ഇത് ഇമ്മിണി ബല്യ ചതി
Mail This Article
വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിർമിക്കാനായി അനുവദിച്ച 50 ലക്ഷം രൂപ പലിശ സഹിതം സംസ്ഥാന സർക്കാർ തിരിച്ചെടുത്തു. ആവശ്യമായ സ്ഥലം കണ്ടെത്താനാവാത്തതിനാലാണ് നടപടി. ബഷീർ മ്യൂസിയം ഉൾപ്പെടെയുള്ള വിപുലമായ സാംസ്കാരിക കേന്ദ്രം കോഴിക്കോട്ട് നിർമിക്കുന്നതിനായി 11 വർഷം മുൻപാണ് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചത്. സ്ഥലം സർക്കാരോ കോഴിക്കോട് കോർപറേഷനോ ഏറ്റെടുത്തു നൽകുമെന്നായിരുന്നു ധാരണ. സ്ഥലം ബഷീർ സ്മാരക ഉപദേശക സമിതിയുടെ പേരിൽ റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ 50 ലക്ഷം രൂപ കൈമാറുമെന്നുമായിരുന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം 2008 ജൂലൈ 11ന് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബിയാണ് പണം അനുവദിച്ചത്. 8 ദിവസത്തിനു ശേഷം ജുലൈ 19 നു സാംസ്കാരിക മന്ത്രി ചെയർമാനും കോഴിക്കോട്ടെ കെ.ജെ. തോമസ് സെക്രട്ടറിയും എം.ടി. വാസുദേവൻ നായർ വൈസ് ചെയർമാനും അന്നത്തെ കലക്ടർ ട്രഷററുമായി 19 അംഗ ബഷീർ സ്മാരക ഉപദേശക സമിതിക്കും രൂപംനൽകി.
2009 ഫെബ്രുവരി 11 ന് സ്മാരക നിർമാണത്തിനുള്ള 50 ലക്ഷം രൂപ കലക്ടറേറ്റിലെത്തി. ഈ പണം അന്നു തന്നെ കലക്ടറുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതു പിന്നീട് ട്രഷറി നിക്ഷേപമാക്കി മാറ്റിയിരുന്നു. ഈ നിക്ഷേപം പലിശ സഹിതം ഏതാണ്ട് 68 ലക്ഷം രൂപയായിരുന്നു. പണം അനുവദിച്ച് 10 വർഷം പിന്നിട്ടിട്ടും സ്മാരകത്തിനു സ്ഥലം കണ്ടെത്താനാകാത്തതിന്റെ പേരിലാണ് ഈ പണം സാംസ്കാരിക വകുപ്പിലേക്ക് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതു പ്രകാരം 2018 ജനുവരി 25 ന് 68 ലക്ഷത്തോളം രൂപ അന്നത്തെ കലക്ടർ സാംസ്കാരിക വകുപ്പിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു. ബഷീർ വിടപറഞ്ഞിട്ട് 25 വർഷം പിന്നിടുന്ന ഈ വർഷമെങ്കിലും സാംസ്കാരിക കേന്ദ്രം ഉയരുമെന്നുള്ള സാഹിത്യ പ്രേമികളുടെ സ്വപ്നം ഇതോടെ ഇല്ലാതായി.
സ്ഥലം എവിടെ?
തുറമുഖ വകുപ്പിന്റെ ബീച്ചിലുള്ള ഗെസ്റ്റ് ഹൗസ് പരിസരം, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നഗരത്തിലുള്ള സ്ഥലങ്ങൾ എന്നിവ പ്രഥമ സ്മാരക ഉപദേശക സമിതി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇവയൊന്നും വിട്ടുനൽകാൻ അതതു സർക്കാർ വകുപ്പുകൾ തയാറായില്ല.
