ADVERTISEMENT

ഒ.വി. വിജയനെ ആദ്യം കാണുമ്പോൾ അന്തവും കുന്തവുമില്ലാത്ത പ്രീഡിഗ്രിക്കാരൻ ചെക്കനായിരുന്നു ഞാൻ. പാലക്കാട് വിക്ടോറിയ കോളജിൽ നിന്ന് നാലു കിലോമീറ്ററോളം നട്ടുച്ചവെയിലിൽ സൈക്കിൾ ചവിട്ടി വിയർത്തുകുളിച്ചാണ് കൽപാത്തിയിൽ വിജയന്റെ സഹോദരി ശാന്തടീച്ചറുടെ വീട്ടിലെത്തുന്നത്. (തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ ശാന്തട്ടീച്ചർക്കൊപ്പം വിജയൻ പോയതാണ് ഖസാക്കിന്റെ പിറവിക്കു കാരണമായത്)

 

അന്നു കോളജിലെ മാഗസിൻ എഡിറ്റർ പി. സന്തോഷ്കുമാറിനെയും ഡബിൾസ് വച്ചായിരുന്നു ആ സൈക്കിൾ യാത്ര. കോളജ് മാഗസിനു വേണ്ടി വിജയനെ ഇന്റർവ്യൂ ചെയ്യുകയാണു ഉദ്ദേശം. അന്നു മലയാളം ഡിപ്പാർട്ടുമെന്റിൽ അധ്യാപികയായ സാറാ ജോസഫ് ടീച്ചറും ഇക്കണോമിക്സിലെ സുമംഗലക്കുട്ടിടീച്ചറും (മാനുഷിയിലും മറ്റും സാറട്ടീച്ചറുടെ സഹപ്രവർത്തക) മലയാളത്തിലെ സരസ്വതി ടീച്ചറും നേരത്തെ ഓട്ടോറിക്ഷയിൽ ശാന്ത ടീച്ചറുടെ വീടായ 'കാർത്തിക'യിൽ എത്തിയിരുന്നു. മലയാളം വകുപ്പിലെ അന്നത്തെ മിടുമിടുക്കർ വിദ്യാർഥികളായ രവിചന്ദ്രൻ, സുധീർദാസ് എന്നിവരുമുണ്ടായിരുന്നു.  

 

രണ്ടുമണിക്കൂറോളം, കാർത്തികയുടെ മുറ്റത്തെ ചെമ്പകം പൂത്തു സുഗന്ധം നിറഞ്ഞ, തണുപ്പുള്ള സ്വീകരണമുറിയിൽ വിജയൻ ഞങ്ങളോടു സംസാരിച്ചു. കോളജ് കാലത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: 'ബാലിശമായ പ്രത്യശാസ്ത്രശാഠ്യങ്ങളും അനാവശ്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളുമെല്ലാം ചേർന്ന് പാഴായിപ്പോയ വർഷങ്ങൾ.... അധ്യാപികമാരെക്കുറിച്ചും മറ്റുമൊക്കെ ഞാനെഴുതിയ വൃത്തിക്കെട്ട കഥകൾ.... അസ്തിത്വവാദത്തെക്കുറിച്ചുള്ള എന്റെ എതിർപ്പ് രൂപപ്പെട്ടത് ഇതിൽ നിന്നൊക്കെയാവണം. കോളജ് കാലത്തിന്റെ പ്രായശ്ചിത്തം എന്ന നിലയ്ക്കാണ് 'ഗുരുസാഗരം' എഴുതിത്തുടങ്ങിയത്'.

 

പഴയ കോളജിലെ പുതിയ തലമുറയോട് എന്തു പറയാനുണ്ടെന്നു ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി: തീ വയ്ക്കുക! 

സാറടീച്ചറായിരുന്നു അന്നു വിജയനോട് കൂടുതൽ ചോദ്യങ്ങളും ചോദിച്ചത്. ഞങ്ങളൊക്കെ ഒരുതരം മാന്ത്രികമാസ്മരികതയിൽ മുക്കിമൂളി നിന്നു. ചോദ്യത്തോരങ്ങൾ പകർത്തിയെഴുതിയതു ഞാനായിരുന്നു. ഇടയ്ക്ക് എന്തൊക്കൊയോ ചില പൊട്ടത്തരങ്ങൾ അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തിരിക്കണം. ഞങ്ങൾ വിദ്യാർഥികളുടെ എല്ലാം പേരിലാണ് മാഗസിനിൽ ആ അഭിമുഖം അച്ചടിച്ചു വന്നത്.  

