ഏത് ദേവേന്ദ്രനെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ ശില്‍പ്പസൗന്ദര്യമുളള ഒരു രൂപം, ശാന്ത!
Mail This Article
അധ്യായം 3: സമൂഹമനസ്
പളളിനീരാട്ട് കഴിഞ്ഞ് സ്വകാര്യമുറിയിലെ കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നിന്ന് സ്വരൂപം നോക്കുകയായിരുന്നു ശാന്ത.
അവള്‍ക്ക് തന്നോട് തന്നെ എന്തെന്നില്ലാത്ത മതിപ്പ് തോന്നി.
കാലം വരച്ച ചിത്രങ്ങള്‍ കണ്ട് അവള്‍ അത്ഭുതപ്പെട്ടു.
മഹാനായ ഏതോ ശില്‍പ്പി കൊത്തിയെടുത്തതു പോലുളള ശരീരം.
ഉരുണ്ട് കൊഴുത്ത് ത്രസിപ്പോടെ തുളളിച്ചാടി നില്‍ക്കുന്ന മാറിടങ്ങള്‍.
സദാ ചുവന്ന് നനഞ്ഞ അധരങ്ങള്‍. വിറകൊളളുന്ന മൂക്ക്. വിയര്‍പ്പ് പൊടിഞ്ഞ മേല്‍ച്ചുണ്ടുകള്‍.
റോസാപ്പൂവിന്റെ നിറം തുടിക്കുന്ന കവിളുകള്‍...
നീണ്ട്‌മെലിഞ്ഞ ചേതോഹരമായ കൈവിരലുകള്‍..
എല്ലായിടത്തും നിറയുന്ന ഭംഗി...
പെണ്ണിനേക്കാള്‍ കാന്തികമായ ഏത് സൗന്ദര്യമുദ്രയാണ് ഈ പ്രപഞ്ചത്തിലുളളത്. കടല്‍, നിലാവ്, മഞ്ഞ്, പച്ചപ്പ്...എല്ലാം അവള്‍ക്ക് പിന്നില്‍.
ഏത് ദേവേന്ദ്രനെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ ശില്‍പ്പസൗന്ദര്യമുളള ഒരു രൂപം.
പെണ്ണായി ജനിക്കുന്നതില്‍ പരം സൗഭാഗ്യം മറ്റൊന്നില്ലെന്ന് ശാന്തയ്ക്ക് തോന്നി.
സ്ത്രീജന്മം അഭിശപ്തമെന്ന് ആരാണ് പറഞ്ഞത്? കൗസല്യയും ദശരഥനും..
അത് അവരുടെ അജ്ഞതയുടെ അടയാളമുദ്രകളാണ്.
പെണ്ണിനോളം സുന്ദരമായ ഒരു സൃഷ്ടിയും ഈ ഭൂമുഖത്തില്ല. ഏത് വിശ്വാമിത്രന്റെയും തപസിളക്കാന്‍ പര്യാപ്തമാണ് ഒരു പെണ്ണിന്റെ രൂപസൗകുമാര്യം?
അതിനപ്പുറം പെണ്ണിനെക്കുറിച്ച് ഈ ലോകത്തിന് ഒരു ചുക്കും അറിയില്ല.
കാഴ്ചവസ്തുവിന്റെ ഉപരിപ്ലവ തലത്തിനപ്പുറം സൂക്ഷ്മബുദ്ധിയുടെയും പ്രാഗത്ഭ്യത്തിന്റെയും ധൈഷണികമായ ഒരു തലം കൂടിയുണ്ട് അവള്‍ക്ക്. അവളുടെ മനസിന്റെ മേച്ചില്‍പ്പുറങ്ങളൂം ബുദ്ധിയുടെ വിതാനങ്ങളും കാണാന്‍ കെല്‍പ്പില്ലാത്തവരാണ് പെണ്ണിനെ രണ്ടാം തരം പൗരനായി മുദ്ര കുത്തുന്നത്.അല്‍പ്പജ്ഞാനികളേ നിങ്ങളോട് ഞാന്‍ സഹതപിക്കുന്നു. അവള്‍ മനസില്‍ പറഞ്ഞു.
പുറത്ത് പാദസരങ്ങള്‍ കിലുങ്ങി.
