മുഴുവനെഴുതാതെ പോയി, പോ!
Mail This Article
ഒന്നുമെഴുതാത്ത ഒരു പേജിനെക്കുറിച്ചാണ്. ഒന്നര നൂറ്റാണ്ടിനപ്പുറം എഡ്ഗാർ അലൻ പോ എഴുതാതെവിട്ട ആ നാലാം പേജ് അദ്ദേഹത്തിന്റെ ജീവിതം പോലെ അനവധി ചോദ്യങ്ങൾ ബാക്കിവയ്ക്കുന്നു.
കാൽപനികതയുടെ കാവലാൾ, ചെറുകഥകളുടെ വഴിയിൽ വെളിച്ചമായിരുന്നയാൾ, കവി, അപസർപ്പക സാഹിത്യത്തിന്റെ തൊട്ടപ്പൻ... കുറച്ചൊന്നുമല്ല വിശേഷണങ്ങൾ. എഴുത്തിനു മുൻപ് പട്ടാള സേവനത്തിലും ഒരു കൈ നോക്കിയെങ്കിലും കാൽപനികനായ പോ ആ വഴിയേ അധികം പോയില്ല.
ഒരു ബോസ്‌റ്റൺകാരനു സമർപ്പിച്ചുകൊണ്ട് ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയതിൽ പോ തന്റെ പേരു പോലും വച്ചിരുന്നില്ല. പതിനെട്ടാം വയസ്സിലാണ് ഈ തുടക്കം കുറിക്കൽ നടന്നത്. പിന്നീട് അങ്ങോട്ടുള്ള കുറേക്കാലം ഗദ്യമെഴുത്തായിരുന്നു. റാവെൻ എന്ന രചനയിലൂടെ വീണ്ടും കവിതയിലേക്ക്. റാവെൻ വളരെ ഗംഭീരമായാണ് സ്വീകരിക്കപ്പെട്ടത്. അതോടെ പോയുടെ സാഹിത്യ ജീവിതം ആഘോഷിക്കപ്പെടാൻ തുടങ്ങി.
1949ൽ നാൽപതാം വയസ്സിൽ പോ മരണമടഞ്ഞു. മരണത്തെക്കുറിച്ചു പല അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട്. മദ്യം, ക്ഷയരോഗം, കോളറ, മയക്കുമരുന്നുകൾ, റാബീസ്, ആത്മഹത്യ എന്നിങ്ങനെ എത്രയെത്ര കഥകളാണ് ആ മരണത്തെക്കുറിച്ച്! എഴുതിയ അപസർപ്പക കഥകളെക്കാളും ഊഹാപോഹങ്ങൾക്ക് ഇട നൽകിയ മരണമായിരുന്നു അലൻ പോയുടേത്.
പോ അഭ്യൂഹങ്ങൾ ബാക്കിവച്ചു പോയത് മരണത്തെക്കുറിച്ചു മാത്രമല്ല, തന്റെ പൂർത്തീകരിക്കാത്ത സൃഷ്ടിയെക്കുറിച്ചു കൂടിയാണ്. ദ് ലൈറ്റ്ഹൗസ് എന്നായിരുന്നു പോ തന്റെ അവസാനത്തെയും അപൂർണ്ണവുമായ കൃതിക്ക് ഇട്ട പേര്. നാലു പേജിൽ ഒതുങ്ങുന്ന ഒരു ചെറുകഥയോ അതോ ഒരു നീണ്ടകഥയുടെയോ നോവലിന്റെയോ തുടക്കത്തിലെ നാലു പേജോ ആകാം അത്. ഇതിലേതാണ് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തീർന്നിട്ടുമില്ല.
പോയുടെ ജീവചരിത്രകാരനായ കെന്നത്ത് സിൽവർമാന്റെ അഭിപ്രായത്തിൽ അത് അത്രമാത്രമുള്ള ഒരു ചെറുകഥയാണ്.
ഒരു ലൈറ്റ് ഹൗസിലെ ജോലിക്കാരനാണ് ജീവിതത്തോടാകെ വിരക്തി വച്ചു പുലർത്തുന്ന നായകൻ. സാർത്ര് പറഞ്ഞതുപോലെ തനിക്കു ചുറ്റും നരകമാണെന്നു ചിന്തിക്കുന്ന ഒരാൾ. 1796 ൽ നോർവേ തീരത്താണ് കഥ നടക്കുന്നത്. ഡയറിയിലേത് എന്നതുപോലെയുള്ള കുറിപ്പുകൾ ആണതിൽ.
