ADVERTISEMENT

സങ്കീർണ്ണമായ പുരാണ സങ്കൽപ്പങ്ങളെ ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിച്ച പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനാണ് ദേവ്ദത്ത് പട്‌നായിക്. മിത്ത്, സംസ്കാരം, മതം, ആധുനിക സമൂഹം എന്നിവയെ മുൻനിർത്തി ദേവ്ദത്ത് എഴുതിയ കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പുരാണങ്ങളെ സമകാലിക വിഷയങ്ങളുമായി സംയോജിപ്പിച്ച് എഴുതുകയാണ് ദേവ്ദത്തിന്റെ രീതി. 'മിത്ത്=മിഥ്യ', 'ശിവ ടു ശങ്കര', 'ജയ', 'ദ് ബുക്ക് ഓഫ് റാം' തുടങ്ങി മുപ്പലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ഇവന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസുമായി ബന്ധപ്പെട്ട ഫോറങ്ങൾ എന്നിവിടങ്ങളിൽ പുരാണങ്ങൾ, നേതൃത്വം, മാനേജ്‌മെന്റ് എന്നിവയെ അടിസ്ഥാനമാക്കി സംസാരിക്കുന്ന പ്രഭാഷകൻ കൂടിയാണ് ദേവദത്ത്. തന്റെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുലോകത്തെക്കുറിച്ചും ദേവ്ദത്ത് പട്‌നായിക് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

ഇന്ത്യൻ പുരാണങ്ങളെ മുൻനിർത്തിയുള്ള രചനകളുടെ ഭാവിയെക്കുറിച്ചും വരുംകാലത്ത് അവയുടെ പ്രസക്തിയെക്കുറിച്ചുമുള്ള പ്രതീക്ഷ എന്താണ്?

ആദ്യം നമ്മൾ മിത്തോളജിയെയും മിത്തോളജിക്കൽ ഫിക്ഷനെയും തമ്മിൽ വേർതിരിച്ചറിയണം. എം. ടി. വാസുദേവൻ നായർ രണ്ടാമൂഴം എഴുതി. അത് മിത്തോളജിക്കൽ ഫിക്ഷനാണ്. പുരാണങ്ങളിൽ നിന്ന് കഥയെടുത്ത് തന്റേതായ മാനം നൽകുന്ന ആ രീതിയില്‍ നിങ്ങൾ കേൾക്കുന്നത് എംടി ശബ്ദമാണ്. അതിൽ വേദവ്യാസന്റെ ശബ്ദം കേൾക്കരുത്. മിത്തോളജിക്കൽ ഫിക്ഷന്‍ എഴുത്തുകാരനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എഴുത്തുകാരുടെ ശബ്ദത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെങ്കിൽ, അദ്ദേഹം എഴുതുന്നത് പുരാണത്തെ ആസ്പദമാക്കിയ ഒരു കഥയാണ്. എന്നാൽ മിത്തോളജി പുസ്തകങ്ങൾ, വേദവ്യാസന്റെ ശബ്ദത്തെ ഒരിക്കൽ കൂടി വായനക്കാരിലേക്ക് എത്തിക്കാനാണ് നോക്കുന്നത്. അവർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലൂടെയുള്ള ഈ അവതരണത്തിൽ, എഴുത്തുകാരൻ വേദവ്യാസന്റെ കൃതിയിൽ മാറ്റം വരുത്തുകയോ തന്റേതായ മാനം ചേർക്കുകയോ ചെയ്യുന്നില്ല. ഓരോ സംസ്കാരമനുസരിച്ച് അവിടുത്തെ മിത്തോളജിയിലും വ്യതിയാനമുണ്ടാകും.

