ADVERTISEMENT

അധ്യായം 4 : പ്രണയസൗഗന്ധികം

കാലം കാത്തു നില്‍ക്കില്ലെന്ന് പറയാറുണ്ട്. എന്നാലും ഈ  വര്‍ഷങ്ങള്‍ക്ക് എന്തൊരു വേഗമാണ്. നോക്കി നില്‍ക്കെ ദിവസങ്ങള്‍ ഓടി മറയുന്നു.

ശാന്ത കൂടുതല്‍ പൂര്‍ണ്ണതയുളള പെണ്ണായി പരിണമിച്ചുകൊണ്ടേയിരുന്നു. സര്‍വലക്ഷണങ്ങളും തികഞ്ഞ ഒത്ത ഒരു പെണ്ണ്.

വര്‍ഷിണിയുടെ വര്‍ണ്ണനകളിലൂടെ അവളുടെ വളര്‍ച്ചയുടെ സൂക്ഷ്മചലനങ്ങള്‍ ദശരഥനും കൗസല്യയും കൃത്യമായി അറിഞ്ഞുകൊണ്ടേയിരുന്നു. 

ഒരിക്കല്‍ കൊട്ടാരത്തിലെ ചിത്രകാരന്‍ വരച്ചെടുത്ത ചിത്രവും കൊണ്ടുപോയി കാണിച്ചു. പെട്ടെന്ന് കൗസല്യ ഒരാഗ്രഹം പറഞ്ഞു.

'ഏടത്തീ..എന്റെ മോളെ എനിക്ക് ഒന്ന് കാണണം. ഒരേയൊരു തവണ മാത്രം'

ഉളളില്‍ തൊട്ട് പറയും പോലെ വര്‍ഷിണിക്ക് തോന്നി.

അംഗദേശത്ത് മടങ്ങിയെത്തിയ വര്‍ഷിണി ഉദ്യാനത്തില്‍ പൂക്കളെ വാസനിച്ചുകൊണ്ടു നിന്ന ശാന്തയുടെ സമീപത്തെത്തി. ശബ്ദം കഴിയുന്നത്ര മയപ്പെടുത്തി വാത്സല്യസൂചകമായ ചില വാക്കുകള്‍ കൊണ്ട് അവളില്‍ സന്തോഷം ഉണര്‍ത്തി. ഇത്തരം ഉപചാര വാക്കുകള്‍ അമ്മയ്ക്ക് പതിവില്ലാത്തതാണ്. അമ്മ ഇതെന്തിനുളള പുറപ്പാടാണെന്ന് ശാന്ത അത്ഭുതപ്പെടുകയും ചെയ്തു. അവള്‍ സംശയിച്ചതു പോലെ തന്നെ അധികം വൈകാതെ വര്‍ഷിണി തന്റെ ലക്ഷ്യത്തിലേക്ക് കടന്നു.

ഒരിക്കല്‍..ഒരേയൊരു തവണ മാത്രം...കൗസല്യയ്ക്കും ദശരഥനും കാണാന്‍ പാകത്തില്‍  അവള്‍ നിന്നുകൊടുക്കണം. ഒന്നുകില്‍ അവര്‍ ഇങ്ങോട്ട് വന്ന് കണ്ടുകൊളളും..ശാന്തയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ കോസലരാജ്യത്തേക്ക് സുസ്വാഗതം.

വര്‍ഷിണി പറഞ്ഞതിന്റെ പൊരുള്‍ അതായിരുന്നു.

'അച്ഛനും അമ്മയ്ക്കും ഞാനൊരു ബാധ്യതയായി തോന്നുന്നുണ്ടോ?' ശാന്തയുടെ ചോദ്യം കേട്ട് വര്‍ഷിണി നടുങ്ങി.

'എങ്കില്‍ ഊര്‍മ്മിള ചിറ്റയുടെ വീടിനടുത്ത് ഒരു ആശ്രമമുണ്ട്. അവിടത്തെ അന്തേവാസികള്‍ക്ക് മൂന്ന് നേരം ഭക്ഷണം കിട്ടും. അതിലേറെ മനസമാധാനവും. എന്നെ സംബന്ധിച്ച് കൂടുതല്‍ മെച്ചപ്പെട്ട വഴി അതാണെന്ന് തോന്നുന്നു'

അവള്‍ പറഞ്ഞതില്‍ എല്ലാമുണ്ടായിരുന്നു. വാദിച്ചും തര്‍ക്കിച്ചും അവളെ തിരുത്താന്‍ നിന്നാല്‍ നഷ്ടം സംഭവിക്കുക തങ്ങള്‍ക്കായിരിക്കുമെന്ന് വര്‍ഷിണിക്ക് തോന്നി. ശാന്ത തന്റേടിയായ പെണ്ണാണ്. അവളുടെ മനസ് മുറിഞ്ഞാല്‍ ചിലപ്പോള്‍ ഏതറ്റം വരെവയും പോയെന്ന് വരാം.

