തമ്പി ആന്റണി എഴുതിയ കഥ - കാഡിലാക് കുഞ്ഞച്ചൻ
Mail This Article
ഈ കഥ വെറും സാങ്കൽപികം മാത്രമാണ്. കഥാപാത്രത്തിന്റെ പേരിന് ആരുടെയെങ്കിലും പേരുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് വെറും യാദൃച്ഛികം മാത്രമാണ്.
എന്ന് കഥാകൃത്ത്,
ഒപ്പ്..
ന്യൂയോർക്കിലെ മഞ്ഞുപെയ്യുന്ന ഒരു പുലർകാലകുളിരിൽ വീട്ടിൽ മൂടിപ്പുതച്ചുറങ്ങുന്ന ഡോക്ടർ പത്മനാഭൻ നായർ. കൂടെക്കിടന്ന സുഭാഷിണി ഫോണിൽ എന്തോ കണ്ടിട്ട് പെട്ടെന്നെഴുന്നേറ്റ് ഒരു മുഖവുരയും കൂടാതെ അങ്ങു തുടങ്ങി.
“ദേ ഒന്നെഴുന്നേൽക്കെന്റെ പമ്മേട്ടാ, ഫേസ്ബുക്കിൽ നമ്മുടെ കുഞ്ഞച്ചൻ ചേട്ടന്റെ പോസ്റ്റുണ്ട്." എന്റെ കാഡിലാക് കാണാനില്ല എന്നു തലവാചകം എഴുതിയിട്ട് കാറിന്റെ പടത്തിനൊപ്പം കുഞ്ഞച്ചൻ ഞെളിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയും. അതും ചെറുപ്പകാലത്തെ പടമാ കണ്ടാലറിയാം. ഇപ്പോഴത്തെ ശരീരവും കൊണ്ടു കുഞ്ഞച്ചൻ ചേട്ടന് ഇത്ര ഞെളിഞ്ഞുനിൽക്കാനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. നടക്കുമ്പോൾപോലും ഇത്തിരി കൂനുണ്ട് പിന്നെയല്ലേ നിവർന്നു നിൽക്കുന്നത് “
രാവിലെ ഭാര്യ സുഭാഷിണിയുടെ വക പരദൂഷണത്തിൽ പൊതിഞ്ഞ ഒരു പാക്കേജായി ബ്രേക്കിങ് ന്യൂസ് ബെഡിലേക്കിട്ടിട്ട് ഒരു കൂസലുമില്ലാതെ അവൾ എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു. അപ്പോൾത്തന്നെ ചെവിക്കുറ്റിക്കൊന്നു കൊടുക്കാനാ തോന്നിയത്. അതും ഞായറാഴ്ച രാവിലെ ഈ കൊച്ചു വെളുപ്പാൻകാലത്തു വിളിച്ചെഴുന്നേൽപ്പിച്ചിട്ട് കേൾക്കാൻ ഒരു സുഖോമില്ലാത്ത ഒരു വർത്തമാനം. പമ്മൻ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഉറക്കം നടിച്ചു. എന്നിട്ടും അവൾ വിടുന്ന ലക്ഷണമില്ല. വീണ്ടും ഒന്നുകൂടെ കുലുക്കി വിളിച്ചിട്ടു പറഞ്ഞു.
“അയാളുടെ ഒരു പുരാവസ്തു. ഇതൊക്കെ വെറും പബ്ലിസിറ്റിക്കുവേണ്ടിയുള്ള കളിയാ. ഒരു കാര്യം എനിക്കുറപ്പാ. കാറു കണ്ടില്ലെങ്കിൽ കുഞ്ഞച്ചൻ ചേട്ടൻ എത്ര തണുപ്പാണെങ്കിലും നീളമുള്ള ജാക്കറ്റുമിട്ടോണ്ട് ഒട്ടകം നടക്കുന്നതുപോലെ കൂനിക്കൂനി ഇപ്പോൾതന്നെ ഇങ്ങെത്തും. തൊട്ടയൽപക്കമാകുമ്പോൾ ഇങ്ങനെ ചില ദുരന്തങ്ങളൊക്കെ സ്വാഭാവികം. വന്നാപ്പിന്നെ ആകെ കുഴപ്പമാകും. ഇന്നത്തെ ദിവസം ഗോപി വരച്ചതുതന്നെ”
എല്ലാം കേട്ടിട്ട് ഡോക്ടർ പദ്മനാഭൻ നായർ കൂലങ്കഷമായി ചിന്തിക്കാൻ തുടങ്ങി. എന്നിട്ട് ആത്മസംയമനം പോലെ പറഞ്ഞു.
