"അച്ഛന് അറിഞ്ഞാല്‍ ശപിച്ച് ഭസ്മമാക്കുമെന്ന് ഉറപ്പാണ്. അതിന് മുന്‍പ് ഈ തപോഭൂമി കടക്കണം" - ശാന്ത, ഇ–നോവൽ
Mail This Article
അധ്യായം 11: പലായനം
ഉള്‍ക്കാട്ടിലെ നിഗൂഢതയില്‍ മാനും മനുഷ്യനും കടന്നു ചെല്ലാത്ത ഒരിടത്തായിരുന്നു വിഭാണ്ഡകന്റെ ആശ്രമം. ആശ്രമം എന്ന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പറയാന്‍ കഴിയാത്തവിധം പനയോല മേഞ്ഞ ഒരു പര്‍ണ്ണശാല. അവിടെ അച്ഛനും മകനും മാത്രം. അവരുടെ ദിനചര്യകള്‍ പോലും ചര്വിതചര്വണമായിരുന്നു. കാലത്ത് വേദപഠനത്തിനായി വിഭാണ്ഡകന് താഴ്വരയിലേക്ക് പോകും. ആ സമയത്ത് ഏകനായി തപസില്‍ മുഴുകിയിരിക്കും ഋഷ്യശൃംഗന്. പ്രഭാതകര്‍മ്മങ്ങളും ഭക്ഷണവേളകളും ഒഴിച്ചാല്‍ അവരുടെ ജീവിതം ധ്യാനാവസ്ഥയിലാണ്. ഏകാഗ്രതയുടെ പാരമ്യതയിലെത്തുക എന്നതാണ് ലക്ഷ്യം. ആദ്ധ്യാത്മികതയുടെ തപശക്തിയുടെ പരമകാഷ്ഠ.
ഒരിക്കല്‍ തനിക്ക് വന്നു ഭവിച്ച മനോചാഞ്ചല്യത്തിന്റെ ഇരയാണ് ഋഷ്യശൃംഗന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഠിനതപസില്‍ മുഴുകിയിരുന്ന തന്നെ ധ്യാനത്തില്‍ നിന്നുണര്ത്താന് ദേവേന്ദ്രന് അയച്ചുവെന്ന് പറയപ്പെടുന്നു ഉര്‍വശിയെ. സത്യം എന്തായിരുന്നാലും ഏകാഗ്രതയുടെ ആണിക്കല്ല് ഇളകി.
മനസ് ചഞ്ചലമായി. പെണ്ണിന്റെ ചൂടും ഗന്ധവും അംഗലാവണ്യവും തപസിളക്കി. ഋഷ്യശൃംഗന് എന്ന കുഞ്ഞിനെ സമ്മാനിച്ച് അവള് ദേവലോകത്ത് മറഞ്ഞു. അന്ന് എടുത്ത ഉഗ്രശപഥമാണ്. ഇനി ഒരിക്കലും ഒരു ശക്തിയും മനസിനെ കീഴ്പെടുത്താന്‍ അനുവദിക്കില്ല. ഏത് കര്‍മ്മത്തിന്റെയും ആധാരശില മനസാണ്. ഏകാഗ്രവും സമര്‍പ്പിതവുമായ കര്‍മ്മമാണ്. അതിന് നേരിയ ഭംഗം നേരിട്ടാല്‍ അനുസ്യൂതമായ ഒഴുക്ക് മുറിയും. ലക്ഷ്യത്തില്‍ നിന്ന് അകലും. പൂര്‍ണ്ണത ഒരു സ്വപ്നമായി അവശേഷിക്കും.
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെ പോലെയാണ് ചഞ്ചലിത മനസ്. മഹാജ്ഞാനിയും മഹാതപസ്വിയുമെന്ന് പുകള്‍പെറ്റ തനിക്ക് പോലും വിഷയസുഖത്തിന്റെ നൈമിഷിക പ്രലോഭനങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.
എന്റെ മകന് ആ ഗതിവരരുത്. ഒരിക്കലും..ഒരു കാരണവശാലും...
ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉള്‍ക്കാട്ടിലെ പര്‍ണ്ണശാലയിലേക്ക് താമസം മാറിയത്. സ്ത്രീയുടെ നാദം.. ഗന്ധം.. രൂപം.. ഒന്നും ഒരിക്കലും കടന്നു വരാത്ത ഇടം. മലകളും കുന്നുകളും ഇലകളും പൂക്കളും ചെടികളും മരങ്ങളും അരുവിയും മാത്രം സാക്ഷി നില്ക്കുന്ന കാട്. മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും മേയുന്ന കാട്. അതിന് വിശുദ്ധിയുടെ സുതാര്യതയുണ്ട്. മഹനീയതയുണ്ട്.
ആരും കടന്നു വരാത്ത ആ ഇടത്തിന്റെ സ്വച്ഛതയിലായിരുന്നു ഇക്കണ്ട കാലമത്രയും വിഭാണ്ഡകനും ഋഷ്യശൃംഗനും കഴിഞ്ഞത്. തപോഭംഗത്തിനായി ആരും വന്നില്ല. ശ്രമിച്ചതുമില്ല. പല രൂപത്തിലും ഭാവത്തിലും വരുന്ന മായാവികളെക്കുറിച്ച് വിഭാണ്ഡകന് മകന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അച്ഛന് നിര്‍ദ്ദേശിച്ച രേഖയ്ക്കപ്പുറം അവന് കടന്നിട്ടില്ല. അത് വൈകാരികതയുടെ അതിരുകളാണ്.
ആ അതിരുകള്‍ കടന്നാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാവാം. മറ്റൊരു ഉര്‍വശി കടന്നു വരാം. മറ്റൊരു ഋഷ്യശൃംഗന് ജന്മമെടുത്തെന്ന് വരാം. ഒരു മഹാമുനിക്ക് യോജിച്ചതല്ല അതൊന്നും. ആ ഉള്‍ബോധം ഋഷ്യശൃംഗനെ നന്നായി നയിച്ചിരുന്നു.
കഠിനതപത്തിന്റെ വഴിയില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ ഒരു ജീവിതം. അതായിരുന്നു ഋഷ്യശൃംഗന്. അത് മാത്രമായിരുന്നു ഋഷ്യശൃംഗന്. ആ നൈഷ്ഠിക ബ്രഹ്മചാരിയിലേക്ക് കുറുക്കുവഴികളില്ല.
വശീകരണത്തിന്റെ മഹാമന്ത്രങ്ങള് വൈശാലിക്ക് അജ്ഞാതവുമായിരുന്നു. കുലടയെങ്കിലും മാലിനി മകളെ അവളുടെ വഴിയിലായിരുന്നില്ല വളര്‍ത്തിയിരുന്നത്. ഉത്തമപുരുഷനെ വിവാഹം കഴിച്ച് ഒരു കുടുംബിനി. അതായിരുന്നു വൈശാലിയുടെ സ്വപ്നം. മാലിനിയും അതിനൊപ്പം നിന്നു.
അതിനിടയിലാണ് അവിചാരിതമായി മഹാരാജാവിന്റെ കടന്നുകയറ്റം. ആ വാക്കുകള്‍ ധിക്കരിക്കാന്‍ വയ്യ. അതൊരു വ്യക്തിയുടെ അഭിവാഞ്ചയല്ല. ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. കുടിവെളളം കിട്ടാതെ മരിച്ചു വീഴുന്ന മനുഷ്യര്‍.
സൈന്യത്തെ അയച്ച് ഋഷ്യശൃംഗനെ ബലമായി പിടിച്ചുവാങ്ങുന്ന കാര്യം ആലോചിച്ചതാണ് രാജാവ്. വിഭാണ്ഡകന്റെ ശാപാഗ്നിയില്‍ ഒരു രാജ്യം മുഴുവന്‍ വെന്തെരിയുന്നതിന്റെ ഓര്‍മ്മയില്‍ പിന്‍വാങ്ങുകയായിരുന്നു. കേവലം ഒരു ബ്രാഹ്മണശാപത്തിന്റെ ഫലമാണ് ഈ വരള്‍ച്ച. അതിനിടയില്‍ മറ്റൊരു മഹാശാപം കൂടി..വയ്യ.. എല്ലാം ഏറ്റുപറഞ്ഞ് സഹായത്തിനായി മഹാരാജാവ് കെഞ്ചുമ്പോള്‍ കേവലം ഒരു അഭിസാരികയ്ക്ക് മറിച്ചു പറയാന്‍ വാക്കുകള്‍ എവിടെ?