അക്കാലത്തു 'വിജയൻ ഭ്രമം' ബാധിച്ചവരായിരുന്നു ഒരുവിധപ്പെട്ട യുവാക്കളൊക്കെയും. ഖസാക്കും മറ്റുമൊക്കെ വായിച്ചുണ്ടായ ഒരുതരം അഡിക്ഷൻ. വിജയന്റെ എഴുത്തിന്, ഭാഷയ്ക്ക് ഒരുതരം സ്ഫടികത ഉണ്ടായിരുന്നു. എന്താണ് ഈ സ്ഫടികത എന്ന് എക്സ്പ്രസ് ചെയ്യാൻ എനിക്കറിഞ്ഞുകൂട, ഒരുതരം ഫീലിങ്ങാണത്. (ആർക്കെങ്കിലും ആ ഫീലിങ് വ്യാഖ്യാനിക്കാൻ കഴിയുമോ?)  പിന്നീടൊരുഘട്ടത്തിൽ വിജയന്റെ ഭാഷ, തൊട്ടാൽപൊടിയുന്നത്ര മൃദുലമായൊരു തരം ആത്മീയതയിലേക്കു വഴിമാറി. 

 

*****    ******     ******    ******

 

പിന്നീട്, വർഷങ്ങൾക്കു ശേഷം കോട്ടയത്ത് മലയാള മനോരമയിൽ ഞാൻ പത്രപ്രവർത്തകനായി. പിന്നാലെ, ഹൈദരാബാദിൽനിന്ന് സ്വയം കേരളത്തിലേക്കു പറിച്ചു നട്ടു വിജയൻ. അന്ന് അദ്ദേഹത്തിന്റെ അനുജത്തി കവി ഒ.വി. ഉഷയും കോട്ടയത്തുണ്ട്.  

 

പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ വഴങ്ങുന്ന ഒരു വഴക്കം ഒ.വി വിജയനുണ്ടായിരുന്നില്ല. മൗനമായിരുന്നു അതിനു പ്രധാന കാരണം. മൗനമല്ല പത്രപ്രവർത്തകന് വേണ്ടിയിരുന്നത്, വായാടിത്തമായിരുന്നു. മൗനത്തെ അറിയാനോ വ്യാഖ്യാനിക്കാനോ ഉള്ള മെനക്കേട് ഇപ്പോൾ പത്രപ്രവർത്തനം ആവശ്യപ്പെടുന്നുമില്ല. സംസാരം പോലെ, മൗനവും സംസാരമാണെന്നത്, വിജയനെക്കുറിച്ചുള്ള ഫീച്ചറുകളിൽ ഉൾപ്പെടുത്താവുന്ന രസമുള്ള ഒരു വാചകം മാത്രമായേ പത്രപ്രവർത്തകൻ കാണുന്നുള്ളൂ; കാണേണ്ടതുള്ളൂ. 

 

വിജയന്റെ ഈ  വഴക്കമില്ലായ്‌മ ഒരു കൗതുകം കൂടിയായിരുന്നു. ജ്‌ഞാനതപസ്വി, മൗനം മുദ്ര വച്ച വാക്ക്... അങ്ങനെ കുറെ പൈങ്കിളി ഇമേജുകൾ സൃഷ്‌ടിക്കാമായിരുന്നു വിജയനെ വച്ച്. പത്രപ്രവർത്തകർ മാത്രമല്ല, കേരളത്തിൽ വിശ്രമ ജീവിതത്തിനെത്തിയ വിജയനെ ഇങ്ങനെയൊക്കെ കൗതുകവസ്‌തുവാക്കി ആഘോഷിച്ചു പലരും. എല്ലാത്തിനും വിജയൻ വിധേയപ്പെട്ടു. അറിഞ്ഞോ അറിയാതെയോ, മനസോടെയോ വിയോജിപ്പോടെയോ. കേരളത്തിലെ വിശ്രമജീവിതത്തിന്റെ മൂന്നോ നാലോ വർഷങ്ങളിൽ മുഴുവൻ അതങ്ങനെയായിരുന്നു. 

ആ മൂന്നു വർഷം വിജയനെ റിപ്പോർട്ടു ചെയ്യാനുള്ള മിക്കവാറും അവസരം ഈ ലേഖകനായിരുന്നു ലഭിച്ചത്. പാലക്കാട്ടെ ഗവ. വിക്‌ടോറിയാ കോളജിന്റെ മാഗസിനിൽ നിന്ന് വിജയന്റെ ആദ്യകഥ തപ്പിയെടുത്തു കൊണ്ടു പോയി. ‘പ്ലേം കേക്ക്’ എന്ന ഇംഗ്ലിഷ് കഥയായിരുന്നു അത്. ഒ.വി വിജയൻ, ബിഎ ഇക്കണോമിക്സ് എന്നായിരുന്നു കഥാകൃത്തിന്റെ പേരു ചേർത്തിരുന്നത്. വിജയന്റെ ആദ്യകഥയെന്നു ലോകമറിയുന്ന ‘പറയൂ, ഫാദർ ഗൊൺസാൽവസ്’ എഴുതുന്നതിന് ഒരുവർഷം മുൻപാണ് പ്ലംകേക്ക് കോളജ് മാഗസിനിൽ അച്ചടിച്ചുവരുന്നത്. ആദ്യ കഥ കണ്ടപ്പോഴും വിജയനു മൗനം.  

