ADVERTISEMENT

അധ്യായം: പതിനാറ്

അവൾ അൽപ്പനേരം നിശ്ശബ്ദയായി ഇരുന്നശേഷം പറഞ്ഞു: ദിലീപേട്ടാ... ഒരാഴ്ച മുൻപ് ഈ സിറ്റിയിലെ ഐ.ടി പാർക്കുകളിൽ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഒരു രഹസ്യ റെയ്ഡുണ്ടായിരുന്നു. ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ എന്റെ സുഹൃത്ത് ഈസയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അതിൽ, കായൽക്കരയിലെ സിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ ഓഫീസിനടുത്തുള്ള ഒരു ഐ.ടി കമ്പനിയിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ആ കമ്പനി കേന്ദ്രീകരിച്ച് നടന്നു വന്ന ലഹരിക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത് ഒരു പെൺകുട്ടിയാണ്. ശിഖ എന്നാണ് ആ കുട്ടിയുടെ പേര്.

'എന്താണിത് കീർത്തീ... വന്നു വന്നിപ്പോൾ എന്തും പറയാമെന്നായോ...? എന്റെ മകളെപ്പറ്റി അനാവശ്യം പറഞ്ഞാലുണ്ടല്ലോ, വെച്ചേക്കില്ല ഞാൻ.' ദിലീപ് കുമാർ കോപം കൊണ്ട് വിറച്ചു. 'കീർത്തി ഇപ്പോൾ ഇവിടെ നിന്നും പോകണം.' അയാൾ അലറി.

അവൾ അവിടെ നിന്നും അനങ്ങിയില്ല. ശാന്തമായ സ്വരത്തിൽ അവൾ പറഞ്ഞു: 'ദിലീപേട്ടാ, നിങ്ങളൊന്നടങ്ങൂ... ഞാൻ പറഞ്ഞത് സത്യമാണ്. ശിഖ, എനിക്കെന്റെ അനുജത്തിയെ പോലെയാണ്. ഞാനെങ്ങനെയാണ് അവളെക്കുറിച്ച് ഇല്ലാത്തത് പറയുക? നിങ്ങൾക്ക് ഈസയെ വിളിച്ചു ചോദിക്കാം. തെളിവുകൾ അയാൾ കാട്ടിത്തരും.' അവളിത് പറഞ്ഞപ്പോൾ അയാൾക്ക് ഉത്തരം മുട്ടി. 

'എന്റെ മോള്... അവളുടെ ഭാവി...' അയാൾ തകരുകയാണ്.

അവൾ അയാളുടെ ചുമലിൽ തട്ടി. 'കരയാതിരിക്ക് ദിലീപേട്ടാ... അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ലഹരിക്കടത്ത് സംഘങ്ങളിൽ നിന്നൊക്കെ അവളെ മുക്തയാക്കിയിട്ടുണ്ട്. അവളെന്റെ കൺമുന്നിൽ വളർന്ന കുട്ടിയാണ്. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്കും വേദനിക്കും. അതിന്റെ മാനക്കേട് എനിക്കും കൂടിയാണ്. അതുകൊണ്ടുതന്നെ അവൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഞാൻ ഈസയോട് അഭ്യർത്ഥിച്ചു. അവനുമായുള്ള സൗഹൃദം മുതലെടുത്ത് ഞാനെല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു. അവൾക്ക് വേണ്ടി എന്റെ നിലവിലെ നിലപാടുകളിൽ ഞാൻ വിട്ടുവീഴ്ച്ച ചെയ്യുകയായിരുന്നു. ആരും ഒന്നും അറിഞ്ഞില്ല. ഡിപ്പാർട്മെന്റിന്റെ ഭാഗമായ നിങ്ങൾ പോലും ഒന്നുമറിഞ്ഞില്ല. ഞാൻ അറിയിച്ചില്ല. വെറുതെ എന്തിന് ടെൻഷനാക്കണം എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷേ...'