എല്ലാം മകളെ പറഞ്ഞ് ബോധിപ്പിച്ചു. അവളുടെ എതിര്‍പ്പുകള്‍ അനുവാദമാക്കി മാറ്റി യാത്ര പുറപ്പെടുകയായിരുന്നു.
മധുരതരമായ ഈണത്തില്‍ ഒരു പാട്ട്.. അതിന്റെ ഉറവിടം പരതി ഋഷ്യശൃംഗന്.
കണ്മുന്നിലെത്തിയാല് ശരീരത്തിന്റെ ഗൂഢവശ്യതകള് പുറത്ത് കാട്ടുന്ന നൃത്തനൃത്ത്യങ്ങള്‍. നാദത്തിന്റെ, കാഴ്ചയുടെ ലഹരിയില്‍ ആ മനമിളകും.
പെണ്ണ് എന്ന മഹാവശ്യതയെ ആദ്യമായി കാണുകയാണ് മുനികുമാരന്.
പ്രേമപരവശനായി തുടങ്ങിയ കുമാരനെ വീഴ്ത്താന്‍ അടുത്ത അടവും പുറത്തെടുക്കണം.
ഒരു സ്നേഹസ്പര്‍ശം... ഒരു തലോടല്‍.. ചുംബനം.. ആലിംഗനം..
സ്ത്രീയുടെ ഗന്ധവും ശ്വാസനിശ്വാസങ്ങളും ചര്‍മ്മത്തിന്റെ സ്നിഗ്ധതകളും ആ മനസ് ഉലയ്ക്കും.. ഉടയ്ക്കും.. പിന്നെ അതില്ലാതെ വയ്യെന്ന സ്ഥിതി വരും..
ഓരോ ദിവസവും വിഭാണ്ഡകന്റെ അസാന്നിദ്ധ്യം അവസരമാക്കി ഋഷ്യശൃംഗന്റെ മനസ് കവര്‍ന്ന് മടങ്ങൂം മുന്‍പ് വൈശാലി മറക്കാതെ ഓര്‍മ്മപ്പെടുത്തി.
'ഒന്നും അച്ഛന് അറിയരുത്.. അറിയരുത്.. അറിഞ്ഞാല്‍ ഈ സുഖങ്ങളൊക്കെയും ഇനി ഓര്‍മ്മ മാത്രം.'
കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ഋഷ്യശൃംഗന് ഒരു സത്യം പഞ്ചേന്ദ്രിയങ്ങളില്‍ അറിഞ്ഞു. മനസിലും അറിഞ്ഞു.
സ്ത്രീ... അതിനോളം ചേതോഹരമായ,കാന്തികമായ, പ്രലോഭനീയമായ മറ്റൊന്നില്ല. പെണ്ണിന്റെ ശബ്ദം... ഗന്ധം.. സ്പര്‍ശം.. പ്രണയം..
അതിനെ അതിജീവിക്കാന്‍ താന്‍ അശക്തനാണ്.
ഇത്രനാള്‍ താന്‍ കണ്ടതും അറിഞ്ഞതും ജീവിതമായിരുന്നില്ല.
യാന്ത്രികമായ കേവലം ദിനചര്യകള്‍ മാത്രം..
അച്ഛന്റെ വാക്കുകള്‍ക്കൊത്ത് ചലിക്കുന്ന ഒരു പാവ..
മനുഷ്യജന്മത്തിന്റെ സൗന്ദര്യം നഷ്ടമാക്കിയ ഒരു വിഡ്ഢി..
വൈശാലിയെ പരിചയപ്പെട്ടപ്പോള്‍, അടുത്തറിഞ്ഞപ്പോള്‍ അതുവരെ നഷ്ടമായത് എന്തെന്നറിഞ്ഞു...
ഇനി.. ഇനിയുളള കാലം അവള്‍ക്കൊപ്പം..
അവളുടെ ശരീരമാണ് എന്റെ തപോഭൂമി..
അവളുടെ ഗന്ധമാണ് എന്റെ ഹവിസ്സ്..
അവളുടെ സ്നേഹമാണ് എന്റെ യാഗാഗ്നി..
