കാൻവാസിൽ സ്വയം പൂജിച്ച മെക്സിക്കൻ ദേവത
Mail This Article
‘കാലുകളേ എനിക്കു നിങ്ങളെക്കൊണ്ട് എന്താവശ്യം? പറക്കാൻ ചിറകുകളുള്ളപ്പോൾ’ – വർണച്ചിറകുകളിലേറി പറന്ന ഫ്രിഡ കാലോയുടെ വാക്കുകളാണ്.
വേദനകൾ നിറം ചാലിച്ച ചിത്രങ്ങളായിരുന്നു ഫ്രിഡയുടേതെന്ന് തിരിച്ചറിയുന്നതു അവർ വരച്ച കൂടുതൽ ചിത്രങ്ങൾ കാണുമ്പോഴും അവരുടെ ജീവിതത്തെക്കുറിച്ച് അറിയുമ്പോഴും മാത്രമാണ്. അല്ലെങ്കിൽ സെൽഫ് പോർട്രെയിറ്റുകളുടെ റാണിയായ ഒരു മെക്സിക്കൻ സുന്ദരി എന്നേ തോന്നൂ.
വിപ്ലവങ്ങൾ ആകെയുലച്ച മെക്സിക്കോയും പോളിയോയുടെ അസ്വാധീനങ്ങൾ പോരാഞ്ഞ് വാഹനാപകടത്തിന്റെകൂടി രൂപത്തിൽ വിധി കശക്കിയെറിഞ്ഞ ഫ്രിഡയുടെ ശരീരവും ഒരേ അവസ്ഥ, വ്യക്തിയിലും രാജ്യത്തിലും എങ്ങനെയുണ്ടാകുന്നു എന്ന് നമ്മോടു പറയുന്നതു പോലെയാണ്.
പ്രണയിക്കുന്നതും വേർപിരിയുന്നതും വീണ്ടും പ്രണയത്തിലാകുന്നതും അദ്ഭുതമല്ല. പ്രണയിക്കുക, വിവാഹം കഴിക്കുക, പിരിയുക, വീണ്ടും വിവാഹിതയാകുക - അതിലെന്തു പുതുമ? പക്ഷേ ഇതെല്ലാം ഒരേ ദമ്പതിമാർക്കിടയിൽ എങ്കിലോ?
തന്നേക്കാൾ ഇരുപതു വയസ്സു കൂടുതലുള്ള ഡീഗോ റിവേരയായിരുന്നു ഫ്രിഡയുടെ ജീവിത പങ്കാളി. വിവാഹം കഴിഞ്ഞ് പത്തു വർഷത്തിനു ശേഷം വേർപിരിയുകയും വൈകാതെ വീണ്ടും വിവാഹിതരാവുകയും ചെയ്തു അവർ.
പ്രണയം നിറഞ്ഞ അവരുടെ കത്തുകൾക്ക് ചിത്രങ്ങളോളം നിറമുണ്ട്. അതറിയാൻ ഡീഗോയ്ക്ക് ഫ്രിഡ അയച്ച കത്തുകൾ വായിക്കുകയേ വേണ്ടൂ. ഫ്രിഡയുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടും അതിൽ ഈ കത്തുകൾ പലതും ഉൾപ്പെട്ടിട്ടും ഉണ്ട്. ഇത്രയും പ്രണയം സാധ്യമോ എന്ന് വരും തലമുറകളെയും വിസ്മയിപ്പിക്കാൻ എന്നപോലെ എഴുതപ്പെട്ട കത്തുകൾ.
സാധാരണ പുരുഷ സൗന്ദര്യ സങ്കൽപങ്ങളനുസരിച്ച് സുന്ദരനേയല്ലാത്ത ഡീഗോ, ഫ്രിഡയുടെ വാക്കുകളിലും വരകളിലും എത്ര സുന്ദരനാകുന്നു. ഡീഗോയെ വരയ്ക്കുമ്പോൾ സ്വന്തം വികാരങ്ങളെയാണ് നിറം ചേർത്തു വരയ്ക്കുന്നത് എന്നാണ് ഫ്രിഡ പറയുന്നത്. പ്രണയം സൗന്ദര്യമേകുന്ന ഛായാചിത്രമാണത്. ‘ഞാൻ നിറങ്ങൾ പകരുന്നവളും നീ നിറങ്ങളെ സ്വാംശീകരിക്കുന്നവനും ആണ്’ എന്നാണ് ഫ്രിഡ ഡിയാഗോ റിവേരയെക്കുറിച്ച് പറഞ്ഞത്.
ഇവരുടെ വിവാഹദിവസം ഡീഗോയുടെ ആദ്യ ഭാര്യ ലൂപി മാർട്ടിൻ അതിഥിയായെത്തിയിരുന്നു. ഫ്രിഡയുടെ വിവാഹ വസ്ത്രമുയർത്തി ആ പോളിയോക്കാലുകളിലേക്കു ചൂണ്ടി അവർ പറഞ്ഞു ‘ഈ കാലുകൾക്കായാണല്ലോ ഡീഗോ എന്നെ ഉപേക്ഷിച്ചത്’ എന്ന്. അംഗവൈകല്യത്തിന്റെ പേരിൽ തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷത്തിൽ അപഹാസ്യയാകേണ്ടി വന്നു ഫ്രിഡയ്ക്ക്. എങ്കിലും പ്രണയതീവ്രത അവരുടെ അതിജീവനം സാധ്യമാക്കി. മുപ്പതോളം ശസ്ത്രക്രിയകളാണ് നാൽപത്തേഴു വർഷത്തെ ജീവിതത്തിൽ ആ ശരീരത്തിൽ നടത്തപ്പെട്ടത്. അസാമാന്യ പ്രണയവും നിറക്കൂട്ടുകളെ വരുതിയിലാക്കാനുള്ള കഴിവും ഇല്ലായിരുന്നെങ്കിൽ അത്രയും സഹനം എങ്ങനെ സാധ്യമാകുമായിരുന്നു!