ഒരര്‍ത്ഥത്തില്‍ അവള്‍ പറയുന്നതിലും കാര്യമുണ്ട്. സ്വന്തം ചോരയെ മറ്റൊരാള്‍ക്ക് കൈമാറാന്‍ മനസ് കാണിച്ചവരെ അഭിമുഖീകരിക്കാന്‍ അവള്‍ക്ക് താത്പര്യമില്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുന്ന താനാണ് തെറ്റുകാരി.

'അമ്മ അഭിപ്രായം പറഞ്ഞില്ല. ഞാനെന്ത് ചെയ്യണം'

'എല്ലാം മോളുടെ ഇഷ്ടം പോലെ...അതിനപ്പുറം അമ്മയ്ക്ക് ഒരഭിപ്രായമില്ല'

ശാന്ത തെല്ലൊന്ന് അടങ്ങി. ആ പഴുതില്‍ വര്‍ഷിണി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.

'എനിക്കും നിന്റെ അച്ഛനും ഞങ്ങള്‍ മരിക്കും വരെ നിന്നെ കാണണം. അതിന് തടസം നില്‍ക്കുന്ന ഒരു കാര്യങ്ങള്‍ക്കും ഞങ്ങള്‍ നിര്‍ബന്ധിക്കില്ല'

ഇപ്പോള്‍ ശാന്തയ്ക്ക് സമാധാനമായി. പൂര്‍ണ്ണ മനസോടെയാണ് അമ്മയത് പറഞ്ഞത്. അവള്‍ മെല്ലെ കുനിഞ്ഞു വര്‍ഷിണിയുടെ കവിളില്‍ അരുമയായി ചുംബിച്ചു.

പിന്നെ ഉദ്യാനത്തിലെ ചിത്രശലഭങ്ങളേക്കാള്‍ വേഗത്തില്‍ അവയ്ക്ക് പിന്നാലെ ഓടി നടന്നു. അതിലൊരു പൂത്തുമ്പി അവളുടെ വിരലുകളില്‍ കുടുങ്ങി. അതിന്റെ പകപ്പും പിടച്ചിലും കണ്ട് ചിരിച്ചുകൊണ്ട് വര്‍ഷിണി ഉറക്കെ വിളിച്ചു പറഞ്ഞു.

'മോളെ...വിട്, വിടതിനെ..പാവം അത് പേടിച്ചു വിറയ്ക്കുന്നു'

ശാന്ത പിടി വിട്ടു. വിരല്‍ത്തുമ്പില്‍ നിന്നകന്ന് പൂത്തുമ്പി ശരവേഗത്തില്‍ പറന്ന് കാണാപ്പാട് ഉയരത്തിലെത്തി. 

അതിന്റെ വെപ്രാളവും പറക്കലും കണ്ട് അവള്‍ ഉറക്കെ ചിരിച്ചുപോയി.

'എന്താ വലിയ തമാശ..എനിക്ക് കൂടി കേള്‍ക്കാവുന്നതാണോ?'

അങ്ങനെ ചോദിച്ചുകൊണ്ട് ലോമപാദന്‍ അവിടേക്ക് വന്നു. ശാന്ത അയാളുടെ തോളില്‍ തൂങ്ങി.

'ഒന്നൂല്ലച്ഛാ..ഒരു ശലഭം..അതിന്റെ പറപറക്കല്‍ ഒന്ന് കാണേണ്ടതായിരുന്നു'

'വര്‍ഷിണി കാണുന്നുണ്ടോ? വിവാഹപ്രായമെത്തിയ ഒരു പെണ്ണിന്റെ കളികള്‍..'

ലോമപാദന്റെ ചോദ്യം കേട്ട് വര്‍ഷിണി മുഖം താഴ്ത്തി ചിരിച്ചു.

അവര്‍ക്കറിയാം. അതൊരു ധ്വനിയാണ്. വിവാഹപ്രായമായി എന്ന വിവരം പറയാതെ പറഞ്ഞ് അവളുടെ ഉളളിലേക്ക് കടത്തി വിടുന്നു. ഇനി പതിയെ വിവാഹം ആലോചിച്ചു തുടങ്ങണമെന്ന് മഹാരാജന്‍ തന്നോട് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. 

പക്ഷെ വര്‍ഷിണിക്ക് അത് ശാന്തയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ധൈര്യം പോര. ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുന്ന  പെണ്ണാണ് അവള്‍. വിവാഹമാണോ പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമെന്ന് ചോദിച്ച് കലഹിക്കും. എനിക്ക് അതിലും പ്രധാനമായി പലതും ചെയ്യാനുണ്ടെന്ന് പറഞ്ഞു കളയും. വേണ്ടി വന്നാല്‍ രാജ്യഭരണം തന്നെ ഏറ്റെടുക്കുന്ന മട്ട് കാണുന്നുണ്ട്. അത്രയ്ക്കുണ്ട് തന്റേടം. 

