വീൽചെയറിലിരുന്ന് 'പോസിറ്റീവ് എനർജി’ വിതരണം ചെയ്യുന്ന സലീഷ്
Mail This Article
അങ്ങനെ തളർന്നിരിക്കാനോ കിടക്കാനോ തനിക്കു പറ്റില്ല. സലീഷിന്റേത് ഉറച്ച തീരുമാനമായിരുന്നു. വീൽചെയറിൽ ഇരുന്ന് അങ്ങനെ വായന കാടു കയറി. കൂടെ പഠിച്ചവർ കോളജിൽ പഠിച്ചതിലേറെ കാര്യങ്ങൾ വീട്ടിലിരുന്നു സലീഷ് പഠിച്ചു. പിന്നീടത് എഴുത്തിലേക്കു കടന്നു. ഇതുവരെ എഴുതിയത് 3 പുസ്തകങ്ങൾ: മാലാഖയെ പ്രണയിച്ചവൻ, നെറുകിലെത്തുമ്പോൾ, പർവതം സമതലങ്ങളെ തൊട്ടുണർത്തുന്നു. ആദ്യത്തേതു രണ്ടും പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ പുസ്തകങ്ങളുടെ വിവർത്തനങ്ങൾ. കൂടാതെ സൂഫി കവിതകളെക്കുറിച്ച് അടുത്ത വിവർത്തനത്തിന്റെ പണിപ്പുരയിലുമാണ്.
സലീഷ് ജനിച്ചത് തൃശൂർ ജില്ലയിലെ വളർക്കാവിലാണ്, വിദ്യാഭ്യാസം അഞ്ചേരി ഹൈസ്കൂളിൽ, പത്തിൽ പഠിക്കുമ്പോൾ ഒരപകടമുണ്ടായി. പിന്നെ ഈ കിടപ്പായിരുന്നു. ഈ കിടപ്പിനിടെ തുടങ്ങിയതാണ് എഴുത്തിനോടുള്ള താൽപര്യം..
സുഹൃത്തുക്കൾ പലരും പറയും ഭീകരനാണിവൻ. നീളൻ തലമുടി, അലസമായ കണ്ണുകൾ, മെലിഞ്ഞ ശരീരം. ചിലർക്ക് ആത്മീയവാദിയാണ്, ചിലർക്ക് കവി, മറ്റു ചിലർക്ക് വിവർത്തകൻ, എഴുത്തിന്റെ പേരിൽ ആരാധകർ ഏറെയുണ്ട് ഫെയ്സ്ബുക്കിൽ.
ഫിലോസഫിയോടുള്ള താൽപര്യം തുടങ്ങുന്നത് പൗലോസ് മാർ പൗലോസ് ബിഷപ്പിന്റെ ലിബറേഷൻ തിയോളജി പുസ്തകങ്ങൾ വായിച്ചപ്പോഴാണ്. സ്വാമി വിവേകാനന്ദനും ഓഷോയും ജിബ്രാനും റൂമിയും ജിദ്ദുവുമൊക്കെ കയറി ഇറങ്ങിയപ്പോൾ ഒറ്റയടിക്ക് അദ്വൈത ഫിലോസഫിയിലേക്ക് ചാടിക്കയറി.
കവിത എഴുതാൻ തുടങ്ങിയത് ഒരു പ്രണയം തുടങ്ങിയപ്പോഴാണ്, പ്രണയത്തിൽ തന്നെയാണ് അത് അവസാനിച്ചതും. അവിടെ നിന്നാണു റൂമിയുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്യാൻ തുടങ്ങിയത്.
ഫെയ്സ്ബുക്കിലെ എഴുത്തിൽ ആത്മീയതയുടെ തോതു കൂടിയപ്പോൾ വായിക്കാനെത്തിയവരിൽ എഴുത്തുകാരി അഷിതയുമുണ്ടായിരുന്നു. അഷിത ആദ്യമൊക്കെ എഴുത്തിൽ വിമർശിച്ചിരുന്നു. പിന്നീട് ഈ കൊച്ചു വഴക്കുകളൊക്കെ അഷിതയുടെ അമ്മമനസ്സിനു മുന്നിൽ ഇല്ലാതായി.
ഫിലോസഫിയിലെ സൗന്ദര്യം തേടിയുള്ള അന്വേഷണം ഇപ്പോൾ സൂഫിസത്തിൽ എത്തിനിൽക്കുന്നു.
ഒല്ലൂരിനടുത്തു സലീഷുണ്ട്. മുറ്റത്തെത്തുന്ന പൂമ്പാറ്റകളെയും കിളികളെയും ക്യാമറ കൊണ്ടു വേട്ടയാടും. അടുത്തെത്തുന്ന സുഹൃത്തുക്കൾക്കെല്ലാം പോസിറ്റീവ് എനർജി പകർന്നുകൊടുക്കുകയാണ് സലീഷ്.