ADVERTISEMENT

പത്രപ്രവർത്തകൻ, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ എന്നിങ്ങനെ പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.വി. മോഹൻകുമാർ മലയാളി വായനക്കാർക്ക് സാധാരണഗതിയിൽ അത്രയെളുപ്പം വായനയ്ക്കു ലഭിക്കാത്ത വിഷയങ്ങളാണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. താന്ത്രികരതിയെ ക്കുറിച്ചാണെങ്കിലും പുന്നപ്ര വയലാർ സമരത്തെ കുറിച്ചാണെങ്കിലും ഭീതിപ്പെടുത്തുന്ന ത്രില്ലർ അനുഭവം നൽകുന്ന മാഴൂർ തമ്പാൻ എന്ന കഥാപാത്രത്തെ കുറിച്ചാണെങ്കിലും ഓരോന്നും വളരെ വ്യത്യസ്തമായ അനുഭവമായായിരുന്നു.

 

 

‘എഴുത്ത് എനിക്ക് പ്രാണവായുവാണ്’ എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘ഭക്ഷണത്തിനു പകരം പുസ്തകത്തെ അറിഞ്ഞ ദിവസം വിശന്നിരുന്നൊരു സമയത്താണ് വിശപ്പ് എന്നൊരു കഥയെഴുതുന്നത്. അതാണ് എന്റെ ആദ്യ കഥ. അങ്ങനെ പറയുമ്പോൾ എന്നെ എഴുത്തിലേക്ക് നയിച്ചത് ഒരുപക്ഷേ എന്റെ ജീവിത സാഹചര്യങ്ങളാണ്’  എന്ന് തന്റെ ആദ്യ കഥയെക്കുറിച്ച് അദ്ദേഹം കുറിച്ചുവയ്ക്കുന്നു. ‘ഉഷ്ണരാശി’ എന്ന നോവലിന് വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവുമെല്ലാം ഏറ്റുവാങ്ങിയ കെ.വി. മോഹൻകുമാറിനെ ഇനിയും മലയാളി വായിക്കാൻ താമസിക്കരുത്. തന്നിലെ എഴുത്തുകാരനെ മെനഞ്ഞെടുത്ത പുസ്തകങ്ങളെയും വായനയെയും പറ്റി എഴുത്തുകാരൻ പറയുന്നു.

 

Mazhoor Thamban Randam Varavu

 

ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കുറെയുണ്ട്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതിനു ശേഷം സാമ്പത്തിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ നേരിടേണ്ടി വന്നു. ആ സമയത്ത് തന്നെയാണ് ഏട്ടന്റെ ജോലി നഷ്ടമാവുന്നതും. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഏട്ടൻ എപ്പോഴും വായിക്കുന്നത് കാണാം. അദ്ദേഹത്തിന്റെ വായന വളരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വികെഎൻ, എസ്.കെ. പൊെറ്റക്കാട്, അഗത ക്രിസ്റ്റി, വിലാസിനി അങ്ങനെ നിരന്തരം വ്യത്യസ്തമായ വായനകൾ.

 

 

ഹൊറർ ഫിക്‌ഷനും ഏട്ടന്റെ വായനയിലുണ്ടായിരുന്നു. ഞാൻ ഇങ്ങനെ വിശന്ന് ഇരിക്കുമ്പോഴും ഏട്ടൻ ആ സമയത്ത് വിശപ്പ് സഹിച്ച് പുസ്തകങ്ങൾ വായിക്കുന്നത് കാണാം. അപ്പോഴാണ് ഞാനൊരിക്കൽ ചെന്നു ചോദിക്കുന്നത് വിശക്കുമ്പോഴും എങ്ങനെയാണ് പുസ്തകം വായിക്കുന്നതെന്ന്. അപ്പോൾ ഏട്ടൻ പറഞ്ഞു പുസ്തകം വായിച്ചാൽ മതി വിശപ്പ് അറിയില്ലെന്ന്. അങ്ങനെ ഏട്ടൻ എനിക്ക് അറബിക്കഥകളും കാരൂരിന്റെയും ലളിതാംബിക അന്തർജനത്തിന്റെയുമൊക്കെ പുസ്തകങ്ങളും തരാൻ തുടങ്ങി. 