പക്ഷെ മഹാരാജന്‍ സമ്മതിച്ചിട്ടു വേണ്ടേ? തനിക്കറിയാം ആ മനസ്. എത്രയൊക്കെ പ്രാഗത്ഭ്യം ഉണ്ടെന്ന് കണ്ടാലും സ്ത്രീകളെ വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹം തയ്യാറാവില്ല. ഭാരിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ അപ്രാപ്തരാണ് അവര്‍ എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അശക്തര്‍..അബലകള്‍...എന്തൊക്കെയാണ് വിശേഷണങ്ങള്‍? ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് സഹതാപം തോന്നും. അതുമല്ലെങ്കില്‍ പുച്ഛം. മുന്‍വിധികള്‍ ഭരിക്കുന്ന ഒരു രാജാവ്. മാറിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിയാത്ത രാജാവ്. തിരുത്താന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഇഷ്ടപ്പെടില്ല. അംഗീകരിച്ചു തരില്ല. ഭാര്യയുടെ അവകാശം ഊണ് മുറിയില്‍ തുടങ്ങി കിടപ്പറയില്‍ അവസാനിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

  വിവാഹത്തെക്കുറിച്ച് കേട്ടപ്പോള്‍ അച്ഛന്‍ തമാശയായി പറഞ്ഞതാണെങ്കിലും ശാന്തയുടെ ഉളെളാന്ന് പിടഞ്ഞു. ഒരു രാജകുമാരനില്‍ കുറഞ്ഞ് മറ്റൊന്നും അച്ഛന്റെ മനസിലുണ്ടാവില്ല. അത് സ്വാഭാവികമാണ്. അംഗദേശത്തിലെ രാജാവിന്റെ ഏകപുത്രിക്ക് വരന്‍ മറ്റൊരു രാജ്യത്തിന്റെ അനന്തരാവകാശി തന്നെയാവണം. അതാണ് കീഴ്‌വഴക്കം. നാട്ടുനടപ്പ്.  പക്ഷെ സുയോധനന്‍ ഇല്ലാത്ത ഒരു ജീവിതം തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഇല്ല. ഒരിക്കലും ഇല്ല..

മുത്തു...അതാണല്ലോ അവന്റെ ഓമനപേര്..

താന്‍ മാത്രമല്ല അടുപ്പമുളള എല്ലാവരും അങ്ങനെയാണ് വിളിക്കുക. രാജാവ് പോലും..

എല്ലാ പകലുകളിലും കണ്‍നിറയെ കാണുക പതിവാണ്. എന്നിട്ടും രാത്രികള്‍ താന്‍ പകലാക്കുന്നു. അവനെ ഓര്‍ത്തോര്‍ത്ത് നേരം വെളുപ്പിക്കുന്നു. അടുത്ത പുലര്‍ച്ചയ്ക്ക് വീണ്ടും അവനെ ഒരു നോക്ക് കാണും വരെ തനിക്ക് സ്വസ്ഥതയില്ല. അത്രയ്ക്കാണ് പ്രേമപാരവശ്യം. അവനെ പിരിഞ്ഞ് മറ്റൊരാളുടെ മുന്നില്‍ താലി ചാര്‍ത്താന്‍ കഴുത്ത് നീട്ടുന്നതിലും ഭേദം മരണമാണെന്ന് ശാന്തയ്ക്ക് തോന്നി. 

അച്ഛനും അമ്മയും അന്തപ്പുരത്തിലേക്ക് മടങ്ങിയിട്ടും ശാന്ത ഉദ്യാനം വിട്ട് പോയില്ല. 

പല തരം പൂക്കളുടെ സമ്മിശ്രഗന്ധത്തില്‍ മതിമയങ്ങി അവയുടെ നടുവില്‍ ഒരു വര്‍ണ്ണചിത്രം പോലെ അവളിരുന്നു. കാറ്റ് ശരീരവും മനസും ഒരു പോലെ കുളിര്‍പ്പിച്ചു.

തനിച്ചിരിക്കുമ്പോള്‍ വീണ്ടും അവനെ ഓര്‍ക്കും. അല്ലെങ്കിലും അവനെയോര്‍ക്കാത്ത നിമിഷങ്ങളില്ലല്ലോ? ഇത് അത്തരം ഓര്‍മ്മയല്ല. ആദ്യമായി കണ്ട നിമിഷം മുതല്‍ ഈ നാഴിക വരെ നീളുന്ന ഓരോ സന്ദര്‍ഭങ്ങളും ഒരു ഖണ്ഡകാവ്യം പോലെ ഓര്‍മ്മക്കൂട്ടില്‍ നെയ്‌തെടുക്കും. ഒരര്‍ത്ഥത്തില്‍ പ്രണയമൊരു കാവ്യമാണ്. ചിത്രമാണ്. സംഗീതമാണ്. അങ്ങനെ എന്തെല്ലാമോ ആണ്. എന്താണ് പ്രണയമെന്ന് പറയാനാവില്ല. എന്തല്ലെന്നും പറയാനാവില്ല. ഒരു നിഗൂഢസ്മിതം ശാന്തയുടെ അധരങ്ങളെ പൊതിഞ്ഞു.

ആ കള്ളച്ചിരി ഓര്‍ക്കുമ്പോള്‍ ആര്‍ക്കാണ് ചിരി വരാത്തത്?  

