ADVERTISEMENT

സ്കൂളിൽ പഠിച്ച ഗ്രാമർ പുസ്തകങ്ങൾക്കും പദാവലിക്കും അപ്പുറത്തേയ്ക്ക് അല്ലെങ്കിൽ അതിനു വിപരീതമായി ചിന്തിച്ച, എഴുതിയ, പറഞ്ഞ ചില തലതെറിച്ച കുട്ടികൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടാവണം. അവരാണ് ഭാഷയെ വളർത്തിയിട്ടുണ്ടാവുക. അവരാണ് കാലങ്ങളായി ശീലിച്ചുവന്നവയെ പൊളിക്കുകയും പുതിയവ കൂട്ടിചേർക്കുകയും ചെയ്തിട്ടുണ്ടാവുക. എന്തായാലും ഓൺലൈൻ തുറന്നിട്ട സാധ്യതകളുടെ വിശാലലോകത്ത്, പറയാനുള്ളതെന്തും പറഞ്ഞും എഴുതിയും ട്രോളാക്കിയും 'ന്യൂജെൻ പിള്ളേർ' ഭാഷയ്ക്കു സമ്മാനിച്ച 'ഫ്രീക്ക്' പദങ്ങൾ നിരവധിയാണ്...

ഇത്തരത്തിൽ എവിടെ നിന്നെന്ന് അറിയാതെ കയറിവന്ന പദങ്ങളിൽ ഒന്നാണ് 'മീനവിയൽ'. അവിയൽ എന്ന ശുദ്ധപച്ചക്കറി വിഭവത്തിനൊപ്പം മീൻ എന്ന പദം എങ്ങനെ ചേർന്നു പോകുമെന്ന് തലപുകച്ചവരേറെ... ഒരു വക അലുവ–മത്തിക്കറി കോമ്പിനേഷൻ പോലെ... എന്തായാലും ചേരില്ല എന്നു നമ്മൾ വിശ്വസിച്ചുപോന്നവ തമ്മിൽ ചേർക്കുമ്പോളുണ്ടാവുന്ന ഒരു പുതുരുചിയായി മീനവിയൽ എന്ന പദം മലയാളികളെ നിത്യം തേടിയെത്തി. 

അതല്ല 'meanwhile' എന്ന ഇംഗ്ലിഷ് പദത്തിന്റെ മലയാളീകരണമാണ് 'മീനവിയൽ' എന്നും വ്യാഖ്യാനമുണ്ട്. 'meanwhile'നു പകരം മീനവിയൽ വ്യാപകമായി ട്രോളുകളിൽ ഉപയോഗിച്ചു പോന്നു. എന്തായാലും അർഥശങ്കയേതുമില്ലാതെ സമൂഹമാധ്യമം മീനവിയലിനെ യഥേഷ്ടം എടുത്ത് ഉപയോഗിച്ചു.

'മീനവിയൽ' എന്ന പേരിൽ‍ ഒരു ചെറുകഥ തന്നെ എഴുതിയിട്ടുണ്ട് യുവകഥാകൃത്ത് അമൽ പിരപ്പൻകോട്. നടി അർച്ചന കവി തന്റെ വെബ്സീരിസിന് നൽകിയ പേരും 'മീനവിയൽ' എന്നു തന്നെ. 'മീനും അവിയലും തമ്മിൽ ചേരില്ല. അതുപോലെയാണ് ഈ കഥയിലെ ചേച്ചിയും അനിയനും' എന്നാണ് പേരിനു കാരണമായി അർച്ചന കവി ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

കാര്യമെന്തായാലും 'എടോ പിള്ളേരേ ഇത് നിങ്ങടെ കണ്ടുപിടുത്തമൊന്നുമല്ലന്നേ, സംഗതി പണ്ടുമുതലേ ഇവിടൊക്കെ ഉണ്ടാരുന്നതാണന്നേ...' എന്നു കേട്ടാൽ ന്യൂജെൻ ഒന്നു ഞെട്ടുമെന്നുറപ്പ്.

1990 ൽ ആണ് അക്കരെ അക്കരെ അക്കരെ എന്ന മലയാള സിനിമ പുറത്തിറങ്ങുന്നത്. അതിൽ ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള സംഭാഷണത്തിൽ മീനവിയൽ കടന്നു വരുന്നുണ്ട്. 

ns-madhavan-tweet

"നിനക്ക് ഏറ്റവും ഇഷ്ടമുള്ള ആ മുരിങ്ങയിലയും പരിപ്പും ചേർത്തിട്ടുള്ള കറിയില്ലേ, അത് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മീനവിയലും" എന്ന് ശ്രീനിവാസൻ പറയുമ്പോൾ "മീനവിയലോ?" എന്ന മോഹൻലാലിന്റെ മുഖത്തെ കൗതുകം നിറഞ്ഞ ചോദ്യം തന്നെ ആയിരുന്നിരിക്കണം കണ്ടിരുന്നവരുടെ ഉള്ളിലും ആ സമയം ഉണർന്നത്. "ആ മീനവിയല്, ഭയങ്കര മനോഹരമായിരിക്കും..." എന്ന ശ്രീനിവാസന്റെ മറുപടി കേട്ടപ്പോൾ ആ മനോഹാരിത ഇത്രത്തോളം അങ്ങ് നീണ്ടുനിൽക്കുമെന്ന് കേട്ടവർ പ്രതീക്ഷിച്ചുകാണില്ല. ഒന്നു ശ്രദ്ധിച്ചേ 'ഭയങ്കര മനോഹരത്തിലും' ഇല്ലേ ഒരു ചേരായ്മയുടെ ചേർച്ച. ഒരു പക്ഷേ, ഈ സിനിമയിൽ നിന്നാവാം മീനവിയൽ ട്രോളുകളിലേയ്ക്ക് കുടിയേറിയത്.

എന്നാൽ അതിനും മുൻപ് മീനവിയൽ എന്ന പദം പ്രയോഗത്തിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നു എൻ.എസ്. മാധവൻ. 1957 ൽ പ്രസിദ്ധീകരിച്ച ജെ. അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തിൽ മീൻ അവിയൽ എന്ന പദമുണ്ട്. പദമുണ്ട് എന്നു മാത്രമല്ല മീൻ അവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന റസിപ്പി അടങ്ങിയ പുസ്തകത്തിന്റെ പേജ് സഹിതം ട്വീറ്റ് ചെയ്തിരിക്കുകയാണ് എൻ.എസ്. മാധവൻ. പചകവിധി വായിച്ചവർ ഇത് മീൻ പീര, അഥവാ മീൻ തുവരൻ ആണ് എന്ന് അഭിപ്രായപ്പെട്ടെങ്കിലും മീൻ പീര/മീൻ തുവരൻ റസിപ്പിക്കായി പ്രത്യേക കുറിപ്പും പുസ്തകത്തിൽ ഉണ്ട്...

ഇനി കാത്തിരിക്കാം മീനവിയൽ ഓൺലൈൻ ലോകത്തിലെന്ന പോലെ, നമ്മുടെ തീൻമേശയിലെയും ഒരു സ്ഥിരം വിഭവമായി മാറുമോ എന്ന്, കാലങ്ങളെ അതിജീവിച്ച് മലയാള ഭാഷയിലെ ഒരു പദവും പ്രയോഗവുമായി എന്നും നിലനിൽക്കുമോയെന്ന്...