പ്രതീക്ഷിച്ചതു പോലെ തന്നെ അമ്മയാണ്.
'എന്താമ്മേ...?' അവള്‍ വിടര്‍ന്ന മുഖം തിരിച്ച് ചോദിച്ചു.
'ഇന്ന് പതിവിലും സന്തോഷത്തിലാണല്ലോ?' വര്‍ഷിണി നിറചിരിയോടെ ചോദിച്ചു.
'അംഗദേശത്ത് വന്നശേഷം സന്തോഷത്തിന് ഒരു കാലത്തും കുറവുണ്ടായിട്ടില്ലമ്മേ..എല്ലാം അച്ഛന്റെയും അമ്മയുടെയും സ്‌നേഹം..കാരുണ്യം..'
'അങ്ങനെ പറയരുത് മകളെ...നീ വന്ന ശേഷമാണ് ഞങ്ങളുടെ ജീവിതം ഒരു ജീവിതമായത്. അധികാരവും ധനവും ഉണ്ടായിട്ട് എന്ത് കാര്യം? നമുക്ക് സ്‌നേഹിക്കാന്‍ നമ്മെ സ്‌നേഹിക്കാന്‍ ഒരാള്‍ വേണ്ടേ? കുഞ്ഞുങ്ങള്‍ ഒരു അനുഭവമാണ് കുട്ടീ..നീയൊരു അമ്മയാകുമ്പോള്‍ നിനക്കും അത് മനസിലാകും..'
'അതിന് ഇനിയും സമയമെടുക്കും അമ്മേ..' അവള്‍ പറഞ്ഞതു കേട്ട് വര്‍ഷിണി ഉറക്കെ പൊട്ടിച്ചിരിച്ചു.
'അതുപോട്ടെ. നീ എന്നെ അന്വേഷിച്ചതായി ഗോപിക പറഞ്ഞു'
'ങും...ഇന്നലെ പറഞ്ഞ കാര്യം അമ്മ അച്ഛനോട് ആലോചിച്ചോ?' പെട്ടെന്നുള്ള കാറ്റില്‍ അണഞ്ഞ വിളക്ക് പോലെ വര്‍ഷിണിയുടെ മുഖത്തെ വെളിച്ചം മാഞ്ഞു.
''കളരി അഭ്യാസം പഠിക്കുന്ന കാര്യല്ലേ?' അവര്‍ സംശയനിവൃത്തിക്കായി എടുത്ത് ചോദിച്ചു.
'ങും..' അവള്‍ അമ്മയുടെ വസ്ത്രത്തുമ്പില്‍ തെരുപ്പിടിച്ച് കൊഞ്ചലോടെ പറഞ്ഞു.
ആഗ്രഹത്തിന്റെ തീവ്രത വിചാരിക്കുന്നതിലും വലുതാണെന്ന് വര്‍ഷിണി തിരിച്ചറിഞ്ഞു. എന്നിട്ടും നിരാശയോടെ അവര്‍ അറിയിച്ചു.
'അച്ഛന്‍ സമ്മതിക്കുന്നില്ല മോളെ..'
'അതെന്താ...നല്ലതല്ലേ അത്. ആണ്‍തുണയില്ലാതെ ഒരു പെണ്ണിന് സ്വയരക്ഷയ്ക്ക് അതൊക്കെ ആവശ്യമാണ് അമ്മേ..''
'നീ പറയുന്നത് ശരി തന്നെ. പക്ഷെ അച്ഛന്റെ കാഴ്ചപ്പാട് വേറെയാണ്'
'മനസിലായില്ല?'
ശാന്തയുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
'അതൊന്നും പെണ്ണുങ്ങള്‍ക്ക് പറ്റിയതല്ലെന്നാണ് അച്ഛന്‍ പറയുന്നത്. ഉയര്‍ന്ന് ചാടി പയറ്റുമ്പോള്‍ ശരീരഭാഗങ്ങള്‍ അനാവൃതമാകും പോലും.'
'അതൊക്കെ പഴയ വിശ്വാസങ്ങളാണ് അമ്മേ..അച്ഛനോട് കാലത്തിനൊത്ത് മാറാന്‍ അമ്മയ്ക്ക് പറഞ്ഞുടേ?'