 

പിന്നെ കുറെ അവാർഡുകൾ, കുറെ പ്രശസ്‌തരുടെ സന്ദർശനം, രോഗം, കുറെ ആഘോഷങ്ങൾ... അങ്ങനെ. സത്യത്തിൽ പത്രമോഫീസുകളിൽ പതിവുള്ളതു പോലെ പൊലിസ് സ്‌റ്റേഷൻ, ആശുപത്രി എന്നിങ്ങനെ ഒരു ബീറ്റായി വിജയൻ മാറിപ്പോയെനെ. ഭാഗ്യത്തിന് അപ്പോഴേക്കും അദ്ദേഹം കോട്ടയം വിട്ടു. 

 

 

വിജയന്റെ ആദ്യത്തെ വിദേശ യാത്രയെക്കുറിച്ച് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത് ഞാനായിരുന്നു. നാട്ടുകാരറിഞ്ഞു. വിജയന് സ്വീകരണമൊരുക്കി. പാട്ട്, കവിത, പൂക്കൾ. പായസം വരെ. എല്ലാത്തിനും വിജയൻ ഇരുന്നു കൊടുത്തു. നേതാക്കൾ വന്നു. പ്രസംഗിച്ചു. വിജയൻ ഇതിനോടെല്ലാം എങ്ങനെ പ്രതികരിച്ചു എന്നതാണ് രഹസ്യം. അത്ഭുതവും. 

 

ആദ്യവിദേശയാത്രയ്‌ക്ക് വിജയൻ പുറപ്പെടുന്നതിനു മുൻപ്  പത്രപ്രവർത്തകൻ എന്ന നിലയിൽ ആ സാഹസം കാണിക്കാതെ വയ്യായിരുന്നു. യാത്രയ്‌ക്കു തൊട്ടു തലേന്ന് വാടകവീട്ടിലെത്തി. യാത്രയയപ്പു സമ്മേളനത്തിന്റെ പിറ്റേ ദിവസമായിരുന്നു. (കൽപകവൃക്ഷത്തിന്റെ തൊണ്ടുകൾ പൊഴിയുന്ന) ഉച്ചയായിരുന്നു. ആഘോഷത്തിന്റെ ശേഷിപ്പുകൾ മുറ്റത്ത് ചിതറിക്കിടന്നിരുന്നു. 

 

ചോദ്യങ്ങൾ ഒരു കടലാസിൽ എഴുതിക്കൊണ്ടു ചെല്ലണമായിരുന്നു. എഴുതിയ ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കണം. ഓരോ ചോദ്യക്കടലാസും വായിച്ച ശേഷം മടിയിൽ വച്ചിട്ടുള്ള റൈറ്റിങ് പാഡിലേക്കു വച്ചു കൊടുക്കണം. അതിൽ മറുപടി എഴുതും. മിക്കവാറും ചോദ്യങ്ങൾക്കു മറുപടി പറയില്ല. 

 

ചോദ്യങ്ങൾക്ക് വിജയൻ ഒന്നെങ്കിൽ ക്ഷമിച്ചിരിക്കാം. അല്ലെങ്കിൽ ഇവൻ ശിലയായ് പോകട്ടെ എന്നു ശപിച്ചിരിക്കാം.  

രണ്ടായാലും ആ സംഭാഷണം ഇങ്ങനെയായിരുന്നു; 

 

ചോദ്യം:  ഖസാക്കിലേക്ക് (തസ്രാക്കിലേക്ക് ) ഒരു യാത്ര – എന്തു കൊണ്ട് ഈ സ്വപ്‌നം? (തസ്രാക്കിലേക്ക് കാളവണ്ടിയിൽ ഒരു യാത്ര സ്വപ്‌നമാണെന്ന് വിജയൻ എവിടെയോ പറഞ്ഞിരുന്നു) 

 

ഉത്തരം: We cant make sense. 

 

ചോ: ഖസാക്കിലേക്ക് കാളവണ്ടിയിൽ, ബർലിനിലേക്ക് വിമാനത്തിൽ. അനുഭവങ്ങളുടെ ഈ വൈരുധ്യത്തെ എങ്ങനെ കാണുന്നു? 

