ADVERTISEMENT

എന്നാണ് ആദ്യമായി ‘മഞ്ഞ്’ പെയ്തതെന്ന് എനിക്കോർമയില്ല. എങ്കിലും അതൊരിക്കലും ഡിസംബറിൽ ആയിരുന്നില്ല... അതിനും മുമ്പേ മിക്കവാറും സെപ്റ്റംബറിലോ ഒക്ടോബറിലോ ആവണം. കൃത്യമായി പറഞ്ഞാൽ ഒരു വ്യാഴാഴ്ച, പെയ്യാൻ തുടങ്ങിയത് ഉച്ചയ്ക്കു രണ്ടുമണിക്കായിരുന്നു. നാലുമണിക്കു മുന്നേ അതു പെയ്തു തീർന്നിരുന്നു... എന്നിട്ടും ആ കുളിരിൽ എന്റെ ചിന്തകൾ പോലും മരവിച്ചിരുന്നു. അന്നു മാത്രമല്ല, എത്രയോ നാളുകളോളം. പ്രായം മധുരമല്ലെങ്കിലും പതിനെട്ടായിരുന്നതു കൊണ്ടാവാം.

കന്യാസ്ത്രീകളുടെ കൽത്തുറുങ്കിൽനിന്നു മോചനം കിട്ടി അരിയന്നൂർ കുന്നിലെ പാവുട്ടത്തണലിലെത്തിയത് ഒരു ഓഗസ്റ്റിലായിരുന്നു. ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ് എന്ന സുന്ദരലോകം. ഒരു മാസത്തിലേറെ കഴിഞ്ഞാണ് വിശാലമായ പുസ്തകപ്രപഞ്ചത്തിലേക്കു പ്രവേശനം കിട്ടിയത്. അധികം വൈകാതെയാണ് മഞ്ഞു പൊഴിഞ്ഞതും. ഒമ്പതു മുതൽ ഒന്നു വരെ മാത്രം നീളുന്ന ക്ലാസ്സുകൾ. വ്യാഴാഴ്ചകളിൽ, അതിനുശേഷം എനിക്ക് തീരെ ദഹിക്കാത്ത രസതന്ത്രത്തിന്റെ സ്പെഷൽ ക്ലാസ്സ്. ഉച്ചയിടവേളയിലാണ് മഞ്ഞുകാലം ഞാൻ സ്വന്തമാക്കിയത്; എംടിയുടെ തൂലികയിൽ വിരിഞ്ഞ മഞ്ഞ് എന്ന കുഞ്ഞുനോവൽ. ക്ലാസ് തകർത്തു മുന്നേറുമ്പോൾ ഏറ്റവും പുറകിലെ ബഞ്ചിൽ ചുവരിലേക്കു ചാഞ്ഞിരുന്നാണ് ഓരോ തുള്ളി തണുപ്പും ഏറ്റുവാങ്ങിയത്. അന്നാണ് മഞ്ഞെനിക്ക് ചൂടുള്ള തണുപ്പു നൽകിയത്. അതിനുശേഷം എത്രയോ തവണ.

ആദ്യത്തെ മഞ്ഞിന്റെ അരികുകൾ ചുരുണ്ടു മടങ്ങിയിരുന്നു. മഞ്ഞിന്റെ വെളുപ്പ് നഷ്ടമായി മഞ്ഞച്ചു പോയ താളുകൾ തുന്നൽ വിട്ട് പറിഞ്ഞകന്നിരുന്നു. ചിലതെല്ലാം കീറാൻ തുടങ്ങിയിരുന്നു. അക്ഷരങ്ങൾ പലയിടത്തും മങ്ങിപ്പോയിരുന്നു. പക്ഷേ മഞ്ഞിന്റെ ചൂട് കത്തിക്കാളുന്നതായിരുന്നു. ആ രണ്ടു മണിക്കൂറിൽ താഴെ മാത്രം സമയം, അവിടെ ഞാനും മഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ഓർമകൾ ഉറങ്ങിക്കിടക്കുന്ന എകാന്തതയുടെ ഈ നടപ്പാതയിൽ ആരും കൂടെയുണ്ടാവുന്നത് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു”