അവളുടെ നിഷ്‌കളങ്കത കണ്ട് വര്‍ഷിണി വിഷാദാത്മകമായി ചിരിച്ചു.
'അതെന്താ അമ്മ ചിരിച്ചു കളഞ്ഞത്?'
ശാന്തയ്ക്ക് ആകെ അസ്വസ്ഥത തോന്നി. എത്ര നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് ഒരു വ്യക്തിയുടെ അഭിലാഷങ്ങള്‍ക്ക് തടയിടുന്നത്. പെണ്ണായി ജനിച്ചത് ഒരു പരിമിതിയും പരാധീനതയുമായി മഹാരാജാവ് പോലും കാണുന്നു.
'അമ്മയെന്താ ഒന്നും മിണ്ടാത്തത്. എന്തെങ്കിലും ഒന്ന് പറയമ്മേ..എന്റെ ആഗ്രഹമല്ലേ?'
വര്‍ഷിണി തളര്‍ന്ന സ്വരത്തിലാണ് പറഞ്ഞു തുടങ്ങിയത്.
'അറിയാം മോളെ..പക്ഷെ നമുക്ക് പറയാനും ചില അതിരുകളുണ്ട്. അച്ഛന്റെ തീരുമാനങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍ നമുക്ക് അവകാശമില്ല. കൗമാരത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനെയും ആശ്രയിച്ച് കഴിയാന്‍ വിധിക്കപ്പെട്ടതാണ് സ്ത്രീയുടെ ജന്മം. ആണ്‍തുണയില്ലാതെ പെണ്ണിന് നിലനില്‍പ്പില്ലെന്ന് പുരാണങ്ങള്‍ പോലും പറയുന്നു'
ശാന്തയ്ക്ക് കഠിനമായ ആത്മനിന്ദ തോന്നി. ഒരു പുരുഷന് ചെയ്യാവുന്നതെന്തും സ്ത്രീക്കും കഴിയും. കളരിമുറകള്‍ നിഷിദ്ധമായ ഒന്നല്ല. ഒരു സുരക്ഷാമാര്‍ഗം എന്നതിലുപരി അത് ഒരു കലയും വ്യായാമവും കൂടിയാണ്. അത് പരിശീലിക്കുന്നതില്‍ ഒരു തെറ്റുമുള്ളതായി തനിക്ക് തോന്നുന്നില്ല. അച്ഛന്‍, അമ്മ..അങ്ങനെ എന്തൊക്കെ ബന്ധങ്ങളും കെട്ടുപാടുകളുമുണ്ടെങ്കിലും ശരി താനുമൊരു വ്യക്തിയാണ്. സ്വന്തമായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും തീരുമാനങ്ങളും കൊണ്ടുനടക്കാനും യാഥാര്‍ത്ഥ്യമാക്കാനും അവകാശമുള്ള വ്യക്തി. അതിന് തടയിടാനും ഹനിക്കാനും ആര്‍ക്കും അധികാരമില്ല. അങ്ങനെ അനുവദിച്ചുകൊടുക്കുന്നതിലും ഭേദം മരണമാണ്.
എന്ത് സംഭവിച്ചാലും ഞാന്‍ എന്റെ ആഗ്രഹം നടപ്പിലാക്കും. അച്ഛന്‍ എതിര്‍ത്തു എന്ന് കരുതി സ്വന്തം ഇഷ്ടത്തില്‍ നിന്ന് ഒളിച്ചോടാന്‍ തനിക്ക് കഴിയില്ല. ഒരു അവസാന ശ്രമമെന്നോണം ലോമപാദനോട് നേരിട്ട് തന്നെ വിവരം അറിയിക്കാന്‍ അവള്‍ തീരുമാനിച്ചു.
വിശ്രമമുറിയിലെ ആട്ടുകട്ടിലില്‍ തനിച്ചിരുന്ന് ആടുന്നതിനിടയിലാണ് അനുവാദം ചോദിക്കാതെ ശാന്ത കടന്നു ചെന്നത്. സാധാരണ അമ്മയുടെ വസ്ത്രത്തുമ്പില്‍ തൂങ്ങി വരുന്ന പെണ്ണാണ് ഇക്കുറി തനിച്ച്..
