കോവിഡ് കാലത്ത് കൂട്ട് ‘നിരീശ്വരൻ’: വായനയുടെ വഴിയെപ്പറ്റി കൃഷ്ണപ്രഭ
Mail This Article
ലോക്ഡൗണിൽ ഒന്നും ചെയ്യാനില്ല, സമയം പോകുന്നില്ല എന്ന് നെഗറ്റീവടിച്ചിരിക്കാതെ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഭാവസാന്ദ്രമായ സംഗീതം കൊണ്ടും മനസ്സിലും ജീവിതത്തിലും പോസിറ്റീവ് എനർജി നിറയ്ക്കുകയാണ് അഭിനേത്രിയും നർത്തകിയും വ്ലോഗറുമായ കൃഷ്ണപ്രഭ. അപ്രതീക്ഷിത ലോക്ഡൗണിൽ കുരുങ്ങി സമയം പോകുന്നില്ല എന്ന് പരാതി പറയുന്നവർക്കുള്ള പോസിറ്റീവ് ടിപ്സും തന്റെ ലോക്ഡൗൺ കാല അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് താരം.
∙ അഭിനയം, നൃത്തം, ഫോട്ടോഷൂട്ടുകൾ, വ്ലോഗിങ്... അങ്ങനെ തിരക്കു നിറഞ്ഞ ജീവിതത്തിന് ലോക്ഡൗൺ ബ്രേക്കിട്ടു. ഇപ്പോൾ എങ്ങനെയാണ് സമയം ചെലവഴിക്കുന്നത്
ഈ ലോക്ഡൗൺ കാലത്തും എനിക്ക് നന്നായി സമയം പോകുന്നുണ്ട്. നൃത്തം, സംഗീതം എന്നിവ പ്രാക്ടീസ് ചെയ്യാൻ നന്നായി സമയം കിട്ടുന്നുണ്ട്. പാട്ടുകൾ കൂടുതലായി പഠിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിലും പ്രാക്ടീസൊക്കെ നടക്കുന്നുണ്ടെങ്കിലും ഇപ്പോൾ കൃത്യമായ സമയം അതിനായി നീക്കിവയ്ക്കാൻ സാധിക്കുന്നുണ്ട്. ലോക്ഡൗൺ സമയത്ത് ഒരു പുതിയ ശീലം കൂടി തുടങ്ങിയിട്ടുണ്ട്– ഗാർഡനിങ്ങ്. കിട്ടാവുന്ന ചെടികളൊക്കെ വച്ച് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ചെറിയ ഗാർഡനിങ് പരിപാടികളൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ട്.
∙ ലോക്ഡൗൺ കാലത്തെ വായന
വായന കുട്ടിക്കാലം മുതൽ കൂടെയുണ്ട്. അച്ഛൻ നന്നായി വായിക്കുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ പാട്ടും നൃത്തവുമൊക്കെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അതു പഠിക്കാൻ ചെല്ലുന്ന കുട്ടികൾക്ക് ലൈബ്രറിയിൽ അംഗമാകാം. ഞാൻ പാട്ടു പഠിക്കാൻ അച്ഛന്റെ കൂടെ അവിടെ പോകുമായിരുന്നു. അങ്ങനെ അവിടെനിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.
വിക്ടർ ഹ്യൂഗോയുടെ ലോകപ്രശസ്ത നോവൽ നോത്രദാമിലെ കൂനന്റെ പുനരാഖ്യാനമാണ് ആദ്യം അവിടെനിന്നു വായിച്ച പുസ്തകം. പാട്ട് ക്ലാസ് കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ അച്ഛനോ ചേട്ടനോ വരുന്നതുവരെ അവിടെയിരുന്നു വായിക്കും. പുസ്തകങ്ങൾ വീട്ടിലും കൊണ്ടുപോകുമായിരുന്നു. പിന്നെ ഞങ്ങൾ പനമ്പള്ളി നഗറിലേക്കു മാറിയപ്പോൾ എറണാകുളം പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പെടുത്തു. പിന്നെപ്പിന്നെ പുസ്തകങ്ങൾ സ്വന്തമായി വാങ്ങിയായി വായന. ഇപ്പോൾ അത്യാവശ്യം ഒരു പുസ്തക കലക്ഷനുണ്ട്.
മലയാളം നോവലുകളാണ് അധികവും വായിക്കാറ്. വായിച്ച പുസ്തകങ്ങളെക്കുറിച്ചൊക്കെ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാറുണ്ട്. വായിക്കാൻ പറ്റിയ പുസ്തകങ്ങൾ നിർദേശിക്കാമോ എന്നു ചിലരൊക്കെ ചോദിച്ചിരുന്നു. അവർക്കുവേണ്ടിയാണ് സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റ് ഒക്കെയിട്ടിരുന്നത്. വി.ജെ. ജയിംസിന്റെ ‘നിരീശ്വരൻ’ എന്ന പുസ്തകം വായിച്ചതിനെപ്പറ്റി ഒരു പോസ്റ്റിട്ടപ്പോൾ, പുസ്തകത്തിന്റെ ടൈറ്റിൽ മാത്രം മനസ്സിൽ വച്ച് ‘അയ്യോ ഈ സമയത്ത് ഇങ്ങനത്തെ പുസ്തകങ്ങളാണോ വായിക്കുന്നത്’ എന്നൊക്കെ ചിലയാളുകൾ ചോദിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി അറിയാതെയാണ് അത്തരം പ്രതികരണങ്ങൾ. പക്ഷേ ഈ സമയത്ത് വായിക്കാവുന്ന ഏറ്റവും നല്ലൊരു പുസ്തകമായിരിക്കും അതെന്നാണ് എന്റെ അഭിപ്രായം.