യാത്രകള്‍ ഏറെ ഇഷ്ടമായിരുന്നു അവള്‍ക്ക്.

പല നാടുകള്‍...പല ദേശങ്ങള്‍..വിദൂരസ്ഥലങ്ങളിലേക്ക് തനിച്ച് സഞ്ചരിക്കാന്‍ അച്ഛന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അംഗദേശത്ത് താന്‍ കാണാത്ത ഇടങ്ങള്‍ അതും കാലത്ത് പോയി ഇരുട്ടും മുന്‍പ് മടങ്ങിയെത്താന്‍ കഴിയുന്ന ഇടങ്ങള്‍. ആഗ്രഹം ഉണര്‍ത്തിച്ചപ്പോള്‍ അച്ഛന്‍ എതിര്‍ത്തില്ല. പക്ഷെ ഒരു വ്യവസ്ഥ. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളോടെ വേണം പോകാന്‍. രാജകുമാരിയെങ്കിലും യാത്ര ചെയ്യുന്നത് ഒരു പെണ്ണാണ്. വിജനമായ ഇടങ്ങളില്‍ രക്ഷയ്ക്ക് ആരും ഉണ്ടായെന്ന് വരില്ല. അക്രമികളെ പ്രതിരോധിക്കാന്‍ തേരാളിയായ മുത്തുവിന് ഒറ്റയ്ക്ക് കഴിഞ്ഞെന്ന് വരില്ല. 

അച്ഛന്‍ എന്തൊക്കെ പറഞ്ഞിട്ടും ശാന്ത സമ്മതിച്ചില്ല. ആളും ആരവവും നിറഞ്ഞ യാത്രകള്‍ വിരസമാണെന്ന് അവള്‍ വാദിച്ചു. പ്രകൃതിഭംഗിയുടെ സുന്ദരദൃശ്യങ്ങളില്‍ അഭിരമിച്ച് തീര്‍ത്തും ഏകയായി കുറെ നിമിഷങ്ങള്‍. ഏകാന്തതയെ അവള്‍ സ്‌നേഹിച്ചിരുന്നു. ആ വിജനനിമിഷങ്ങളിലാണ് അവള്‍ പാടിയിരുന്നത്. അവളിലെ കവിയത്രി ഉണര്‍ന്നിരുന്നത്. അല്ലെങ്കിലും തനിച്ചിരിക്കാന്‍ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ശബ്ദായനതയില്ലാതെ മഹാമൗനത്തിന്റെ നിശ്ശബ്ദഭംഗിയില്‍ അഭിരമിച്ച് കുറെ നിമിഷങ്ങള്‍.

വര്‍ഷിണി എത്ര വാദിച്ചിട്ടും ലോമപാദന് അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. പിന്നെ മുത്തു നല്‍കിയ ധൈര്യത്തില്‍ അയാള്‍ സമ്മതിച്ചു. അല്ലെങ്കിലും ശാന്തയുടെ ശാഠ്യങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കുകയാണ് അയാളുടെ പതിവ്. ഏത് കാര്യവും ആദ്യമൊന്ന് എതിര്‍ത്തില്ലെങ്കില്‍ അച്ഛന് ഉറക്കം വരില്ലെന്ന് ശാന്ത കളി പറയാറുമുണ്ട്.

എന്തായാലും ആദ്യത്തെ യാത്രയ്ക്ക് അനുവാദം കിട്ടി. 

കുരങ്ങന്‍മാര്‍ മേയുന്ന ഒരു മലയടിവാരമായിരുന്നു ലക്ഷ്യസങ്കേതം. അതിന് താഴെ വെളളിപ്പാദസരങ്ങളെ നാണിപ്പിക്കുന്ന വെളളച്ചാട്ടം. കാഴ്ച കാണാന്‍ വരുന്നവര്‍ കയ്യില്‍ കരുതുന്ന ലഘുഭക്ഷണങ്ങള്‍ക്കായി അപ്പുറത്ത് കാടിന്റെ മറവില്‍ നിന്നും മെല്ലെ തലനീട്ടുന്ന കുഞ്ഞിക്കുരങ്ങന്‍മാര്‍. ഒറ്റക്കാഴ്ചയില്‍ മനുഷ്യക്കുഞ്ഞുങ്ങളെ പോലെ തോന്നിക്കും. അവര്‍ പമ്മിപ്പതുങ്ങി വന്ന് നില്‍ക്കും. കയ്യില്‍ കരുതിയ ഈന്തപ്പഴമോ കശുവണ്ടിയോ കദളിപ്പഴമോ എറിഞ്ഞുകൊടുക്കേണ്ട താമസം ഒരു പറ്റം കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ഓടിയെത്തും. ഓട്ടത്തില്‍ വിജയിക്കുന്നവന്‍ ആദ്യം എറിഞ്ഞ പഴം കൈക്കലാക്കും. 

ചിലപ്പോള്‍ ഒരു പഴത്തിനായി പലര്‍ ചേര്‍ന്ന് കടിപിടി കൂട്ടും. ആ വഴക്കിന് പോലുമുണ്ട് അവാച്യമായ കൗതുകവും ഭംഗിയും. 

