അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഇത് ഔദ്യോഗിക കേസ് മാത്രമല്ല, കൊലയാളിയെ പിടികൂടിയെ പറ്റൂ
Mail This Article
കടുത്ത സമ്മർദ്ദത്തിലായിരുന്നു ഡോ. മുഹാജിർ വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥ കീർത്തി സുധാകർ. ഭരണ, നിയമപാലന സംവിധാനങ്ങളുടെ നാനാ തുറകളിൽ നിന്നും ചെലുത്തപ്പെടുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അവർ ഒരുപാട് പ്രയാസപ്പെട്ടു. സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളും, പൊതുജനവും മാധ്യമങ്ങളും ജുഡീഷ്യറിയും ഉറ്റു നോക്കുന്നത് തന്നെത്തന്നെയാണെന്ന് അവൾക്കറിയാമായിരുന്നു. താനെടുക്കുന്ന തീരുമാനങ്ങൾ, തന്റെ നിലപാടുകൾ, അന്വേഷണത്തിന്റെ പുരോഗതികൾ, എല്ലാം ഇഴകീറിപ്പിരിച്ച് പരിശോധിക്കപ്പെടും. പ്രമാദമായ കൊലക്കേസന്വേഷിക്കുന്ന ഏതൊരു ഓഫീസറും നേരിടേണ്ടി വരുന്ന സാഹചര്യം. അഭിമുഖീകരിക്കുകയേ നിവർത്തിയുള്ളൂ. അല്ലെങ്കിൽ പിന്മാറുകയോ, രാജിവെച്ചൊഴിയുകയോ വേണം. എന്നാൽ അതിനൊന്നും അവൾ ഒരുക്കമായിരുന്നില്ല. അതിന് വേണ്ടിയല്ലല്ലോ അവള്‍ ആ പദവിയിലേക്ക് കഷ്ടപ്പെട്ട് എത്തിച്ചേർന്നത്. അവളുടെ ബാല്യം മുതലുള്ള ആഗ്രഹമായിരുന്നു ഒരു പോലീസ് ഓഫീസറാവുക എന്നത്. എതിർപ്പുകളെ, അവഗണനകളെ, പ്രതിബന്ധങ്ങളെ എതിർത്ത് തോൽപ്പിച്ചത് നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. അതിനാൽ അവൾക്ക് തെറ്റുകൾ സംഭവിക്കില്ല. അവൾ തളർന്ന് പോവില്ല.
ഡോ. മുഹാജിർവധക്കേസ് എത്രയും വേഗം തെളിയണമെന്ന് കീർത്തി നിസ്വാർത്ഥമായി ആഗ്രഹിച്ചു. അതിന് ഒരു വൈകാരികതലമുണ്ടായിരുന്നു. തുമ്പുണ്ടാക്കാൻ മുറവിളി കൂട്ടുന്ന ഭരണകൂടത്തിന് ഈ കേസ് പ്രതിച്ഛായയുടെ പ്രശ്നം മാത്രമാണ്. പ്രതിപക്ഷത്തിന് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭപരമ്പരകൾ സംഘടിപ്പിക്കാനുള്ള, ഭരണകൂടവിരുദ്ധവികാരം ജനങ്ങളിൽ വളർത്തിയെടുക്കാനുള്ള, അടുത്ത തിരഞ്ഞെടുപ്പിലേക്കാവശ്യമായ വോട്ടുബാങ്കുകൾ സൃഷ്ടിച്ചെടുക്കാനുള്ള വജ്രായുധമായിരുന്നെങ്കിൽ, മാധ്യമങ്ങൾക്ക് അതൊരു വിൽപ്പനച്ചരക്കായിരുന്നു. അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ഈ കേസ് നിത്യത്തൊഴിലിന്റെ ഭാഗം മാത്രമായിരുന്നു. അതിനപ്പുറത്തേക്കൊരു പ്രത്യേകതയും അവരതിന് കൽപ്പിച്ചില്ല. വർഷങ്ങൾ നീണ്ട സർവീസിനിടയ്ക്ക് അവരിത് പോലെ എത്രയോ കേസുകളിലൂടെ കടന്നു പോയിരിക്കുന്നു. അവർ എണ്ണമറ്റ മരണങ്ങൾ കണ്ടു. ആത്മഹത്യകളും കൊലപാതകങ്ങളും കലാപങ്ങളും കണ്ടു. അപരാധികളെയും ഇരകളെയും കണ്ടു.
