ചേതൻ ഭഗത്തിന്റെ പുസ്തകം അദ്ദേഹത്തിനു തന്നെ വിൽക്കാൻ ശ്രമിച്ച വിൽപനക്കാരൻ!
Mail This Article
സ്വന്തം പുസ്തകം വഴിവാണിഭക്കാരന്റെ കയ്യിൽ നിന്ന് വിലപേശി വാങ്ങേണ്ടി വന്നിട്ടുണ്ടാകുമോ എതെങ്കിലും ഒരെഴുത്തുകാരന്? അത്തരത്തിലൊരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ ചേതൻ ഭഗത്.
യാത്രമധ്യേ വാഹനം സിഗ്നലിൽ നിർത്തിയപ്പോഴാണ് കുറേയെറെ പുസ്തകങ്ങളുമായി ഒരു വഴിവാണിഭക്കാരൻ ചേതൻ ഭഗതിനെ സമീപിക്കുന്നത്. ചേതൻ ഭഗതിന്റെ പുസ്തകം കയ്യിലുണ്ടോ? യാത്രക്കാരൻ വിൽപ്പനക്കാരനോട് ചോദിച്ചു. പുസ്തകം എഴുതിയ സാക്ഷാൽ ചേതൻ ഭഗത് തന്നെയാണ് തന്റെ മുന്നിൽ ഇരിക്കുന്നത് എന്നു മനസ്സിലാകാത്ത വിൽപനക്കാരൻ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ചേതൻ ഭഗത്തിന്റെ പുസ്തകം എടുത്ത് എഴുത്തുകാരനു നേരെ നീട്ടി വിലപേശി തുടങ്ങി.
ഇത് നല്ല പുസ്തകമാണോ എന്ന എഴുത്തുകാരന്റെ ചോദ്യത്തിന്, നന്നായി വിറ്റുപോകുന്ന പുസ്തകമാണ് എന്നായിരുന്നു വിൽപനക്കാരന്റെ മറുപടി. വ്യാജപതിപ്പാണോ എന്ന ചോദ്യത്തിന് ഓൺലൈൻ പ്രിന്റ് ആണെന്നും സമ്മതിക്കുന്നുണ്ട് വിൽപനക്കാരൻ. ഒടുവിൽ താൻ തന്നെയാണ് പുസ്തകം എഴുതിയ ചേതൻ ഭഗത് എന്ന് എഴുത്തുകാരൻ വെളിപ്പെടുത്തിയപ്പോൾ വില്പനക്കാരൻ ആകെ ആശ്ചര്യത്തിലായി.
എഴുത്തുകാരൻ തന്നെയാണ് രസകരമായ സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ വ്യാജപതിപ്പുകളെ താൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും എങ്കിലും കുറച്ചാളുകളുടെ ഉപജീവനമാർഗമാണിതെന്ന് മനസ്സിലാക്കുന്നു എന്ന മുഖവുരയാണ് ചേതൻ ഭഗത് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.