കൊട്ടാരത്തില്‍ അപൂര്‍വമായ കാഴ്ചകള്‍ കണ്ട് ശാന്ത രസിച്ച് നിന്നു. സ്ഥലത്തെക്കുറിച്ചും അതിന് പിന്നിലുളള ഐതിഹ്യങ്ങളെക്കുറിച്ചും മുത്തു വാതോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. രാജകുമാരി എന്ന അതിര് വളരെ വേഗം മാഞ്ഞു. കൊട്ടാരത്തില്‍ വച്ച് തന്റെ മുന്നില്‍ പോലും വരാന്‍ ഭയന്നിരുന്നവനാണ്. മുഖത്ത് പോലും നോക്കിയിട്ടില്ല. ഒരു വാക്ക് ഉരിയാടിയിട്ടില്ല. ഇപ്പോള്‍ ചിരപരിചിതരെ പോലെ സംസാരിക്കുന്നു. അടുത്തിടപഴകുന്നു.

താന്‍ എടുക്കുന്ന അനര്‍ഹ സ്വാതന്ത്ര്യത്തില്‍ കുമാരിക്കും എതിര്‍പ്പില്ലെന്ന് മുത്തുവിന് തോന്നി. അല്ലെങ്കില്‍ ഇങ്ങോട്ട് ഒരു ആഭിമുഖ്യം കാണിക്കില്ലല്ലോ?

മിത്തുകള്‍ കുമാരിക്ക് ഹരമായിരുന്നു. 

പല ഭൂമികകളില്‍ പതിയിരിക്കുന്ന പൂര്‍വകഥകള്‍.

അത് സത്യമാവാം. മിഥ്യയാവാം പക്ഷെ അതിനെല്ലാം വല്ലാത്ത ഒരു ഗൂഢഭംഗിയുണ്ട്. രഹസ്യാത്മകതയാണ് ഒരു കഥയുടെ കൗതുകം വളര്‍ത്തുന്നത്. 

അനുദിനം പാറയാണ് അവള്‍ കേട്ട കഥകളില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത്.

പണ്ട് പണ്ടൊരിക്കല്‍ കാട് കാണാന്‍ വന്ന ഒരു മല്ലനും ഇഷ്ടം പോലെ രൂപം മാറാന്‍ സിദ്ധിയുള്ള ഒരു കാട്ടാളനും തമ്മില്‍ ശണ്ഠയായി. മാനിന്റെ വേഷത്തില്‍ നിന്ന കാട്ടാളനെ അമ്പെയ്ത് വീഴ്ത്താന്‍ ശ്രമിച്ച മല്ലനെ കാട്ടാളന്‍ വിശ്വരൂപം കാട്ടി ഭയപ്പെടുത്താന്‍ നോക്കി. ധൈര്യശാലിയായ മല്ലനുണ്ടോ വിടുന്നു. അയാള്‍ കാട്ടാളനെ ഒരു ഏറ്റുമുട്ടലിന് വെല്ലുവിളിച്ചു. കാട്ടാളന്‍ ചങ്കും വിരിച്ച് മുന്നോട്ട് വന്നു. ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. കാര്യത്തോട് അടുത്തപ്പോഴാണ് മല്ലന്റെ ശേഷി അറിയുന്നത്. കാട്ടാളന്‍ എത്ര ശ്രമിച്ചിട്ടും മല്ലനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു പ്രത്യേകതരം പൂട്ടില്‍ കാട്ടാളനെ വീഴ്ത്തിയ മല്ലന്‍ അയാളെ തൂക്കിയെടുത്ത് വലിയ പാറയിലേക്ക് എറിഞ്ഞു. 

തല അടിച്ചു ചിതറി രക്തം ചീറ്റിയൊഴുകി. വന്യമായ അലര്‍ച്ചയോടെ കാട്ടാളന്‍ മൃതിയടഞ്ഞു. മല്ലന്‍ കൊലവിളി വിളിച്ചു. അയാളുടെ ഗര്‍ജ്ജനം കേട്ട് കാട് നടുങ്ങി. അന്ന് മുതല്‍ അയാളാണ് പോലും കാട്ടിലെ രാജാവ്. കാട്ടാളന്റെ സ്ഥാനം കാട്ടുവാസികള്‍ അയാള്‍ക്ക് കല്‍പ്പിച്ച് നല്‍കി പോലും.

എന്തായാലും കാട്ടാളന്‍ വീണു മരിച്ച പാറ അന്ന് മുതല്‍ എല്ലാ വര്‍ഷവും അതേ ദിവസം അല്‍പ്പാല്‍പ്പം വളരാന്‍ തുടങ്ങി. വര്‍ഷങ്ങളായി അത് വളര്‍ന്നുകൊണ്ടേയിരിക്കുന്നു. വളര്‍ന്നു വളര്‍ന്ന് അത് ആകാശം മുട്ടെ എത്തിത്തുടങ്ങിയിരിക്കുന്നു എന്ന് തോന്നും വിധം വളര്‍ന്നിരിക്കുന്നു. കാട്ടാളന്‍ പാറ എന്നാണ് അത് അറിയപ്പെടുന്നത്. ചിലര്‍ അനുദിനം പാറയെന്നും പറയും.

