ADVERTISEMENT

ആര്‍ക്കാണ് കഥകള്‍ എഴുതാന്‍ ആഗ്രഹമില്ലാത്തത്? എന്നാല്‍, പേരെടുത്ത എഴുത്തുകാര്‍ പോലും മറന്നു പോകുന്ന ഒരു കാര്യമുണ്ട്- തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഏതൊക്കെയൊ ആളുകളുടെ സമയമാണ് താന്‍ അപഹരിക്കാന്‍ പോകുന്നത് എന്നതാണത്. തോന്നുന്നതെല്ലാം എഴുതിക്കൂട്ടി, ഭാവനയാണ് എന്നു പറഞ്ഞു വായനക്കാരനെ മുഷിപ്പിക്കുന്ന എഴുത്ത് ഇനി അപ്രസക്തമാകുകയുമാണ്. എന്തിന്, പരമ്പരാഗത സാഹിത്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകളാണ് വരുന്നത്. എന്തായാലും മുഷിപ്പിക്കുന്ന കഥകള്‍ വേണ്ട എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ. ആ രീതിയില്‍, നോക്കിയാല്‍ ഇന്ന് ഏറ്റവും കാലിക പ്രസക്തിയുള്ള ശൈലിയാണ് റഷ്യന്‍ നാടകകൃത്തും, ചെറുകഥാകാരനുമായ ആന്റണ്‍ പാവ്‌ലോവിച് ചെക്കോവിന്റേത്. എക്കാലത്തെയും ചെറുകഥയുടെ രാജാക്കന്മാരില്‍ ഒരാള്‍ കൂടെയാണ് ചെക്കോവ്. പഠനാര്‍ഹമാണ് അദ്ദേഹത്തിന്റെ ശൈലി.

'ചെക്കോവിയന്‍' ശൈലിയെ ഇന്നും ലോകം അത്ഭുതാദരങ്ങളോടെ കാണുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ അനുവര്‍ത്തിച്ചു കണ്ട രചനാ കൗശലം എഴുത്തുകാര്‍ക്ക് ഒരേസമയം പ്രചോദനവും വെല്ലുവിളിയുമാണ്. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ പിശുക്കനാണ് അദ്ദേഹം. കുത്തൊഴുക്കിനു ശേഷം ബാക്കി നില്‍ക്കുന്ന കല്ലുകളെയും മറ്റും അനുസ്മരിപ്പിക്കുന്നതാണ് വിഖ്യാതമായ ലുബ്ധ്. ഈ മോഹിപ്പിക്കുന്ന മിതത്വമാണ് അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളുടെ മുഖമുദ്ര. എന്താണിതിന്റെ രഹസ്യം എന്ന് ആരായുന്നതിനൊപ്പം എഴുതാന്‍ പഠിക്കേണ്ടതായുണ്ടോ എന്നും പരിശോധിക്കാം.

ഇന്നത്തെ എഴുത്ത്

ഏറ്റവുമധികം ആളുകള്‍ എഴുതുന്നത് ഈ കാലത്തു തന്നെയാണ്- ഫെയ്‌സ്ബുക്കിലും, വാട്‌സാപിലും, ട്വിറ്ററിലും ഒക്കെയാണെങ്കില്‍ പോലും. ഇവരില്‍ ചിലരിലെങ്കിലും ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി ആകാനുള്ള മോഹം ഉള്ളിലൊതുക്കിയവരും ആയിരിക്കും. ചെറുകഥയും, നോവലും, സിനിമയുടെയും സീരിയലിന്റെയും സ്‌ക്രിപ്റ്റും, ബ്ലോഗുകളും അടക്കം പലതും എഴുതാന്‍ പലര്‍ക്കും ആഗ്രഹവുമുണ്ടായിരിക്കാം. വിദേശങ്ങളിലാണെങ്കില്‍, അത്തരക്കാര്‍ക്ക് സര്‍ഗ്ഗാത്മക എഴുത്തു പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സഹായം തേടാം.

നന്നായി എഴുതാന്‍ പഠിക്കേണ്ടതുണ്ടോ? ഉണ്ട്. കുറഞ്ഞത് ധാരാളം വായിക്കുകയെങ്കിലും വേണം. വായിക്കാന്‍ സമയം കണ്ടെത്താനാകാത്തവര്‍ എഴുതാന്‍ ശ്രമിക്കരുത് എന്നു പോലും അഭിപ്രായമുണ്ട്. നമ്മുടെ ഗദ്യത്തിലെ ശൈലീ വല്ലഭന്മാരില്‍ ഒരാളായിരുന്ന വികെഎന്‍ 'അഞ്ചു കിലോ പഞ്ചു വാങ്ങിയതാണ്' തന്നെ വേറിട്ട ഒരു എഴുത്തുകാരനാക്കിയ ഘടകങ്ങളില്‍ ഒന്ന് എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. (1841 മുതല്‍ 2002 വരെ ബ്രിട്ടണില്‍ നിന്നു പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ മാഗസിന്‍ ആയിരുന്നു പഞ്ച്. ഉജ്വലമായിരുന്നു അതിന്റെ ശൈലി. പഞ്ച് എന്ന വാക്കിന്റെ അർഥം 'ഇടിക്കുക' എന്നൊക്കെയാണ്. ബോകിസിങിലെ ഇടിക്ക് 'പഞ്ച്' എന്നാണ് പറയുന്നത്. 'പഞ്ച് ഡയലോഗ്' എന്നൊക്കെ മലയാളത്തിലും പ്രയോഗിക്കാറുണ്ടല്ലോ. എന്തായാലും, മലയാളത്തില്‍ ഏറ്റവും പഞ്ച് ഉള്ള രചനാ ശൈലികളിലൊന്ന് വികെഎന്നിന് അവകാശപ്പെട്ടതാണ്.) വികെഎന്നിന് പഞ്ച് പോലെ, അവനവന്റെ ശൈലിയ പോഷിപ്പിക്കുന്ന പലതും വായനയ്ക്കിടയില്‍ കണ്ടെത്തിയെന്നിരിക്കും എന്നതിനാല്‍ ഗൗരവമര്‍ഹിക്കുന്ന എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളം വായിക്കുക തന്നെ വേണം.