ലോമപാദന്‍ അപ്പോള്‍ തന്നെ ആഗമനത്തിന്റെ കാരണം ഊഹിച്ചു. എന്നിട്ടും ഒന്നും അറിയാത്ത മട്ടില്‍ കുശലം ചോദിച്ചു. ശാന്ത അതിന് മറുപടി നല്‍കാതെ നേരെ കാര്യത്തിലേക്ക് കടന്നു.
'അച്ഛനെന്താ എന്നെ കളരി പഠിക്കാന്‍ അനുവദിക്കാത്തത്?'
പരിഭവം കലര്‍ന്ന ആ വാക്കുകള്‍ കേട്ട് ലോമപാദന്‍ ചിരിച്ചു.
'അത് പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല മകളേ..'
'എന്നാര് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതൊക്കെ പെണ്‍കുട്ടികള്‍ക്കും ചേരും'
'അതൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പില്‍ നിനക്ക് തോന്നുന്നതാണ്. ആയോധനം പഠിക്കുന്ന പെണ്ണിനെ ധിക്കാരിയായേ സമൂഹം കരുതൂ..പെണ്ണ് പുരുഷന്റെ നിഴലിലും തണലിലും ഒതുങ്ങിക്കഴിയേണ്ടവളാണ്. വിവാഹം കഴിച്ച് ഉത്തമനായ പുരുഷന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് പ്രസവിക്കുക എന്നതാണ് അവളുടെ ധര്‍മ്മം'
'അത് മാത്രമാണോ ഒരു പെണ്ണിന്റെ ധര്‍മ്മം?'
ശാന്ത വാഗ്വാദത്തിനുളള ഒരുക്കമാണെന്ന് ലോമപാദന്‍ ഭയന്നു.
'സംശയമെന്ത്? അതാണ് കീഴ്‌വഴക്കം. തലമുറകളായി പിന്‍തുടരുന്ന ശീലം'
'അത്തരം ശീലങ്ങള്‍ തുടച്ചു നീക്കേണ്ട കാലമായി അച്ഛാ..'
ലോമപാദന്‍ ഒന്ന് ഞെട്ടി.
പുരുഷന്റെ മുഖത്ത് നോക്കി-അതും പിതൃസ്ഥാനീയനും രാജ്യാധികാരത്തിന് ഉടമയുമായ ഒരാളോട് കൗമാരം കടക്കാത്ത ഇത്തിരിയോളം പോന്ന പെണ്ണ് ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ?
'വഴിപിഴച്ച സ്ത്രീകളാണ് ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നത്?'
ലോമപാദന്‍ തന്റെ പ്രതിഷേധം കുറഞ്ഞ വാക്കുകളില്‍ പ്രകടിപ്പിച്ചു.
'എന്നാര് പറഞ്ഞു? കഴിവുളള പെണ്ണുങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചാല്‍ അതെങ്ങിനെ വഴിപിഴയ്ക്കലാവും? അച്ഛന്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ആയോധനമുറ പഠിക്കും. അത് എന്റെ തീരുമാനമാണ്'
അത്രമാത്രം പറഞ്ഞ് അവള്‍ മുറിവിട്ട് പോയി.
ലോമപാദന്‍ വൈദ്യുതാഘാതമേറ്റതു പോലെ തരിച്ച് നിന്നു. പെട്ടെന്ന് വര്‍ഷിണി മുറിയിലേക്ക് കയറി വന്നു. മഹാരാജാവ് ചോദ്യഭാവത്തില്‍ അവരെ നോക്കി. വര്‍ഷിണി പറഞ്ഞു.
'കേട്ടു. ഞാന്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു'
'ഈ പോക്ക് എവിടേക്കാണ്?'
'അറിയില്ല. പക്ഷെ നമ്മുടെ മോളാണ്. നമുക്ക് അവളല്ലാതെ മറ്റാരുമില്ല. ആ മനസ് വിഷമിപ്പിക്കാതെ നോക്കേണ്ടതുണ്ട്'
ലോമപാദന്‍ മറുപടി പറയാതെ തലകുമ്പിട്ടിരുന്നു. ആലോചനകളുടെ അഗാധതയിലായിരുന്നു ആ മനസ്.
ശാന്ത രോഷം തിളയ്ക്കുന്ന ഹൃദയവുമായി സ്വന്തം മുറിയില്‍ വന്നിരുന്നു.