അച്ഛന് അറിഞ്ഞാല്‍ ശപിച്ച് ഭസ്മമാക്കുമെന്ന് ഉറപ്പാണ്. അതിന് മുന്‍പ് ഈ തപോഭൂമി കടക്കണം. പുത്തന്‍ വര്‍ണ്ണങ്ങളുടെയും ഗന്ധങ്ങളുടെയും നാഗരികഭൂമിയില് എത്തണം. വിഭാണ്ഡകന്റെ അസാന്നിദ്ധ്യമുളള ഒരു പകലില്‍ ഋഷ്യശൃംഗന് വൈശാലിക്കൊപ്പം കമനീയമായി അലങ്കരിച്ച വഞ്ചിയില്‍ കൗശകിയുടെ മാറിലൂടെ അക്കരെ കടന്നു. പുറത്ത് തയ്യാറാക്കി നിര്‍ത്തിയ രഥങ്ങളിലൊന്നില്‍ അംഗദേശം ലക്ഷ്യമാക്കി സഞ്ചരിച്ചു.
സന്ധ്യയ്ക്ക് മടങ്ങിയെത്തിയ മഹാമുനിയുടെ ഋഷ്യശൃംഗാ... വിളികള്‍ക്ക് കാടിന്റെ വിജനതയില്‍ അനേകം പ്രതിദ്ധ്വനികളുണ്ടായി.
മകന് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന് ഉള്‍വിളിയുണ്ടായി. അതേസമയം തന്നെ അതൊരു അനിവാര്യതയാണെന്ന് ആരോ ഉളളിലിരുന്ന് പറഞ്ഞു. മഴ കാക്കുന്ന ഒരു നാട്. ജീവനുവേണ്ടി കേഴുന്ന ജനലക്ഷങ്ങള്‍. അവരുടെ രക്ഷയ്ക്കായി ഈശ്വരന് നിശ്ചയിച്ച ഒരു ജന്മമാണ് ഋഷ്യശൃംഗന്. തടയാന്‍ താന്‍ ആളല്ല..
ഏത് തപശക്തിയും ഏത് സിദ്ധിയും മനുഷ്യനന്മയ്ക്കായുളളതാണ്..
പ്രതിസന്ധികളില്‍ ഒരു കൈസഹായം..
അതില്പരം എന്ത് ധ്യാനമാണുളളത്. ധന്യതയാണുളളത്..
തിരിച്ചറിവിന്റെ പാരമ്യതയില്‍ വിഭാണ്ഡകന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.
പ്രപഞ്ചശക്തിയെ മനസാ നമിച്ചു..
അവിചാരിതമായ ഒരു നിമിഷത്തിന്റെ തിളക്കത്തില്‍ ഋഷ്യശൃംഗന് അംഗദേശത്ത് വന്നിറങ്ങി. ഒരു കുടം വെളളത്തിനായി തെരുവില്‍ തല്ലി മരിക്കുന്ന ജനതയെ കണ്ട് നൈരാശ്യത്തിന്റെ പാരമ്യതയിലായിരുന്നു ലോമപാദന്.
വൈശാലിയും മാലിനിയും ഇത്രവേഗം കാര്യം സാധിച്ചു വരുമെന്ന് അദ്ദേഹം തീരെ പ്രതീക്ഷിച്ചതല്ല. ആശ്ചര്യത്തോടെ മന്ത്രിമുഖ്യനെ നോക്കുമ്പോള്‍ രാജാവിന്റെ അന്തര്‍ഗതം അറിഞ്ഞിട്ടെന്ന പോലെ അദ്ദേഹം പറഞ്ഞു.
'ആ അഭൗമസൗന്ദര്യത്തില്‍ ആരാണ് പ്രഭോ മയങ്ങാത്തത്?'
ലോമപാദന് ചിരിച്ചു. ഉടനെ തുറന്നടിക്കുകയും ചെയ്തു.
'എന്തേ.. മന്ത്രിമുഖ്യന്റെ മനസും ഇളകിത്തുടങ്ങിയോ?'
സൈന്ന്യാധിപന്‍ അത് കേട്ട് പൊട്ടിച്ചിരിച്ചു.
അംഗദേശത്ത് അത്തരം ഒരുപാട് ചിരികള്‍ മുഴങ്ങി.
വരള്‍ച്ചയുടെ, കൊടുംതാപത്തിന്റെ നാളുകള്‍ അവസാനിക്കാന്‍ ഒരുങ്ങുന്നു ഭൂമിയ്ക്കൊപ്പം ഇനി മനസുകളിലും മഴ നിറയാന്‍ പോകുന്നു..
