ADVERTISEMENT

വഴിയരിയികിൽ ചെറു ബുക്ക് ഷെൽഫുകൾ. പുസ്തകങ്ങളുടെ വലിയൊരു തെരുവ്. വായിച്ചതും വായിക്കാത്തതും പഴകിയതും പുതുമ മാറാത്തതുമായ പുസ്തകങ്ങളുണ്ട് അവയിൽ. അപൂർവമായതും സുലഭവുമായ പുസ്തകങ്ങളുമുണ്ട്. കാവൽക്കാരില്ലാതെ നിരത്തിവച്ചിരിക്കുന്ന ഷെൽഫുകളിൽനിന്ന് ആവശ്യമുള്ള പുസ്തകം എടുക്കാം. പണം അടുത്തുതന്നെ സൂക്ഷിച്ചിരിക്കുന്ന ചെറിയ പെട്ടിയിൽ നിക്ഷേപിക്കാം. 

വില പറയാനോ ചോദിക്കാനോ വാദിക്കാനോ വില പേശാനോ ആരുമില്ല. ഇതൊരു സ്വപ്നമല്ല. യാഥാർഥ്യം. സത്യസന്ധരായ വായനക്കാരെ കാത്തിരിക്കുന്ന ഒരു നഗരത്തിന്റെ സവിശേഷതയാണിത്. വെയിൽസിലെ വൈ എന്ന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണത്തിലാണ് നല്ല വായനക്കാരെ കൊതിപ്പിക്കുന്ന പുസ്തകഷെൽഫുകളുടെ ധാരാളിത്തം. ഹെയ് ഓൺ വൈ എന്നാണു നഗരത്തിന്റെ പേര്. പുസ്തകങ്ങളുടെ സ്വന്തം എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഒരേയൊരു നഗരം. പുസ്തകഷെൽഫുകളുടെ മാത്രമല്ല, എണ്ണമറ്റ പുസ്തകശാലകളുടെയും നഗരമാണ് ഹെയ് ഓൺ വൈ. അമ്പതിലധികം പുസ്തകശാലകൾ ഈ നഗരത്തിൽതന്നെയുണ്ട്. ആയിരക്കണക്കിന് എഴുത്തുകാർ പങ്കെടുക്കുന്ന, ലോകപ്രശസ്തമായ ഹെയ് സാഹിത്യോൽസവവും ഇവിടെത്തന്നെയാണ് നടക്കുന്നത്. 

ഹെയ് നഗരത്തിന്റെ പുസ്തകചരിത്രം തുടങ്ങുന്നത് 1961-ൽ. നദിയുടെ ശാന്തസുന്ദരമായ തീരത്ത് ആദ്യത്തെ പുസ്തകശാല സ്ഥാപിതമാകുന്നു. അടച്ചുപൂട്ടിയ ഒരു അമേരിക്കൻ വായനശാലയിൽനിന്ന് പുസ്തകങ്ങൾ വാങ്ങി കപ്പലിൽ വെയിൽസിൽ എത്തിക്കുകയായിരുന്നു. പിന്നീട് പുസ്തകക്കടകൾ ഒരോന്നായി തുറന്നുകൊണ്ടിരുുന്നു. 1970 ആയപ്പോഴേക്കും ഹെയ് ഓൺ വൈ പുസ്തകശാലകളുടെ നഗരമായി മാറി. ലോകത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നായും. അക്ഷരങ്ങളെ സ്നേഹിക്കുന്നവർ ഇവിടെയെത്തുന്നു. വഴിയോരങ്ങളിലൂടെ പുസ്തകങ്ങളുടെ മണവും ശ്വസിച്ചു നടക്കുന്നു. ഇഷ്ടപ്പെട്ട പുസ്തകം വാങ്ങിക്കുന്നു. ഇഷ്ടപുസ്തകം നദീതീരത്തിരുന്നു വായിക്കുന്നു. സമാനഹൃദയരുമായി പുസ്തകങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നു. പുസ്തകങ്ങളുടെ നഗരം ആശയങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാവനയുടെയും നഗരം കൂടിയായി മാറുന്നു. ലോകത്ത് ഏതു രാജ്യവും ആഗ്രഹിക്കും ഇത്തരത്തിൽ ഒരു നഗരം; ആശയങ്ങളുടെ സുഗന്ധം പരത്തുന്ന നഗരം. 

എല്ലാ നാടുകളിലുമുണ്ട് പുസ്തകക്കടകൾ. വഴിയോര പുസ്തകശാലകളും. നല്ല വായനക്കാർ അവിടങ്ങളിലെത്തുന്നു. ആഗ്രഹിക്കുന്ന പുസ്തകം കണ്ടെത്തി വില കൊടുത്തു വാങ്ങുന്നു. വിദേശരാജ്യങ്ങളിലും മറ്റും പ്രശസ്തരായ എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ഇത്തരം കടകളിൽ പതിവായി എത്താറുണ്ട്. അവർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്ന കച്ചവടക്കാരുമുണ്ട്. അവർ കേവലം വിൽപനക്കാർ മാത്രമല്ല. ഒന്നാംതരം വായനക്കാർ കൂടിയാണ്. ചില പുസ്തകങ്ങളെക്കുറിച്ച് അവർ ചിലപ്പോൾ ചോദിച്ചെന്നിരിക്കും. അദ്ഭുതസ്തബ്ധരാക്കുന്ന ചോദ്യങ്ങൾ. അഗാധമായ അറിവും ആസ്വാദനശേഷിയും വെളിപ്പെടുത്തുന്ന ചോദ്യങ്ങൾ. അവർക്കുമുന്നിൽ  നിസ്സാരൻമാരായി നിൽക്കുമ്പോളാകും സ്വന്തം വായനയുടെ പരിമിതിയെക്കുറിച്ച് അറിയുന്നതും മനസ്സിലാക്കുന്നതും. മികച്ചതിൽ മികച്ചതെന്ന് കീർത്തികേട്ടതുപോലും എല്ലാവർക്കും ഒരിക്കലും വായിക്കാനാവണമെന്നില്ല. എങ്കിലും നിരന്തരമായ അന്വേഷണം. വിശ്രമമില്ലാത്ത വായന. കണ്ടെത്തലിന്റെ ആഹ്ളാദം. 

വായനയുടെ രീതികൾ മാറുന്നുണ്ട്. സ്വഭാവം മാറുന്നുണ്ട്. പ്ലാറ്റ്ഫോമും ഇടങ്ങളും മാറുന്നുണ്ട്. പക്ഷേ, വായന മരിക്കുന്നില്ല. അക്ഷരങ്ങൾ ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു. കടുത്ത വേനലിനൊടുവിൽ ‍ചാഞ്ഞുപെയ്യുന്ന മഴയിൽ പൊട്ടിക്കിളിർക്കുന്ന പൊടിപ്പുകൾ പോലെ പ്രതികൂല സാഹചര്യങ്ങളിലും വായന വളരുകയാണ്. അക്ഷരങ്ങൾ ജീവിക്കുകയാണ്. അക്ഷരനഗരങ്ങളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com