“ഇന്നലെ കോളജ് ഗ്രൗണ്ടിൽ പിള്ളേരുടെ ബാസ്‌ക്കറ്റ് ബോൾ കാണാൻ കാറിലാണല്ലോ വന്നത്. അതുകഴിഞ്ഞെങ്ങും പോയതായി എനിക്കറിയില്ല’’
പമ്മൻ തന്റെ നിസ്സഹായത അറിയിച്ചിട്ട് കണ്ണുതിരുമ്മികൊണ്ടിരുന്നു. വീണ്ടും തിരിഞ്ഞുകിടന്നു പഴയ കാര്യങ്ങളൊക്കെ ഓർക്കുകയായിരുന്നു. എഴുപതുകളിൽ കുഞ്ഞച്ചൻ ആലപ്പുഴയിൽനിന്ന് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ എൻജിനീയറിങ് പഠിക്കാനാ എത്തിയത്. സ്റ്റുഡന്റ് വീസയിൽ കുറെ കഷ്ടപ്പെട്ടു. ചെയ്യാത്ത ജോലിയൊന്നുമില്ല. പഠിത്തം പൂർത്തിയാകുന്നതുവരെ കാറില്ലാതെ മഞ്ഞിൽ മരം കോച്ചുന്ന തണുപ്പത്തു മൈലുകളോളം നടന്ന കഥകളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം പഠിക്കാൻ ഒറ്റയ്ക്കുവന്ന എനിക്കും ഒരു കൈത്താങ്ങായിരുന്നു പരോപകാരിയായ കുഞ്ഞച്ചൻ.
ആ പഴയ കാഡിലാക്കിൽ ഞങ്ങൾ എവിടെയെല്ലാം യാത്രപോയിരിക്കുന്നു. മൻഹാറ്റനിലെ മുന്തിയ ബാറുകളിലും ഫോർട്ടി സെക്കൻഡ് സ്ട്രീറ്റിലുമൊക്കെ എത്ര എത്ര വാരാന്ത്യങ്ങളിൽ കറങ്ങിനടന്നിട്ടുണ്ട്. കുഞ്ഞച്ചൻചേട്ടന് ഇപ്പോഴും ഒരു മാറ്റവുമില്ല. മനസ്സിപ്പോഴും ചെറുപ്പമാ. അതുകൊണ്ട് അങ്ങനെയുള്ള ആൺപെൺ സൗഹൃദങ്ങളാണധികവും. അന്നൊക്കെ അയാളുടെ ആ കടുംചുവപ്പുള്ള കാഡിലാക്ക് കാണുമ്പോൾ ആരും ഒന്നുകൂടെ നോക്കുമായിരുന്നു. അതൊക്കെ ഒരു കാലം. കുഞ്ഞച്ചനാണ് അമേരിക്കയിൽ കാഡിലാക്ക് കാറു മേടിക്കുന്ന ആദ്യത്തെ മലയാളി. അതും ജോലി കിട്ടി ആറുമാസംപോലും തികയുന്നതിനു മുൻപായിരുന്നുവെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. അതൊക്കെ മഹാത്ഭുതം തന്നെയായിരുന്നിരിക്കും ആ കാലങ്ങളിൽ. കാര്യം വിരലിൽ എണ്ണാവുന്ന മലയാളികളേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആദ്യത്തേത് എന്നും ആദ്യത്തേതായിരിക്കും. മൂക്കില്ലാ രാജ്യമാണെങ്കിലും മുറിമൂക്കൻ രാജാവാകാതിരിക്കുമോ.
"എടാ പമ്മാ, നാട്ടിൽ കുഞ്ഞുമോളെ പെണ്ണു കാണാൻ ചെന്നപ്പോൾ അമേരിക്കയിൽ കാഡിലാക്കുള്ള കുഞ്ഞച്ചൻ എന്നാണ് ഇടക്കാരൻ അവളുടെ വീട്ടുകാരോടു പറഞ്ഞത്. ഞാൻ അതിനെതിരൊന്നും പറഞ്ഞതുമില്ല".
