സൂര്യകാന്തി എന്ന് പേരുള്ള വീട്, അതിൽ സ്നേഹിക്കാൻ മാത്രമറിയാവുന്ന മൂന്ന് മക്കളും
Mail This Article
അധ്യായം: ഒന്ന്
‘‘അമ്മേ, മയേച്ചി നാളെയല്ലേ വരുന്നേ?’’
‘‘അതെ കുഞ്ഞാ, നാളെ വൈകിട്ട് അച്ഛൻ വരുമ്പോ കൂട്ടിക്കൊണ്ടു വരും’’
അമ്മയുടെ മറുപടി കേട്ട് നിലാവിനു സന്തോഷവായി.
‘‘ഇച്ചേച്ചി ഇനി ഹോസ്റ്റലിലോട്ട് തിരിച്ചു പോകില്ലല്ലോ?’’ ആ ചോദ്യം നിളയുടേതാരുന്നു.
‘‘എന്റെ പൊന്നോ ഇല്ല, ഇനീം ഇവിടെ എല്ലാരുടേം സങ്കടം കാണാൻ വയ്യ’’. അമ്മ ചിരിച്ചു.
എട്ടാം ക്ലാസിലേക്ക് കയറിയപ്പോ ഹോസ്റ്റലിൽ നിൽക്കാനുള്ള ആഗ്രഹം പറഞ്ഞത് മഴ തന്നെയാണ്. അവളുടെ ബെസ്റ്റ് ഫ്രണ്ട്സ് രണ്ടു പേരും, കാർത്തികേം ഫാത്തിമേം ഹോസ്റ്റലിലേക്ക് മാറുന്നതായിരുന്നു കാരണം. പക്ഷേ, അവിടെച്ചെന്നു രണ്ടു ദിവസം കഴിഞ്ഞപ്പോഴേ വീട്ടിലുള്ളവരെ കാണാതെ മഴയ്ക്ക് ശ്വാസം മുട്ടി. ഏതായാലും പോയതല്ലേ, ഒരു മാസം നിൽക്കട്ടേന്നു പറഞ്ഞത് അച്ഛനാണ്.ആ കാലാവധി നാളെ കഴിയും. മഴ അവളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തും.
ചേച്ചി ഹോസ്റ്റലിലേക്കു പോയപ്പോ തൊട്ടേ കരച്ചില് തുടങ്ങിയിരുന്നു നിളയും നിലാവും. ഇപ്പോ അവൾ തിരിച്ചു വരുന്നൂന്ന് ഉറപ്പായപ്പോഴാണ് കണ്ണീരൊക്കെ മാഞ്ഞ് അവരുടെ മുഖമൊന്ന് തെളിയുന്നത്. അത്രമാത്രം ആത്മബന്ധമാണ് മൂന്നു പേർക്കും. എപ്പോഴും എല്ലാ കാര്യങ്ങൾക്കും ഒരുമിച്ച്. എഴുന്നേൽക്കുന്നതൊരുമിച്ച്, ഫുഡ് കഴിക്കുന്നതൊരുമിച്ച്, സ്കൂളിൽ പോകുന്നതൊരുമിച്ച്, കളിക്കുന്നതൊരുമിച്ച്, വഴക്കുണ്ടാക്കുന്നതൊരുമിച്ച്, കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതും ഒരുമിച്ച്. ഒരാൾക്കു സങ്കടവായാ എല്ലാരുടേം കണ്ണു നിറയും. ഒരാൾ ചിരിച്ചാ എല്ലാരുടേം മനസ്സ് നിറയും. ഒരു മനസ്സും മൂന്നു ശരീരവുമായിരുന്നു അവർ. ഒരു മാസത്തെ ഇടവേള കഴിഞ്ഞ് മൂവർസംഘം വീണ്ടും ഒന്നിക്കുകയാണ്. ‘സൂര്യകാന്തി’യിൽ നാളെ മുതൽ വീണ്ടും കളിചിരികൾ നിറയും.
ചേച്ചീടെ വരവുകാത്ത് ഏറെ നേരമായി നിളയും നിലാവും വരാന്തയിൽ ഇരിപ്പുറപ്പിച്ചിട്ട്.
‘‘അവരവിടുന്ന് ഇറങ്ങിയതേയുള്ളൂ പിള്ളാരേ, ഇപ്പളേ ഇങ്ങനെ നോക്കിയിരിക്കണോ?’’ അമ്മയുടെ ചോദ്യം.
‘‘അതു സാരവില്ലമ്മേ, ഞങ്ങളിവിടെ ഇരുന്നോളാം’’, നിളയുടെ മറുപടി.
‘‘എന്നാ നിങ്ങളുടെ ഇഷ്ടം പോലെ’’ എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണണം. അച്ഛന്റെ കാറിന്റെ ശബ്ദംകേട്ട് രണ്ടു പേരും മുറ്റത്തേക്കോടി. കാറ് നിർത്തിയപ്പോഴേ ചാടിയിറങ്ങിയ മഴ നിളയെ കെട്ടിപ്പിടിച്ചു. നിലാവിനെ വാരിയെടുത്തു.
‘‘ഇതിപ്പോ സ്നേഹപ്രകടനം കണ്ടാ തോന്നും ഇവൾ അമേരിക്കേലോ ഗൾഫിലോ എങ്ങാണ്ട് പോയിട്ട് മൂന്നാലു കൊല്ലം കഴിഞ്ഞ് തിരിച്ചെത്തിയതാന്ന്’’, അച്ഛന്റെ കമന്റ്.
‘‘കേറി വാ പിള്ളാരേ, ഇനി അകത്തോട്ട് കേറീട്ട് സ്നേഹിക്കാം’’, അമ്മ പറഞ്ഞു. മഴയുടെ കൈയ്യിൽ തൂങ്ങി നിളയും നിലാവും അകത്തു കയറി. പിന്നാലെ ഹോസ്റ്റൽ ബാഗുമായി അച്ഛനും.
മഴയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നെയ്യപ്പവും ബൂസ്റ്റ് ചേർത്ത ചായയും അമ്മ റെഡിയാക്കിയിട്ടുണ്ടായിരുന്നു. കൂടെ ഹൽവേം പഴം പൊരീം. ‘‘ആഹാ ഇതൊക്കെ എപ്പോ വാങ്ങിച്ചു?’’ നിള ചോദിച്ചു.
‘‘സമയം ഓർക്കുന്നില്ല നിള ചേച്ചി’’ അമ്മയുടെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. ചുണ്ടുകോട്ടി അമ്മയെ ഒരു കോക്രി കാണിച്ചു നിള. ദിവസങ്ങൾക്കു ശേഷം സൂര്യകാന്തിയിലങ്ങനെ കളിചിരി മേളങ്ങളായി.
(തുടരും)