രഥത്തിന്റെ മുന്‍നിരയില്‍ ഋഷ്യശൃംഗനൊപ്പം തന്നെയായിരുന്നു വൈശാലി. കൈവീശിക്കാണിച്ച ജനക്കൂട്ടത്തെ അവള് അഭിമാനത്തോടെ നോക്കി.
ഇന്നലെ വരെ കുലടയുടെ മകള്‍ എന്ന് പരിഹസിച്ചവരുടെ മുഖങ്ങളില്‍ ആദരവ്. ആരാധന. അംഗദേശത്തിന്റെ രക്ഷകാപരിവേഷം..
കൊട്ടാരത്തില്‍ രാജോചിതമായിരുന്നു സ്വീകരണം. പുഷ്പഹാരങ്ങളും പനിനീരും പൂക്കുലകളും പാരിതോഷികങ്ങളും ശീതളപാനീയങ്ങളുമെല്ലാം ഋഷ്യശൃംഗന്... ഋഷ്യശൃംഗന് മാത്രം.
വൈശാലിയെ ആരും കണ്ടില്ല. മാലിനിയെയും കണ്ടില്ല. കുറഞ്ഞപക്ഷം ഒരു നല്ല വാക്കെങ്കിലും പ്രതീക്ഷിച്ചു മാലിനി.
''നീ.. നീയാണ് അംഗരാജ്യത്തെ രക്ഷിച്ചത്..'' എന്ന് ഒരു വാക്ക്.
രാജാവ് തന്നെ നോക്കി കൃതജ്ഞതാപൂര്‍വം ചിരിക്കുന്നുവോയെന്ന് വൈശാലി കൗതുകപൂര്‍വം പരതി.
ഇല്ല. അദ്ദേഹത്തിന്റെ ശ്രദ്ധയത്രയും ഋഷ്യശൃംഗന്റെ മുഖത്താണ്.
'യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ.. അങ്ങ് വിശ്രമിച്ചോളൂ.. ബാക്കിയൊക്കെ പിന്നീട്' രാജാവ് ഉപചാരപൂര്‍വം പറഞ്ഞു.
ഋഷ്യശൃംഗന് സമ്മതഭാവത്തില്‍ തലയാട്ടി.
മന്ത്രിയാണ് മാലിനിയെയും മകളെയും വിളിച്ച് ഒഴിഞ്ഞ ഒരിടത്തേക്ക് കൊണ്ടുപോയത്. തീര്‍ത്തും ഔപചാരികമായിരുന്നു സ്വീകരണം.
'ചെയ്ത ജോലിക്ക് അര്‍ഹിക്കുന്നതിലും പ്രതിഫലം നല്കാന് മഹാരാജന് പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്. അതും വാങ്ങി വേഗം പൊയ്ക്കോളണം. യാഗം തുടങ്ങിക്കഴിഞ്ഞാല്‍ ബ്രഹ്മചര്യം നിര്‍ബന്ധം. പിന്നെ ഈ പരിസരത്ത് കണ്ടുപോകരുത്. രാജകല്പ്പനയാണ്.. അറിയാല്ലോ?'
വൈശാലിയുടെ കണ്ണുകള്‍ നനഞ്ഞു. മാലിനി കണ്ണീരിനിടയിലും പുഞ്ചിരിച്ചു.
അഭിസാരികകള്‍ക്ക് അതിനപ്പുറം ആശിക്കാന്‍ അര്‍ഹതയില്ലല്ലോ?
ഉടുതുണിയഴിച്ചാല്‍ ഏത് നാട്ടിലും കിട്ടും പണം. പകരം പൊതുവേദിയില്‍ പരസ്യമായി ഒരു വാക്ക്.. ഇവള്.. ഈ വൈശാലിയാണ് ജീവന് പണയം വച്ച് അംഗരാജ്യത്തെ രക്ഷിച്ചത്.. ഇവളുടെ അമ്മ മാലിനിയുടെ ധൈര്യം.. രാജ്യസ്നേഹം.. അതിന് നാമെല്ലാം കടപ്പെട്ടിരിക്കുന്നു..