ജോണിവാക്കറിൽ ഐസ് കഷ്ണങ്ങൾ ഇട്ടിട്ടു വെള്ളം തൊടാതെ ഒരു പിടിപ്പീരു പിടിപ്പിച്ചിട്ടാ ഈ പഴയ കഥകളൊക്കെ തട്ടിവിട്ടത്. കുഞ്ഞച്ചനങ്ങനെയാ രണ്ടെണ്ണം അകത്തായാൽപ്പിന്നെ പഴംകഥകളൊക്കെ തത്ത പറയുന്നതുപോലെ പറയും. അതോടുകൂടി നാട്ടിലുള്ള കൂട്ടുകാരുടെ ഇടയിലും കാഡിലാക്ക് കുഞ്ഞച്ചൻ എന്നാണ് അറിയപ്പെടുന്നത് എന്നകാര്യം മാത്രം പറഞ്ഞില്ല. അപ്പോൾപ്പിന്നെ അമേരിക്കയിലെ കാര്യം പറയേണ്ടതില്ലല്ലോ. അതുകഴിഞ്ഞ് അവരുടെ കുടുംബത്തിലെ കൊച്ചുമക്കളുവരെ ഏതെല്ലാം തരം കാറു മേടിച്ചു. എന്നിട്ടും പത്തുപേരറിയണമെങ്കിൽ കാഡിലാക്ക് കുഞ്ഞച്ചൻ എന്നുതന്നെ പറയണം.
പിന്നെയെപ്പളോ അതു കാടി കുഞ്ഞച്ചനായി ഒന്നു ചുരുങ്ങി. അതിന് അതിന്റേതായ കാരണവുമുണ്ട്. മലയാളികൾ കൂടിക്കൂടി വന്നപ്പോൾ പള്ളികളുടെ എണ്ണവും കൂടി. അതോടുകൂടിയാണ് ഈ പള്ളിപൊളിറ്റിക്സ് തുടങ്ങിയത്. കുഞ്ഞച്ചൻ ഒരു ബാവാക്കക്ഷിയാണ് എന്ന കാര്യം അപ്പോഴാണ് എല്ലാവരും അറിയുന്നതുപോലും. അതുകൊണ്ടുതന്നെ മെത്രാൻ കക്ഷിയിലെ ചില അസൂയാലുക്കൾ ആ പേരൊന്നു ചുരുക്കി കാടികുഞ്ഞച്ചൻ എന്നാക്കി. അങ്ങനെ തന്റെ പ്രിയപ്പെട്ട കാഡിലാക്കിനെ വെറും കാടിയാക്കി. അതുമാത്രം കുഞ്ഞച്ചന് അത്ര ബോധിച്ചിട്ടില്ല.
അതറിയാവുന്ന കുഞ്ഞച്ചൻ മലയാളം പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കു വരുമ്പോൾ കുഞ്ഞുമോളെയും മുന്നിലിരുത്തി ആ പുരാവസ്‌തുവും കൊണ്ടേ വരികയുള്ളു. പെരവാഹനം പള്ളിമുറ്റത്തെ പാർക്കിങ് ലോട്ടിലിട്ടേച്ചു നാലുപാടും ഒന്നു നോക്കും എന്നിട്ട് നടു നിവർത്തി ഞെളിയാൻ മേലേലും തല ഉയർത്തി ഒരു നടപ്പുണ്ട്. അതൊക്കെ ഈ കാഡിലാക്ക് മേടിച്ചകാലത്തു തൊട്ടുള്ള പതിവുകളാ. അതൊന്നും ഈ മെത്രാൻകക്ഷിക്കാർക്ക് അത്ര സുഖിക്കുന്നില്ല എന്നൊക്കെ അയാൾക്കും അറിയാം. എന്തുചെയ്യാം, അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലല്ലോ. വന്നുവന്നിപ്പോൾ കുഞ്ചെറിയാ ജോസഫ് എന്ന പേരുപോലും ആളുകൾ മറന്നു തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ പ്രാഞ്ചിയേട്ടൻ പഴേ പ്രാഞ്ചിയേട്ടൻ തന്നെയായി. അയാൾ കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറേറ്റ് എടുത്തു ഡോക്ടർ കുഞ്ചെറിയാ ജോസഫ് കല്ലൂക്കാരൻ ആയിട്ടൊന്നും ഒരു കാര്യവും ഇല്ലാതായല്ലോ എന്നൊക്കെ ആലോചിച്ചു പമ്മൻ മയങ്ങിപ്പോയതറിഞ്ഞില്ല. അപ്പോഴേക്കും അടുക്കളയിൽനിന്ന് അവളുടെ നീണ്ട വിളിയും അകലേന്നുള്ള ഗുഡ്സ് ട്രെയിനിന്റെ ചൂളംവിളിയും ഒന്നിച്ചായിരുന്നു. ഈശ്വരാ അവളിനിയും വിടുന്ന ലക്ഷണമില്ല. എന്തെങ്കിലും പറയുമ്പോൾ ട്രെയിൻ ചൂളം വിളിച്ചാൽ നാട്ടിലൊക്കെ പല്ലിചൊല്ലുന്നതുപോലെ അച്ചട്ടാണെന്നാ അമേരിക്കക്കാരുടെ വിശ്വാസം. അതും കുഞ്ഞച്ചൻചേട്ടനാ ഒരിക്കൽ പറഞ്ഞത്. ദേ പിന്നേം തുടങ്ങി അവളുടെ ചൂളംവിളി. നല്ലൊരു അവധി ദിവസമായിട്ട് ഒന്നുറങ്ങാനും സമ്മതിക്കത്തില്ല. സന്ധ്യയാകുമ്പോൾ എന്നേം വലിച്ചോണ്ട് അമ്പലത്തിലോട്ടും എഴുന്നള്ളിക്കും. ഞാനൊരു പക്കാ കമ്മ്യുണിസ്റ്റുകാരന്റെ മകനാണെന്ന് പ്രേമിച്ചു നടന്ന കാലത്തുതൊട്ട് അവളോടു പറഞ്ഞിട്ടുള്ളതാ. അതൊന്നും കേട്ട ഭാവമേയില്ല ഈ ഉച്ചഭാഷിണിക്ക്. തലാക്ക് തലാക്ക് എന്ന് മൂന്നുപ്രാവശ്യം പറഞ്ഞാൽ തീരുന്ന കേസായിരുന്നെങ്കിൽ ഇപ്പൊത്തന
്നെ തീർത്തേനെ. എന്തായാലും പിള്ളേരുണരുന്നതിനു മുൻപ് സംഗതി സോൾവ് ചെയ്യണം. ഇതിപ്പം ഒരുനടയ്ക്കൊന്നും പോകുന്ന ലക്ഷണമില്ലാന്നാ തോന്നുന്നത്. അവള് പിന്നേം പ്രതീക്ഷിച്ചതുപോലെ ആ കേസുകെട്ടങ്ങു വിസ്തരിക്കാൻ തുടങ്ങി.
“മിസ്റ്റർ പത്ഭനാഭൻ നായർ എനിക്കു തോന്നുന്ന കാര്യം ഞാൻ പറയാം. ആ പുരാവസ്തു അതേ ഗ്രൗണ്ടിന്റെ പാർക്കിങ്സ്ലോട്ടിൽത്തന്നെ കാണും. അടിച്ചു പിമ്പിരിയായപ്പോൾ അതൊക്കെ മറന്നുകാണും. എന്നിട്ടു പാതിരാത്രിയിൽ ഊബർ പിടിച്ചായിരിക്കും വീട്ടിലേക്കു പോയത്. ഇതിപ്പം ആദ്യമായിട്ടൊന്നുമല്ലല്ലോ "
പദ്മാനാഭൻ വീണ്ടും കണ്ണുതിരുമ്മി എന്തോ ആലോചിച്ചിട്ട് പറഞ്ഞു.
“അതിനു കുഞ്ഞച്ചന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ഒരു വാട്ടർ ബോട്ടിലാണ്. കളി ജയിച്ചിട്ടും ഞങ്ങൾ ഒന്നിച്ചൊന്ന് കൂടിയതുപോലുമില്ല. നീ വെറുതെ കള്ളക്കഥ ഉണ്ടാക്കല്ലേ. ചുമ്മാതല്ല പഠിക്കുന്ന കാലത്തുതന്നെ നിനക്കീ ഉച്ചഭാഷിണി എന്ന പേരുകിട്ടിയത്."