അവൾ ഒന്ന് നിർത്തി. പിന്നെ എഴുന്നേറ്റ് തൊട്ടപ്പുറത്ത് വെച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചശേഷം ഗൗരവഭാവത്തിൽ അയാൾക്ക് മുന്നിലേക്ക് വന്നു നിന്ന് പറഞ്ഞു: 'ദിലീപേട്ടൻ പറയാൻ തുടങ്ങിയത് മുഴുവനായും എന്നോട് പറഞ്ഞില്ലെങ്കിൽ ഞാനീ കമ്മിറ്റ്മെന്റും റിലേഷൻഷിപ്പുമൊക്കെയങ്ങു മറക്കും. ഇരുനൂറ് കിലോയുടെ എം.ഡി.എം.എയുടെ ബോംബ് എന്റെ കൈയിലിരുന്ന് പൊട്ടും. എന്താ അത് വേണോ?'

അതിസമർത്ഥമായ അവളുടെ സമ്മർദ്ദതന്ത്രം!

ഭയം കൊണ്ട് വിറച്ചു പോയി ദിലീപ് കുമാർ. അവൾ വീണ്ടും അയാളുടെ തൊട്ടടുത്ത കസേരയിൽ ചെന്നിരുന്നു.

'പറയ് ദിലീപേട്ടാ... സൂസന്റെ ഡയറിക്കുറിപ്പുകൾ അല്ലാത്ത മറ്റെന്ത് കാരണമാണ് മുഹാജിറിനെ കൊല്ലാൻ മാർഗരറ്റിനെ പ്രേരിപ്പിച്ചത്?'

enovel-sixteen-full
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അയാൾ അൽപ്പസമയം നിശബ്ദനായിരുന്നശേഷം പറയാൻ തുടങ്ങി:

'സൂസന്റെ ആത്മഹത്യയുടെ യഥാർത്ഥ കാരണങ്ങൾ അച്ഛനിൽ നിന്നറിഞ്ഞ ദേവാനന്ദ് ചില കാര്യങ്ങൾ കണക്കു കൂട്ടി. ഇക്കാര്യം വെച്ച് മുഹാജിറിനൊരു ചെക്ക് വെക്കാൻ അയാൾ തീരുമാനിച്ചു. ദേവാനന്ദിന്റെ അനധികൃതമായ ഭൂമി ഇടപാടുകളുടേയും, കള്ളപ്പണം വെളുപ്പിക്കലിന്റെയും മറ്റ് നിയമവിരുദ്ധമായ നിരവധി കാര്യങ്ങളുടെയും വ്യക്തമായ വിവരങ്ങൾ മുഹാജിർ തേടിപ്പിടിച്ചിരുന്നു. അതേക്കുറിച്ച് ഒരു പ്രമുഖ ആഴ്ചപ്പതിപ്പിൽ ലേഖനപരമ്പര എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. താൻ ശേഖരിച്ച ദേവാനന്ദിനെതിരെയുള്ള ഒളിക്യാമറ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്ത് വിടാനും, രേഖകൾ നിയമസംവിധാനങ്ങൾക്ക് കൈമാറാനുമൊക്കെ മുഹാജിറിന് പദ്ധതിയുണ്ടായിരുന്നു. ഇതെല്ലാം മണത്തറിഞ്ഞ ദേവാനന്ദ് അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒരു നിലക്കും മുഹാജിർ വഴങ്ങുന്നില്ല എന്ന് കണ്ടതോടെ അയാളെ തീർക്കാൻ ദേവാനന്ദ് തീരുമാനിച്ചു. മുഹാജിർ തീവ്രമായി പ്രണയിക്കുന്ന മാർഗരറ്റിനെക്കൊണ്ട് തന്നെ ആ കൃത്യം ചെയ്യിക്കണമെന്ന് അയാൾ പദ്ധതിയിട്ടു. ദേവാനന്ദ് അങ്ങനെയാണ്. ആരും ചിന്തിക്കാത്തവിധം പക പോക്കുന്നവനാണ് അയാൾ. തന്റെ പദ്ധതിയുടെ ഭാഗമായി ദേവാനന്ദ്, മാർഗരറ്റിനെ തറവാട്ടിലേക്ക് വിളിപ്പിച്ചു. സൂസന്റെ ആത്മഹത്യക്ക് പിന്നിൽ മുഹാജിറാണെന്ന് സോമശേഖരനെക്കൊണ്ട് പറയിച്ചു. എല്ലാമറിയുന്നതിന്റെ പേരിൽ സോമശേഖരനെ കൊല്ലാൻ മുഹാജിർ ആളെ വിട്ടെന്നും അയാളാ കിടപ്പ് കിടക്കേണ്ടി വന്നത് അതിനാലാണെന്നും സോമശേഖരൻ മാർഗരറ്റിനെ വിശ്വസിപ്പിച്ചു.'

