ADVERTISEMENT

45-ാം വയസ്സില്‍ പ്രണയിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആനിമ്മയുടെ ‘ഇച്ചായന്‍’ നേരിട്ടതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധികള്‍ ചാടിക്കടക്കേണ്ടിവന്നിട്ടുണ്ട് പ്രണയോപനിഷത്ത് എന്ന കഥയ്ക്ക്; സിലബസില്‍ കടന്നുകൂടി വിദ്യാര്‍ഥികളുടെയും പ്രിയപ്പെട്ട കഥയാകാന്‍. ഒടുവില്‍ സിലബസില്‍ കടന്നുകൂടിയെങ്കിലും എതിര്‍പ്പുകളില്‍ തട്ടി പിന്‍വലിക്കപ്പെടാനുള്ള യോഗമാണ് വി.ജെ. ജയിംസിന്റെ പ്രശസ്ത കഥയെ കാത്തിരുന്നത്. ഇപ്പോഴാകട്ടെ, സിലബസിന്റെ ഭാഗമല്ലെങ്കിലും പുസ്തകത്തില്‍ കടന്നുകൂടിയെന്നതിന്റെ പേരിലും എതിര്‍പ്പു നേരിടുകയാണ് പ്രണയോപനിഷത്ത്. മറ്റ് ആരോപണങ്ങള്‍ക്കു പിന്നാലെ, മത സങ്കല്‍പങ്ങള്‍ക്ക് എതിരാണെന്നാണ് കഥയെക്കെതിരെ ഉയരുന്ന പുതിയ വാദം. 

ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചപ്പോഴേ ശ്രദ്ധിക്കപ്പെട്ട കഥയാണ് പ്രണയോപനിഷത്ത്. പ്രശസ്തമായ ഒരു സിനിമയുടെ അടിസ്ഥാനകഥാതന്തുവും ഇതേ കഥ തന്നെയായിരുന്നു. പിന്നീട് 2015ല്‍ പുസ്തകമായി വന്നപ്പോഴും വായനക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിനുശേഷമാണ് യാഥാസ്ഥിതിക വിശ്വാസസങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്ന ‘നിരീശ്വരന്‍’ എന്ന നോവലിലൂടെ ജയിംസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കിയത്. പക്ഷേ, ഇപ്പോഴും വിവാദങ്ങള്‍ കഥയെ പിന്തുടരുന്നു. ആശയസമ്പന്നമായ കഥകളും നോവലുകളും എഴുതിയിട്ടുള്ള ജയിംസിന്റെ മറ്റു സൃഷ്ടികളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന രചനയാണ് പ്രണയോപനിഷത്ത്; ഭാഷയിലും ആശയത്തിലും അടിസ്ഥാനപ്രമാണത്തിലുമെല്ലാം. തുടക്കം മുതല്‍ ലാളിത്യമുള്ള ഭാഷയില്‍ എഴുതപ്പെട്ട് വായനക്കാരുടെ പ്രീതി നേടുകയും ചെയ്തു. 

ജീവിതത്തിലെ ഒരു വീണ്ടുവിചാരത്തിലാണ് കഥ തുടങ്ങുന്നത്. ഒരു ദിവസം ബാറില്‍ ഫാനിന്റെ ചുവട്ടിലിരിക്കുമ്പോള്‍ പ്രണയത്തെക്കുറിച്ചുള്ള സാഹസിക ചിന്ത കഥാനായകനെ ആക്രമിക്കുന്നു. സാഹസികമോ വീരോചിതമോ അല്ലെങ്കിലും പ്രണയത്തെക്കുറിച്ച് ചില മധുരസ്മരണകളൊക്കെ അയാളുടെ മനസ്സിലുണ്ട്. പക്ഷേ അതിനൊപ്പം തന്നെ ശക്തമാണ് സുന്ദരമായി ഒന്നു പ്രണയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദം. കുറ്റബോധം. 45-ാം വയസ്സില്‍ ഇനിയെങ്കിലും നന്നായി ഒന്നു പ്രണയിച്ചാലോ എന്ന ചിന്തയ്ക്ക് അടിപ്പെടുകയാണ് അയാള്‍. കൈക്കുറ്റപ്പാടുകള്‍ തേച്ചുമാച്ചുകളയുന്ന ഒരു പ്രണയം. അലോസരമോ അസ്വസ്ഥതയോ ഉണ്ടാക്കാതെ വിശുദ്ധവും ഇനിയുള്ള ജീവിതത്തില്‍ എപ്പോഴും ഓര്‍ത്തുവയ്ക്കാനാവുന്നതുമായ പ്രണയം. വിരസമായ ജീവിതത്തില്‍നിന്ന് ആഹ്ലാദത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പുകൂടി ആകണം. ഒപ്പം നഷ്ടവസന്തത്തെ തിരികെപ്പിടിക്കാനുള്ള അവസാനത്തെ അവസരവും. 10-ാം ക്ലാസിലും 7-ാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. അവരുടെ കണ്ണു വെട്ടിച്ചുവേണം പ്രണയം. പക്ഷേ ആരെ പ്രണയിക്കും?

പല മുഖങ്ങളിലൂടെയും മനസ്സു മേഞ്ഞുനടന്നു. ഇക്കാലത്തിനിടയ്ക്ക് മനസ്സിനെ വശീകരിച്ച രൂപങ്ങളിലേക്കും തെന്നിയും തെറിച്ചും സഞ്ചരിച്ചു. അവിടെയൊന്നും ഉടക്കാതെ മനസ്സ് ഒടുവില്‍ ആനിമ്മയില്‍തന്നെ വന്നുനിന്നു; ഭാര്യയില്‍ത്തന്നെ. പ്രണയിക്കുകയാണെങ്കില്‍ ഭാര്യയെത്തന്നെ പ്രണയിച്ചാലെന്താ? അവിടെയും പക്ഷേ വെല്ലുവിളികളുണ്ട്. 19 വര്‍ഷത്തെ വിരസമായ ജീവിതത്തിനൊടുവില്‍ പ്രണയം പറയുമ്പോള്‍ നേരിടേണ്ടിവരുന്ന സംശയങ്ങള്‍, അപവാദങ്ങള്‍, പ്രണയത്തിന്റെ അനിവാര്യതയായ സമ്മാനങ്ങള്‍ക്കുള്ള പണച്ചെലവ്. ഒരു സാദാ സര്‍ക്കാര്‍ ഗുമസ്തനു താങ്ങാനാവില്ല പലതും. എങ്കിലും എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് ആനിമ്മയെ പ്രണയനായികയാക്കി നാടകം കളിക്കുകയാണ് ഇച്ചായന്‍. വെറും നടകമല്ല, ജീവിതനാടകം. എരിവും പുളിയുമുള്ള ആ നാടകത്തിന്റെ ആക്ഷേപഹാസ്യ അവതരണമാണ് പ്രണയോപനിഷത്ത്.

നിഷ്കളങ്കവും നിരുപദ്രവവുമായ കഥ ഇപ്പോള്‍ വിവാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്. അത് ഉദ്ദേശിച്ച ഫലം ചെയ്യുന്നതിനു പകരം കൂടുതല്‍ വായനക്കാരെ സൃഷ്ടിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com