അക്ഷരങ്ങൾ എന്നിലേക്കു പടർന്നപ്പോൾ എപ്പോഴൊക്കെയൊ ഞാൻ എനിക്കരികിൽ ഇരുന്നവളെ തൊട്ടുവിളിച്ചോ? ഇല്ല, ഒരിക്കൽ പോലും ആ വരികളിൽ, എന്റെ ചിന്തകളിൽ പങ്കാളിയാവാൻ ഞാനാരെയും കൂട്ടുവിളിച്ചില്ല. അതെന്റെ സ്വകാര്യതയായിരുന്നു. പക്ഷേ അവൾ ഇടംകണ്ണുകൊണ്ട് ഇടയ്ക്കൊക്കെ എന്റെ വായനയിൽ കൂട്ടുവന്നിരുന്നെന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്. സാധാരണ കെമിസ്ട്രി ക്ലാസ്സുകളെല്ലാം എനിക്കു നോവൽ വായനകൾക്കുള്ളതായിരുന്നു. അപ്പൊഴൊക്കെ ആ വരികൾക്കിടയിലൂടെ സഞ്ചരിക്കാൻ എന്റെ അയൽ‌വാസികളെ ഞാൻ കൂട്ടുവിളിക്കും. രസകരമായ വരികൾ ഞാനവർക്കു വിട്ടുകൊടുത്ത് ഇടയ്ക്കൊന്ന് വായനയ്ക്ക് അവധി കൊടുക്കും. ക്ലാസ്സിൽ ശ്രദ്ധിക്കുന്ന മിടുക്കിയായി ഞാനിരിക്കും. വായിച്ചുകഴിഞ്ഞെന്ന് അവരെനിക്ക് സിഗ്നൽ തരുമ്പോൾ ഞാൻ വീണ്ടും വായനയിലേക്കു മടങ്ങും.

എന്റെയും എന്റെ പിമ്പേയുള്ളവരുടെയും

മരണം ഞാൻ മരിക്കുകയാണ്.

എന്റെയും എന്റെ പിമ്പേയുള്ളവരുടെയും

ജീവിതം ഞാൻ ജീവിക്കുകയാണ്.

ഏക്താരയുടെ തന്ത്രികൾ എവിടെയോ  മുഴങ്ങുന്നുണ്ടായിരുന്നു. ഒപ്പം ഞാൻ ഒളിഞ്ഞു നോക്കുകയായിരുന്നു, വിമലയുടെ രഹസ്യത്തിലേക്ക്; നൈനിറ്റാളിലെ മൂടൽ‌മഞ്ഞിൽ അവൾ ഒളിപ്പിച്ചുവെച്ച രഹസ്യത്തിലേക്ക്. വരും, വരാതിരിക്കില്ലെന്ന് അവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുധീർ കുമാർ മിശ്രയെ, ഞാനെനിക്കു പരിചിതമായ ഓരോ മുഖങ്ങളിലും തേടുകയായിരുന്നു; നാളെയൊരിക്കൽ പ്രണയം എനിക്കു വേണ്ടിയും കാത്തുവയ്ക്കുന്നത് ഇതൊക്കെത്തന്നെയൊ എന്ന് ഒട്ടൊരു ഞെട്ടലോടെ സംശയിക്കുകയും. എനിക്കു ചുറ്റും പൂത്തു തളിർത്തു കൊണ്ടിരിക്കുന്ന ഓരോ പ്രണയത്തിലും മറ്റൊരു വിമലയെയും സുധീറിനെയും ഞാൻ തിരഞ്ഞു. നൈനിറ്റാളിലെ മഞ്ഞു വീണു കുതിർന്ന കൽ‌പടവുകൾക്കു പകരം പാവുട്ടത്തണലുകളും പാറപ്പുറങ്ങളും നിശബ്ദമായി കാത്തിരുന്നു.  