“അതൊന്നും പറഞ്ഞു വിഷയം മാറ്റണ്ട. എന്തായാലും എനിക്കുറപ്പാ ആ വെള്ളക്കുപ്പിയിൽ വോഡ്ക മിക്സ് ചെയ്തിട്ടുണ്ടാവും. ഗാലറിയിലിരുന്ന് ഒതുക്കത്തിൽ രണ്ടുപേരുംകൂടി പകർന്നടിച്ചുകാണും. ഈ പമ്മൻചേട്ടനെ ഞാനിന്നല്ലല്ലോ കാണുന്നത്.
ഒരിക്കൽ നാട്ടിൽ പോയേച്ചു വരുന്നവഴി സൗദി എയർലൈൻസ് വിമാനത്തിൽ വെച്ച് നിങ്ങളുടെ വെള്ളക്കുപ്പിയിൽനിന്നു ദാഹിച്ചിട്ടിത്തിരി വെള്ളംകുടിച്ച അനുഭവമൊന്നും ഞാൻ മറന്നിട്ടില്ല. കാലു നിലത്തുറയ്ക്കുന്നില്ലന്നതു പോട്ടെ, തലയ്ക്കകത്തൊരു പെരുപ്പായിരുന്നു. വല്ലാത്തൊരു നാറ്റവും.
"അത് നീ ഇപ്പം അവസരത്തിനൊത്ത് ഒരുമുഴം നീട്ടി എറിഞ്ഞതാ. നിനക്കറിയാമല്ലോ അതൊരു ഗാന്ധി പ്ലെയ്നാണെന്ന്. ചുമ്മാ ജൂസും പച്ചവെള്ളോം കുടിച്ചോണ്ടിരുന്നാൽ ഉറക്കം വരുമോ? ആ ഇരുപത്തിനാലു മണിക്കൂർ യാത്രയിൽ ഒന്നു പിടിച്ചുനിൽക്കണ്ടേ? അതിൽ അമ്മ സ്നേഹപൂർവം പൊതിഞ്ഞുതന്ന ജോനാനാരങ്ങായുടെ നീരും ഇത്തിരി പിഴിഞ്ഞിരുന്നു. അതുകൊണ്ടു നീ പറയുന്നതുപോലെ അത്ര നാറ്റമൊന്നുമില്ലായിരുന്നു.
"അതു കുടിയൻമാർക്ക്. അതു സഹിക്കുന്ന ഭാര്യമാരുടെ കഷ്ടപ്പാടൊന്നും നിങ്ങൾ അറിയുന്നില്ലല്ലോ"
“ഈ കുടിയിത്തിരി കഷ്ടപ്പാടുള്ള പണിയാ. അല്ലാതെ സുഖിക്കാനല്ല ഞങ്ങളാണുങ്ങളീ ഈ വീശലു വീശുന്നതെന്നു നിനക്കിപ്പോഴെങ്കിലും മനസ്സിലായല്ലോ അതുമതി”
പമ്മനപ്പോൾ കിട്ടിയ വടികൊണ്ടുതന്നെ സുഭാഷിണിക്കിട്ട് ഒരടികൊടുത്തതുപോലെ ഒരു ഫീലിങ്ങായിരുന്നു. അങ്ങനെയങ്കിലും അവൾക്കിട്ടൊരു കൊട്ട് കൊടുക്കാൻ പറ്റിയല്ലോ എന്നൊരാശ്വാസത്തിൽ ഒന്നു നെടുവീർപ്പിട്ടു. അൽപം നിശബ്ദതയ്ക്കു ശേഷം പദ്മനാഭൻനായർ ഒന്നുകൂടെ തലപുകഞ്ഞാലോചിച്ചിട്ടു പറഞ്ഞു.