അടിയാള പ്രേതം എന്നൊരു ബുക്കും വായിച്ചു. പി.എഫ്. മാത്യൂസിന്റെ പുസ്തകമാണ്. ഇരുട്ടിലൊരു പുണ്യാളൻ എന്നൊരു പുസ്തകമുണ്ട്. അതിന്റെ തുടർച്ചയാണ് ഈ പുസ്തകം. ആദ്യത്തെ പുസ്തകം വായിച്ചവർക്ക് ഇതു കുറച്ചുകൂടി മനസ്സിലാകും. ഞാൻ അത് മുൻപേ വായിച്ചിരുന്നു. അതുകൊണ്ട് അടിയാള പ്രേതത്തിന്റെ വായന കുറച്ചുകൂടി എളുപ്പമായി. അതൊരു ചെറിയ ബുക്കാണ്. അതുകൊണ്ട് വേഗം വായിക്കാം. ഓരോരോ കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് പുസ്തകങ്ങൾ വേഗം വായിച്ചു തീർത്ത് അടുത്തതിലേക്കു വേഗം തന്നെ പോകാറുണ്ട്.
സാധാരണ ദിവസങ്ങളിൽ ഇതിനിടയിൽ മറ്റു തിരക്കുകൾ വന്ന് വായന ഇടയ്ക്കിടെ സ്റ്റക്ക് ആകാറുണ്ടായിരുന്നു.ലോക്ഡൗണിനു മുൻപാണ് നിരീശ്വരൻ വായിച്ചു തുടങ്ങിയത്. അതും മുൻപു പറഞ്ഞ പുസ്തകങ്ങളും വായിച്ചു തീർത്തു. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് കുട്ടികൾക്കായുള്ള ഒരു പുസ്തകമാണ്– ഉണ്ണിക്കുട്ടന്റെ ലോകം.
∙ പ്രിയപ്പെട്ട എഴുത്തുകാർ
പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളുടെ പേരുമാത്രം എടുത്തുപറയാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ വായിച്ചു കഴിഞ്ഞ നിരീശ്വരൻ എന്ന പുസ്തകത്തിന്റെ രചയിതാവ് വി.ജെ. ജയിംസാണ്. അദ്ദേഹത്തെ ഇപ്പോഴാണ് വായിക്കുന്നത്. ഒരിക്കൽ ക്രോസ്‌വേഡിൽ പോയപ്പോൾ പുസ്തകപ്രസാധക രംഗത്ത് എനിക്ക് പരിചയമുള്ള ആളുകളുണ്ടായിരുന്നു. അവർ സജസ്റ്റ് ചെയ്തതനുസരിച്ചാണ് നിരീശ്വരൻ വാങ്ങിയത്. വായിച്ചപ്പോൾ എനിക്ക് ഏറെയിഷ്ടപ്പെട്ടു. സുഭാഷ് ചന്ദ്രനാണ് ഏറെയിഷ്ടമുള്ള ഒരെഴുത്തുകാരൻ. അദ്ദേഹത്തിന്റെ ‘മനുഷ്യന് ഒരു ആമുഖം’ ഏറെയിഷ്ടമുള്ള പുസ്തകമാണ്. അടുത്തിടെയിറങ്ങിയ ‘സമുദ്രശില’ എന്ന നോവലും വായിച്ചിരുന്നു. അതും ഒരുപാടിഷ്ടപ്പെട്ടു. ഏറെയിഷ്ടമുള്ള മറ്റൊരു എഴുത്തുകാരൻ ബെന്യാമിനാണ്. അദ്ദേഹത്തിന്റെ ആടുജീവിതമൊക്കെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലുണ്ട്.
ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന പുസ്തകം ഇഷ്ടമായി. അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് ലോക്ഡൗണൊക്കെയായത്. ഈ പ്രശ്നങ്ങളൊക്കെ എത്രയും വേഗം മാറാനും പുതിയ പുസ്തകങ്ങൾ കൈയിലെത്താനുമുള്ള കാത്തിരിപ്പിലാണിപ്പോൾ.
∙ വായനക്കാർക്കായി പുസ്തകങ്ങൾ നിർദേശിക്കാം
‘മനുഷ്യന് ഒരു ആമുഖം’ വായിക്കാത്തവർ തീർച്ചയായും അത് വായിക്കണം. അല്ലെങ്കിൽ അത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടമാകും. ഇന്നത്തെ കാലത്ത് അപ്ഡേറ്റ് ചെയ്ത് വായിക്കേണ്ടുന്ന പുസ്തകങ്ങളിലൊന്നായി ‘നിരീശ്വരൻ’ എന്ന പുസ്തകത്തെയും ഞാൻ സജസ്റ്റ് ചെയ്യും. ബെന്യാമിന്റെ ആടുജീവിതവും മഞ്ഞവെയിൽ മരണങ്ങളും ആ പട്ടികയിലുണ്ട്. കുട്ടികളയും വായനയിലേക്ക് കൊണ്ടുവരാൻ ഈ സമയം വിനിയോഗിക്കണമെന്നാണ് മുതിർന്നവരോട് എനിക്ക് പറയാനുള്ളത്.
∙ ഉടനെ ഒരു പുസ്തകമെഴുതുമോ?
അതിനെക്കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. എല്ലാവർക്കുമുള്ളതുപോലെ എനിക്കും ഒരു ഡയറിയൊക്കെയുണ്ട്. അതിൽ ചില കാര്യങ്ങളൊക്കെ നോട്ട് ചെയ്തു വയ്ക്കാറുണ്ട്. അതൊരു പുസ്തകം ആക്കാനുള്ള പദ്ധതികളൊന്നും ഇപ്പോഴില്ല.
English Summary : Actress Krishna Prabha Talks About Quarantine Time Reading