ADVERTISEMENT

ആലത്തൂർമണ്ഡലത്തിൽ തിരഞ്ഞെടുപ്പു ചൂടിൽ ചർച്ചകളും പൊള്ളിതുടങ്ങി. രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച്ച് എഴുത്തുകാരി ദീപാ നിശാന്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് സാഹിത്യ ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നത്. 'പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് തുടങ്ങിയ കാര്യങ്ങൾ ദീപാ നിശാന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാട്ടുപാടി രമ്യ അണികളെ കൈയിലെടുത്തിരുന്നു.

 

'രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്ന വോട്ടഭ്യർഥനാ പരസ്യത്തിലെ തെറ്റും ദീപാ നിശാന്ത് തന്റെ കുറുപ്പിൽ ചൂണ്ടി കാണിക്കുന്നുണ്ട്. 'ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എംപിയായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.' എന്ന് ദീപാ നിശാന്ത് എഴുതി.

 

എന്നാൽ ഭാർഗവി തങ്കപ്പനല്ല, കനയ്യ കുമാറാണ് ഇന്നത്തെ കുട്ടികളുടെ മാതൃക എന്ന് ദീപാ നിശാന്തിനുള്ള മറുപടി കുറിപ്പിൽ എഴുത്തുകാരൻ ലിജീഷ് കുമാർ പറയുന്നു. 

 

ദീപാ നിശാന്തിനുള്ള ലിജീഷ് കുമാറിന്റെ മറുപടികുറിപ്പ് ഇങ്ങനെ–

 

ദീപടീച്ചർക്ക് കനയ്യകുമാറിനെ അറിയുമോ?

 

2000 ഒക്റ്റോബർ 21, നായനാർ ഭരണത്തിന്റെ അവസാന സമയം. പറഞ്ഞ് വരുന്നത് കല്ലുവാതുക്കലിനെക്കുറിച്ചാണ്. വ്യാജമദ്യ ദുരന്തത്തിൽ 33 പേരുടെ മരണം നടന്ന, അതിലേറെപ്പേർക്ക് കാഴ്ച നഷ്ടപ്പെട്ട കല്ലുവാതുക്കലിനെക്കുറിച്ച്. മുഖ്യപ്രതി - മണിച്ചൻ. മണിച്ചനിൽ നിന്ന് മാസപ്പടി വാങ്ങി എന്ന് കല്ലുവാതുക്കൽ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വി.പി. മോഹൻകുമാർ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന് 2002 ൽ സിപിഐക്ക് ജില്ലാ കൗൺസിലിൽ നിന്ന് പുറത്താക്കേണ്ടി വന്ന ഒരു മഹിളാ നേതാവുണ്ട്, സഖാവ് ഭാർഗവി തങ്കപ്പൻ!

 

തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം.പി ആവും രമ്യ എന്ന് അവകാശവാദമുന്നയിച്ച യൂത്ത്‌ കോൺഗ്രസ്, 1971 ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം.പിയായി ലോകസഭയിൽ എത്തിയ ഭാർഗവി തങ്കപ്പന്റെ മഹത്തായ ചരിത്രം മറന്നിട്ടുണ്ടാകണം എന്ന് ദീപ നിശാന്ത് എഴുതിയത് വായിക്കവെയാണ് ആ പുകൾപെറ്റ ചരിത്രം ഞാനോർത്തത്. എന്റെ ടീച്ചറേ, സി.പി.ഐ പോലും അതൊക്കെ മറക്കാൻ നോക്കുകയാണ്, എന്നിട്ടല്ലേ യൂത്ത് കോൺഗ്രസ്.

 

ടീച്ചറേതായാലും കല്ലുവാതുക്കലിനെയും മണിച്ചനെയുമെല്ലാം തിരിച്ച് കൊണ്ടുവന്നതല്ലേ, നമുക്ക് അതിന്റെയൊക്കെ സമീപചരിത്രം കൂടി പരിശോധിച്ചേക്കാം. ഗവൺമെന്റ് തയാറാക്കിയ ശിക്ഷായിളവ് കൊടുക്കേണ്ട നല്ലവരായ പ്രതികളുടെ ലിസ്റ്റ് ഗവർണർ മടക്കിയത് ടീച്ചറോർക്കുന്നുണ്ടാകും. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികള്‍, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം എന്നീ പ്രമുഖർക്കൊപ്പം പിണറായി സർക്കാർ ശുപാർശ ചെയ്തവരിൽ സഖാവ് ഭാർഗവി തങ്കപ്പന്റെ മണിച്ചനുമുണ്ടായിരുന്നു. ഭാർഗവി തങ്കപ്പൻ, ഒരൊറ്റ ഭാർഗവി തങ്കപ്പനല്ല എന്ന് സാരം. എങ്കിലും മണിച്ചനെ മേപ്പറഞ്ഞ കൂട്ടാളികൾക്കൊപ്പം ഞാൻ കൂട്ടിവായിക്കുന്നില്ല. അയാൾ ദീർഘകാലം ശിക്ഷയനുഭവിച്ചു എന്നതും, ജയിൽ അയാളിൽ മാറ്റമുണ്ടാക്കി എന്നതും നേരാണ്.

