ADVERTISEMENT

കുഞ്ഞാലിമരയ്ക്കാർ അടക്കമുള്ള ഏതു സിനിമയിലും ചരിത്രം അതേപടി പകർത്തിവയ്ക്കാൻ ഒരു സാധ്യതയുമില്ലെന്നും ആരാധകരെ രസിപ്പിക്കാനുള്ള ഏച്ചുകെട്ടലുകൾ ഉറപ്പാണെന്നും ചരിത്രകാരൻ എം.ജി.എസ് നാരായണൻ. ഈ വർഷം നവതി ആഘോഷിക്കാനിരിക്കുന്ന എംജിഎസ് തന്റെ പുതിയ പുസ്തകമായ ‘ചരിത്രത്തിലെ ഏടുകൾ: സംവാദങ്ങൾ സമന്വയങ്ങൾ’  തന്റെ പൂർവ വിദ്യാർഥികൾക്ക് വിഷുക്കൈനീട്ടമായി അദ്ദേഹത്തിന്റെ വീട്ടിൽവച്ച് സമ്മാനിക്കുന്ന ചടങ്ങിനിടെ മനോരമയുമായി മനസു തുറക്കുകയായിരുന്നു.

 

ചരിത്രത്തോട് സിനിമ എത്രമാത്രം നീതി പുലർത്തും?

 

കുഞ്ഞാലിമരയ്ക്കാർ സിനിമ വരികയാണ്. ചരിത്രത്തെ അടിസ്ഥാനമാക്കിയായാലും സിനിമയിൽ കൂട്ടിച്ചേർക്കലുകൾ ഉറപ്പാണ്. ആളുകളെ രസിപ്പിക്കുകയെന്നതാണ് സിനിമയുടെ ആത്യന്തികമായ ലക്ഷ്യം. അത്തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ ഏതു സിനിമയിലുമുണ്ടാവും എന്നത് ഉറപ്പാണ്.

ചരിത്രം എല്ലാവർക്കും അത്ര രസിക്കുന്നതാവില്ല. രസകരമായി ചരിത്രം അവതരിപ്പിക്കാൻ കഴിയുമോ എന്നറിയില്ല. ആളുകൾക്ക് രസിക്കുന്നതെല്ലാം വസ്തുതാപരം ആയിരിക്കണമെന്നില്ല. ചരിത്രത്തോടു നീതി പുലർത്തുന്ന, വസ്തുതാപരമായ ഒരു സിനിമ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല.

Narayanan-2
എം.ജി.എസ് നാരായണൻ. ചിത്രം : വിധുരാജ്

 

കേരള ചരിത്രത്തിലെ ഇരുളട‍ഞ്ഞ അധ്യായങ്ങൾ എന്ന് ഒരു പുസ്തകത്തിന് പേരു കണ്ടിട്ടുണ്ട്. ചരിത്രം ഇന്ന് ഇരുളടഞ്ഞതാണോ?

 

ഇന്ന് കേരളചരിത്രം ഇരുളടഞ്ഞതല്ല. എന്നാൽ ഫ്ലാഷ്ബാക്കുകളിൽ അനേകം കള്ളത്തരങ്ങൾ തിരുകിക്കയറ്റുന്നുണ്ട്. ചരിത്രം പഠിപ്പിക്കുന്നവരും പഠിക്കുന്നവരും തന്നെയാണ് അതിന് ഉത്തരവാദികൾ. ഓരോരുത്തരും അവരവരുടേതായ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കും. പൊതുവേ എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി. ഇതു കേരളത്തിലും ബാധകമാണ്.

 

ചരിത്രം വളച്ചൊടിക്കപ്പെടുന്നുവെന്നാണോ?

 

പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. അതെല്ലാം ചരിത്രമാണെന്ന് തെറ്റിദ്ധരിക്കരുത്.. ചരിത്രത്തിൽ  അഭിപ്രായങ്ങളല്ല, മറിച്ച് തെളിവുകളാണ് ആധാരം. അതു തേടിപ്പിടിക്കുകയാണ് വേണ്ടത്.

നേരിട്ട് അന്വേഷിച്ച് കണ്ടെത്തുന്ന തെളിവുകളാവാം. വേറൊരാൾ ഗവേഷണം നടത്തി കണ്ടെത്തിയ തെളിവുകൾ പറയുന്നതാവാം. പ്രാഥമിക തെളിവുകളെന്നും ദ്വിതീയ തെളിവുകളെന്നും പറയുന്നത് ഇതിനെയാണ്.

 

ചരിത്രകാരൻമാരുടെ എണ്ണം കുറയുകയാണോ?

 

സമർപ്പണമുള്ള ചരിത്രകാരൻമാരുടെ എണ്ണം കുറയുകയാണ്. ഗൂഗിളും കംപ്യൂട്ടറും വന്നല്ലോ. അവരോട് ചോദിക്കുന്നതാണ് രീതി.എത്രമാത്രം വസ്തുനിഷ്ഠമാവുമെന്നത് അറിയില്ല. പല മനുഷ്യരും ഫീഡ് ചെയ്തുവച്ചതല്ലേ ഗൂഗിൾ തരുന്നത്.

 

വരുംതലമുറയിൽ മാറ്റമുണ്ടാവുമോ?

 

അങ്ങനെ പറയാൻ കഴിയുമോ ? അടുത്ത തലമുറ ഇന്നത്തെ തലമുറയേക്കാൾ മെച്ചമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. ഏതുകാലത്തും ഇത്തരം പ്രശ്നങ്ങൾ തുടരില്ലേ.

 

നവതി തികയുകയാണ്. എന്താണ് തോന്നുന്നത്

 

തൊണ്ണൂറായോ എനിക്ക്? തൊണ്ണൂറു തികച്ചാൽ സന്തോഷം. 120 ആയാൽ അതിലും സന്തോഷം. 

 

English Summary: Talk with Indian historian and writer M.G.S. Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com