devdutt-lit-books-o

മിത്തോളജിക്കൽ ഫിക്ഷനിൽ നിങ്ങൾക്ക് ഒരു പുതിയ കഥ സൃഷ്ടിക്കാൻ സാധിക്കും. എന്നാൽ മിത്തോളജി പുസ്തകങ്ങളിൽ അത് ചെയ്യാനാകില്ല. ഞാൻ ഇതുവരെ 'ദ് പ്രഗ്നഡ് കിങ്' എന്ന പേരിൽ ഒരു മിത്തോളജിക്കൽ ഫിക്ഷൻ മാത്രമാണ് എഴുതിയത്. ഏകദേശം പത്തുവർഷം മുൻപാണ് അത്. അതിൽ ഞാൻ എന്റെ ആശയങ്ങളുടെ ചേർത്തിരുന്നു. എന്നാ‍ൽ, ബാക്കി എല്ലാ പുസ്തകങ്ങളും പുരാണങ്ങളെ അതേ പടി അവതരിപ്പിക്കുകയായിരുന്നു. അതിൽ അറബികളുടെ, ചൈനക്കാരുടെ, യൂറോപ്യന്മാരുടെ ഒക്കെ പുരാണങ്ങളുണ്ട്. അവ അറിയാൻ ആളുകൾക്ക് താൽപര്യമുണ്ട്. ഭാവിയിലും അവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കപ്പെടും.

എഴുതിയ പുസ്തകങ്ങളില്‍ മനോഹരമായ ചിത്രങ്ങൾ സ്വയം വരച്ചു ചേർക്കാറുണ്ടല്ലോ?

ഒരു ആശയം നന്നായി മനസ്സിലാക്കാൻ ചിത്രങ്ങൾ സഹായിക്കുമെന്നാണ് എനിക്ക് തോന്നിട്ടുള്ളത്. ആശയവിനിമയത്തിനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഞാൻ വരയ്ക്കുന്നത്. അത് ഞാൻ ആസ്വദിക്കുന്നുണ്ട്. എന്റെ വരികൾ വളരെ ലളിതവും കറുപ്പും വെളുപ്പും നിറത്തിലുള്ളതും എളുപ്പത്തിൽ നിർമ്മിക്കാവുന്നതുമാണ്. ഡ്രോയിങ് എന്നത് ആശയവിനിമയത്തിനു മാത്രമല്ല, കാര്യങ്ങൾ വ്യത്യസ്തമായി സങ്കൽപ്പിക്കാനും സഹായിക്കുന്നു.

ഒരു വ്യക്തിയെന്ന നിലയിൽ, വളർച്ചയിൽ പുരാണങ്ങൾ എങ്ങനെയാണ് സഹായിച്ചത്?

മിത്തോളജി എന്നത് ഒരു സാംസ്കാരിക സത്യമാണ്. ഓരോ മനുഷ്യനും ലോകത്തെ വ്യത്യസ്തമായിട്ടാണ് സങ്കൽപ്പിക്കുന്നത്. ലോകത്തെക്കുറിച്ചുള്ള ധാരണകൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. മുന്നിൽ നിൽക്കുന്ന ആളിന്റെ ധാരണകളെയും ഭാവനകളെയും മനസ്സിലാക്കിയാൽ പല വഴക്കുകളും ഒഴിവാക്കാം. പുരാണങ്ങളുടെ ഏറ്റവും വലിയ പാഠം ആളുകളെ ശ്രദ്ധിക്കുക, അവരുടെ കഥകൾ ശ്രദ്ധിക്കുക എന്നതാണ്. അവർ ലോകത്തെ എങ്ങനെ സങ്കൽപ്പിക്കുന്നുവെന്ന് മനസ്സിലാക്കാനായാൽ നിങ്ങൾക്ക് നല്ല ബന്ധങ്ങൾ ഉണ്ടായിരിക്കും.

devdutt-lit-t

വ്യക്തികളെ മാത്രമല്ല ലോകത്തിലെ പല കാര്യങ്ങളെ ഇത്തരത്തിൽ അറിയാനാകും. പുരാണകഥകൾ ശരിയായി കേൾക്കുകയാണെങ്കിൽ ചൈന ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. എന്തുകൊണ്ടാണ് അവർ ചോപ്സ്റ്റിക് ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങളെക്കുറിച്ച് ധാരണ ലഭിക്കും. നിങ്ങൾ എങ്ങനെ വ്യത്യസ്തനായി? ഒരേ കുടുംബത്തിൽ ജീവിക്കുമ്പോഴും കുടുംബാംഗങ്ങള്‍ വ്യത്യസ്തരായിരിക്കുന്നത് എന്തുകൊണ്ട്? എന്നെല്ലാം ഇതേ പോലെ മനസ്സിലാക്കാം.