ഡോ. മുഹാജിർ വധക്കേസ് തെളിയിക്കാൻ സാധിച്ചാൽ തനിക്ക് കൈവന്നേക്കാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് കീർത്തി ബോധവതിയാണ്. പൊതുജനത്തിന്റെ അംഗീകാരം. മന്ത്രിസഭയുടെ പ്രശംസ. ഡിപ്പാർട്ട്മെന്റിന്റെ ആദരം. അങ്ങനെയങ്ങനെ പലതും. എന്നാൽ കീർത്തി അതൊന്നും ആഗ്രഹിച്ചില്ല. അവൾക്ക് ആ കേസ് തെളിഞ്ഞാൽ മാത്രം മതിയായിരുന്നു. കുറ്റവാളികൾ ആരായിരുന്നാലും അവർ ശിക്ഷിക്കപ്പെട്ടാൽ മാത്രം മതി. കൊല്ലപ്പെട്ട തന്റെ പ്രിയസുഹൃത്തിന് വേണ്ടി താനിത്രയെങ്കിലും ചെയ്യണം എന്നതായിരുന്നു അവളുടെ മനോനില. ഡോ. മുഹാജിർ തന്റെ മിത്രമാണെന്നതായിരുന്നു ആ കേസിലെ അവളുടെ വൈകാരികത. അയാളുടെ ഇല്ലാതാകൽ അവൾക്കൊരു ആഘാതമായി. താൻ ഫോഴ്സിലുള്ളപ്പോൾ ഇത്തരമൊരു ദുർവിധി തന്റെ സുഹൃത്തിനുണ്ടായതിൽ അവൾ ഖിന്നയായിരുന്നു.
ഡോ. മുഹാജിറും കീർത്തി സുധാകറും ഒന്നിച്ച് പഠിച്ചവരായിരുന്നു. കാമ്പസ് കാലത്തിനുശേഷം രണ്ടുപേരും രണ്ടു വഴിക്ക് പോയി എന്നത് നേരാണ്. എന്നാൽ ആ വേർപിരിയൽ അവരെ സംബന്ധിച്ച് ഒരനിവാര്യതയായിരുന്നു. താൽക്കാലികവും. സൗഹൃദം എന്ന സംഗതി പോലും തങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്നും തങ്ങളെ അകറ്റരുതെന്ന് അവർക്ക് രണ്ടുപേർക്കും നിർബന്ധമുണ്ടായിരുന്നു. ശൂന്യമായ മടിശ്ശീലയും, ബാങ്ക് ബാലൻസുമായി, വിദ്യാഭ്യാസം നേടി എന്നതിന്റെ സാക്ഷ്യപത്രങ്ങളുമായി അവരിരുവരും സമൂഹത്തിലേക്കിറങ്ങി. പിന്നെ ഒരു മൽപിടുത്തമായിരുന്നു. പ്രതികൂല സാഹചര്യങ്ങളോടുള്ള പോരാട്ടമായിരുന്നു. സ്വന്തം കാലിൽ നിവർന്ന് നിൽക്കാനുള്ള പരിശ്രമങ്ങളായിരുന്നു. സ്വന്തം വഴികളിലൂടെ സഞ്ചരിക്കാനുള്ള പ്രയത്‌നങ്ങളായിരുന്നു. സ്വന്തം സാമ്രാജ്യങ്ങൾ പടുത്തുയർത്താനുള്ള വ്യഗ്രതയായിരുന്നു. സ്വപ്നങ്ങളിലേക്ക് കുതിച്ചു കയറാനുള്ള അധ്വാനപരിശ്രമങ്ങളായിരുന്നു.