ഇതേ തുടർന്നാണ് 2008 ഡിസംബർ 12 നു ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം 1 ഏക്കർ സ്ഥലം ബഷീർ സ്മാരകം നിർമിക്കാനായി അശോകപുരത്തുള്ള ജവഹർ നഗറിൽ അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ കൗൺസിൽ തീരുമാനത്തിനു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ലഭിച്ചില്ല. സ്ഥലം നേരത്തെ തന്നെ കേന്ദ്രസർക്കാർ കോസ്റ്റ് ഗാർഡിനു ഫ്ലാറ്റ് നിർമിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന കാരണം പറഞ്ഞാണ് തദ്ദേശ വകുപ്പ് അനുമതി നിഷേധിച്ചത്. ഇവിടെ കോസ്റ്റ് ഗാർഡ് അവരുടെ ജീവനക്കാർക്കായി ഫ്ലാറ്റ് നിർമിക്കുകയും ചെയ്തു.
പാളിച്ച പറ്റിയത് എവിടെ?
കഴിഞ്ഞ 3 വർഷമായി ബഷീർ സ്മാരക ഉപദേശക സമിതി ഒരു യോഗം പോലും വിളിച്ചിട്ടില്ല. എന്നാൽ ബഷീർ സ്മാരക ഉപദേശക സമിതിയുടെ ആദ്യ സെക്രട്ടറിയായിരുന്ന കെ.ജെ. തോമസ് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2016 ഒക്ടോബർ 8 ന് ഇപ്പോഴത്തെ സാംസ്കാരിക മന്ത്രി എ. കെ. ബാലന് ഇതുസംബന്ധിച്ച് വിശദമായ കത്ത് അയച്ചിരുന്നു.
സാംസ്കാരിക സമുച്ചയം നിർമിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ചൂണ്ടിക്കാട്ടി, ബഷീർ സ്മാരകത്തിന്റെ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കത്തിനു സാംസ്കാരിക മന്ത്രിയിൽ നിന്നു മറുപടി പോലും കെ.ജെ. തോമസിനു ലഭിച്ചില്ല.
രൂപരേഖയും തയാറാക്കി
ജവഹർ നഗറിലെ സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ബഷീർ സ്മാരക ഉപദേശക സമിതി ആർക്കിടെക്റ്റ് ആർ.കെ. രമേഷിനെ കൊണ്ട് കെട്ടിടത്തിന്റെ രൂപരേഖയും ഉണ്ടാക്കിയിരുന്നു. ബഷീർ മ്യൂസിയം, വിപുലമായ ലൈബ്രറി, ഗവേഷണ കേന്ദ്രം, ഓപ്പൺ എയർ തിയറ്റർ, സ്റ്റേജ്, കോൺഫറൻസ് ഹാൾ, ഗെസ്റ്റ് ഹൗസ്, കോഫി ഷോപ്പ് തുടങ്ങിയ വിപുലമായ സാംസ്കാരിക കേന്ദ്രമായിരുന്നു വിഭാവനം ചെയ്തിരുന്നത്.
2011 ൽ യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്നപ്പോൾ ബഷീർ സ്മാരക ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. രമേശ് കാവിൽ സെക്രട്ടറിയായാണ് സമിതി പുനഃസംഘടിപ്പിച്ചത്. ഈ ഉപദേശക സമിതിയും സ്ഥലം കണ്ടെത്താൻ പലതരത്തിലും ശ്രമിച്ചെങ്കിലും ഒന്നും എവിടെയുമെത്തിയില്ല. ഒടുവിൽ 2016 ൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. കാവിൽ പി. മാധവൻ സെക്രട്ടറിയും ഡോ. ആർസു വൈസ് ചെയർമാനുമായി 19 അംഗ ഉപദേശക സമിതിയെയാണ് പുതുതായി നിയമിച്ചത്. ഈ മൂന്ന് ഉപദേശക സമിതികളിലും ബഷീറിന്റെ മകൻ അനീസ് ബഷീർ അംഗമായിരുന്നു.
