത്താല്‍ ജന്മം നല്കിയവരാല് നിരാകരിക്കപ്പെട്ട ഒരുവളാണ് താന്‍ എന്ന ബോധം അവളെ ക്രൂരമായി വേട്ടയാടി.
അന്ന് കോസലരാജ്യത്തിന്റെ പടിയിറങ്ങിയതാണ്. പിന്നീടൊരിക്കലും ശാന്ത അവിടേക്ക് പോയിട്ടില്ല. മാസത്തില്‍ ഒരിക്കല്‍ കോസല സന്ദര്‍ശിക്കുന്ന പതിവ് മുടക്കിയിരുന്നില്ല വര്‍ഷിണിയും ലോമപാദനും.
പല കുറി നിര്‍ബന്ധിച്ചു. കൗസല്യയുടെ കുറിമാനങ്ങള്‍ കൈമാറി. എല്ലാ ശ്രമങ്ങളും ജലരേഖകളായി. ദശരഥനും കൗസല്യയും പല കുറി അംഗദേശത്ത് വന്നു. അവര്‍ വരുന്നു എന്ന് അറിയിപ്പ് കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ശാന്ത ലോമപാദന്റെ സഹോദരി ശകുന്തളയുടെ ഗൃഹത്തിലേക്ക് പോകും. ഒരിക്കല്‍ മുന്നറിയിപ്പുകളില്ലാതെയായിരുന്നു സന്ദര്‍ശനം. പുറത്ത് വന്നു നിന്ന രഥത്തില്‍ നിന്നും പുറത്തിറങ്ങുന്ന കൗസല്യയെ കണ്ട് ശാന്ത അപകടം മണത്തു. അവള് കൊട്ടാരത്തിന്റെ മുകള്‍നിലയിലെ മുറിയില്‍ കയറി കതകടച്ചു. ഒരു പകല്‍ മുഴുവന്‍ പുറത്ത് വന്നില്ല. വര്‍ഷിണി എത്ര നിര്‍ബന്ധിച്ചിട്ടും വാതില്‍ തുറന്നില്ല. ജലപാനം കഴിച്ചില്ല.
ആ രാത്രി അതേച്ചൊല്ലി അവര്‍ തമ്മില്‍ വഴക്കായി. വര്‍ഷിണി അതുവരെയില്ലാത്ത വിധം കോപിഷ്ഠയായി.
''നോക്ക്..കൗസല്യ എന്റെ അനുജത്തിയാണ്. അതിലുപരി നിന്റെ അമ്മയാണ്. അവള് വരുന്നത് നമ്മളെ കാണാനാണ്. ആ സമയത്ത് വാതില്‍ കൊട്ടിയടയ്ക്കുന്നത് മര്യാദയല്ല. എന്ത് കാരണത്താലാണെങ്കിലും...'
'എന്നെ ഇഷ്ടമല്ലാത്തവരെ എനിക്ക് കാണണ്ട'
ശാന്ത അറുത്തുമുറിച്ച് പറഞ്ഞു.
'ഇഷ്ടമല്ലെന്ന് ആര് പറഞ്ഞു? കുട്ടികളില്ലാത്തതു കൊണ്ടല്ലേ അവര്‍ നിന്നെ ഞങ്ങള്‍ക്ക് തന്നത്?'
'അമ്മയുടെ സ്ഥാനത്ത് വല്യമ്മയായിരുന്നെങ്കില് അങ്ങനെ ചെയ്യുമായിരുന്നോ?'
വര്‍ഷിണി ഒന്ന് പതറി. സ്വന്തം ചോരയില്‍ പിറന്ന ഉദരത്തില്‍ പിറന്ന നൊന്തു പ്രസവിച്ച കുഞ്ഞിനെ താനായിരുന്നെങ്കില്‍ കൈമാറ്റം ചെയ്യുമായിരുന്നോ? അവര്‍ മനസില്‍ സങ്കല്പ്പിച്ചു നോക്കി. പെട്ടെന്ന് തന്നെ മനസ് അതിന് ഉത്തരം നല്കി. ഇല്ല. ഒരിക്കലുമില്ല. ഒരു നിമിഷം അതിനെ പിരിഞ്ഞു നില്ക്കാന് തനിക്ക് സാധിക്കില്ല.
പക്ഷെ ശാന്തയോട് എന്ത് പറയും?
'എന്റെ ചോദ്യത്തിന് വല്യമ്മ മറുപടി തന്നില്ല'
വര്‍ഷിണി ഒന്ന് പതറി. എന്താണ് താന്‍ ഈ കുട്ടിയോട് പറയുക?