ഏഴ് വർഷങ്ങൾക്ക് ശേഷം സാംസ്ക്കാരിക വകുപ്പിന്റെ ഒരു പൊതുപരിപാടിയിൽ വെച്ച് തമ്മിൽ കാണുമ്പോൾ രണ്ടു പേരും തങ്ങളാഗ്രഹിച്ചിടത്ത് എത്തിച്ചേർന്നിരുന്നു. മോഹിച്ചതെല്ലാം നേടിയവര്‍. അയാൾ വിദ്യ കൊണ്ട് ബലിഷ്‌ഠനായപ്പോൾ അവൾ പദവി കൊണ്ട് ശക്തയായി. പഴയ ഓർമകളിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ആ കൂടിക്കാഴ്ച്ച. അവരൊരുപാട് സംസാരിച്ചു. ഒരുപാട് ചിരിച്ചു. സെൽനമ്പറുകൾ കൈമാറി അന്നവർ പിരിഞ്ഞു. ഔദ്യോഗികമായ തിരക്കുകൾക്കിടയിലും ഫോൺ കോളുകളിലൂടെ, വാട്സാപ്പ് സന്ദേശങ്ങളിലൂടെ, ഫേസ്ബുക്കിലെ എഴുതിമുട്ടലുകളിലൂടെ, വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിലൂടെ ആ സൗഹൃദം കൂടുതൽ ആർദ്രവും ഊഷ്‌മളവുമായി.
ഡോ. മുഹാജിറിനോട് തുറന്നിടപഴകുമ്പോഴും ഒരു വലിയ രഹസ്യം താൻ അയാളിൽ നിന്നും മറച്ചു പിടിക്കുന്നു എന്ന യാഥാർഥ്യം കീർത്തിയെ അസ്വസ്ഥയാക്കി. എന്നെങ്കിലുമൊരിക്കൽ താൻ വർഷങ്ങളോളം സകലരിൽ നിന്നും മറച്ചു പിടിച്ച രഹസ്യം അയാളോട് തുറന്ന് പറയണമെന്ന് അവൾ തീരുമാനിച്ചിരുന്നു. പലപ്പോഴും പറയാൻ തുനിഞ്ഞതുമാണ്. എന്നാൽ ധൈര്യം വന്നില്ല. അതിനുള്ള ചങ്കുറപ്പുണ്ടായില്ല.
അയാൾ മുരടനൊന്നുമല്ലായിരുന്നു. സൗമ്യനായിരുന്നു. സഹൃദയനും പരോപകാരിയുമായിരുന്നു. സമചിത്തതയും, പക്വതയും, വിവേകവുമുള്ളവനായിരുന്നു. ക്ഷമയും അലിവുമുള്ളവനായിരുന്നു. എന്നാലും കീർത്തി ഭയന്നു. എല്ലാം കേട്ട് കഴിയുമ്പോൾ അയാൾ, അയാളല്ലാതായേക്കുമോ എന്നവൾ ആശങ്കപ്പെട്ടു. അങ്ങനെ അവധിവെച്ചവധിവെച്ച് ഒടുവിൽ ഒന്ന് യാത്ര പോലും പറയാതെ അയാൾ വിട്ടുപിരിഞ്ഞിടത്തവൾ വീണു പോയി. വല്ലാത്തൊരു മാനസിക നിലയുടെ ചതുപ്പിലേക്കവൾ ആഴ്ന്ന് പോയി.
മാർഗരറ്റ് പിടിയിലായി...! അവൾക്കായി പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും വലവീശിയിരുന്നു. അവളെ പിടികൂടാനായാൽ ഡോ.മുഹാജിറിന്റെ കൊലയുമായി ബന്ധപ്പെട്ടുള്ള നിർണായകമായ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കാരണം തികച്ചും ദുരൂഹമായ തിരോധാനമായിരുന്നു അവളുടേത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയതാകാമെന്ന് സാഹചര്യങ്ങൾ പഠിച്ച കീർത്തി സുധാകറും കൂട്ടരും നിരീക്ഷിച്ചു. അല്ലെങ്കിൽ കൊലക്കെത്തിയവർ തട്ടിക്കൊണ്ട് പോയതാവാം. കൊലയാളികളുടെ സാന്നിധ്യം കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയായിരുന്നു അന്വേഷണ സംഘം. എന്തായാലും മാർഗരറ്റിനെ കണ്ടെത്താനായത് കീർത്തിക്കും കൂട്ടർക്കും വലിയ ആശ്വാസമായി.