"അല്ല ഞാനാണല്ലോ കുഞ്ഞച്ചനെ കൊണ്ടുവിട്ടത് ഞാനാക്കാര്യം പെട്ടന്നങ്ങു മറന്നുപോയി. അപ്പോൾപിന്നെ കാറെവിടെപോയി’’
" ഇതാ പറയുന്നത് നിങ്ങൾക്കൊക്കെ കള്ളു കുടിച്ചാൽ വെളിവും വെള്ളിയാഴ്ചയുമില്ലെന്ന്. ഇനി ഞാൻ പറയാം. കുഞ്ഞച്ചൻചേട്ടൻ കൊച്ചുമകന്റെ ബാസ്‌കറ്റ്ബോൾ കളി കാണാൻ കാറോടിച്ചു വന്നു. പുരാവസ്തുവായതുകൊണ്ടു പാർക്ക് ചെയ്യാൻ ഒരേക്കർ സ്ഥലമെങ്കിലും വേണ്ടേ. അതുകൊണ്ടു എവിടെയെങ്കിലും മാറ്റി സ്ഥാപിച്ചുകാണും. ആ വലിപ്പം കണ്ടിട്ട് അയാളുടെ കൊച്ചുമക്കളുപോലും പെരവാഹനം എന്ന ഓമനപ്പേരാ കാറിനിട്ടിരിക്കുന്നത്”
“നീ കളിയാക്കണ്ട. അയാൾക്കയാളുടെ ഭാര്യ കുഞ്ഞുമോളെക്കാളും സ്നേഹം ആ പുരാവസ്തുവിനോടാണെന്ന് ആർക്കാ അറിയാത്തത്”
“നിങ്ങൾക്ക് നിങ്ങളുടെ പട്ടിയോടും. അവനും ഇപ്പോൾ വയസ്സായില്ലേ. കുഞ്ഞച്ചനെപ്പോലെ കൂനിക്കൂനിയാ നടക്കുന്നത്. ഏതു സമയവും വീഴാം. രണ്ടും പുരാവസ്തുതന്നെ ജീവനുണ്ടെന്നൊരു വ്യത്യാസംമാത്രം".
" മിണ്ടാപ്രാണിയാണെങ്കിലും നിന്നെക്കാളും സ്നേഹം ആ പൊന്നപ്പന് എന്നോടുണ്ട് ''
"ഇതൊക്കെ കാണുമ്പോൾ എനിക്കും തോന്നുന്നുണ്ട്, ഈ അമേരിക്കയിൽ പട്ടിയായി ജനിച്ചാമതിയായിരുന്നുവെന്ന്, കുറഞ്ഞപക്ഷം ഒരു കാഡിലാക്ക് എങ്കിലും ആയാ മതിയായിരുന്നു പൊന്നുപോലെയല്ലേ കുഞ്ഞച്ചൻചേട്ടൻ കൊണ്ടുനടക്കുന്നത്. പൊന്നപ്പൻ ഒരു പുന്നാര പേരും. എന്തായാലും ചേരുംപടി ചേർക്കാം. കുഞ്ഞച്ചനും പൊന്നപ്പനും. അവറ്റകളുടെയൊക്കെ തലേൽ വരച്ചത് എന്റെകാലേക്കൂടെയെങ്കിലും വരച്ചാ മതിയായിരുന്നു"
സുഭാഷിണി അത്രയും ഒറ്റ ശ്വസത്തിൽ പറഞ്ഞു.
"അതെ, നിന്റെ തലേവര തന്നെയാ ഞാനും ഉറങ്ങിക്കിടക്കുന്ന പിള്ളേരും ഈ പട്ടിയുമൊക്കെ. അതൊന്നും അത്ര പെട്ടെന്നു മായിച്ചുകളയാൻപറ്റില്ല "
ഉത്തരംമുട്ടിയ സുഭാഷിണി അവസരത്തിനൊത്ത് വിഷയം ഒന്നു മാറ്റിപിടിച്ചു.
"അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ വിഷയം കാഡിലാക്ക് മിസ്സിങ് അല്ലേ. ഈശ്വരാ ഞാനൊരിക്കലേ അതേ കേറീട്ടുള്ളു. അതോടെ മതിയായി. എസി തകരാറിലായതുകൊണ്ടു നാലു വിൻഡോയും തുറന്നിട്ടാ കുഞ്ഞച്ചൻ ചേട്ടൻ ഓടിച്ചത്. തൃശൂർ പൂരത്തിന് ആന അമറുന്നതുപോലെ ആ എട്ടു സിലിണ്ടറും കൂടി ചെവിപൊട്ടുന്ന അലർച്ചയായിരുന്നു. അതോടെ ഞാൻ വടിയൊടിച്ചിട്ടതാ. ഇനി മേലാൽ ഞാനാ ഓടുന്ന പുരേലേക്കില്ലെന്ന് ”
അത്രയും പറഞ്ഞിട്ട് സുഭാഷിണി ഒരു ദീർഘശ്വാസം വിട്ടു
“അതയാളുടെ മൊബൈൽ ഹോമാണന്നാ ഭാര്യ കുഞ്ഞുമോൾ ഡോക്ടറും പറയുന്നത്’’
ഇനി ഞാൻ പറയാം നടന്നതെന്താണെന്ന്. പമ്മൻ ചേട്ടൻ ശ്രദ്ധിച്ചു കേട്ടോണം. പതിവുപോലെ ചുമ്മാ മൂളിക്കേട്ടിട്ടു ഞഞ്ഞാ പിഞ്ഞാ പറയരുത്.
