കാമുകനുവേണ്ടി ചുരുട്ട് നിർമിക്കുന്ന കാമുകി, മ്യാന്മറിൽ വിവാദമായി പ്രണയകവിത
Mail This Article
ആവിഷ്ക്കാര സ്വാതന്ത്ര്യവും അതിനെതിരായ നടപടികളും കേരളത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് മ്യാന്മര്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സര്‍വീസില്‍ ഇരിക്കെ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധക സ്ഥാപനത്തിനെതിരെ നടപടിക്കു മുതിരുന്നതാണ് കേരളത്തിലെ വിവാദമെങ്കില്‍ ഒരു പ്രണയകവിതയാണ് മ്യാന്മറില് വിവാദങ്ങള്‍ക്കും വിശദചര്ച്ചകള്ക്കും കാരണമായിരിക്കുന്നത്. അതും നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടതും ഇന്നും നിലനില്ക്കുന്നതുമായ ഒരു അനശ്വര കവിതയുടെ പേരില്‍. പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ കവിത നിലനിര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് സര്‍ക്കാര്‍. പ്രസന്റ് ഓഫ് എ ചെറൂട്ട് എന്ന കവിതയാണ് വിവാദത്തിനു തിരികൊളുത്തിയത്. രണ്ടു നൂറ്റാണ്ടിനു മുമ്പാണ് കവിത രചിക്കപ്പെട്ടത്. മേ ഖവേ ആണു കവി. ഇന്നും കൗമാരക്കാര്‍ക്കിടയില്‍ ഹരം പടര്‍ത്തുന്നതും ദേശീയഗാനം പോലെ പലരും പാടി നടക്കുന്നതുമാണ് കവിത.
സിഗരറ്റിനു സമാനമായ ഒരു ചുരുട്ട് തന്റെ കാമുകനുവേണ്ടി നിര്‍മിക്കുന്ന കാമുകിയെക്കുറിച്ചാണ് കവിത പറയുന്നത്. കാമുകന് ദൂരെയാണ്. അകലെയകലെ. അയാളെക്കുറിച്ചുള്ള ഓര്‍മയില്‍ ഏറ്റവും സുഗന്ധപൂരിതമായ ഇലകള്‍ തന്റെ കിടക്കയില്‍ വച്ച് ഉണക്കി പല്ലുകള്‍ കൊണ്ട് നൂറുക്കി ചുരുട്ട് ഉണ്ടാക്കുകയാണ് കാമുകി. വിരഹത്തിലെ തീവ്ര പ്രണയ നിമിഷങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്.
എട്ടാം ക്ലാസുകാര്‍ക്ക് പഠിക്കാനുള്ള പുസ്തകത്തിലാണ് കവിത ഉള്‍പ്പെടുത്തിയിരുന്നത്. പുസ്കത്തില്‍ ഉള്‍പ്പെടുത്തുകയും കുട്ടികള്‍ മൂളിടനക്കാന് തുടങ്ങുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ അപകടം മണത്തത്. കവിത പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു. ഉടന്‍ വന്നു ഉത്തരവ്. കവിത സിലബസില്‍നിന്നു നീക്കം ചെയ്യണം. അതോടെ എതിര്‍പ്പും തുടങ്ങി.
13 ദശലക്ഷത്തിലധികം പുകവലിക്കാര്‍ മ്യാന്മറില് ഉണ്ട്. ജനസംഖ്യയുടെ കാല്‍ശതമാനത്തോളം പേര് പുകവലിക്കുന്നവരുമാണ്. ഒരു വര്‍ഷം 65,000 ല്‍ അധികം പേര് പുകവലിയെത്തുടര്‍ന്ന് വിവിധ രോഗങ്ങളാല്‍ മരിക്കുന്നുമുണ്ട്. ഇതാണ് കവിത പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പക്ഷേ, സാഹിത്യ ആസ്വാദകരുണ്ടോ വിടുന്നു. അവര്‍ എതിര്‍പ്പിന്റെ ശക്തി കൂട്ടി. ചരിത്രവും സാഹിത്യവും അറിയാത്തവരാണ് ഭരണത്തില്‍ ഇരിക്കുന്നതെന്നും ഇത്തരക്കാര്‍ക്ക് പ്രണയം മനസ്സിലാക്കാനുള്ള മനസ്സുപോലും ഇല്ലെന്നും വിമര്‍ശനങ്ങളുണ്ടായി. ഒടുവില്‍ അധികൃതര്‍ കണ്ണു തുറന്നു. കവിത പിന്‍വലിക്കുന്നില്ല. പക്ഷേ, എട്ടാം ക്ലാസ്സുകാര്‍ക്ക് പകരം പത്താം ക്ലാസ്സുകാര്‍ കവിത ചൊല്ലട്ടെ. എട്ടാം ക്ലാസ്സുകാരേക്കാള് പക്വതയും വിവേകവുമുള്ളവരാണ് പത്താം ക്ലാസ്സുകാര്‍ എന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിജയമണിയാണ് മ്യാന്മറില്നിന്നു മുഴങ്ങുന്നതെങ്കില്‍, കേരളത്തില്‍ എന്തു സംഭവിക്കും എന്നാണ് ഇനി അറിയാനുള്ളത്.