ഡീഗോ തന്റെ ഏറ്റവും വലിയ പ്രണയം എന്ന് ഫ്രിഡ പറയുമ്പോഴും ഫ്രിഡയാണ് തന്റെ ഏറ്റവും വലിയ പ്രണയമെന്ന് സംഗീതജ്ഞയായ ഷവേല വർഗാസ് പറയുന്നുണ്ട്. ഷവേലയുടെ പല പ്രണയങ്ങളിൽ ഒന്നെങ്കിലും അവർക്ക് ഇരുവർക്കും ഏറെ പ്രിയതരമായിരുന്ന ഒന്നായിരുന്നു അത്. ഫ്രിഡയുടേയും ഡീഗോയുടേയും ജീവിതത്തിൽ മറ്റു പല പ്രണയസാന്നിധ്യങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിൽത്തന്നെയും അവരിരുവരും പരസ്പരം ഉൾക്കൊണ്ടതു പോലെ, അത്രയും ഗാഢമായി പരസ്പരം അറിയാനും പങ്കുവയ്ക്കാനും, വന്നുപോയ മറ്റൊരു ബന്ധത്തിനും കഴിഞ്ഞിട്ടുമില്ല.
ചിത്രരചനയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയിരുന്ന ഡീഗോ, ഫ്രിഡയുടെ ചിത്രരചനാ പാടവം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രിഡയെ ഏറ്റവും നന്നായി വരച്ചത് ഫ്രിഡ തന്നെയാണ്. വിധി പോളിയോയായും വാഹനാപകടമായും അലസിപ്പോയ ഗർഭങ്ങളായും വിടാതെ പിന്തുടർന്നപ്പോഴും ജീവിതത്തെ വീണ്ടും വീണ്ടും വരച്ചു ജയിക്കാനാണ് ഫ്രിഡ ശ്രമിച്ചത്.
ഏറെ സുന്ദരങ്ങളായ സെൽഫ് പോർട്രെയ്റ്റുകൾക്കപ്പുറം വേദനയുടെ നിറം ചാലിച്ച ചിത്രങ്ങളും ഫ്രിഡയുടേതായുണ്ട്. ത ശരീരത്തെ താങ്ങി നിർത്തുന്ന പടച്ചട്ടപോലെയുള്ള ശരീരാവരണവും ജനിക്കാതെ തന്നെ നഷ്ടപ്പെട്ട കുഞ്ഞും രക്ത ശോണിമയും ഒക്കെച്ചേർന്ന് വേദനയുടെ പാരമ്യത്തെ കാഴ്ചക്കാരിലെത്തിക്കുന്ന ചിത്രമാണ് ഹെൻറി ഫോർഡ് ഹോസ്പിറ്റൽ.
തന്റെ സഹോദരിയുമായി ഡീഗോയ്ക്ക് അടുപ്പമുണ്ടെന്നറിഞ്ഞതിന്റെ വേദനയാണ് എ ഫ്യൂ സ്മോൾ നിപ്സ് എന്ന ചിത്രമായത്. വേദനകളും വർണങ്ങളും പ്രണയങ്ങളും ഇഴചേർന്ന ജീവിത ചിത്രമായാണ് ഫ്രിഡ ചരിത്രത്തിൽ വരയ്ക്കപ്പെട്ടിരിക്കുന്നത്. വേദനകൾ വിപ്ലവവീര്യം തീരെ കെടുത്തിയിരുന്നുമില്ല. യഥാർഥത്തിൽ ഉള്ളതിലും മിഴിവോടെ ഫ്രിഡ ഡീഗോയെ വരച്ചപ്പോഴും ഒരു വിപ്ലവ പോരാളിയായാണ് ഡീഗോ പ്രണയിനിയെ വരച്ചത്. മെക്സിക്കൻ ഗവൺമെന്റിനോടും സ്വന്തം ശരീരത്തോടും അഹിംസാത്മകമായ വിപ്ലവം നടത്തിയവൾ ഫ്രിഡ.
ഏതു ശരീരവേദനയോടും പ്രണയവും കലാബോധവും കൊണ്ട് പട വെട്ടാമെന്ന് ഫ്രിഡ തിരിച്ചറിഞ്ഞു. ഉടൽ ഞെരിയുന്ന വേദനയുടെ ചിത്രങ്ങളെയും മെക്സിക്കൻ ദേവതയെ ഓർമിപ്പിക്കുന്ന തനത് ഫ്രിഡാ ചിത്രങ്ങളേയും മനസ്സിരുത്തി കാണുന്നവരിലേക്കു പകരുന്നതും ഇതേ ആർജ്ജവവും പ്രണയാർദ്രതയും തന്നെയാണ്. കാലത്തിനു മായ്ക്കാനാവാത്ത നിറക്കൂട്ടുകളിൽ രചിച്ച എത്ര പ്രണയ ചിത്രങ്ങളാണ് ചരിത്രത്തിന്റെ ഏടുകളിൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നത്.