'മുഹാജിറിന്റെ ലേഖനപരമ്പര പ്രസിദ്ധീകൃതമായാൽ അതോടെ തകരുന്നത് തന്റെ മകന്റെ ജീവിതമായിരിക്കും എന്നറിയാവുന്നതിനാലാവാം സോമശേഖരൻ എല്ലാത്തിനും കൂട്ടുനിന്നു. സ്വന്തം കാര്യം വരുമ്പോൾ സ്വാർഥിയായിപ്പോകാത്ത ആരാണുള്ളത്? പക്ഷേ ഞാൻ മനസ്സിലാക്കിയേടത്തോളം ദേവാനന്ദിന്റെ പദ്ധതികളെക്കുറിച്ച് പൂർണമായും സോമശേഖരന് അറിയില്ലായിരുന്നു. എന്തായാലും സോമശേഖരനും ദേവാനന്ദും പറഞ്ഞത് മുഴുവൻ മാർഗരറ്റ് വിശ്വസിച്ചു. അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് അവർ കാര്യങ്ങൾ മാർഗരറ്റിന് മുന്നിൽ അവതരിപ്പിച്ചത്. ഈ കാര്യങ്ങൾ മാർഗരറ്റിന്റെ ഉള്ളിൽ കിടന്ന് തിളക്കാൻ തുടങ്ങി.യാദൃശ്ചികമായി സൂസന്റെ ഡയറിക്കുറിപ്പുകൾ ലഭിക്കുക കൂടി ചെയ്തതോടെ അവർ അടക്കിവെച്ച രോഷം അണപൊട്ടിയൊഴുകി. മാർഗരറ്റ്, മുഹാജിറിനെ കൊത്തിനുറുക്കി. കൊലപാതകം നടന്ന ദിവസം മുഴുവൻ ദേവാനന്ദ് ആഘോഷത്തിലായിരുന്നു. തന്റെ പദ്ധതി വിജയിച്ച സന്തോഷം അയാൾ ആഘോഷിച്ചത് ക്ലബ്ബിൽ നൂറോളം വരുന്ന തന്റെ സുഹൃത്തുക്കളോടൊപ്പം ആടിയും പാടിയുമൊക്കെയായിരുന്നു.'

ദിലീപ് കുമാർ കിതപ്പോടെ പറഞ്ഞു നിർത്തി. ഒരു കൽപ്രതിമ പോലെ നിഷ്ചേഷ്ടയായി മിഴികളടച്ചിരുന്നാണ് കീർത്തി എല്ലാം കേട്ടത്. അയാൾ പറഞ്ഞു നിർത്തിയിട്ടും കുറെ നേരം കൂടി അവളാ ഇരിപ്പ് തുടർന്നു. കണ്ണുനീർ അവളുടെ കവിളുകളിലൂടെ ഒഴുകുന്നത് അയാൾ കണ്ടു.

(തുടരും)

English Summary:

Charamakolangalude Vyakaranam novel chapter sixteen - the revenge plans of Devanand revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com