ആട്ടുകട്ടിലിന്റെ ചങ്ങലകള്‍ ശബ്ദഘോഷത്തോടെ കരഞ്ഞു. സകല ദേഷ്യവും ആടിത്തീര്‍ക്കുകയായിരുന്നു അവള്‍. മുഴുവന്‍ ശക്തിയുമെടുത്തായിരുന്നു ആട്ടം. കണ്ണുകള്‍ തുറിച്ച് പുറത്തേക്ക് ചാടുമെന്ന് തോന്നും വിധം. അവള്‍ രൂക്ഷമായി ഏതോ ദിക്കിലേക്ക് നോക്കി.
ആത്മരോഷത്തോടെ അവള്‍ ഓര്‍ത്തു.
സ്വയം പര്യാപ്തയാവാനും സ്വന്തം കാലില്‍ നില്‍ക്കാനും അഭിരുചിയുള്ള കാര്യങ്ങള്‍ ചെയ്യാനും ശ്രമിക്കുന്നത് എങ്ങിനെ വഴിപിഴയ്ക്കലിന്റെ ലക്ഷണങ്ങളാവും?
പെണ്ണായി പിറന്നതുകൊണ്ട് ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് പോലും താന്‍ ഒരു അനാവശ്യ വസ്തുവാകുന്നു.
എന്താണ് പെണ്ണിന്റെ കുറവ്?
ഈ ലോകം നിലനിര്‍ത്താന്‍ അനന്തര തലമുറകള്‍ക്ക് ജന്മം നല്‍കാന്‍ ഒരു പെണ്ണിന്റെ ഉദരം അനിവാര്യമാണ്.
പെണ്ണില്ലാതെ ഒരു ജീവനുമില്ല...ജീവിതവുമില്ല...
എന്നിട്ടും അപഹസിക്കപ്പെടാനും രണ്ടാം തരം പൗരനായി തരംതാഴ്ത്തപ്പെടാനും അവളുടെ വിധി.
കേവലം വിധിയെന്ന് പറഞ്ഞ് ലഘൂകരിക്കാനുളളതല്ല ഒന്നും...തീവ്രമായി പ്രതികരിക്കണം. എതിര്‍ക്കണം. അവകാശങ്ങള്‍ കണക്ക് പറഞ്ഞ് നേടണം.
പക്ഷെ ഒരാള്‍ തനിച്ച് എത്ര യുദ്ധം ചെയ്താലും നേടാന്‍ കഴിയില്ല. സംഘടിതശക്തിക്ക് മാത്രമേ ഈ ദുസ്ഥിതിയില്‍ മാറ്റം വരുത്താന്‍ കഴിയു..
പക്ഷെ അത് എങ്ങിനെ ആര്‍ജ്ജിക്കും?
സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് താന്‍ മുന്‍കൈ എടുത്താല്‍ അത് രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് എതിരായ നീക്കമാവും. മഹാരാജാവിന്റെ മകള്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നതില്‍ അനൗചിത്യമുണ്ട്.
എന്തൊക്കെ പറഞ്ഞാലും സ്വന്തം രക്ഷിതാക്കള്‍ കൈവിട്ടപ്പോള്‍ തനിക്ക് അഭയവും ആശ്രയവുമരുളിയവരാണ് ലോമപാദനും വര്‍ഷിണിയും.
അവര്‍ക്ക് വേണ്ടി തന്റെ സ്വപ്നങ്ങള്‍ ബലികഴിക്കുകയാണ് ഉചിതം.
അവര്‍ പറയുന്നത് അനുസരിക്കുക. ശിരസാവഹിക്കുക. അവര്‍ക്ക് വിധേയരാവുക. അവരുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുക. അത് മാത്രമാണ് കരണീയം. അത് മാത്രമാണ് മുന്നില്‍.
നിരാശയോടെ അവള്‍ സ്വന്തം ആഗ്രഹങ്ങളെ സ്വയം കുഴിച്ചുമൂടി.
ആട്ടുകട്ടിലിന്റെ ചങ്ങലയുടെ മുറുക്കം അയഞ്ഞു. കുലുക്കം തനത് താളത്തിലേക്ക് മടങ്ങി.
