ADVERTISEMENT

ഒന്‍ജലി റൗഫ് ഒരു അഭയാര്‍ഥി ക്യാംപില്‍വച്ചാണ് സൈനബ് എന്ന യുവതിയെ കാണുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സിറിയയില്‍നിന്നുള്ള അഭയാര്‍ഥിയായ സൈനബ്. മതിയായ ഭക്ഷണമില്ലാതെയും താമസസൗകര്യമില്ലാതെയും വിഷമിക്കുന്ന യുവതി. സൈനബിനെ സഹായിക്കാന്‍ തീരുമാനിച്ചു ഒന്‍ജലി. ധനശേഖരണവും തുടങ്ങി. പക്ഷേ, ഒന്‍ജലിയുടെ സഹായം എത്തുംമുമ്പേ സൈനബ് ഒരു കുട്ടിക്കു ജന്‍മം നല്‍കി. റെയ്ഹാന്‍. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ ആരും ഇഷ്ടപ്പെടുന്ന, കയ്യിലെടുത്ത് ഓമനിക്കാന്‍ തോന്നുന്ന ഒരു കൊച്ചുമിടുക്കന്‍. അഭയാര്‍ഥി ക്യാംപില്‍നിന്നു മടങ്ങിയെത്തിയിട്ടും റെയ്ഹാന്‍ ഒന്‍ജലി എന്ന 38 വയസ്സുകാരിയുടെ മനസ്സില്‍നിന്ന് ഇറങ്ങിപ്പോയില്ല. അവന്റെ ഭാവിജീവിതത്തെക്കുറിച്ച് ഒന്‍ജലി ചിന്തിച്ചു. ക്യാംപുകളില്‍ കഷ്ടിച്ചു ലഭിക്കുന്ന ഭക്ഷണം കഴിച്ചും നിരന്തരമായി യാത്ര ചെയ്തും അവന്‍ നേരിടാന്‍പോകുന്ന കഷ്ടപ്പാടുകളെക്കുറിച്ച്. എന്നെങ്കിലുമൊരിക്കല്‍ അവന്‍ ക്ളാസ്സില്‍പോകുന്നതിനെക്കുറിച്ച്. ആശങ്കയോടെ ഒരു ബെഞ്ചില്‍ ചെന്ന് ഇരിക്കുന്നതിനെക്കുറിച്ച്. റെയ്ഹാനെക്കുറിച്ചുള്ള ചിന്തകള്‍ ഒരു കഥയുടെ രൂപമെടുത്തു. ജീവിതകഥയുടെ. അനുഭവത്തിന്റെ. അതാണ് ദ് ബോയ് അറ്റ് ദ് ബാക്ക് ഓഫ് ദ് ക്ളാസ്. ബംഗ്ളദേശില്‍ ജനിച്ച് ലണ്ടനില്‍ താമിസിക്കുന്ന ഒന്‍ജലി റൗഫിന്റെ ആദ്യത്തെ പുസ്തകം. 8 മുതല്‍ 11 വയസ്സുവരെ പ്രായമുള്ളവര്‍ക്കുവേണ്ടി എഴുതിയ ബാലസാഹിത്യം. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചതുമുതല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നിലുണ്ട് ദ് ബോയ്. പ്രധാനപ്പെട്ട മൂന്നു പുരസ്കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നുവരുടെയും മനസ്സ് കീഴടക്കി ഒന്‍ജലി രണ്ടാം പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. അഭയാര്‍ഥി പ്രശ്നമായിരുന്നു അദ്യപുസ്തകത്തിലെങ്കില്‍ ഗാര്‍ഹിക പീഡനമാണ് എഴുതാന്‍ പോകുന്ന പുസ്തകത്തിന്റെ പ്രമേയം. അതും സ്വന്തം ജീവിതത്തില്‍ സാക്ഷിയായ അനുഭവത്തില്‍നിന്ന്. 

അഭയാര്‍ഥി പ്രശ്നങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാകില്ലെന്നും അത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ അവര്‍ വായിക്കില്ലെന്നുമുള്ള ധാരണയെ തകിടം മറിച്ചു എന്നതാണ് ഒരു  എഴുത്തുകാരിയെന്ന നിലയില്‍ ഒന്‍ജലിയുടെ പ്രസക്തി. കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവര്‍ ഇരയാക്കപ്പെടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരല്ലെങ്കില്‍ പിന്നെ ആരാണ് അറിയേണ്ടത് എന്നു ചോദിച്ചുകൊണ്ടാണ് അവര്‍ അഭായാര്‍ഥിപ്രശ്നം ആദ്യ പുസ്തകത്തിന്റെ വിഷയമാക്കിയത്. അതു വിജയിച്ചതോടെ ഒരു കാര്യം ഉറപ്പായി. രാഷ്ട്രീയവും കുട്ടികള്‍ക്കു മനസ്സിലാകും. ലൈംഗിക പീഡനവും ലിംഗവിവേചനവുമെല്ലാം അവര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ തന്നെ. നിഷ്കളങ്കമായ കഥകള്‍ മാത്രമാണ് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതെന്ന ധാരണ തന്നെ തെറ്റ്. 