കളി കണ്ടുകൊണ്ടിരുന്നപ്പോൾ വെള്ളക്കുപ്പിയിൽനിന്നു ജൂനിയറും സീനിയറുംകൂടി വോഡ്ക മിക്സ് നല്ലപോലെ വീശിയിട്ടു കാറിന്റെ കാര്യം മറന്നു. തിരിച്ചു പോകാൻനേരം ജൂനിയറായ പമ്മനോട് റൈഡ് ചോദിച്ചു. ജൂനിയർ കൊണ്ടുവിട്ടു. കള്ളിന്റെ ലഹരിയിൽ മിസ്റ്റർ പദ്മനാഭൻനായർ എല്ലാം മറന്നു. കാറിപ്പോഴും ആ സ്റ്റേഡിയത്തിലെ പാർക്കിങ് ലോട്ടിൽ കാണും. പ്രോബ്ലം സോൾവ്ഡ്. ഇതിനിത്ര തലപുകഞ്ഞാലോചിക്കുന്നതെന്തിനാ "
“എടീ സുഭാഷിണി ഈ പെൺബുദ്ധി പിൻബുദ്ധി എന്നൊക്കെ പഴമൊഴി കേട്ടിട്ടുണ്ടെങ്കിലും അതൊന്നും ശരിയല്ലെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായത്. നിന്റെ ബുദ്ധിതന്നെ ഒടുക്കത്തെ ബുദ്ധി”
എന്നുപറഞ്ഞുകൊണ്ട് പമ്മൻ സുഭാഷിണിയെ കെട്ടിപ്പിടിച്ചൊരു ഉമ്മകൊടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും അവൾ കുതറിമാറി.
“അങ്ങനെ എന്ന പൊക്കി പൊക്കി ആകാശത്തു മുട്ടിക്കാനൊന്നും നോക്കേണ്ട. കാള വാലുപൊക്കുമ്പോഴേ അറിയാം കാര്യമെന്താണെന്ന്. ഞാനിതൊക്കെ കുറെ കണ്ടതല്ലേ പത്മേട്ടാ. നല്ലൊരു അവധിദിവസമല്ലേ, ഒന്നൂടെ തിരിഞ്ഞുകിടന്നുറങ്ങിക്കോ. കാടി കുഞ്ഞച്ചൻ വരുമ്പോൾ കാറിന്റെ കാര്യം ഞാൻ പറഞ്ഞോളാം”
“എന്തായാലും നീയാ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഒരു ലൈക്കും കമന്റും കൊടുക്കാൻ മറക്കേണ്ട. ഈ വയസുകാലത്ത് അതൊക്കെയല്ലേ കുഞ്ഞച്ചന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ”
അതുപറഞ്ഞിട്ടു മിനിറ്റുകൾക്കകം പമ്മൻചേട്ടന്റെ പതിവ് കൂർക്കംവലി ആ മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. പൊന്നപ്പനു ഭക്ഷണം കഴിക്കാറായതുകൊണ്ട് അവനും മൃദുലമായി കുരയ്ക്കുന്നുണ്ടായിരുന്നു. സുഭാഷിണി അവനു ഭക്ഷണമെടുക്കാനായി അടുക്കളയിലേക്കു കയറി. അപ്പോഴേക്കും ആരോ മൂന്നുപ്രാവശ്യം കോളിങ് ബെല്ലടിച്ചു. അവൾ ആരെയും ഉണർത്താതെ വാതിൽ തുറന്നു. അപ്പോഴും അങ്ങ് ദൂരത്തുനിന്ന് ഒരു ഗുഡ്സ് ട്രെയിനിന്റെ ചൂളംവിളി കേൾക്കാമായിരുന്നു.