ചെക്കോവിനു പറയാനുള്ളത്

നല്ല എഴുത്തുകാര്‍ തങ്ങളുടെ രചനാ രീതിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ എഴുതുന്നവര്‍ക്കും, എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വഴികാട്ടികളാകാം. ചെക്കോവ് ഒരു മെഡിക്കല്‍ ഡോക്ടറും ആയിരുന്നു. 'മെഡിസിന്‍ എന്റെ നിയമപരമായ ഭാര്യയും, സാഹിത്യം എന്റെ വെപ്പാട്ടിയുമാണ്' എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നത്. രോഗിയുടെ ആരോഗ്യം വച്ച് പിള്ളകളിച്ചാല്‍ തന്നെ ആളുകള്‍ വച്ചേക്കില്ല എന്ന തോന്നല്‍ ഏതു ഡോക്ടര്‍ക്കും ഉണ്ടായിരിക്കാം. അത് അദ്ദേഹം തന്റെ എഴുത്തിലേക്കും കൂട്ടിക്കൊണ്ടു പോയിട്ടുണ്ട് എന്നു തോന്നിയാലും തെറ്റില്ല.

ചെക്കോവിന്റെ കഥന ശൈലിയുടെ പ്രത്യേകത അതിന്റെ സംക്ഷിപ്തതയാണ് എന്നു പറഞ്ഞല്ലോ. ചുരുങ്ങിയ വാക്കുകളില്‍ ഒരു ലോകത്തെ ഞൊടിച്ചുണര്‍ത്തുന്നതിനുള്ള അദ്ദേഹത്തിന്റെ മാന്ത്രിക വൈഭവം ഒന്നു വേറെ തന്നെയാണ്. വില്ല്യം ഷെയ്ക്‌സ്പിയറിന്റെ നാടകങ്ങളിലാണ് ഇതിലും കാച്ചിക്കുറുക്കിയ ശൈലി കാണാനാകുക. സൂക്ഷ്മത, കൃത്യത, മിതത്വം തുടങ്ങിയ വാക്കുകള്‍ അദ്ദേഹത്തിന്റെ രീതിയെ വിശേഷിപ്പിക്കാന്‍ ഉപകരിക്കും. വാചാലനാകാന്‍, വെറും വാക്കു പറയാന്‍, തനിക്ക് ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെയാണ് ചെക്കോവ് എഴുതുന്നത് എന്നാണ് അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് തോന്നുക. അദ്ദേഹം തന്റെ സഹോദരന്‍ അലക്‌സാണ്ടര്‍ക്ക് അയച്ച കത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നു:

രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വാരിവലിച്ച് എഴുതാതിരിക്കുക.

പരിപൂര്‍ണ്ണ വസ്തുനിഷ്ഠത പാലിക്കുക.

ആളുകളെയും സാധനങ്ങളെയും കുറിച്ച് സത്യസന്ധമായ വിവരണത്തിലൊതുക്കുക.

അങ്ങേയറ്റം സംക്ഷിപ്തമാക്കുക.

സാഹസികതയും, മൗലികതയും എഴുത്തില്‍ കൊണ്ടുവരിക; പറഞ്ഞു മുഷിഞ്ഞ ശൈലിയില്‍ നിന്ന് ഓടി രക്ഷപെടുക.

സഹാനുഭൂതി/അനുകമ്പ എന്നിവ ഉണ്ടായിരിക്കുക.

ചെക്കോവ് പറയുന്നതു പോലെ എഴുത്തില്‍ ഒരേസമയം വസ്തുനിഷ്ഠതയും സഹാനുഭൂതിയും കൊണ്ടുവരാനും എളുപ്പമല്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നല്ല എഴുത്തുകാര്‍ വിഷയത്തെ വിവിധ വീക്ഷണകോണുകളില്‍ നിന്നു പരമാവധി വസ്തുനിഷ്ഠതയോടെ നോക്കിക്കണ്ടശേഷം സമീപിക്കുന്നു. സമീപനത്തില്‍ അനുകമ്പയുണ്ടായിരിക്കുക എന്നത് ചെക്കോവിന്റെ മാത്രമല്ല, മഹാന്മാരായി ഗണിക്കപ്പെടുന്ന എല്ലാ എഴുത്തുകാരിലും കാണാവുന്ന ഗുണമാണ് എന്നും പറയുന്നു.

ധാരാളം എഴുതിക്കൂട്ടുന്ന രീതിക്കെതിരെ പ്രതികരിച്ച എഴുത്തുകാരില്‍ ഒരാളുമായിരുന്നു ചെക്കോവ്. 

എന്തായാലും, കുറച്ചു വാക്കുകളില്‍ കൂടുതല്‍ പറയാനുള്ള ശ്രമം ഇനിയുള്ള കാലത്ത് എഴുത്തുകാരുടെ മാറ്റു കൂട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com