ADVERTISEMENT

എഴുത്തുകാരിക്കും ചിന്തകയ്ക്കും അപ്പുറമൊരു അഷിതയുണ്ടായിരുന്നു. അതു പെട്ടെന്ന് ഇല്ലാതാകുമ്പോഴാണ് എത്ര വലിയ  അഷിതയായിരുന്നു അടുത്തുണ്ടായിരുന്നത് എന്നോർക്കുന്നത്. തൃശൂർ കിഴക്കുംപാട്ടുകരയിലെ അടുത്ത വീട്ടിൽ പുതിയ താമസക്കാരെത്തിയെന്നറിഞ്ഞ് അന്വേഷിച്ചു ചെന്ന ശേഷമാണ് ഉറപ്പാക്കിയത് അത് അഷിതയാണെന്ന്. എത്രയോ വായിച്ച ഒരാൾ പെട്ടെന്നു വാതിൽ തുറക്കുമ്പോഴുള്ള അത്ഭുതം ഇപ്പോഴും ബാക്കിയാണ്. 

 

തിരുവനന്തപുരത്തെ തിരക്കിൽനിന്നകന്നു വിശ്രമിക്കാനെത്തിയതാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഇതുപോലെ ഒരാൾ ഏറെക്കാലം അടുത്തുണ്ടാകുമെന്ന സന്തോഷം. എന്റെ രണ്ടു പെൺകുട്ടികളെയും വിളിച്ച് അഷിത പുസ്തകം സമ്മാനിക്കുമായിരുന്നു. അന്ന് അഷിതയുടെ മകൾ ഉമയുടെ കല്യാണം കഴിഞ്ഞിട്ടില്ല. പേരക്കുട്ടികളോടുള്ള വാത്സ്യല്യത്തോടെയാണു അഷിത കുട്ടികളെ സ്നേഹിച്ചത്. അവരുടെ വീട്ടുപടിക്കൽ കുട്ടികൾ കളിക്കുമ്പോഴും കാർപോർച്ചിൽ കയറി ഒളിക്കുമ്പോഴും അഷിത വഴക്കു പറഞ്ഞില്ല. പന്തു തട്ടി ചില്ലുടയുമെന്നു പേടിച്ചില്ല. കൗതുകത്തോടെ വരാന്തയിൽ നിൽക്കുന്നതു കാണാമായിരുന്നു. 

 

അപ്രതീക്ഷിതമായാണ് അറിഞ്ഞത് കാൻസർ കണ്ടെത്തിയതിനെത്തുടർന്നാണ് അഷിത വന്നതെന്ന്. തിരുവനന്തപുരത്തു കാണാനെത്തുന്നവരെ കാണാതിരിക്കാനായി ആരുമറിയാത്തൊരു സ്ഥലം തേടി വന്നിരിക്കുകയായിരുന്നു. ഉമയുടെ കല്യാണം കഴിയുകയും ചിന്മയി ജനിക്കുകയും ചെയ്തപ്പോൾ കൊച്ചുവണ്ടിയിൽ ചിന്മയിയെയും തള്ളി അഷിത ഞങ്ങളുടെ വീട്ടുപടിക്കലേക്കു വരുമായിരുന്നു. വണ്ടിയിലിരുന്നു വീട്ടിനകത്തേക്കു പോകണണന്നു ചിന്മയി ചൂണ്ടിക്കാണിക്കുമ്പോൾ അഷിത സ്നേഹത്തോടെ ചിന്മയിയെ പുറത്തിറക്കും. ചെറിയ സംസാരത്തിനു ശേഷം മടങ്ങും. 

 

രോഗം പിടിമുറുക്കിയതോടെ അഷിത അകന്നു തുടങ്ങി. പിന്നീടു തീരെ കാണാതായി. ആശുപത്രിയിൽ പോകാൻ പുറത്തിറങ്ങുമ്പോൾ ഒരു നോക്കു കണ്ടാൽ സുഖമല്ലെ എന്നു ചോദിക്കും. ചെറിയൊരു അസ്വസ്ഥതയുണ്ടെന്നു മറുപടി പറയും. സന്ദർശകർ പതുക്കെ ഇല്ലാതായി. രോഗത്തിന്റെ തീവ്രതയിൽ ആരും വരുന്നത് അഷിതയ്ക്ക് ഇഷ്ടമല്ലായിരുന്നു. രോഗം മാത്രം അതിഥിയായ ദിവസങ്ങൾ. 

 

ബുധനാഴ്ച രാവിലെ ഒരു മണിക്കു അഷിത പോയെന്ന വിവരമെത്തി. പ്രതീക്ഷിച്ചതായിരുന്നു. എന്നാലും നേരം വെളുക്കുംവരെ ഉണ്ടാകുമെന്നു കരുതി. കുറച്ചുനേരംകൂടി കൂടെയുണ്ടാകണമെന്നു പ്രതീക്ഷിക്കുന്ന ഒരാളായിരുന്നു അഷിത. 

 

എത്രയോ കാലത്തിനു ശേഷം ആ വീട്ടിലേക്കു കടക്കുമ്പോൾ അഷിത ചേച്ചി ഫ്രീസറിൽ ഉറങ്ങുകയായിരുന്നു. മുഖം  വാടിയിട്ടുപോലുമില്ല. എത്രയോ വിസ്മയ കഥാപാത്രങ്ങളെ സൃഷ്ടിച്ച വിരലുകൾ ഭംഗിയോടെ നെഞ്ചിൽ വച്ചിരിക്കുന്നു. മരിച്ചു കിടക്കുമ്പോൾ നിറമുള്ള സാരിയുടുത്തു പൊട്ടു തൊട്ടുവേണമെന്നു ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നുവത്രെ.. അതുപോലെതന്നെയാണു കിടത്തിയത്. മരണത്തിനു മുൻപു ലളിതാസഹസ്രനാമം കേൾക്കുകയും ചെയ്തു. ഒരുക്കിയ ശേഷം ഫ്രീസറിന്റെ പെട്ടി അടയ്ക്കാനുള്ള നിയോഗം എനിക്കായി. കുറച്ചുകാലംകൂടി ഇവരെ വെറുതെ വിടാമായിരുന്നില്ലേ എന്നു മാത്രം ചോദിക്കാൻ തോന്നി. 

 

അഷിതയുടെ വീടിനു മുന്നിൽ എന്നും മഞ്ഞപ്പൂക്കൾ വരിയിന്നൊരു ചെടിയുണ്ട്. അവസാനമായി അഷിത പോകുന്ന വഴിയിൽ കൊന്ന പൂത്തുനിൽക്കുന്നു. മഞ്ഞ നിറമുള്ള സാരിയാണ് അഷിത ഉടുത്തിരുന്നത്. ആംബുലൻസ് റോഡിലേക്കിറങ്ങിയപ്പോൾ അമ്മയുടെ കൈ പിടിച്ചു ചിന്മയിയും പുറത്തേക്കുവന്നു. ഇത്തവണ അമ്മമ്മ മാത്രം പോയി. ഓർമകളും ചിന്മയിയും വഴിയിൽ ബാക്കിയായി. വഴിയിലൂടനീളം മഞ്ഞപ്പൂക്കൾ കിടക്കുന്നു. അഷിത എഴുതിയതു മനസ്സിൽ തെളിയുന്നു. 

‘എന്തിനാണ് അമ്മമ്മെ ഭസ്മം തൊടുന്നത്. ’ 

‘നമ്മളെല്ലാം അവസാനം ഒരു നുള്ളു ഭസ്മം മാത്രമാകുമെന്നോർമ്മിപ്പിക്കാൻ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com