'എന്താണ് അശ്ലീലം? മനുഷ്യശരീരം അശ്ലീലമാണോ?' തുറന്നെഴുത്തുകളുടെ മാധവിക്കുട്ടി
Mail This Article
നായ്ക്കള്‍ പ്രസവിച്ച കുട്ടികളെ നക്കിത്തുടച്ച് വൃത്തിയാക്കാറുണ്ട്. അതേപോലെ വാക്കുകളെ നക്കിനനച്ച്, തുടച്ചെടുത്ത് ഉപയോഗിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. പകരം വയ്ക്കാന്‍ മറ്റൊരു വാക്ക് ഉണ്ടാകില്ല. അതായിരുന്നു ആ വലിയ എഴുത്തുകാരിയുടെ എഴുത്തുരീതി. ഒരുതരം ആത്മബലി. തൊലി കീറി എല്ലു പൊട്ടിച്ച് മജ്ജ പുറത്തുകാണിക്കുന്ന ശൈലി. കഥകളിലും കവിതകളിലും മാധവിക്കുട്ടി ആത്മബലി ആഘോഷിച്ചുവെങ്കിലും അതിന്റെ പരകോടിയെന്നു പറയാവുന്നത് എന്റെ കഥ തന്നെയാണ്. ആത്മകഥ എന്ന വിശേഷണത്തോടെ പ്രസിദ്ധീകരിക്കുകയും സദാചാര, സാംസ്കാരിക മൂല്യങ്ങളെ കടപുഴക്കി പുതിയൊരു സൗന്ദര്യബോധം സൃഷ്ടിക്കുകയും ചെയ്ത കൃതി. അടുത്ത സുഹൃത്തുക്കളോടുപോലും പിന്നീട് മാധവിക്കുട്ടി താന്‍ എഴുതിയത് വെറും കഥയാണെന്നും ആത്മകഥയല്ലെന്നും വിശദീകരിച്ചുവെങ്കിലും മലയാളം അന്നും ഇന്നും വിശ്വസിക്കുന്നത് എന്റെ കഥ മാധവിക്കുട്ടിയുടെ സ്വന്തം കഥയാണെന്നുതന്നെയാണ്. അതങ്ങനെതന്നെ ഇന്നും തുടരുകയും ചെയ്യുന്നു.
ആത്മകഥ എഴുതാന്‍ നിശ്ചിത പ്രായം ആരും നിശ്ചയിച്ചിട്ടില്ലെങ്കിലും പൊതുവെ വാര്‍ധക്യമാണ് പലരും തിരഞ്ഞെടുക്കുന്നത്. ജീവിതത്തിലേയ്ക്കു പിന്തിരിഞ്ഞു നോക്കുന്ന കാലം. ഓര്‍മകളും അനുസ്മരണങ്ങളും അനുഭവങ്ങളുമൊക്കെയായി പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം പോലെ. നിലവിലിരിക്കുന്ന ഇത്തരം ധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് അമ്പതു വയസ്സു പോലും ആകുന്നതിനു മുമ്പ് മാധവിക്കുട്ടി ആത്മകഥ എഴുതുന്നത്. പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു. അസുഖം മൂലം അക്കാലത്ത് അവര്‍ കിടപ്പിലായിരുന്നു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാന്‍ കാത്തുവച്ചതെല്ലാം നഷ്ടമാകുമെന്ന് അവര്‍ പേടിച്ചു. ആ പേടി നല്‍കിയ ധൈര്യത്തിലാണ് മാധവിക്കുട്ടി സ്വന്തം കഥയെഴുതിയത്. തൊലി കീറി എല്ലു പൊട്ടിച്ച് മജ്ജ പുറത്തുകാണിച്ചുകൊണ്ട്.
അശ്ലീലം എഴുതിയത് എന്തിനെന്നു ചോദിച്ചുവരോട് മാധവിക്കുട്ടി മറുചോദ്യം ചോദിച്ചു: എന്താണ് അശ്ലീലം ? ദൈവം അശ്ലീലത സൃഷ്ടിച്ചുവോ? മനുഷ്യശരീരം അശ്ലീലമാണോ? എങ്കില്‍പിന്നെ ഈ സൃഷ്ടി എന്തിനാണ്? അപ്പോഴത് ദൈവത്തിന്റെ പിഴവാകും.
മാധവിക്കുട്ടിയുടെ വിശദീകരണങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടി കൊടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പകരം അവര്‍ എന്റെ കഥയെ നെഞ്ചോടു ചേര്‍ത്തുവച്ചു. സ്ത്രീകള്‍ ആ വാക്കുകളില്‍ നിന്ന് സ്വന്തം മനസ്സിന്റെ ആഴങ്ങള്‍ കണ്ടു. പുരുഷന്‍മാര്‍ ആ വാക്കുകളിലൂടെ സ്ത്രീയെ അറിയാന്‍ ശ്രമിച്ചു. മാധവിക്കുട്ടിക്ക് അതു സ്വന്തം ചോരയായിരുന്നു. ഹൃദയത്തില്‍നിന്ന് ഒഴുകിയിറങ്ങിയ ചോര.
ഒരു കുരുവിയുടെ മരണം എന്ന ആമുഖത്തോടെയാണ് എന്റെ കഥ തുടങ്ങുന്നത്. ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി ഒരു കുരുവി നിമിഷങ്ങളോളം അതിന്‍മേല്‍ പറ്റിപ്പിടിച്ചിരുന്നതിനെക്കുറിച്ച് എഴുതിക്കൊണ്ട്. കുരുവിയുടെ നെഞ്ചില്‍നിന്ന് രക്തം വാര്‍ന്ന് സ്ഫടികത്തിന്‍മേല്‍ പടര്‍ന്നു. മാധവിക്കുട്ടി എഴുതി: അതേപോലെ എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നുവീഴട്ടെ. ആ രക്തം കൊണ്ടു ഞാന്‍ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്ന വിധത്തില്‍, ഒരോ വാക്കും ഒരനുരഞ്ജനമാക്കി ഞാന്‍ എഴുതട്ടെ. ഞാനതിനെ കവിത എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്റെ ഉള്ളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകള്‍പരപ്പിലേക്ക് ഉയര്‍ന്നുവന്ന് ഗദ്യമെന്ന താരതമ്യേന ദൃഡതരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെടുമെങ്കിലും ഇതിനെ കവിത എന്നുവിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുള്ള കഴിവുണ്ടാകണമെന്ന് എല്ലാക്കാലത്തും ഞാന്‍ ആഗ്രഹിച്ചുപോകുന്നു. മാധവിക്കുട്ടിയുടെ വാക്കുകള്‍ സ്വീകരിച്ച മലയാളികളും ആഗ്രഹിച്ചു; മാധവിക്കുട്ടിയെപ്പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. നീര്‍മാതളത്തിന്റെ പൂക്കളെപ്പോലെ.
സ്വന്തം കഥ എഴുതിയതിനൊപ്പം സദാചാര, സാമൂഹിക നിയമങ്ങളെയും മാധവിക്കുട്ടി എന്റെ കഥയില്‍ ചോദ്യം ചെയ്തു. എന്തുകൊണ്ട് താന്‍ സദാചാരത്തെ അനുസരിക്കാതിരിക്കുന്നു എന്നും. സദാചാരത്തിന്റെ അസ്തിവാരം ചീഞ്ഞളിഞ്ഞ ശരീരമാണ്. യഥാര്‍ഥ സദാചാരത്തിനടിസ്ഥാനം മനസ്സാവണം. സമുദായവും അതിന്റെ സദാചാരവും വികൃതരൂപികളാണ്. സമുദായമെന്ന കള്ളമുത്തശ്ശി ഉണ്ടാക്കിനിര്‍ത്തിയ കശാപ്പുശാലയാണ് സദാചാരം. സത്യത്തെ ഭയക്കുന്നവരെയും കള്ളം പറയുന്നവരെയും ചതിക്കുന്നവരെയും ഗര്‍ഭമലസിക്കുന്നവരെയും കള്ളച്ചിരി പൊഴിക്കുന്നവരെയും കള്ളക്കരച്ചില്‍ കരയുന്നവരെയും മുത്തശ്ശിയമ്മ രാത്രിയില്‍ തന്റെ കരിമ്പടം കൊണ്ടു പുതപ്പിച്ച്, കാത്തുരക്ഷിക്കുന്നു. മനസ്സിന്റെ ചൈതന്യം അറിഞ്ഞിരിക്കുന്നവരും ശരീരത്തിന്റെ നശ്വരതയും നിസ്സാരതയും മനസ്സിലാക്കിയവരുമായ സത്യാന്വേഷികള്‍ കരിമ്പടത്തിനു പുറത്തുകിടന്ന് തണുത്തുവിറയ്ക്കുന്നു.