ശാന്ത ദീര്‍ഘമായി നിശ്വസിച്ചു.
അമ്മയുടെ കാല്‍പ്പെരുമാറ്റം അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി.
മുഖം നിറയെ ചിരിയുമായാണ് വര്‍ഷിണി അവളെ വരവേറ്റത്.
അതിന്റെ കാരണം അറിയാതെ അമ്പരക്കും മുന്‍പ് മറുപടി വന്നു.
'അച്ഛന്‍ സമ്മതിച്ചു. കളരി പഠിക്കാന്‍.. നാളെ തന്നെ ഗുരുവിനെ കണ്ട് ദക്ഷിണ വച്ചോളൂ'
ശാന്തയുടെ മുഖം വിടര്‍ന്നില്ല. ചിരി തെളിഞ്ഞില്ല. ശാഠ്യങ്ങളും നിര്‍ബന്ധങ്ങളും കൊണ്ട് സംഭവിക്കേണ്ടതല്ല മാറ്റങ്ങള്‍. അത് ഉത്തമബോധ്യത്തില്‍ നിന്ന് ഉയിര്‍കൊളേളണ്ടതാണ്. തന്റെ ആഗ്രഹസാഫല്യം എന്നതിനപ്പുറം എല്ലാ സ്ത്രീകള്‍ക്കും ഇത്തരം അവകാശങ്ങള്‍ അനുവദിക്കപ്പെടുന്ന കാലം വരണം. അതിന് ആദ്യം മാറേണ്ടത് സമൂഹമനസാണ്. മഹാരാജാവ് അടക്കം അതിനെ പിന്‍തുടരാന്‍ സന്നദ്ധരാവും.
'മോളെന്താ ഒന്നും പറയാത്തത്?'
ശാന്തയുടെ മൗനം വര്‍ഷിണിയെ ത്രിശങ്കുവിലാക്കി.
ആലോചനകളുടെ മൗനത്തിന് ശേഷം ശാന്ത പതിഞ്ഞ താളത്തില്‍ പറഞ്ഞു.
'വേണ്ടമ്മേ..അച്ഛനെയും അമ്മയെയും വിഷമിപ്പിക്കുന്നതൊന്നും എനിക്ക് വേണ്ട. എല്ലാ സ്ത്രീകള്‍ക്കും ഇതൊക്കെ കഴിയുന്ന ഒരു കാലത്ത് മതി എനിക്കും..'
വര്‍ഷിണി മറുപടി പറഞ്ഞില്ല.
ശാന്തയുടെ തീരുമാനത്തിന്റെ ആഴവും അര്‍ത്ഥധ്വനികളും അവര്‍ സ്വയം ഉള്‍ക്കൊണ്ടു.
മകളുടെ പുതിയ തീരുമാനം അറിഞ്ഞപ്പോള്‍ ലോമപാദനും സന്തോഷമായി.
ശാന്ത തന്നെ അനുസരിച്ചിരിക്കുന്നു.
തന്റെ തീരുമാനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നു.
ഒരര്‍ത്ഥത്തില്‍ അത് തന്റെ പിതൃത്വത്തിനുളള അംഗീകാരം കൂടിയാണ്.
പിതാവ്..പിതൃത്വം...അച്ഛന്‍..
നഷ്‌പ്പെട്ട ശേഷം തിരികെ കിട്ടിയ ആ സൗഭാഗ്യം ലോമപാദന്റെ കണ്ണുകള്‍ നനയിച്ചു.
ഒരു ചെറുചിരിയോടെ അയാള്‍ ഓര്‍ത്തു.
നഷ്ടങ്ങള്‍ നേട്ടങ്ങളുടെ തുടക്കമാണ്.
അസ്തമയം ഉദയത്തിന്റെ തലേന്നാണ്.
അവസാനങ്ങള്‍ക്കെല്ലം ആരംഭങ്ങളുമുണ്ട്.
പൂജാമുറിയില്‍ മണികള്‍ കിലുങ്ങി.
വര്‍ഷിണി സന്ധ്യാ പ്രാര്‍ത്ഥന തുടങ്ങിയിരിക്കുന്നു.
(തുടരും)
Content Summary: Santha, Episode 03, Malayalam E Novel Written by Sajil Sreedhar