വേദനയില്ല. പ്രതീക്ഷിച്ചതാണ്. അഭിസാരികയ്ക്ക് എന്ത് ആദരവ്. എന്ത് അംഗീകാരം? കാര്യം കഴിഞ്ഞാല്‍ കറിവേപ്പില. കൂടുതല്‍ അവകാശവാദങ്ങള്‍ക്ക് നിന്നാല്‍ കാരാഗൃഹം ഉറപ്പ്. ഇടനാഴിയില്‍ പാദസരങ്ങള്‍ കിലുങ്ങി. മാലിനി മിഴികളുയര്‍ത്തി.
ശാന്തയാണ്. നിലാവ് തോല്‍ക്കുന്ന പുഞ്ചിരി മുഖത്ത്.
'വന്നൂന്നറിഞ്ഞു. എവിടെയൊക്കെ തിരക്കീന്നോ ഞാന്‍ നിന്നെ.' അവള് വൈശാലിയുടെ കരം കവര്‍ന്നു. പിന്നെ അത് മുകളിലേക്ക് ഉയര്‍ത്തി അമര്‍ത്തി ചുംബിച്ചു.
'പുണ്യം ചെയ്ത കൈകളാണിത്. ഒരു രാജ്യത്തെ മഹാദുരന്തത്തില്‍ നിന്നും രക്ഷിച്ച കൈകള്‍..'
മാലിനിയുടെ മനസ് നിറഞ്ഞു. വൈശാലിയുടെയും. മന്ത്രിമുഖ്യന്റെ മുഖം മങ്ങുന്നത് മങ്ങിക്കത്തുന്ന വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ മാലിനി കണ്ടു.
കുമാരിയുടെ സ്വകാര്യതയെ ഹനിക്കാതെ മന്ത്രി സ്ഥലമൊഴിഞ്ഞു.
'മുനികുമാരന്റെ മനസില്‍ കയറിക്കൂടീന്ന് തോന്നുന്നു.' ശാന്തയുടെ മുഖത്ത് ലാസ്യഭാവം നിറഞ്ഞു. 'അല്ലാതെ ആര്‍ക്ക് സാധിക്കും ഈ തപോധനനെ അംഗരാജ്യത്ത് എത്തിക്കാന്‍..'
വൈശാലി അഭിമാനത്തോടെ അമ്മയെ നോക്കി. ആദ്യമായാണ് ഒരു അംഗീകാരമുദ്ര ലഭിക്കുന്നത്. പാരിതോഷികങ്ങളേക്കാള്‍ പതിന്മടങ്ങ് വിലമതിക്കുന്ന ഒന്ന്. സമ്മാനങ്ങള്‍ കൊണ്ട് രഥങ്ങള്‍ നിറഞ്ഞു. മാലിനി അതുകണ്ട് അമ്പരന്നു. മന്ത്രിമുഖ്യന് മടങ്ങി വന്നു.
'മാലിനി വീട്ടിലേക്ക് മടങ്ങിക്കൊളളു. പറഞ്ഞതിലുമധികമുണ്ട്. മൂന്നുനാള്‍ കഴിഞ്ഞ് കുടുതല്‍ പാരിതോഷികങ്ങള്‍ അവിടെ എത്തിയിരിക്കും'
മാലിനിയും മകളും കണ്ണുകള്‍ കൊണ്ട് ശാന്തയ്ക്ക് യാത്രാമംഗളം ഏകി.
ശാന്ത കൃതജ്ഞതാപൂര്‍വം വൈശാലിയെ ചേര്‍ത്തണച്ചു. പിന്നെ കൈപിടിച്ച് രഥത്തിലേക്ക് കയറ്റി.
രഥചക്രങ്ങള്‍ ചലിച്ചു. കുതിരകള്‍ സടകുടഞ്ഞു.
വൈശാലി ചിത്രത്തില്‍ നിന്ന് അകന്നു.
ഋഷ്യശൃംഗന് കൊട്ടാരത്തിന് സ്വന്തമായി.
രഥം ദൂരെ ദൃശ്യപഥത്തില്‍ നിന്ന് മറയുവോളം ശാന്ത നോക്കി നിന്നു.
അവാച്യമായ ഒരു നൊമ്പരം അവളെ പൊതിഞ്ഞു.
(തുടരും)
Content Summary: Santha, Episode 11, Malayalam E Novel Written by Sajil Sreedhar