മനസില്‍ ഒന്ന് വച്ച് പുറത്ത് മറ്റൊന്ന് പറയാന്‍ താന്‍ കൗസല്യയല്ല. വര്‍ഷിണി എന്തും വരട്ടൈയെന്ന് കരുതി പറഞ്ഞു.
'ഞാനൊരിക്കലും എന്റെ കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല'
ശാന്തയുടെ മുഖം തിളങ്ങി. അവിടെ ഒരു മധുരപ്രതികാരത്തിന്റെ സുഹാസം പരന്നു.
'എനിക്ക് അത് മാത്രം കേട്ടാല്‍ മതിയമ്മേ..'
വര്‍ഷിണി ഒന്ന് നടുങ്ങി.
'എന്താ നീ വിളിച്ചത്? അമ്മയെന്നോ..'
ശാന്ത വീണ്ടും ചിരിച്ചു.
'ഇക്കണ്ട കാലമത്രയും അങ്ങനെയായിരുന്നില്ലല്ലോ വിളിച്ചത്?'
'അത് അറിവില്ലാത്ത പ്രായം .ഇത് അറിവുളള പ്രായം. പതിനെട്ട് തികഞ്ഞ പെണ്ണല്ലേ അമ്മേ ഞാന്‍. കാര്യങ്ങള്‍ മനസിലാക്കാനുളള വിവേചനബുദ്ധി ഇപ്പോള്‍ എനിക്കുണ്ട്. എന്നെ മകളായി കാണുന്നവരാണ് എന്റെ അച്ഛനും അമ്മയും. ഇന്നു മുതല്‍ വല്യച്ഛന് എനിക്ക് അച്ഛനാണ്. അമ്മ എനിക്ക് അമ്മയും'
വര്‍ഷിണി അവളെ വാത്സല്യത്തോടെ അണച്ചുപിടിച്ച് നിറയെ ഉമ്മ വച്ചു. ആ സ്നേഹനിമിഷങ്ങളിലും അവര്‍ ഉറക്കെ കരഞ്ഞു പോയി.
വല്യച്ഛന് അച്ഛനാവുന്നു. വല്യമ്മ അമ്മയും...
രണ്ട് അക്ഷരങ്ങള്‍ വഴിമാറുമ്പോള്‍ ഒരു ബന്ധം ശക്തമായി ഊട്ടിയുറപ്പിക്കപ്പെടുകയാണ്.
അമ്മ...
എത്ര അര്‍ത്ഥപൂര്‍ണ്ണമാണ് ആ പദം. എത്ര ധ്വനിസാന്ദ്രമാണ്. എത്ര കാവ്യാത്മകമാണ്. എത്ര ആഴവും പരപ്പുമുളളതാണ്...എത്ര സ്നേഹനിര്‍ഭരമാണ്..
അമ്മയാവാന്‍ കഴിയുക...അതില്പരം നിര്‍വൃതിദായകമായി ഈ ഭൂമിയില്‍ മറ്റെന്താണുളളത്?
ഒരു ജന്മം സഫലമായതായി തോന്നി വര്‍ഷിണിക്ക്.
രാജ്യകാര്യങ്ങളുടെ തിരക്കിലായിരുന്ന ലോമപാദന്റെ അരികിലേക്ക് ഓടിച്ചെന്ന് സഭാംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നത് പോലും കാര്യമാക്കാതെ അദ്ദേഹത്തെ പിടിച്ചുവലിച്ച് മാറ്റി നിര്‍ത്തി അവര്‍ കാതില്‍ ആ രഹസ്യം പറഞ്ഞു. അദ്ദേഹത്തിനും അത് ഉന്മേഷദായകമായി. അമ്പരപ്പ് നിറഞ്ഞ ആഹ്ളാദത്തോടെ അദ്ദേഹം പറഞ്ഞു.
'മനസ് നിറഞ്ഞു ദേവി. അച്ഛനായി കാണുമ്പോഴും അവളുടെ വിളിയില്‍ ഒരു അതിര്‍വരമ്പുണ്ടായിരുന്നു ദേവി. വല്യച്ഛന്...മറ്റാരുടെയോ മകള്‍ എന്ന തോന്നലുളവായിരുന്നു. ഇപ്പോള്‍...ഇപ്പോള്‍ അവള്‍ക്ക് നമ്മള് അച്ഛനും അമ്മയുമായിരിക്കുന്നു അല്ലേ?'