ആദ്യത്തെ മഞ്ഞ് കൃത്യമായ ഇടവേളയ്ക്കുശേഷം തിരിച്ചു നൽകാനുള്ളതായിരുന്നു. പക്ഷേ പലരുടെയും പേരുകളിൽ വീണ്ടും അത് എന്റെ കൈകളിൽ എത്തിക്കൊണ്ടിരുന്നു. എങ്കിലും സ്വന്തമായി ഒരു മഞ്ഞ്, അതെനിക്കു വേണമായിരുന്നു - ഒരു പ്രണയം പോലെ. പക്ഷേ സ്വന്തമാക്കിയത് ഒരുപാടു കാലത്തിനു ശേഷമായിരുന്നു. അതെനിക്കു ലഭിച്ചത് ഒരു പുസ്തകമേളയിൽനിന്നും. ആദ്യതാളിലെ കയ്യൊപ്പും അതിനു താഴെ തലതിരിച്ചെഴുതിയ തീയതിയും കൂടാതെ അതിലൊരു പേന പോറൽ പോലും വീഴ്ത്താതെ, ഒരു മടക്കു പോലും വീഴാതെ ഞാൻ കാത്തുവെച്ചു. എങ്കിലും അതിൽ മനസ്സിൽ പിടിച്ച ഓരോ വരിയും ഏതു താളിലെന്ന് അന്ന് മനപ്പാഠമായിരുന്നു. ഇന്നും അതുപോലെയെന്ന് എനിക്ക് ഉറപ്പു പറയാനാവുന്നുമില്ല. പിന്നീടെപ്പൊഴൊ എന്റെ കൂട്ടുകാരി കെഞ്ചി ചോദിച്ചപ്പോൾ ഞാനത് അവൾക്കു കൊടുത്തു. മറ്റൊരെണ്ണം അധികം താമസിയാതെ വാങ്ങുമെന്ന വിശ്വാസത്തിൽത്തന്നെ. 

പിന്നൊരിക്കൽ തൃശ്ശൂർ കറന്റ് ബുക്സും തേടി ഞാൻ പോയതു മഞ്ഞ് വാങ്ങാൻ വേണ്ടി മാത്രമായിരുന്നു. വീട്ടിലേക്കുള്ള യാത്രകളിൽ കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്ന ഒരു സന്ദർശനമായി അതു മാറി. പുസ്തകമേളകളിൽനിന്ന്, ബുക്ക്സ്റ്റോറുകളിൽനിന്ന്... അങ്ങനെ എത്രയോ മഞ്ഞുകൾ എന്റെ കയ്യിലെത്തി. (പക്ഷേ ഒരിക്കലും വഴിയരികിലെ രണ്ടാം വിൽപനയിൽനിന്ന് ഒരു മഞ്ഞ് സ്വന്തമാക്കാൻ എനിക്കു ധൈര്യമില്ലായിരുന്നു. കാരണം അവയിൽ അദൃശ്യമായി ഉറഞ്ഞു കൂടിക്കിടക്കുന്ന പ്രണയത്തിന്റെ തീവ്രതയും കാത്തിരിപ്പിന്റെ വേദനയും എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഒരിക്കൽ ഞാനതിന്റെ താളുകളിൽ വായിച്ചെടുത്തു). പക്ഷേ അവരെല്ലാം എന്റെ കൂടെ നിൽക്കാതെ വിളിച്ചവരുടെ കൂടെ ഇറങ്ങിപ്പോയി. ചിലരെ വന്നവർ നിർബന്ധപൂർവ്വം വിളിച്ചിറക്കി. ഒട്ടൊരു സങ്കടത്തോടെ ഓരോ തവണയും ഞാൻ വിട്ടുകൊടുത്തു. കൂടുതൽ വാശിയോടെ വീണ്ടും സ്വന്തമാക്കി. അങ്ങനെ ഞാൻ ഏറ്റവും കൂടുതൽ തവണ വാങ്ങിയ പുസ്തകമെന്ന സ്ഥാനം നേടി വീണ്ടുമൊരിക്കൽ കൂടി ഒരു മഞ്ഞുകാലത്തു മഞ്ഞ് എന്നെ തേടിയെത്തി. ഇതിനു മുമ്പ് അവസാനമായി എന്റെ കയ്യിലുണ്ടായിരുന്നതു സഹവാസികളിലൊരാൾ വായിക്കാൻ വാങ്ങിയിരുന്നു. എന്റെ അഭാവത്തിൽ അവൾ പടിയിറങ്ങിയപ്പോൾ വീണ്ടും മഞ്ഞിന്റെ സ്ഥാനം ശൂന്യമായി. എത്രയോ തവണ മഞ്ഞുകാലം എന്നെ തേടിയെത്തി. പക്ഷേ ഒരിക്കലും എന്റെയരികിൽ സ്ഥിരമായി നിന്നില്ല. എന്റെ കയ്യിൽ മഞ്ഞ് വാഴില്ലെന്നു തോന്നുന്നു. 

“ഓടിക്കിതച്ചും കാലിടറിയും അവസാനം നിങ്ങൾ ഇതിനു സമീപം എത്തിയിരിക്കുന്നു. യുഗങ്ങൾക്കുമുമ്പേ നിങ്ങൾക്കു വേണ്ടി രേഖപ്പെടുത്തിയ നിമിഷം...” ആരെങ്കിലുമൊക്കെ അവിടെവരെ എത്തി ചേരുന്നുണ്ടോ ആവോ.. എത്തിയാലും  “അവിടെ പഴയ പേരുകൾ മാഞ്ഞു പോവുന്നു, പുതിയവ പെരുകുന്നു..” 