എനിക്ക് നിങ്ങളുടെ ഭാവനയിൽ പ്രവേശിക്കാൻ കഴിയില്ല അതേ പോലെ നിങ്ങൾക്ക് എന്റെ ഭാവനയിലും പ്രവേശിക്കാൻ കഴിയില്ല. അതിനാൽ നാം സംസാരിക്കണം. നിങ്ങൾ എന്നോട് നിങ്ങളുടെ ധാരണകളെയും ഭാവനകളെയും കുറിച്ച് പറഞ്ഞാൽ എനിക്ക് നിങ്ങളെ കുറച്ച് കൂടി മനസ്സിലാക്കാൻ കഴിയും. അതിലൂടെ നല്ല ബന്ധങ്ങൾ രൂപപ്പെടുന്നു. ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, വഴക്കടിക്കുന്നത് കുറയ്ക്കാം. ഇത് എന്റെ ജീവിതത്തിൽ, എന്റെ ജോലിയിൽ, എന്റെ ബിസിനസ്സിൽ എന്നെ സഹായിച്ചിട്ടുണ്ട്, ബുദ്ധിമുട്ടുള്ള ആളുകളുമായി ഇടപെടാൻ ഈ മനസ്സിലാക്കലുകള്‍ എന്നെ സഹായിച്ചു.

സാമ്പ്രദായിക – പരമ്പരാഗത കാര്യങ്ങൾക്കും സമകാലിക വായനക്കാർക്കുമിടയിൽ ഒരു വിടവ് ഉണ്ടെന്ന് കരുതുന്നുണ്ടോ?

പുരാണങ്ങൾ ഭൂതകാലത്തിന്റേതാണെന്ന് ആളുകൾ കരുതുന്നതിനാലാണിത്. നമ്മുടെ പ്രശ്നങ്ങൾ പൂർവ്വികർ അഭിമുഖീകരിക്കുന്ന അതേ പ്രശ്‌നങ്ങളാണെന്ന് നാം തിരിച്ചറിയുന്നില്ല. എല്ലാവരും ഒരേ പ്രശ്നം നേരിടുന്നു. 100 വർഷം മുമ്പുള്ള അസൂയയും 1000 വർഷം മുമ്പുള്ള അസൂയയും ഇന്നത്തെ അസൂയയും വ്യത്യസ്തമല്ല. ഒരു സാങ്കേതികവിദ്യയ്ക്കും ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. നമ്മൾ വ്യത്യസ്തരാണെന്ന് കരുതുന്നതിനാലാണ് ഈ വിടവ് ഉണ്ടാകുന്നത്. സാങ്കേതികവിദ്യയിൽ നാം മുന്നേറി എന്നാൽ മാനസിക തലത്തിൽ നമ്മൾ വ്യത്യസ്തരല്ല. പണ്ട് ആൾ കടന്നു പോയ അതേ വികാരങ്ങളുടെ മറ്റൊരു മുഖം മാത്രമാണ് നാം ഇന്ന് കാണുന്നത്. അത് തിരിച്ചറിഞ്ഞാൽ ഈ വിടവ് അവസാനിക്കും. നമ്മുടെ ചോദ്യങ്ങൾക്കു മറുപടി തേടി നാം പുരാണകഥകൾ വായിക്കും.

ചില പുസ്തകങ്ങൾ രാമൻ, ശിവൻ എന്നിങ്ങനെ കേന്ദ്രീകരിച്ചാണ് എഴുതുന്നതെങ്കിൽ ചിലത് വിവാഹം, പണം എന്നീ വിഷയങ്ങളുടെ ആഴത്തിലുള്ള പഠനമാണ്. ഇത്തരം വ്യത്യസ്തതയ്ക്ക് കാരണം?

ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച കഥകളായിരുന്നു അവ. പുനർജന്മത്തെ മനസ്സിലാക്കാതെ നിങ്ങൾക്ക് ഇന്ത്യൻ മിത്തോളജി മനസ്സിലാക്കാൻ കഴിയില്ല. ഇന്ത്യൻ മിത്തോളജിയെ വ്യത്യസ്തമാക്കുന്നത് പുനർജന്മമാണ്. പുനർജന്മത്തെക്കുറിച്ച് മനസ്സിലാക്കാൻ, പുനർജന്മത്തെ അടിസ്ഥാനമാക്കിയുള്ള പുരാണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ബൈബിൾ, ഖുറാൻ, ചൈനീസ്, ഗ്രീക്ക് പുരാണങ്ങൾ ഒക്കെ വായിക്കണം. അവയിലൊന്നും പുനർജന്മ വിശ്വസമില്ല. പുനർജന്മ വ്യവസ്ഥയിൽ നിങ്ങൾക്ക് വ്യത്യസ്തമായ സമീപനങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഒന്നിന്റെ പല മുഖങ്ങളെയാണ് നാം അവിടെ പരിചയപ്പെടുന്നത്.

devdutt-lit-r

ഓരോരുത്തർക്കും ഓരോ കാലത്തിനും വ്യത്യസ്‌തമായ കാഴ്ച്ചപ്പാടുകളുണ്ട്. ഒരേ വിഷയത്തിനു തന്നെ പല മുഖങ്ങളുണ്ട്. ഉദാഹരണത്തിന്, ഹിന്ദു വിവാഹം എന്നതിൽ തന്നെ ഇന്ത്യയുടെ പല ഭാഗത്തായി ആയിരക്കണക്കിന് രീതികളും ആചാരങ്ങളുമുണ്ട്. ഇത് ആശയക്കുഴപ്പത്തിനു കാരണമാകാം. ആളുകൾക്ക് മനസ്സിലാകുന്ന തരത്തിൽ ഞാൻ അത് ലളിതമായി വിശദീകരിക്കാൻ ശ്രമിക്കുന്നു.

വിമർശനങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നു?

സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നവരിൽ ഭൂരിഭാഗവും ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ്. എല്ലാവരുടെ കൈയിലും ഫോണുള്ള കാലമാണിത്. ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും വായിക്കാൻ, അറിയാൻ നിങ്ങൾക്ക് ഇന്റർനെറ്റ് ആക്‌സസ് തരുന്നുണ്ട്. എന്നിട്ടും വിഡ്ഢി ചോദ്യം ചോദിക്കാൻ ആളുകളുണ്ട്. അലസമായി ഇരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഒരു വിഷയത്തെക്കുറിച്ച് മനസ്സിലാക്കാനായി ഇത്തിരി മെനക്കെടാൻ അവർ തയാറല്ല. തനിക്ക് പ്രാധാന്യം ലഭിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അതിനായി സാമൂഹിക മാധ്യമം ഉപയോഗിക്കുകയാണ്. തന്റെ ഈഗോയെ സംപ്രീതപ്പെടുത്താൻ മറ്റുള്ളവരെ ബുദ്ധിക്കുന്ന രീതിയാണിത്. 'ഓ, ഞങ്ങൾ നിങ്ങളെ വായിക്കാറേയില്ല.' എന്ന് അവർ പറയുമ്പോൾ അവരെ കൂടുതൽ പ്രകോപിപ്പിക്കുന്ന കാര്യമാകും ഞാൻ അവരോട് പറയുക. ഞാൻ പറയും, 'ശരി, ദയവായി എന്നെ വായിക്കരുത്. ഞാന്‍ ഒകെയാണ്.'

പുതിയ രചനകൾ?

ഞാൻ ബകാസുരനെ കുറിച്ചാണ് ഇപ്പോൾ എഴുതുന്നത്. നിങ്ങൾ എത്രത്തോളം അതിമോഹമുള്ളവനാണോ അത്രത്തോളം ബകാസുരനായിത്തീരുന്നു. ആഗ്രഹങ്ങൾ അവസാനിക്കാതെ ചുറ്റുമുള്ളവരെയും അയാള്‍ ബുദ്ധിമുട്ടിക്കുന്നു. ബകാസുരന് സമാനമായ സ്വഭാവമുള്ളവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്.

English Summary:

A Conversation with Devadutt Pattanaik on Mythology and Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com