'ആണ്കുട്ടികളെ ഓർമിപ്പിക്കണം, വീരപുരുഷന്മാരുടെ കാലം കഴിഞ്ഞുപോയെന്ന് '
Mail This Article
പെൺകുട്ടികളെ വളർത്തേണ്ടതെങ്ങനെയെന്ന ഉപദേശങ്ങളും നിർദേശങ്ങളും കാലാകാലങ്ങളായി മാതാപിതാക്കളുടെ ഇടയിലെ ചർച്ചാവിഷയമാണ്. എന്നാൽ ആൺകുട്ടികളെ വളർത്തേണ്ടത് എങ്ങനെയാണ്? അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികളെ സ്നേഹവും സഹനവുമാണ് പഠിപ്പിക്കേണ്ടതെന്ന് പറയുന്നു എഴുത്തുകാരി ശാരദക്കുട്ടി. വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമിപ്പിക്കണമെന്ന് മാതാപിതാക്കളോടും അധ്യാപകരോടും എഴുത്തുകാരി ആവശ്യപ്പെടുന്നു.
ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ... വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമിപ്പിച്ചു കൊണ്ടേയിരിക്കണമേ... തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..
ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെൺകുട്ടികളുടെ വളർച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആൺകുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനിൽ നിന്നെടുത്തു മാറ്റേണമേ..
ഞാനെന്റെ ആൺകുട്ടികളോട് യാചിക്കുകയാണ്, നിങ്ങളുടെ കൂടെ വളരുന്ന പെൺകുട്ടികൾക്ക് വഴിയിൽ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേ... അവരുടെ തിളങ്ങുന്ന സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളെ ശവക്കുഴികളാക്കരുതേ..
പെൺകുട്ടികൾക്ക് അഗ്നിപരീക്ഷകൾ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓർമകളും പാഠങ്ങളും നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ എന്ന് എന്റെ ആൺ കുട്ടികളേ നിങ്ങളെ നെഞ്ചിൽ ചേർത്ത് ഞാൻ പ്രാർഥിക്കുകയാണ്.