വര്‍ഷിണി ചിരിച്ചു.
'എങ്കില്‍ എനിക്കുമൊന്ന് കേള്‍ക്കണമല്ലോ ആ വിളി'
'അതിനെന്താ..വരൂ..ഇപ്പോള്‍ തന്നെ കേള്‍ക്കാം. അവളുടെ നാവില്‍ നിന്ന് തന്നെ കേള്‍ക്കണം'
ഒരു കൊച്ചുകുഞ്ഞിന്റെ ഉത്സാഹത്തോടെ അദ്ദേഹം റാണിക്കൊപ്പം നടന്നു പോകുന്നത് കണ്ട് സഭാംഗങ്ങള്‍ അമ്പരന്നു. കഥയറിയാതെ ആട്ടം കാണുകയായിരുന്ന അവര്‍ പരസ്പരം നോക്കി.
ആ സമയത്തിനുളളില്‍ ലോമപാദന് വര്ഷിണിക്കൊപ്പം മകളുടെ ശയ്യാതലത്തില്‍ എത്തിയിരുന്നു. പട്ടുമെത്തയില്‍ ഏതോ ചിന്തകളില്‍ അഭിരമിച്ച് കിടക്കുകയായിരുന്ന ശാന്ത ലോമപാദനെ കണ്ട് ആദരപൂര്‍വം ചാടിയെണീറ്റു.
'വിശ്രമിച്ചോളു മകളേ...പെട്ടെന്ന് ഒന്ന് കാണണമെന്ന് തോന്നി വന്നതാണ് അച്ഛന്'
അയാള്‍ തന്നെ അവള്‍ക്ക് മുന്നിലേക്ക് ആ പദം നീട്ടിയെറിഞ്ഞു. ശാന്ത ആ വരവിന്റെ ഉദ്ദേശം മനസില്‍ ഗണിച്ചു. പിന്നെ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി സ്നേഹസ്നാതമായി വിളിച്ചു.
'അച്ഛാ...'
ഹൃദയത്തില്‍ ഒരു തേന്മഴ പൊഴിയും പോലെ ലോമപാദന് തോന്നി. പിതൃത്വം അംഗീകരിക്കപ്പെടുകയാണ്. മനസുകൊണ്ട് എങ്കിലും താനൊരു അച്ഛനാവുകയാണ്. തന്റെ രക്തത്തില്‍ പിറക്കാതെ പോയ മകള്‍ മുഖത്ത് നോക്കി ഉളളറിഞ്ഞ് അച്ഛാ എന്ന് വിളിക്കുമ്പോള്‍ ആത്മനിര്‍വൃതി എന്ന പദത്തിന്റെ അര്‍ത്ഥം അറിയുന്നു.
അയാള്‍ അരികിലേക്ക് അണഞ്ഞ് അവളെ ദീര്‍ഘമായി ആലിംഗനം ചെയ്തു. വാത്സല്യത്തിന്റെ അത്യുച്ചകോടിയില്‍ നിന്നുകൊണ്ട് ആ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
വര്‍ഷിണിയുടെ കണ്ണുകളില്‍ നീര്മുത്തുകള് തിളങ്ങി.
ആശീര്‍വദിക്കും പോലെ ജാലകവിരികള്‍ കടന്ന് എങ്ങു നിന്നോ വന്ന കാറ്റ് അവരെ പൊതിഞ്ഞു.
മൂന്ന് മനുഷ്യജന്മങ്ങള് അര്ത്ഥപൂര്ണ്ണമാവുകയാണ്. ധന്യമാവുകയാണ്.
ഭൂമിക്ക് നന്ദി. പ്രപഞ്ചശക്തിക്ക് നന്ദി. എല്ലാവര്ക്കും എല്ലാറ്റിനും നന്ദി.
ലോമപാദന് സകല ചരാചരങ്ങള്‍ക്കും മനസില്‍ നന്ദി പറഞ്ഞു.
വര്‍ഷിണി അകലെയെങ്ങോ അദൃശ്യനായിരുന്ന് അനുഗ്രഹിക്കുന്ന ആ മഹാശക്തിയെ മനസാ പ്രണമിച്ചു.
ശാന്തയുടെ മന്ദഹാസം അതിന്റെ പ്രതിഫലനമാണെന്ന് അവള്‍ക്ക് തോന്നി.
(തുടരും)
Content Summary: Santha, Episode 02, E Novel Written by Sajil Sreedhar