ADVERTISEMENT

നിങ്ങൾ ഏറ്റവും ആസ്വദിച്ചു വായിച്ചത് എന്താണ്? അല്ലെങ്കിൽ ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു വായന. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകമായതുകൊണ്ടോ, സ്വാധീനിച്ച പുസ്തകമായതുകൊണ്ടോ പ്രിയതരമായ വായനയല്ല ഉദ്ദേശിച്ചത്. എന്നിൽ, ചില നേരങ്ങളിലെ ചില കാലങ്ങളിലെ ചില വായനകളുണ്ട്. എന്തൊക്കെയൊ ചിലതുകൊണ്ട് അടയാളപ്പെടുത്തപ്പെട്ടത്.

സ്കൂൾ കാലങ്ങളിൽ ഞാൻ ഏറെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു കെമിസ്ട്രി. പഠിപ്പിക്കുന്ന മാഷിന്റെ രസകരമായ ക്ലാസുകൾ കൊണ്ട് ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന നിമിഷങ്ങൾ ഉണ്ട്. പക്ഷേ, കോളജു കാലത്ത് ഏറ്റവും വെറുത്തു പോയതും ഇതേ വിഷയം തന്നെ. ഹാജറിനു വേണ്ടി മാത്രം ക്ലാസ്സിൽ കയറി നല്ലകുട്ടി ചമയുമ്പോൾ എനിക്കു മുന്നിൽ തുറന്നിരിക്കുക പാഠപുസ്തകമായിരുന്നില്ല. ബിരുദകാലത്ത് എന്റെ വായനകളിൽ നല്ലൊരു പങ്കും നടന്നിരുന്നത് ഉച്ചക്ക് ശേഷമുള്ള കെമിസ്ട്രി ക്ലാസ്സുകളിൽ ആയിരുന്നു. അതിൽ ഏറ്റവും ഓർമനിൽക്കുന്നത് എംടിയുടെ മഞ്ഞിന്റെ വായനതന്നെ. അരികുകൾ ചുരുണ്ടു മടങ്ങിയ മഞ്ഞനിറം കേറിയ പുസ്തകം. പലയിടത്തും അക്ഷരങ്ങൾ മങ്ങിപ്പോയിരുന്നു. ക്ലാസ്സ് തീരും മുൻപെ ഞാനത് വായിച്ചു തീർത്തിരുന്നു. അത്രയും നേരം ഞാനും മഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ പുസ്തകവും മഞ്ഞാണ്. ഓരോ തവണയും ഓരോ കോപ്പിയും ആരുടെയെങ്കിലും ഒക്കെ കൂടെ ഇറങ്ങിപ്പോവും, "വരും, വരാതിരിക്കില്ല" എന്ന എന്റെ കാത്തിരിപ്പ് നീണ്ടു പോവും. 

ജോലിക്കാരിയായി രണ്ടു വർഷം കഴിഞ്ഞു പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനു മുൻപ് വീണ്ടും ഒരു വിലയിരുത്തൽ നാടകത്തിനു വിളിച്ചു. തലേദിവസം കോട്ടയത്തു നിന്നും എറണാകുളത്തിനു ട്രെയിൻ കേറുന്നതിനു മുൻപായിരുന്നു ആ സമയത്ത് ഇറങ്ങിയ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വാങ്ങിയത്. സീറ്റ് കിട്ടി പുസ്തകത്തിന്റെ ഭംഗി ഒക്കെ നോക്കി വായന തുടങ്ങിയപ്പോഴേക്കും ഇറങ്ങാറായിരുന്നു. ചെറിയ പുസ്തകമായിരുന്നെങ്കിലും വൈകിതുടങ്ങിയ രാത്രി വായനയിൽ  തീർക്കാനുമായില്ല. പിറ്റേ ദിവസം അഭിമുഖത്തിനു ചെല്ലുമ്പോൾ എനിക്ക് മുൻപെ എത്തിയവർ എല്ലാം ആകെ പേടിച്ചരണ്ട് നിൽക്കുന്നുണ്ട്. തലേദിവസം ഹാജരായവരുടെ അനുഭവങ്ങൾ കേട്ട്, കാര്യം ഏകദേശം തീരുമാനമായി. പതിയെ ഒരു മൂലയിൽ പോയിരുന്ന് പുസ്തകമെടുത്തു. അത്രയും ആസ്വദിച്ച് ഞാൻ ഒരു നോവൽ വായിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. ഓരോരുത്തർ പുറത്തിറങ്ങുമ്പോഴും ബാക്കി എല്ലാരും ഓടിചെന്ന് പൊതിയും. എന്തു ചോദിച്ചു, ചൂടാണോ തണുപ്പാണോ തുടങ്ങിയ ചോദ്യങ്ങൾ. ദസ്തയോവ്സ്കി നോവൽ സമയത്തിനു എഴുതി തീർക്കുമോ എന്നായിരുന്നു ഞാൻ ആകുലപ്പെട്ടതു മുഴുവൻ.