the-boy-at-the

എഴുത്തില്‍ അമ്മയാണ് ഒന്‍ജലി റൗഫിന്റെ വഴികാട്ടി. ലൈബ്രറിയില്‍ പോകാന്‍ അമ്മയായിരുന്നു കൂട്ട്. എഴുത്തിന്റെ അഗ്നി ഉള്ളില്‍ ജ്വലിപ്പിച്ചതും അമ്മ തന്നെ- ഒന്‍ജലി പറയുന്നു. മകളെ വേഗം വിവാഹം കഴിച്ചയയ്ക്കാതെ പുസ്തകം വായിപ്പിച്ചും എഴുതാന്‍ പ്രേരിപ്പിച്ചും നടക്കുന്നതിന്റെ പേരില്‍ ഒന്‍ജലിയുടെ അമ്മയ്ക്ക് ശകാരവും ലഭിച്ചിട്ടുണ്ട്. ബന്ധുക്കളില്‍നിന്നും അയല്‍ക്കാരില്‍നിന്നുമൊക്കെ. അന്ന് അമ്മ പറയുമായിരുന്നു: എഴുത്തു കൊണ്ട് നിനക്ക് ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പുസ്തകം എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതുമൊക്കെ വെളുത്തവര്‍ഗക്കാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. നമുക്കൊന്നും അതു സാധിക്കില്ല. എങ്കിലും ഒന്‍ജലി എഴുതിക്കൊണ്ടിരുന്നു. ഒടുവില്‍ ആദ്യപുസ്തകത്തിലൂടെ അംഗീകാരങ്ങളും നേടി. 

എന്റെ ആദ്യപുസ്തകം എന്റേതുമാത്രമല്ല; അമ്മയുടേതുകൂടിയാണ്. എഴുത്തില്‍ കൈ പിടിച്ച എന്റെ അമ്മയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരം- ഒന്‍ജലിയുടെ മനസ്സില്‍ കടപ്പാടിന്റെ നിറവ്. ഒരിക്കലും വീട്ടാനാകാത്ത അമ്മയോടുള്ള സ്നേഹത്തിന്റെ ഓര്‍മ. 

തന്റെ കസിനെക്കുറിച്ചാണ് ഒന്‍ജലിയുടെ രണ്ടാമത്തെ പുസ്തകം. ഗാര്‍ഹിക പീഡനത്തിനിരയായി കൊല്ലപ്പെട്ട റുമ എന്ന ബന്ധുവിന്റെ ജീവിതം. കുട്ടിക്കാലത്തേ കാണാന്‍ സുന്ദരിയായിരുന്ന റുമയെ സമ്പന്നനായ ഒരു വ്യവസായി നോട്ടമിട്ടിരുന്നു. ആദ്യമൊക്കെ അയാളെ ചെറുത്തുനിന്നെങ്കിലും ഒടുവില്‍ റുമയ്ക്ക് അയാളുടെ ഭാര്യയാകേണ്ടിവന്നു. രണ്ടു കുട്ടികളെ പ്രസവിക്കേണ്ടിവന്നു. ദിവസം അഞ്ചും ആറും തവണ അയാളുടെ മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നു. ഒടുവില്‍ നിസ്സഹായയായി സ്വന്തം പങ്കാളിയുടെ കൈകൊണ്ട് മരിക്കേണ്ടിയും വന്നു. പുറത്തുവരാത്ത നിലവിളിയാണ് റുമയുടേത്. അടക്കിപ്പിടിച്ച രോദനം. ആ കഥ ലോകത്തെ അറിയിക്കാന്‍ പോകുകയാണ് ഒന്‍ജലി. ഇതിനിടെ അപകടകരമായ ഒരു ശസ്ത്രക്രിയയെ അതിജീവിക്കേണ്ടിവന്നു ഒന്‍ജലിക്ക്. ഗര്‍ഭപാത്രത്തിലും മറ്റും ഉണ്ടായ അസാധാരണ വളര്‍ച്ചയായിരുന്നു പ്രശ്നം. രക്തസ്രാവം ഉണ്ടാകുകയും ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ലെന്നു ഡോക്ടര്‍മാര്‍ എഴുതിത്തള്ളുകയും ചെയ്തെങ്കിലും അതിശയകരമായി അവര്‍ മടങ്ങിവരികതന്നെ ചെയ്തു. ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത, രക്തവും കണ്ണീരും പുരണ്ട കഥകള്‍ പറയാന്‍. കുട്ടികളുള്‍പ്പെടെയുള്ളവരെ ഭാവി കാത്തുവച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍.