മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചഭിനയിക്കുന്ന ഒരു പ്രണയകഥ മലയാളത്തിൽ ഉണ്ടായാൽ...
Mail This Article
മമ്മൂട്ടിയും ദുൽഖറും ഒന്നിച്ച് അഭിനയിക്കുന്ന ഒരു സിനിമ! മലയാളസിനിമാപ്രേമികളുടെ മനസ്സിലെ ഏറ്റവും സുന്ദരമായ സ്വപ്നമാണത്. അവർ ഒന്നിച്ച് അഭിനയിക്കുന്നത് മനോഹരമായ ഒരു പ്രണയ കഥയിൽ ആണെങ്കിലോ? മമ്മൂട്ടിയേയും ദുൽഖറിനെയും മനസ്സിൽ കണ്ടു വായിച്ചു തീർത്ത ഇവാൻ തുർഗനേവിന്റെ 'ഫസ്റ്റ് ലൗ' എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഉയരെയിലെ സ്കൂട്ടറിൽ നിന്നു പിടഞ്ഞു വീണ് പൊള്ളിയുരുകുന്ന പല്ലവി രവീന്ദ്രന്റെയും 'നീ സെറ്റിൽഡ് ആയല്ലോ, സേഫ് ആയല്ലോ നിന്നെ ഞാൻ ജീവിക്കാൻ വിടില്ല' എന്ന് അസഹിഷ്ണുവാകുന്ന ഗോവിന്ദിന്റെയും പ്രണയവും കുറിപ്പിൽ എടുത്തുപറയുന്നുണ്ട് എഴുത്തുകാരി
ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ–
ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുൽഖറിനെയും മാത്രം മനസ്സിൽ കണ്ടാണത് വായിച്ചത്. ആരെങ്കിലും അത് സിനിമയാക്കുമെങ്കിൽ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങൾ മനസ്സിലാക്കിയേക്കും. അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്ത വ്ലാഡിമിർ എന്ന പയ്യനെ, അവന്റെ അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്നേഹിച്ചു പോകും.
അതിലെ നായികയാകാൻ പറ്റിയ ഒരു മുഖം മികച്ച സംവിധായകർക്കേ കണ്ടെത്താൻ കഴിയൂ. അവസാനത്തെ പേജിൽ തുർഗനേവ് ഞെട്ടിച്ചു കളയുന്നുണ്ട്.
പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂർത്ത ദംഷ്ട്രകൾ എത്ര തവണ ഞാനും നേരിൽ കണ്ടിരിക്കുന്നു! ചിലപ്പോൾ അതിലെ സ്നേഹാധിക്യത്തെ പോലും ഭയന്ന് ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!. സമ്മർദ്ദങ്ങളിൽ പെട്ടിരിക്കുന്നു! എന്നിട്ടും മാറി മാറി പ്രണയങ്ങൾ അതിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളിൽ പല കാടെന്ന പോലെ, ഒരു ജ്വാലയിൽ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടർന്നും ജ്വലിച്ചു.
ഉയരെയിലെ സ്കൂട്ടറിൽ നിന്നു പിടഞ്ഞു വീണ് പൊള്ളിയുരുകുന്ന പല്ലവി രവീന്ദ്രൻ, 'നീ സെറ്റിൽഡ് ആയല്ലോ, സേഫ് ആയല്ലോ നിന്നെ ഞാൻ ജീവിക്കാൻ വിടില്ല'എന്ന് അസഹിഷ്ണുവാകുന്ന ഗോവിന്ദ്.
സെറ്റിൽഡ്, സേഫ് എന്നൊരവസ്ഥ ഒരിക്കലും ഒരു കാമുകിക്ക് ഇല്ലല്ലോ എന്ന് ഉള്ളു പിടഞ്ഞത് ആ നിമിഷത്തിലാണ്. തലനാരിഴക്ക് രക്ഷപ്പെട്ടു പോന്ന പ്രണയങ്ങൾ പോലും ഏതു പ്രായത്തിലും അവളെ പേക്കിനാക്കളായി പിന്തുടരും. ആസിഡ് വീണു പൊള്ളി വികൃതമായ മനസ്സുമായാണ് ഓരോ പ്രണയത്തിൽ നിന്നും അവൾ രക്ഷപ്പെടുന്നത്. വടു കെട്ടി, വികൃതമായി അതങ്ങനെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും ജീവിതാവസാനം വരെ. എന്നിട്ടും അവൾക്ക് പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കുന്നില്ല.