 

മത്സരാർഥിയുടെ ക്വാളിറ്റിയെക്കുറിച്ച് ടീച്ചർക്കുള്ള ആശങ്ക കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ, ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായിരുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആദിവാസി - ദളിത് സമരങ്ങളിൽ പങ്കെടുത്ത, യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്ററായ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ, ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ വരെ പങ്കെടുത്ത രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചാവില്ല എന്നറിയാം. അത് പെട്ടന്ന് രാഷ്ട്രീയക്കാരായ ചരിത്ര ബോധമേതുമില്ലാത്ത മനുഷ്യരെക്കുറിച്ചാവണം. പിന്നെന്തിനാവും ടീച്ചറത് രമ്യയെക്കുറിച്ചുള്ള പോസ്റ്റിലെഴുതിയത്. സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം ഇന്നസെന്റിനും മുകേഷിനുമൊക്കെ വേണ്ടി വോട്ടഭ്യർഥന നടത്തുന്നവരല്ലേ ടീച്ചർ പുലർത്തേണ്ടത്?

 

പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരായവരാണ് മത്സരിക്കേണ്ടത് എന്ന ടീച്ചറുടെ വിമർശനം കാമ്പുള്ളതാണ്. അങ്ങനെ ജാഗരൂഗരായ പി. ജയരാജനെയും സുധാകരനെയും പോലുള്ള മനുഷ്യസ്നേഹികൾ മാറ്റുരയ്ക്കുന്ന ജനാധിപത്യപ്രക്രിയ ഒരറ്റത്ത് നടക്കുന്നുണ്ടല്ലോ ടീച്ചർ. കവിയൂർ - കിളിരൂർ കേസിലെ വിഐപികളൊക്കെ നമ്മുടെ തെരഞ്ഞെടുപ്പ് ഗോദയിൽ നവോത്ഥാനം കൊണ്ടു വന്നിട്ടുണ്ടല്ലോ. പോരാട്ടങ്ങളുടെ ചരിത്ര കാണ്ഡങ്ങൾ പേറുന്ന വീണ ജോർജുമാരുമുണ്ടല്ലോ ടീച്ചർ, ആ പാവം കുട്ടി അവരുടെ ചെറിയ ലോക പരിചയമൊക്കെ വെച്ച് അങ്ങനങ്ങ് പൊക്കോട്ടെന്നേ. അത്തരം കുട്ടികളും കേരളവർമയിലെ ക്ലാസ് റൂമിലുണ്ടായിരുന്നില്ലേ? പാട്ട് പാടാത്ത, ഡാൻസ് കളിക്കാത്ത, ഗൗരവമുള്ള കുട്ടികളുടെ ചേരിയിൽ നിന്ന് മാറി, പാടിയും ആടിയും രാഷ്ട്രീയം പറഞ്ഞ ഗൗരവം കുറഞ്ഞ കുഞ്ഞുങ്ങൾ. അവരെ ടീച്ചർക്കിഷ്ടമായിരുന്നില്ലേ ?

 

വ്യക്തിപരമായി സഖാവ് ബിജുവേട്ടനെ എനിക്കിഷ്ടമാണ്. അതിനർത്ഥം രമ്യ ഹരിദാസിനോട് വെറുപ്പാണ് എന്നല്ല. നിനക്കിവിടെ വരാൻ എന്തവകാശം, വണ്ടി വിട് മോളേ - വീട്ടിൽ പോയി പാട് എന്ന യുക്തി ഫാസിസത്തിന്റേതാണ്. ആ യുക്തി ദീപട്ടീച്ചറിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി !

ഭൂഖ് മാരീ സേ ആസാദീ, 

സംഘ് വാദ് സേ ആസാദി, 

ആസാദി ആസാദീ; എന്ന പാട്ട് കേട്ടിട്ടില്ലേ. ആ പാട്ട് പാടിയാണ് ടീച്ചർ പുതിയ കുട്ടികൾ ഫാസിസത്തോട് മുഖാമുഖം നിന്നത്. കെ.പി.എ.സിയുടെ നാടകങ്ങളും പാട്ടുകളും ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായി രൂപം മാറിയ കഥകൾ ടീച്ചർക്കും അറിവുണ്ടാകില്ലേ ? വിപ്ലവഗാനങ്ങൾ മാത്രമല്ല ടീച്ചർ, സിനിമാപ്പാട്ടുകളും നാടൻപാട്ടുകളും നാടോടി നൃത്തങ്ങളുമൊക്കെ പ്രസക്തമാണ്. മനുഷ്യനും മനുഷ്യനും തമ്മിലെ വിനിമയങ്ങൾ ബഹുരൂപിയായതുകൊണ്ടാണ് അതിനിത്ര സൗന്ദര്യം. സഫ്ദർ ഹാശ്മി മുതൽ കനയ്യ കുമാർ വരെ നിങ്ങളെ നോക്കിച്ചിരിക്കുന്നുണ്ട്. തീർച്ചയായും ഭാർഗവി തങ്കപ്പനല്ല ടീച്ചർ, കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com