ADVERTISEMENT

മലയാളികളും മാറി വന്ന സർക്കാരുമാണു മലയാളത്തെ ഈ നിലയിലെത്തിച്ചത്. മലയാളികൾക്കു മലയാളം വേണ്ട, അതിനാൽ അതു നിർബന്ധമാക്കുന്ന നിയമം നടപ്പാക്കാൻ സർക്കാരിനും താൽപര്യമില്ല. മലയാളത്തിനുവേണ്ടി പ്രവർത്തിക്കുന്നതു ഞാൻ നിർത്തി. മലയാള സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെയ്യാവുന്നതെല്ലാം എന്നെപ്പോലുള്ള എഴുത്തുകാർ ചെയ്തു. എന്നാൽ ഞങ്ങൾ തോറ്റു.

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനു താൽപര്യമില്ലെന്നു പറഞ്ഞാൽ ജനങ്ങൾക്കു താൽപര്യമില്ലെന്നർഥം. ഭൂരിപക്ഷം രക്ഷിതാക്കളുടെയും താൽപര്യം  മക്കൾ ഇംഗ്ലിഷ് പഠിച്ചു വിദേശ പൗരന്മാരാകണമെന്നാണ്. പരമാവധി പണം, പരമാവധി അധികാരം, പരമാവധി ആഡംബരം – ഇതു മാത്രമാണു മലയാളിയുടെ ലക്ഷ്യം. അതിനു മലയാളം സഹായിക്കില്ല. 

എന്റെ മകനെ ഞാൻ മലയാളം മീഡിയത്തിൽ പഠിപ്പിച്ചു. അതുകൊണ്ടു മെച്ചപ്പെട്ട ജോലി കിട്ടില്ലെന്നു തിരിച്ചറിഞ്ഞ അവന് എന്നോടു ദ്വേഷ്യമായി. ഇപ്പോൾ സ്വീഡനിൽ രാജ്യാന്തര യൂണിവേഴ്സിറ്റിയിൽ എംഎസ് എൻജിനിയറിങ് പഠിക്കുന്നു. അവനു സാഹിത്യവുമായി ബന്ധമില്ല. 

എന്റെ ഭാര്യ എംഎ മലയാളത്തിന് ഒന്നാം റാങ്ക് നേടിയിരുന്നു. എന്നാൽ  കോളജ് അധ്യാപികയായി ജോലി കിട്ടാൻ അതു സഹായിച്ചില്ല. നാൽപതോളം കോളജുകളിൽ ഇന്റർവ്യൂവിനു പോയിട്ടുണ്ട്. കിട്ടിയില്ല. 

രാഷ്ട്രീയത്തിന്റെയോ പണത്തിന്റെയോ ജാതിയുടെയോ സ്വാധീനമില്ലാത്തതായിരുന്നു കാരണം. എസ്എസ്എൽഎസി യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിച്ച ബിഎസ്എൻഎൽ ജോലിയിൽനിന്നു ഗുമസ്തയായാണു ഭാര്യ വിരമിച്ചത്. 

നിലപാടിൽ മാറ്റമില്ലാതെ ചുള്ളിക്കാട്

മലയാളത്തിനുവേണ്ടി വാദിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ കൃതികൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കരുതെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത് ഒരു വർഷം  മുൻപ്. സ്കൂളിലോ കോളജിലോ സർവകലാശാലയിലോ തന്റെ കവിത പഠിപ്പിക്കരുതെന്ന നിലപാടിൽ ഒരു വർഷത്തിനുശേഷവും മാറ്റമില്ലെന്നു കവി. 2018 മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ ആ അപേക്ഷ. രചനകൾ എല്ലാ പാഠ്യപദ്ധതിയിൽനിന്നും ഒഴിവാക്കണമെന്നും കവിതയിൽ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടു.

മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്കു പോലും ഗവേഷണ ബിരുദം നൽകുന്നു എന്നിവയാണു  ചുള്ളിക്കാട്  ഇതിനു പറഞ്ഞ കാരണങ്ങൾ. ‘എന്റെ അനുവാദത്തോടെ എന്റെ കവിതകൾ പഠിപ്പിക്കാൻ അനുവദിക്കില്ല. സ്കൂളിലും കോളജിലും പഠിപ്പിക്കാൻ ലക്ഷ്യമിട്ടല്ല ഞാൻ അതൊന്നും എഴുതിയത്. അക്ഷരത്തെറ്റു പ്രശ്നമല്ലെന്നു വാദിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ അതിനു തയാറുമല്ല. 

ഒരു പിഎച്ച്ഡി ഗവേഷണം നിർഭാഗ്യവശാൽ വായിക്കേണ്ടിവന്നതോടെയാണ് എന്റെ കവിതയിൽ ഗവേഷണം അനുവദിക്കേണ്ടെന്നും തീരുമാനിച്ചത്. ആരെങ്കിലും ഇതിനെതിരായ നിലപാടെടുത്താൽ എന്റെ കയ്യിൽ കാശുണ്ടെങ്കിൽ അതിനെതിരെ കോടതിയിൽ പോകും.