ഇത് മലയാള ഭാഷയോട് സർക്കാർ ചെയ്ത ക്രൂരത: കെ.ജെ. തോമസ്
ബേപ്പൂർ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയോടും മലയാള ഭാഷയോടും സംസ്ഥാന സർക്കാർ ചെയ്ത ക്രൂരതയാണ് ഇത്. നവോത്ഥാന നായകരുടെ ഓർമകൾ നിലനിർത്താൻ ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഇത്. എം.ടി.വാസുദേവൻ നായരുടെ ‘അജ്ഞാതന്റെ ഉയരാത്ത സ്മാരകം’ എന്ന കഥയുടെ തലക്കെട്ടാണ് ഓർമ വരുന്നത്. പണം കൈമാറി 10 വർഷം പിന്നിട്ടിട്ടും ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനായില്ലെന്നത് ഇരുമുന്നണി സർക്കാരുകളും വിഷയത്തെ എത്രത്തോളം ഗൗരവത്തോടെയാണ് കണ്ടിട്ടുള്ളതെന്നു വ്യക്തമാക്കുന്നു.
കെ.ജെ. തോമസ് (ബഷീർ സ്മാരക ഉപദേശക സമിതി പ്രഥമ സെക്രട്ടറി)
ഞങ്ങൾ ഇപ്പോഴും പ്രതീക്ഷയിലാണ്: അനീസ് ബഷീർ
അനുവദിച്ച പണം 10 വർഷത്തിനു ശേഷം ഉപയോഗിക്കാനാകാതെ സാംസ്കാരിക വകുപ്പിലേക്കു തിരിച്ചടച്ചുവെന്നത് വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. സ്മാരകം നിർമിക്കുന്നതിനു എല്ലാവരും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആർക്കും എതിർപ്പില്ലാത്ത കാര്യമായിരുന്നിട്ടും 10 വർഷമായിട്ടും ആവശ്യമായ സ്ഥലം കണ്ടെത്താനായില്ലെന്നത് അദ്ഭുതമായി തോന്നുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയമായി സമ്മർദം ചെലുത്താൻ ഞങ്ങൾക്കായില്ലെന്നത് ഞങ്ങളുടെ പരാജയമാണ്. ഇതൊക്കെയാണെങ്കിലും ഞങ്ങൾ (ബഷീറിന്റെ കുടുംബം) പ്രതീക്ഷയിലാണ്. കെ.വി.മോഹൻകുമാറിനെ പോലെ ഇത്തരം കാര്യങ്ങളിൽ താൽപര്യമുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിച്ചാൽ സ്മാരകം ഉയർത്താൻ കഴിയും. എംഎൽഎ മാരുടെയും എംപി മാരുടെയും ഫണ്ട് ഇതിനു ലഭ്യമാക്കാനാകും.
അനീസ് ബഷീർ
(ബഷീറിന്റെ മകൻ, ബഷീർ സ്മാരക ഉപദേശക സമിതികളിലെല്ലാം അംഗം)
ഇപ്പോൾ സമിതി നിലവിലുണ്ടോയെന്നു പോലും അറിയില്ല: കാവിൽ പി. മാധവൻ
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് ഞാൻ സെക്രട്ടറിയായി സമിതി പുനഃസംഘടിപ്പിച്ചത്. അതുവരെ സമിതിക്കു ഒരു ഓഫിസ് ഉണ്ടായിരുന്നില്ല. അന്നത്തെ കലക്ടറെ കൊണ്ട് മാനാഞ്ചിറയിലെ ഡിടിപിസി ഓഫിസിനു മുകളിൽ ഒരു മുറി ഓഫിസിനായി അനുവദിക്കാൻ മുൻകൈയ്യെടുത്തു. ബഷീർ സ്മാരക ഉപദേശക സമിതിയെ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യാനുള്ള ശ്രമവും നടത്തി. ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേക്കും സംസ്ഥാനത്ത് അധികാരമാറ്റം നടന്നു. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഈ സമിതി പുനഃസംഘടിപ്പിക്കാനോ പിരിച്ചുവിടാനോ തയാറായില്ല. ഇപ്പോൾ സമിതി നിലവിലുണ്ടോയെന്നു പോലും അറിയില്ല.
കാവിൽ പി. മാധവൻ
(ഇപ്പോഴത്തെ ബഷീർ സ്മാരക ഉപദേശക സമിതി സെക്രട്ടറി)