മുത്തു ശാന്തയെ കാട്ടാളന്‍ പാറയ്ക്കരികിലേക്ക് കൊണ്ടുപോയി. അവള്‍ മുഖം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അത്രയ്ക്ക് ഉയരത്തിലായിരുന്നു ആ പാറ. അവള്‍ അതിന്‍മേല്‍ ചാരി നിന്നു നോക്കി. പെട്ടെന്ന് ഭയന്നിട്ടെന്ന പോലെ മുത്തു പറഞ്ഞു.

'കുമാരി..സൂക്ഷിക്കണം. അവന്‍ എപ്പഴാ രൂപം മാറുന്നതെന്ന് പറയാന്‍ പറ്റില്ല. രാത്രികാലങ്ങളില്‍ അങ്ങനെ കണ്ടവരുമുണ്ട്. കാട്ടാളന്റെ ആത്മാവ് ഇപ്പോഴും പാറയില്‍ അധിവസിക്കുന്നുണ്ട് പോലും.'

ശാന്ത ഉറക്കെ പൊട്ടിച്ചിരിച്ചു. വനത്തിനുളളില്‍  ചിരിക്ക് അലയടികളുണ്ടായി.

'മുത്തു എന്ത് ഭ്രാന്താണീ പറയുന്നത്? പാറ മനുഷ്യനാവും പോലും...ഇതെന്താ പ്രേതപ്പാറയോ?'

ചോദിച്ചു തീര്‍ന്നില്ല. തെളിഞ്ഞു നിനന മാനം ഇരുണ്ടു. എവിടെ നിന്നെന്നില്ലാതെ കാര്‍മേഘങ്ങള്‍ ആകാശത്തെ മൂടി. കാട് ഒരു അര്‍ദ്ധരാത്രിയെന്നോണം കറുപ്പില്‍ പൊതിഞ്ഞു. മഴ ആര്‍ത്തലച്ച് പെയ്തു. ഇടിമിന്നല്‍ ഭീമാകാരമായ ശബ്ദത്തോടെ വായുവില്‍ പുളഞ്ഞു. ഭയന്ന് വിറച്ചു പോയി ശാന്ത. കാതടപ്പിക്കുന്ന ഒരിടിവെട്ടിയതും അവള്‍ പേടിച്ചുവിറച്ച് ഉറക്കെ അലറിക്കരഞ്ഞു. പിന്നെ മുത്തുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. ശരീരം ശരീരത്തോട് ചേര്‍ന്നപ്പോള്‍ ആകെ വിറകൊളളും പോലെ ശാന്തയ്ക്ക് തോന്നി. മുത്തുവിനും..അത് മഴ നനഞ്ഞതിന്റെ തണുപ്പ് കൊണ്ടാവാം. മനസിലെ പേടി കൊണ്ടാവാം..അതുമല്ലെങ്കില്‍ അതുവരെ അറിയാത്ത സ്പര്‍ശനത്തിന്റെ സുഖദാനുഭവം കൊണ്ടാവാം...

അരുത്..അകന്ന് മാറൂ.. എന്ന് പറയാന്‍ അവന് കഴിഞ്ഞില്ല. ഈ അവസ്ഥയില്‍ അങ്ങനെ പറയുന്നതും ചെയ്യുന്നതും ശരിയല്ലെന്നും അറിയാം. എന്നാലും കുമാരിയും താനും ഇങ്ങനെ നില്‍ക്കുന്നത് മറ്റാരെങ്കിലും കണ്ടാല്‍..ഈശ്വരാ..

മുത്തു വലതുകരം ഉയര്‍ത്തി കഴുത്തില്‍ തപ്പി അത് യഥാസ്ഥാനത്തുണ്ടോയെന്ന് പരിശോധിച്ചു. ഭാഗ്യം...ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

അതൊരു തുടക്കമായിരുന്നു.

പിന്നീട് എല്ലാറ്റിനും ശാന്തയ്ക്ക് അയാള്‍ വേണമായിരുന്നു.

യാത്രകളില്‍ കൂട്ടായും തേര് തെളിക്കാനും കഥകള്‍ പറയാനും പാടാനും കളിചിരികളും തമാശകളും പങ്കിടാനും എല്ലാം..

അയാള്‍ ഒപ്പമുളള നിമിഷങ്ങളില്‍ അവള്‍ മറ്റൊന്നും അറിഞ്ഞില്ല.

മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടതിന്റെ, പെണ്ണായി പിറന്നതിന്റെ ആത്മവ്യഥകള്‍ അറിഞ്ഞില്ല. അയാള്‍ അവള്‍ക്ക് ആത്മീയമായ ഒരു രക്ഷാസങ്കേതമായിരുന്നു. ഏത് പ്രശ്‌നങ്ങളിലും ഒപ്പം നില്‍ക്കാന്‍ ഒരാള്‍. ഇടിമിന്നലേല്‍ക്കാതെ സങ്കടങ്ങളറിയാതെ പരിരക്ഷിക്കാന്‍ ഒരാള്‍.

തങ്ങള്‍ക്കിടയിലെ ദൂരങ്ങളെക്കുറിച്ചറിയാത്ത പൊട്ടിപ്പെണ്ണായിരുന്നില്ല ശാന്ത.

താന്‍ കടലാണെങ്കില്‍ മുത്തു ഒരു കൈക്കുമ്പില്‍ ജലമാണ്. അങ്ങനെയാണ് പ്രപഞ്ചസൃഷ്ടാവ് തങ്ങളുടെ ജാതകം നിര്‍മ്മിച്ചിട്ടുളളത്. പക്ഷെ കാലത്തിന്റെ കാവ്യനീതി എന്നൊന്നുണ്ട്. സ്‌നേഹപാശത്താല്‍ ബന്ധിക്കപ്പെട്ട രണ്ട് മനസുകള്‍ തമ്മിലകറ്റാന്‍ ഒരു ശക്തിക്കും സാധ്യമല്ല. സ്‌നേഹത്തിന്റെ നിയമങ്ങള്‍ അതിന്റേത് മാത്രമാണ്. എന്തെന്നാല്‍ സ്‌നേഹം സ്വയം നിയമങ്ങള്‍ നിര്‍മ്മിക്കുന്നു.

അതുകൊണ്ട് തന്നെ കൊട്ടാര വളപ്പില്‍ അവര്‍ രണ്ട് അപരിചിതരായി. പുറംലോകത്തും അവര്‍ പരസ്പരം കണ്ടഭാവം നടിച്ചില്ല. പക്ഷെ അവരുടേത് മാത്രമായ സ്വകാര്യനിമിഷങ്ങളില്‍ അവര്‍ ഏറ്റവും പ്രിയപ്പെട്ടവരായി. പിന്നെ മനസിന്റെ ആരും കാണാത്ത രഹസ്യക്കോണുകളിലും..

മുത്തു അല്ലാതെ മറ്റൊരാള്‍ തന്റെ കഴുത്തില്‍ താലി ചാര്‍ത്തില്ലെന്ന് അവള്‍ക്കുറപ്പുണ്ട്. അതുകൊണ്ട് തന്നെ വിവാഹം എന്നൊരു വാക്കിനെ തന്നെ അവള്‍ ഭയപ്പെടുന്നു. അതിന് ഇനിയും സമയം ആവശ്യമാണ്. മുത്തുവിനെ കേവലം സൂതന്‍ എന്നതിനപ്പുറം മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ത്തണം. അവനില്‍ കഴിവുകളേറെയുണ്ട്. അതിന് യോജിച്ച തലത്തില്‍ പ്രതിഷ്ഠിക്കണം. എങ്ങിനെ എപ്പോള്‍ എന്ത് എന്നൊന്നും വ്യക്തമായ രൂപരേഖ മനസിലില്ല. പക്ഷെ അതൊരു അനിവാര്യതയാണ്. തന്നെ സംബന്ധിച്ചെങ്കിലും...

രണ്ട് വാരങ്ങള്‍ക്ക് ശേഷം പതിവുളള പുറംകാഴ്ചകള്‍ കണ്ട് മുത്തുവിനൊപ്പം കൊട്ടാരത്തില്‍ മടങ്ങിയെത്തുമ്പോള്‍ അമ്മ പതിവിലും സന്തോഷവതിയായി കണ്ടു. കോസലയില്‍ പോയി സഹോദരിയെ കണ്ട് വരുന്ന എല്ലാ ദിവസങ്ങളിലും അമ്മയുടെ മുഖത്ത് ഈ സന്തോഷം പതിവുളളതാണ്. എന്നാലും ഇന്ന് ആ മുഖത്ത് ഒരു അധികമാനമുണ്ട്. അതിന്റെ കാരണം അവള്‍ ചോദിക്കാതെ തന്നെ വര്‍ഷിണി പറയുകയും ചെയ്തു.

'എനിക്ക് സമാധാനമായി മോളെ..'

ശാന്തയുടെ മുഖത്ത് ആശ്ചര്യം തുടിച്ചു. വര്‍ഷിണി തുടര്‍ന്നു.

'ആകെയുളള ഒരു കുഞ്ഞിനെ എനിക്ക് ദാനം നല്‍കി സന്താനസൗഭാഗ്യം ഇല്ലാത്തവര്‍ എന്ന പഴിദോഷം കേള്‍ക്കേണ്ട ഗതികേടിലായിരുന്നു കൗസല്യ. ഏതായാലും ഇനി അതിന് അറുതിയായി'

ശാന്തയുടെ ഹൃദയം അതിശക്തിയായി മിടിച്ചു.

'എന്തേ കൗസല്യാമ്മ വീണ്ടും ഗര്‍ഭിണിയായോ?'

'എവിടെ? അത് ഈ ജന്മം നടക്കുന്ന മട്ടില്ല. അതുകൊണ്ടാണ് പാവം ഇങ്ങനെയൊരു തീരുമാനത്തിന് സമ്മതം മൂളിയത്?'