മാധവിക്കുട്ടിയും തണുത്തു വിറച്ചു. പക്ഷേ തണുപ്പ് അശക്തയാക്കുന്നതിനുപകരം അവര്‍ക്കു നല്‍കിയത് പരമമായ ധൈര്യം. ആ ധൈര്യത്തിന്റെ ശക്തിയിലാണ് അവര്‍ തന്റെ പ്രേമഭാജനത്തെക്കുറിച്ച് എഴുതിയത്. എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ തവണ ഒരു വധുവിന്റെ വേഷഭൂഷാദികളോടെ സന്ദര്‍ശിക്കുവാന്‍ ചെന്ന രാജാവിനെക്കുറിച്ച്. വിശ്രമമുറിയിലെ വാതിലടയുമ്പോള്‍ രാജാവ് ദാഹിക്കുന്ന ചുണ്ടുകളോടെ തുരുതുരെ ചുംബിച്ചതിനെക്കുറിച്ച് എഴുതിയത്. മുറിയില്‍ തൂക്കിയിരുന്ന അനേകം കണ്ണാടികളില്‍ ചുംബനം പ്രതിഫലിച്ചതിനെക്കുറിച്ച് മനസ്സു തുറന്നത്.
എഴുതിപൂര്‍ത്തിയാക്കി മരിച്ചതിനുശേഷം മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നുപറഞ്ഞ് മാറ്റിവയ്ക്കാമായിരുന്നു മാധവിക്കുട്ടിക്ക് എന്റെ കഥ. അങ്ങനെ ദാസേട്ടന്റെ, മക്കളുടെ, നാലപ്പാടു തറവാടിന്റെ, ബാലമണിയമ്മയുടെ ഒക്കെ സമൂഹത്തിലെ വിശുദ്ധവും പവിത്രവുമായ സ്ഥാനം നിലനിര്‍ത്താമായിരുന്നു. പക്ഷേ, എന്റെ കഥ പ്രസിദ്ധീകരിച്ചിട്ടും മാധവിക്കുട്ടിക്കൊപ്പം നിന്നു നാലപ്പാട്ടെ തറവാട്. ആ തറവാടിനെ അവരോളം മനസ്സിലാക്കിയവര്‍ വേറെ ഉണ്ടായിരുന്നില്ല. ആ തറവാട്ടിലെ മുറികളിലെ ഒരു കൈക്കുടന്ന ഇരുട്ട് പോകുന്നിടത്തൊക്കെ കൊണ്ടുപോകാന്‍ പറ്റുന്നില്ലല്ലോ എന്നവര്‍ വ്യസനിച്ചിട്ടുമുണ്ട്. ബാലാമണിയമ്മ, ദാസേട്ടന്‍, മക്കള്‍ ഒക്കെ മാധവിക്കുട്ടിക്ക് ഒപ്പം നിന്നു. അത് അവരുടെ ആത്മാര്‍ഥതയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. ഇന്നും മലയാളത്തിലെ മറ്റൊരു എഴുത്തുകാരിക്കും എത്തിപ്പിടിക്കാനാവാത്ത അംഗീകാരത്തിന്റെയും സ്നേഹത്തിന്റെയും പുഷ്പകിരീടം. നൊബേല്‍ സമ്മാനത്തിന് വിവിധ രാജ്യങ്ങളില്‍നിന്ന് പരിഗണിക്കപ്പെട്ടവരില്‍ ഒരിക്കല്‍ മാധവിക്കുട്ടി ഉള്‍പ്പെട്ടതും അതുകൊണ്ടുതന്നെ. മറ്റാരും അത്രത്തോളം ഉയരാതെപോയതിനും വേറെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.
പണ്ടൊരിക്കല്‍ സ്ത്രീയായ രാധയെ വിട്ട് കൃഷ്ണന്‍ മഥുരയിലേക്കു പോയി. അദ്ദേഹം വാക്കുപാലിച്ചില്ല. അവളെ കാണുവാന്‍ മടങ്ങിവന്നില്ല. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയിലും കുടികൊള്ളുന്നത്. മഥുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ അന്വേഷിക്കലാണ് അവളുടെ ജീവിതം. അദ്ദേഹത്തില്‍ തന്റെ സ്മരണ പുനരുജ്ജീവിപ്പിക്കുവാന്‍ അവള്‍ യത്നിച്ചുകൊണ്ടേയിരിക്കും.