നൈനിറ്റാളിൽ പുതിയ സഞ്ചാരികൾ ഓരോ സീസണിലും എത്തുന്നുണ്ടാവും. അരിയന്നൂർ കുന്നിൽ പുതിയ കുരുവികൾ പാവുട്ടതണലിൽ കൊക്കുരുമ്മുന്നുണ്ടാവും. എവിടെയൊക്കെയൊ വിമലയും സുധീറും ആവർത്തിക്കുന്നുണ്ടാവും. ആരൊക്കെയൊ മറ്റാർക്കൊക്കെയൊ വേണ്ടി കാത്തിരിക്കുന്നുണ്ടാവും.

ഒരിക്കലെങ്കിലും നിങ്ങളങ്ങനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ, അല്ലെങ്കിൽ നിങ്ങളോട് ആരെങ്കിലും?

“എനിക്കു നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപിക്കാതെ. വെറുതെ... എനിക്ക് നിങ്ങളെ ഇഷ്ടമാണ്”

അപ്പോൾ ഇങ്ങനെ പ്രതിവചിച്ചോ? 

“ഞാൻ... ഞാനാരാണെന്നുപോലും നിങ്ങൾക്കറിയില്ലല്ലോ” 

ആ മഞ്ഞിൻ തണുപ്പിൽ ഇങ്ങനെ പറയാൻ മറ്റൊരു സർദാർജിയും വിമലയും എപ്പൊഴെങ്കിലും ഉണ്ടായിരുന്നിരിക്കുമോ? 

ഓരോ തവണയും വായിക്കുമ്പോൾ പഴയ അതേ വിചാരങ്ങൾ... വിമലയിപ്പോഴും അതേ ബോർഡിങ് ഹൗസിൽ ഉറക്കുത്തി വീഴുന്ന പൊടി മൂടിയ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടാവുമോ? ഇപ്പൊഴും ഏതെങ്കിലും ഒരു രശ്മി വാജ്പേയ് അവളെ പറ്റിച്ചെന്ന വിശ്വാസത്തിൽ, മുസാവരി ബംഗ്ലാവിൽ പ്രിയപ്പെട്ടവനോടൊത്ത് എന്നും ഓർമിക്കുന്നതിനുള്ള ഒരു രാത്രി സ്വന്തമായതിനു ശേഷം വീട്ടിൽ നിന്നെന്ന മട്ടിൽ എഴുതിയിരിക്കുമോ? ബുദ്ദുവിപ്പൊഴും വെള്ളക്കാർക്കിടയിൽ ഗോരാസാബിനെ തിരയാൻ സീസൺ വരാൻ കാത്തിരിക്കുന്നുണ്ടാവുമോ? മരണം എന്ന കൂട്ടുകാരനെയും കൂട്ടി മറ്റൊരു ‌‌‌‌‌‌‌ സർദാർജി മഞ്ഞുകായാൻ എത്താറുണ്ടോ? അയാൾ ചോദിച്ച ഒരു വൈകുന്നേരത്തിന്റെ കടം വീട്ടാനാവാതെ വിമലയിപ്പൊഴും പോർട്ടിക്കോയിൽ കാത്തുനിൽക്കുന്നുണ്ടാവുമോ?

കിട്ടാത്ത മുന്തിരികൾ മധുരിക്കുന്നത് പ്രണയത്തിൽ മാത്രമല്ലോ. എനിക്കു പ്രിയപ്പെട്ട സിനിമകളിലൊന്ന് തൂവാനത്തുമ്പികൾ, കവിതയിൽ സന്ദർശനം, കഥയിൽ ലോല... നഷ്ടപ്രണയങ്ങളുടെ നോവുന്ന മധുരത്തോടു മറ്റൊന്നും കിടപിടിക്കില്ലെന്ന അന്ധവിശ്വാസമാവാം. പിന്നെങ്ങിനെ ഞാൻ മഞ്ഞിനെ പ്രണയിക്കാതിരിക്കും. നാളെ ഈ മഞ്ഞും മറ്റാരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോവുമായിരിക്കും. വീണ്ടും ഞാൻ വിമലയെപ്പോലെ കാത്തിരിക്കുമായിരിക്കും.

“വരും, വരാതിരിക്കില്ല”.