'എന്ത് തീരുമാനം?' എന്ന് ചോദിക്കും മുന്‍പ് ബാക്കിഭാഗം വര്‍ഷിണി പൂരിപ്പിച്ചു.

'ദശരഥന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു.'

'അപ്പോള്‍ കൗസല്യാമ്മ?' ശാന്ത ആകാംക്ഷാഭരിതയായി.

'കൗസല്യയെ നിലനിര്‍ത്തിക്കൊണ്ട് തന്നെ രണ്ടാം വിവാഹം. രാജാക്കന്‍മാര്‍ക്ക് ബഹുഭാര്യാത്വം പതിവുളളതാണല്ലോ?'

'ഓ...എന്ന്. അത് ഏതായാലും നന്നായി. എന്നെ ഒഴിവാക്കിയതിന്റെ ശിക്ഷ അങ്ങനെയെങ്കിലും അവസാനിക്കൂല്ലോ?'

ആ കുത്ത് വര്‍ഷിണിയുടെ ഉളളില്‍ കൊണ്ടു. നിരാകരണത്തിന്റെ വേദന ഇന്നും ശാന്യുടെ മനസില്‍ അടങ്ങിയിട്ടില്ല. ഒരു ജന്മത്തില്‍ അണയാത്ത കനലാണ് അത്.

കോസലരാജ്യത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അവളുടെ ഉളളിലെ സങ്കടക്കനല്‍ ജ്വലിക്കും. അത് ഒന്ന് ആളും. പിന്നെയും അണയും. മറ്റൊരു സന്ദര്‍ഭത്തില്‍ വീണ്ടും ആളിപ്പടരും. പാവം..എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടെങ്കിലും പെറ്റ വയറിന്റെ ചൂടും ഗന്ധവും അനുഭവിച്ച് വളരാന്‍ കൊതിക്കാത്തവരായി ആരാണുളളത്? 

വര്‍ഷിണി ശബ്ദം പരമാവധി മയപ്പെടുത്തി പറഞ്ഞു.

'ഇത്രയും കാലം മോള് പറഞ്ഞതൊക്കെ ഞങ്ങള്‍ അനുസരിച്ചു. ഇക്കുറി എന്തായാലും കോസലത്തില്‍ മോള് വരണം'

ശാന്ത പരിഹാസ്യമായി ചിറികോട്ടി.

'ബാലശാപം തീര്‍ക്കാന്‍ ഒരു പാണിഗ്രഹണം. സ്വന്തം അച്ഛന്റെ രണ്ടാം വിവാഹത്തിന് സദ്യ വിളമ്പാന്‍ മകള്‍. അതും ആദ്യ ഭാര്യ നില്‍ക്കെ. എന്നെ പ്രസവിച്ച എന്റെ അമ്മയെ കാഴ്ചക്കാരിയാക്കി ഒരു താലികെട്ടും ആദ്യരാത്രിയും മധുവിധുവും.

സ്വന്തം മകള്‍ക്ക് കല്യാണപ്രായമായെന്ന് പോലും ഓര്‍ത്തില്ലല്ലോ ദശരഥ മഹാരാജാവ്.'

'പരിഹസിക്കല്ലേ മകളേ...ഒരവസ്ഥയാണ്.'

'വരുത്തി വച്ച അവസ്ഥ. അതല്ലേ സത്യം..മകളായി പിറന്നവള്‍ രാജസിംഹാസനത്തിന് വര്‍ജ്ജ്യം. അബല. ഹീന. അപശകുനം. എന്തെല്ലാം കുറ്റങ്ങളാണ് പെണ്ണിന്. എന്തൊക്കെ കുറവുകളാണ്. സ്ത്രീ അത്രയ്ക്ക് അധകൃതയാണോ അമ്മാ..പറയ്..അമ്മയും ഒരു സ്ത്രീയല്ലേ?'

വര്‍ഷിണിക്ക് ഉത്തരം മുട്ടി.

അവര്‍ക്കറിയാം നിശ്ശബ്ദമായ ഒരു അലകടല്‍ ഓരോ പെണ്ണിന്റെയും ഉളളിലുണ്ട്. പര്‍വതങ്ങളെ ഉളളില്‍ വഹിക്കുന്നവളാണ് പെണ്ണ്. അവസരം കൊടുത്താല്‍ അവള്‍ അഗ്നിയാവും. ആളിപ്പടരും. അതിന്റെ ചൂടില്‍ ഈ ലോകം തന്നെ എരിയും. എന്ന് കരുതി സംഹാരരുദ്രയല്ല അവള്‍.

അവള്‍ മഴയാണ്. മഞ്ഞാണ്. കാറ്റാണ്. സാന്ത്വനത്തിന്റെ മഹാലേപനമാണ്.

പക്ഷെ പെണ്ണിന്റെ ആഴങ്ങള്‍ അര്‍ഹിക്കുന്ന തലത്തില്‍ ആരും അറിയുന്നില്ല. ആരും..

(തുടരും)

Content Summary: Santha, Episode 04, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com