 

 

അങ്ങനെ ഞാനും വായിക്കാൻ തുടങ്ങി. വായന കൊണ്ട് എന്റെ വിശപ്പൊന്നും മാറിയില്ല, പക്ഷേ ഞാൻ വായന ആസ്വദിക്കാൻ തുടങ്ങി. പിന്നെ ആലിബാബ, സിൻബാദ് തുടങ്ങിയ കഥകളൊക്കെ ഏട്ടൻ പറഞ്ഞു തരുമായിരുന്നു. പിന്നെപ്പിന്നെ കഥ കേൾക്കാൻ ക്ഷമ ഇല്ലാതെ സ്വയം വായന തുടങ്ങി. ഏഴാം ക്ലാസ് ആയപ്പോഴേക്കും ഞങ്ങളുടെ വായനശാലകളിലൊക്കെയുള്ള എല്ലാ ബാലസാഹിത്യ പുസ്തകങ്ങളും ഞാൻ വായിച്ചു കഴിഞ്ഞു. ഇനിയെന്ത് വായിക്കും എന്ന് ആലോചിക്കുമ്പോഴാണ് ഒരിക്കൽ വേളൂർ കൃഷ്ണൻ കുട്ടിയുടെ പുസ്തകം കയ്യിൽ കിട്ടുന്നത്. പിന്നീട് കുറച്ചു നാളത്തേക്കു തമാശ പുസ്തകങ്ങളായിരുന്നു. 

 

 

പിന്നീട് വായനയിൽ മാറ്റം ഉണ്ടാക്കിയത് കോട്ടയം പുഷ്പനാഥ് ആണ്. അദ്ദേഹത്തെക്കുറിച്ച് തീരെ മതിപ്പില്ലാതെ പലരും സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാൽ എനിക്കദ്ദേഹത്തെ നല്ല ബഹുമാനമാണ്. എന്റെ ചെറിയ പ്രായത്തിൽ എനിക്കൊരു ലോകം തുറന്നു തന്നത് കോട്ടയം പുഷ്പനാഥ് ആണ്. ഡിറ്റക്ടീവ് മാർക്സിൻ സഞ്ചരിക്കുന്ന വഴികളും അയാളുടെ ഹാഫ് എ കൊറോണ സിഗാറും ഒക്കെ പരിചയപ്പെടുന്നത് അതിലാണ്. 

 

 

ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഒരുതരം ആർത്തിയോടെയാണ് ഞാനിതൊക്കെ വായിച്ചു തുടങ്ങിയത്. ഡിഗ്രി കാലം ആയപ്പോഴേക്കും അതിലൊരു ബോറടി തുടങ്ങി, അതിനു ശേഷം മുകുന്ദനെ വായിച്ചു തുടങ്ങി. ഗൗരവ വായനയുടെ തുടക്കം അവിടെയായിരുന്നു. അദ്ദേഹത്തിന്റെ ‘ദൽഹി’, ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ എന്നിവയിലൂടെയാണ് വായന വളരുന്നത്. പിന്നെ ഒ.വി. വിജയൻ, എംടി, ടി. പദ്മനാഭൻ, സേതു, പുനത്തിൽ, കാക്കനാടൻ ഇവരൊക്കെ എന്നെ വായന അനുഭവിപ്പിക്കുന്നതിൽ ഒരുപാട് സഹായിച്ചു. അവരോടു കടപ്പാടും ഉണ്ട്. 

 

ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാൾ കസാൻദ്സാക്കിസ് ആണ്. പിന്നെയൊരാൾ പാബ്ലോ നെരൂദ, പിന്നെ മാർക്കേസ്. ഈ മൂന്നു പേരും ഒരുപാട് ഇഷ്ടം തോന്നിയിട്ടുള്ളവരാണ്. കാഫ്കയുടെ നോവൽ ഒരുപാട് എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും അത് വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. കസാൻദ്സാക്കീസിന്റെ ‘ദ് ഗ്രീക്ക് പാഷൻ’ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിൽ ഖസാക്കിന്റെ ഇതിഹാസമാണ് ഏതു കാലത്തും ഏറ്റവുമധികം സ്വാധീനിച്ചത്. അതുപോലെ മറ്റൊന്ന് പി. കുഞ്ഞിരാമൻ നായരുടെ ‘കവിയുടെ കാൽപ്പാടുകൾ’ ആണ്. 