അനങ്ങരുത് എന്നു ഡോക്ടർ വിലക്കേർപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിട്ടുണ്ടോ നിങ്ങൾക്ക്? സ്വന്തം ആവശ്യങ്ങൾക്കു പോലും എണീക്കരുത് എന്ന രീതിയിൽ കണിശമായിരിക്കണം അത്. അപ്പോഴാണ് നിങ്ങൾ യാത്രാവിവരണങ്ങൾ വായിക്കേണ്ടത്. ഏതു ദിവസം എവിടെ എത്തണം എന്നു നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചുള്ള യാത്രകൾ അല്ല. ചിറകില്ലാതെ പറന്നു നടക്കുന്ന, എത്തിയ ഇടത്ത് എത്തി, ചെന്നിടത്ത് ഉറങ്ങി, കണ്ട വഴിയെ പോവുന്ന യാത്രകൾ. അനിശ്ചിതത്വം മാത്രം കൂട്ടായി എത്തുന്ന വഴികൾ. ഒരിക്കൽ അങ്ങനെ ഒരു കാലത്തു മരുന്നിനെക്കാൾ ഞാൻ ആശ്രയിച്ചത് ഇങ്ങനെ ചില വായനകൾ ആയിരുന്നു. ഇന്റർനെറ്റിന്റെ യാത്രാകൂട്ടായ്മകളിൽ പലരായി പങ്കുവെച്ച വഴികളും അനുഭവങ്ങളും ശരിക്കും അത് ആസ്വദിച്ചുള്ള വായനയായിരുന്നില്ല, സ്വയം പീഡനമായിരുന്നു. ഓരോ വായനയും എന്നെ നോക്കി കളിയാക്കിച്ചിരിക്കും പോലെ. യാത്രകൾ എനിക്കിഷ്ടമാണ്, എങ്ങോട്ടെന്നു തീർച്ചപ്പെടുത്താതെ കിട്ടിയ വണ്ടിക്കു കേറി, പലപ്പോഴും ഞാനും പോയിട്ടുണ്ട്. കിടന്ന കിടപ്പിൽ അങ്ങനെ ഒരു യാത്ര ഇനി ഒന്നു ഞാൻ പോവുമോ എന്നു വായനകൾ എന്നോടു ചോദിക്കുമ്പോൾ, കുത്തിക്കീറി പ്രാണനെടുക്കുന്ന വേദനയറിയാം. 

പരീക്ഷക്കു തലേനാൾ ടെൻഷൻ കേറുമ്പോൾ പാഠപുസ്തകം അടച്ചുവെച്ച് വേറെ വല്ലതും വായിക്കാൻ എടുക്കുന്നവരില്ലേ? ചിലപ്പോൾ ചില നേരങ്ങളിൽ ചില വായനകൾ നമുക്ക് മാത്രം അടയാളപ്പെടുത്താനുള്ളതാണ്.