ADVERTISEMENT

എറണാകുളം മഹാരാജാസ് കോളജ് ബിഎ ക്ലാസ്സിലെ വിദ്യാർഥിയായി ബാലചന്ദ്രൻ ചുള്ളിക്കാട്. എംഎ ക്ലാസ്സില്‍ അഷിതയും.

 

ഒന്നാം നിലയിലെ ഡിഗ്രി ക്ലാസ്സിൽ നിന്നു നോക്കിയാൽ പൂമരങ്ങൾക്കിടയിലൂടെ കായലിന്റെയും കടലിന്റെയും വിദൂരഛായകൾ കാണാം. ആ ഓർമകൾക്കൊപ്പം ചുള്ളിക്കാടിന്റെ മനസ്സിലുണ്ട് അഷിതയും. വെളുത്തു മെലിഞ്ഞ കുട്ടി. വൃത്തിയുള്ള വെളുത്ത ഉടുപ്പും കട്ടിച്ചില്ലുള്ള കണ്ണടയും. ഒരു ദിവസം അഷിത ചുള്ളിക്കാടിന്റെ ക്ലാസ്സ് മുറിയുടെ വാതിലിൽ വന്നു വിളിച്ചു. കട്ടിച്ചില്ലു കണ്ണടയ്ക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കി. സ്നേഹാധികാരസ്വരത്തിൽ പറഞ്ഞു. ‘‘വിജയലക്ഷ്മിയെ സങ്കടപ്പെടുത്തരുത്, ട്ടോ ബാലൻ’’.

 

ഇതേ വിജയലക്ഷ്മിയുടെ കവിത, കഥകളുടെ സമാഹാരത്തിന്റെ തുടക്കത്തിൽ അഷിത പിന്നീട് എടുത്തു ചേർത്തിട്ടുണ്ട്. സമർപ്പണത്തിനൊപ്പം.

 

ജീവിതം ചെന്നിനായകം നൽകിലും

നീയതും മധുരിപ്പിച്ചൊരദ്ഭുതം....

എല്ലാ കയ്പിനെയും കണ്ണീരിനെയും വളർച്ചയുടെ അമൃതാക്കിയ ജീവിതം. എല്ലാം ദുഃഖസ്മൃതികളെയും സന്തോഷത്തിന്റെ മഴവില്ലിലൂടെ പ്രതിഫലിപ്പിച്ച ജീവിതം. വെറുക്കാൻ ശ്രമിക്കുമ്പോഴും സ്നേഹം കൊണ്ട് പിടിച്ചടുപ്പിക്കുന്ന സ്നേഹാലിംഗനത്തിന്റെ ശക്തി. നിരാശയുടെ പടുകുഴിയിലും വിരിയിച്ച സ്നേഹത്തിന്റെ നാലുമണിപ്പൂക്കൾ.  

 

മഴ തോർന്ന സായാഹ്നങ്ങളിൽ വാകമരങ്ങളുടെ ഇലച്ചാർത്തിലൂടെ വിജനവീഥികളിൽ വന്നു വീഴുന്ന വെയിൽനാളങ്ങൾ പോലെ സ്നേഹോഷ്മളങ്ങളായ വാക്കുകളുടെ സാന്ത്വനം എന്ന് അഷിതക്കഥകളെക്കുറിച്ച് പിന്നീട് ചുള്ളിക്കാട് നിരീക്ഷിച്ചിട്ടുമുണ്ട്. ഒരു വിദ്യാർഥിയായിരുന്ന അഷിതയെ വർഷങ്ങൾക്കു ശേഷം ഒരു കല്ല്യാണപ്പന്തലിൽ വച്ചു കണ്ടതിന്റെ ഓർമയും ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. തകിൽമേളത്തിനൊപ്പം നാദസ്വരം മുഴങ്ങി. കല്ല്യാണവസന്തരാഗത്തിൽ ത്യാഗരാജ ഭാഗതരുടെ ‘നാദലോലുഡയ്’ എന്ന ഗംഭീര കൃതി. ജ്ഞാനം തികഞ്ഞ വാദനം. നരയാർന്ന മുടിക്കെട്ടിൽ മുല്ലമാല ചൂടിയ കഥാകാരി അഷിത മകളെ കല്ല്യാണ മണ്ഡപത്തിലേക്കു നയിക്കുന്ന ചിത്രം. അതു നോക്കി പിൻനിരയിൽ ഇരിക്കുന്ന ചുള്ളിക്കാടും. 

 

അഷിത എറണാകുളത്തു താമസമാക്കിയ കാലത്താണ്. ചുള്ളിക്കാട് വിദ്യാർഥി ജീവിതത്തിനുശേഷം വീണ്ടും അവരെ കാണുന്നത്. ഇടയ്ക്കിടയ്ക്ക് അവരുടെ വലിയ വീട്ടിൽ ചുള്ളിക്കാട് ചെല്ലും. മുഷിഞ്ഞു നാറിയ മുണ്ടും ഉടുപ്പും അണിഞ്ഞ്. ചെരുപ്പില്ലാത്ത കാലുകളിൽ നഗരത്തെരുവുകളിലെ ചെളി മുഴുവൻ പറ്റിച്ച്. ആകെ ഒരു പ്രാകൃത രൂപമായി. അന്നും ഒരു വലിയ എഴുത്തുകാരന് കൊടുക്കേണ്ട എല്ലാ സ്നേഹത്തോടും ആതിഥ്യ മര്യാദയോടും കൂടി അഷിത സ്വീകരിച്ച് ഇരുത്തുമായിരുന്നു ചുള്ളിക്കാടിനെ. 

 

മലയാളത്തിലെ പ്രസിദ്ധമായ ആനുകാലിക പതിപ്പ് നടത്തിയ കഥാമൽസരത്തിൽ ഒരിക്കൽ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട് അഷിതയ്ക്ക്. ബാലപംക്തിയിൽ കഥകളെഴുതിക്കൊണ്ടിരുന്ന ഒരു കഥാകാരിക്ക് കിട്ടിയ അംഗീകാരം. ചിദംബരസ്മരണയിൽ ചുള്ളിക്കാട്  എഴുതി. 

 

കലാലയ ജീവിതം അവസാനിച്ചു. 

എല്ലാവരും പലവഴി പിരിഞ്ഞു പോയി.

പല സുഹൃത്തുക്കളും അധ്യാപകരും മരിച്ചു പോയി. 

എങ്കിലും എന്റെ ഇരുണ്ട ആകാശങ്ങളിൽ വിദൂരമായ ഒരു ഏകാന്ത നക്ഷത്രമായി അഷിത ഇപ്പോഴും.