ഏകദേശം എട്ട് കൊല്ലത്തോളമായി ആ സ്ത്രീ ഡോ. മുഹാജിറിനൊപ്പം കഴിയുന്നു. 'ലിവിങ് ടുഗെദർ' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു ജീവിതം. അവളെ അയാളുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന് വിളിക്കുന്നതിൽ അതിശയോക്തിയില്ല. അത്ര ദൃഢവും ആഴമേറിയതുമായ ബന്ധമായിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്നത്. ഇക്കാര്യം മറ്റാരേക്കാൾ കീർത്തിക്ക് അറിയാമായിരുന്നു. അവൾ എത്രയോ വട്ടം 'മാഗീസ് നെസ്റ്റി'ൽ ചെന്നിരിക്കുന്നു. അവരുടെ രണ്ടുപേരുടേയും സ്നേഹത്തിന്റെ മാധുര്യത്തിന് സാക്ഷിയായിരിക്കുന്നു. അവൾ മാർഗരറ്റിനെ സ്വന്തം സഹോദരിയായി കണ്ടു. ഏറ്റവും അടുത്ത സുഹൃത്തിന്റെ ജീവിതപങ്കാളി എന്നതിനേക്കാളൊക്കെ അവൾ മാർഗരറ്റിനെ ഇഷ്ടപ്പെട്ടു. എന്നാൽ ഈ ബന്ധത്തിന്റെ പേരിൽ മാർഗരറ്റിന് എന്തെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന നൽകാനോ, അവർ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിച്ചു പിടിക്കാനോ ഒന്നും കീർത്തി ഒരുക്കമല്ലായിരുന്നു. വളരെ സത്യസന്ധമായും നേർവഴിക്കും ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥയാണ് അവൾ. അവളെ സംബന്ധിച്ച് ബന്ധം വേറെ, ഒഫീഷ്യലായിട്ടുള്ള കർത്തവ്യം വേറെ. ഡിപ്പാർട്മെന്റിനകത്ത്, ഒരു സ്വാധീനത്തിനും വഴങ്ങാത്തവളാണെന്ന 'ചീത്തപ്പേര്' അവൾക്കുണ്ടായിരുന്നു. ആ 'ചീത്തപ്പേര്' അഭിമാനത്തോടെ ഒരു അലങ്കാരമായി അവൾ കണ്ടു.
ഏഴ് ദിവസം പോലീസിനെ വെട്ടിച്ചു നടക്കാൻ മാർഗരറ്റിനായി. ഈ ഏഴ് ദിവസവും തിരുവിതാംകൂർ-മലബാർ റൂട്ടിൽ തലങ്ങും വിലങ്ങും യാത്ര ചെയ്യുകയായിരുന്നു അവർ. ബസ്സുകളും തീവണ്ടികളും മാറി മാറിക്കയറിയും, പട്ടണങ്ങളുടെ ഒഴിഞ്ഞ കോണുകളിൽ നാടോടികൾക്കൊപ്പം വിശ്രമിച്ചും മറ്റും. അത്യാവശ്യം അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും പ്രസാധകയുമൊക്കെ ആയതിനാൽ ആളുകൾ എളുപ്പം തിരിച്ചറിയും എന്നത് കൊണ്ട് തലയിൽ സ്കാർഫ് ചുറ്റിയും മുഖത്ത് മാസ്ക്ക് ധരിച്ചുമൊക്കെയാണ് അവർ സഞ്ചരിച്ചത്. ഒടുവിൽ മലബാറിലെ ഒരു ബസ്റ്റാന്റിന് പിന്നിലുള്ള ചെറിയ വഴിവക്കിലുള്ള ടീഷോപ്പിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കെ അതുവഴി പോയ ചില പോലീസുകാർ അവരെ തിരിച്ചറിയുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ പിടികൂടുകയുമായിരുന്നു. അസഭ്യം പറഞ്ഞ് കുതറിയോടാൻ ശ്രമിച്ച അവരെ പോലീസ് കായികമായിത്തന്നെ കീഴടക്കി. മാർഗരറ്റ് പിടിയിലായ വിവരം അവിടുത്തെ ഓഫീസർമാർ കീർത്തിയെ അറിയിക്കുകയും അവളുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥർ അവിടെപ്പോയി അവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
(തുടരും)
Content Highlights: E-novel | Charamakkolangalude Vyakaranam | Malayalam Literature