 

ഹെർമൻ ഹെസ്സയുടെ ‘സിദ്ധാർഥ’ ഒരുപാട് വല്ലാത്തൊരു അനുഭവമായിരുന്നു. ആ പ്രായത്തിൽ വല്ലാത്തൊരു വായനയായിരുന്നു. പ്രീ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു അത്. ബുദ്ധനെക്കുറിച്ചു നമ്മുടെ ഉള്ളിലുള്ള ചിത്രമൊക്കെ കൃത്യമാവാൻ അത് സഹായിച്ചു. അതുപോലെ ഹെമിങ്‌വേയുടെ ‘കിഴവനും കടലും’ അതൊക്കെ ആ പ്രായത്തിലുള്ള വായനകളാണ്.’

 

 

പുതിയ എഴുത്തുകാർക്കായി കെ.വി. മോഹൻകുമാർ അദ്ദേഹത്തിന്റെ എഴുത്തിന്റെ രഹസ്യം പറയുന്നതിങ്ങനെ,

 

‘ഒരു എഴുത്തുകാരന്റെ കണ്ണും കാതും മനസ്സുമൊക്കെ എപ്പോഴും തുറന്നിരിക്കുകയാണ് വേണ്ടത്. കഥയുടെ ലോകം നമ്മൾ സൃഷ്ടിക്കുന്നത് ഇവകളിലൂടെയാണ്. ഒരാൾ എഴുതിത്തുടങ്ങുന്നത് അയാളുടെ ജാലകത്തിലൂടെ തുറിച്ചു നോക്കാൻ ആരംഭിക്കുമ്പോഴാണ് എന്നു കേട്ടിട്ടുണ്ട്. അതു ശരിയാണ്, നമ്മൾ കാണുന്ന കാഴ്ചകളും എഴുത്തുകാരല്ലാത്തവർ കാണുന്ന കാഴ്ചകളും തമ്മിൽ വ്യത്യാസമുണ്ട്. 

 

 

നമ്മൾ കാണുന്ന കാഴ്ചകൾ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെക്കിടന്ന് ഒരുപാട് പ്രോസസിലൂടെ രചനയായി പുറത്തേക്കു വരും. പക്ഷേ ഒരു സാധാരണക്കാരന് അത് വൈകാരികമായി പ്രകടിപ്പിക്കാനുള്ള  അനുഭവമായി അവശേഷിക്കും. ആ പ്രകടനം കഴിയുന്നതോടെ അത് അവസാനിക്കും. പക്ഷേ എഴുത്തുകാരൻ അതിനെ ഉള്ളിലേക്കാവാഹിച്ച് ആകുലപ്പെട്ട് രചനകളായി തീരും. 

 

 

ഒരു എഴുത്തുകാരന്റെ കരുക്കൾ കണ്ണും കാതും മനസ്സുമെല്ലാമാണ്. എഴുത്തിന്റെ ഒരു ഘട്ടത്തിൽ മനസ്സ് ഏകാഗ്രമാകുമ്പോൾ അദ്ദേഹത്തിന്റെ തലച്ചോർ ഒരു ആന്റിനയായി  പ്രവർത്തിക്കുന്നുണ്ടോ എന്നു തോന്നാറുണ്ട്. അന്തരീക്ഷത്തിലെ കഥാബീജത്തിലെ ആശയങ്ങളെ ഈ ആന്റിന പിടിച്ചെടുത്ത് തലച്ചോറിലേക്ക് നൽകാറുണ്ട്. 

 

 

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ലാപ്ടോപ്പിലാണ് എഴുതുക. എഴുതിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ തലച്ചോറിലേക്ക് പല ഇമേജറികളും വാക്കുകളും എല്ലാം ഇങ്ങനെ മനസ്സിലേക്കും വിരലിലേക്കും ഒഴുകിയെത്തുകയാണ്. ഒരുപക്ഷേ നമ്മൾ അതിനു വേണ്ടിയിരിക്കുമ്പോൾ അന്തരീക്ഷം നമ്മുടെ ഉള്ളിലെ ബോധവുമായി പ്രവർത്തിച്ച് അങ്ങനെ എന്തെങ്കിലും കൈമാറുന്നുണ്ടാകാം . കാന്തം പോലെ എന്തോ വലിച്ചെടുത്ത് തരും പോലെ.’

 

English Summary : Interview With K.V Mohan Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com