ഭാഷ നിലനില്‍ക്കുന്നതുവരെ കവിതയും നിലനില്‍ക്കും : ചന്ദ്രശേഖര കമ്പാര്‍
Mail This Article
കലയുടെയും സാഹിത്യത്തിന്റെയും ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസമുള്ള കാലത്താണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ കന്നഡ കവിയും നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ചന്ദ്രശേഖര കമ്പാര്‍. കൃതി വിജ്ഞാനോല്‍സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യകളിലടിസ്ഥാനമായ മാറ്റങ്ങളുണ്ടാവുമ്പോഴും കവിത അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും കമ്പാര്‍ പറഞ്ഞു. കവിത വിനോദരൂപമെന്ന നിലയില്‍ മാത്രമല്ലാതെ അറിവിന്റെയും അധികാരത്തിന്റെയും രൂപമായി നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ നിത്യ ജീവിതത്തില്‍ അർഥവത്തായ താല്‍പര്യമുണ്ടാക്കുക എന്ന നിലയിലേക്ക് കവിതയുടെ ദൗത്യം മാറിയിരിക്കുന്നു.
ഭാഷ നിലനില്‍ക്കുന്നതുവരെ കവിതയും നിലനില്‍ക്കും. എഴുത്ത് ഒരു ബൗദ്ധിക വ്യായാമമായതിനാല്‍ രൂപം മാറുമെങ്കിലും കാലാകാലങ്ങളില്‍ നിലനില്‍ക്കും. ഭാഷയുടെ ശക്തി ചൂഷണം ചെയ്ത് സാഹിത്യത്തിന് നിലനില്‍ക്കാനാവും. ഭാഷയെ സാഹിത്യത്തിനുള്ള മാധ്യമമായാണ് കാണുന്നത്. എന്നാല്‍ മാധ്യമമെന്നതിലപ്പുറമുള്ള നിലനില്‍പ് ഭാഷക്കുണ്ട്. ഭാഷയെ വിജ്ഞാനമായി ചില തത്വചിന്തകര്‍ നിര്‍വചിച്ചിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ 21ാം നൂറ്റാണ്ടിലാണ്. ഈ നൂറ്റാണ്ടില്‍ സാഹിത്യത്തിന്റെയും കലയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് ദുഷ്‌കരമാണ്. ഇപ്പോഴുള്ള അവസ്ഥയില്‍ തന്നെ അത് തുടരുമോ എന്നറിയില്ല. കാലാകലങ്ങളായി ദുരൂഹമായി കണ്ടിരുന്ന പ്രപഞ്ചത്തിന്റെ ദുരൂഹത ഇല്ലാതായപ്പോളുണ്ടായ ശൂന്യതയുടെ ബാധമുണ്ട്. ആ ശൂന്യതയെ നികത്താന്‍ കവിതകൊണ്ടേ സാധിക്കൂവെന്നും കമ്പാര്‍ പറഞ്ഞു.