 

ഉ: മൗനം 

 

ചോ: ബർലിൻ – വേർതിരിവിന്റെ മതിലുകൾ തകർന്നു വീണ നഗരം. ഇന്നത്തെ ലോകത്ത് സമന്വയം സാധ്യമാണോ? യുദ്ധങ്ങളൊഴിയുമോ?  

 

ഉ: മനുഷ്യനിലേക്കു മടങ്ങാൻ കഴിയണം. വെട്ടിമുറിച്ച ഉത്തരം സാധ്യമല്ല. 

 

ചോ: സന്ധ്യ. ഗ്രാമം. മൗനം. എല്ലാ സന്ധ്യകളും ദു:ഖമാണ് എന്നെഴുതിയല്ലോ. ഇപ്പോഴും അങ്ങനെയാണോ തോന്നുന്നത്? 

  

ഉ: മനുഷ്യൻ സ്വാശ്രയനല്ല. ദിവസവും ദു:ഖങ്ങൾ. അപ്പോൾ യുക്‌തിയും  അറിവും മറന്ന് നാം വിളിച്ചു പോകും, ഈശ്വരാ. 

 

ചോ: എഴുത്തിന്റെ അൻപതു വർഷം. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു? 

 

ഉ: പരത്തിപ്പറയലാവും ഉത്തരം. അതിൽ കാര്യമുണ്ടോ? വാക്കുകളെ ശുദ്ധീകരിക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട്. ആ നഷ്‌ടപ്പെട്ട അവസരങ്ങൾ ഇനിയും സൂക്ഷിച്ച്  കൈകാര്യം ചെയ്യാനാവുമോ എന്ന് നോക്കുകയാണ്. 

 

ചോ: ഫാദർ ഗൊൺസാൽവസിനോടു അൻപതു വർഷങ്ങൾ മുൻപു ചോദിച്ച  ചോദ്യങ്ങൾ – ഇപ്പോഴും അവ പ്രസക്‌തമാണോ? ഇപ്പോഴും അവ ചോദിക്കുന്നുവോ? 

 

ഉ: ഒരു കമ്യൂണിസ്‌റ്റിന്റെ ചോദ്യങ്ങളായിരുന്നു ഞാൻ ചോദിച്ചത്. ഇന്ന് കമ്യൂണിസ്‌റ്റും കമ്യൂണിസ്‌റ്റ് വിരുദ്ധനും അപ്രസക്‌തമായ ഫോസിലുകളാണ്. 

 

ചോ: എഴുതിയത് ഏതെങ്കിലും മാറ്റിയെഴുതണമെന്നു തോന്നുന്നുവോ? 

 

ഉ: ചിലപ്പോൾ തോന്നും. ചെറിയ തിരുത്തുകൾ വലിയ നന്മകളിലെത്തിച്ചേർന്നേക്കും. അപ്പോൾ മാറ്റങ്ങൾ വരുത്തും. 

 

ചോ: എഴുതിയതു എല്ലാം എഴുതേണ്ടിയിരുന്നവയോ? 

 

ഉ: അല്ല. 

 

ചോ: എഴുതേണ്ടത് എല്ലാം എഴുതിയോ? 

 

ഉ: ആ വിഷയത്തിലേക്കു കടക്കാനുള്ള ധാർഷ്‌ട്യം ഉണ്ടാവാതിരിക്കട്ടെ. 

 

ചോ: വിജയൻ വേണ്ട രീതീയിൽ അറിയപ്പെട്ടോ? അല്ലെങ്കിൽ വിജയൻ ലോകത്തേക്ക് എത്താൻ വൈകിയോ? 

 

ഉ: ഞാനെന്തു പറയാനാണ്? 

 

ചോ: അരിമ്പാറയുടെ ചലച്ചിത്രാവിഷ്‌കരണം – തൃപ്‌തനാണോ? (ബർലിനിൽ അരിമ്പാറയുടെ പ്രദർശനവുമുണ്ടായിരുന്നു) 

 

ഉ: നോ കമന്റസ്. 

 

ചോ: പത്മാസനം മനസിൽ എഴുതിക്കഴിഞ്ഞോ? 

 

ഉ: കഴിഞ്ഞു. ശരീര സ്‌ഥിതിയിൽ ഉള്ള ഏറ്റക്കുറച്ച‘ിലുകൾ എഴുത്തിനു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. 

 

(വിജയന്റെ അച്ചടിച്ചു വന്ന അവസാന അഭിമുഖമായിരുന്നു ഇത്.) 

(മലയാള മനോരമ ചീഫ് സബ് എഡിറ്ററാണ് ലേഖകൻ)