ജനുവരി ഒന്നിന് തുടങ്ങുന്നു എഴുത്ത്. ഏകാന്തതയിൽ എഴുതാൻ ആഗ്രഹിക്കുന്ന നായകൻ. ആകെയുള്ള കൂട്ട് നെപ്ട്യൂൺ എന്ന നായ. സമുദ്ര ദേവന്റെ പേരുള്ള നായ. ഒരു കൊടുങ്കാറ്റിന്റെ വരവറിയിക്കുന്നതു പോലെയാണ് കടലിന്റെ ഭാവം. തന്നെ അവിടെയെത്തിച്ച കപ്പൽതന്നെ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടതാണെന്ന് എഴുതിയിട്ടുണ്ട്.
ജനുവരി രണ്ടാം തീയതി ആയപ്പോഴേക്കും കടലിന്റെ ഭാവം മാറി. കുറച്ചു ശാന്തതയൊക്കെ വന്നു. മൂന്നാം തീയതിയും ശാന്തമായ ദിവസമാണ് എന്നുകണ്ട് ലൈറ്റ്ഹൗസും ചുറ്റുപാടും നല്ലവണ്ണം കാണുകയാണ് അയാൾ. അതിന്റെ വാസ്തുശൈലിയെക്കുറിച്ചും ഈടിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. അവിടെയെത്തുമ്പോൾ പോയുടെ എ ഡിസെന്റ് ഇൻ ടു ദ് മൈൽസ്റ്റോം എന്ന കഥയോട് സാമ്യവുമുണ്ട്. വലിയൊരു ചുഴിയിൽ അകപ്പെട്ടു പോകുന്ന ഒരു സ്കാൻഡിനേവിയൻ നാവികന്റെ കഥയാണ് അത്.
ജനുവരി നാല് - അങ്ങനെ ഒരു തീയതിയെഴുത്തു മാത്രമാണ് അടുത്ത പേജിലുള്ളത്. സാധ്യത കുറവെങ്കിലും അത് മനപ്പൂർവമായ ഒരു എഴുതിനിർത്തലും ആയിരുന്നിരിക്കാം. നാലു ദിവസത്തെ ഡയറിയെഴുത്തോടെ നായകൻ മരണമടഞ്ഞതാകാം എന്നും ഒരു മതം. ഒന്നുമൊന്നും വിശദീകരിക്കാതെ പോ പോയി. റാവെൻ കവിയോടു പറയുന്നതു പോലെ 'നെവർ മോർ' എന്നു പറഞ്ഞ് പോ മടങ്ങി.
പിന്നീടു പലരും എഡിറ്റ് ചെയ്തിറക്കിയ കഥാ സമാഹാരങ്ങളിൽ ചെറുകഥ എന്ന രീതിയിൽ ദ് ലൈറ്റ് ഹൗസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പടി കൂടി കടന്നു ചെയ്തു 2006 ൽ ക്രിസ്റ്റഫർ കോൺലോൺ. ഇരുപത്തിമൂന്ന് എഴുത്തുകാർ പോയുടെ കഥയെ അവരവരുടെ രീതിയിൽ മുഴുമിപ്പിച്ച ഇരുപത്തിമൂന്ന് സൃഷ്ടികളുടെ സമാഹാരം കോൺലോൺ ദ് ലൈറ്റ്ഹൗസ് എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
അവരവർക്കുള്ളിൽ മാത്രം ജീവിച്ച ഒറ്റയാന്മാരാണ് നമ്മൾ എന്നു പറഞ്ഞിട്ടുണ്ട് പോയുടെ മർഡർ ഇൻ ദ് റൂ മോർഗിലെ ഡൂപിൻ. അങ്ങനെയൊരു ഒറ്റയാൻ ആയിരുന്ന പോയുടെ കഥ പൂർത്തിയാക്കാൻ ആ മനസ്സറിയാത്ത മറ്റൊരാൾക്ക് എങ്ങനെ കഴിയും. അവരവരുടേതാക്കി എഴുതാൻ പോയിൽനിന്നു തുടക്കം കടമെടുക്കുക മാത്രമാണ് കഴിയുക.
ഈ അപൂർണ സൃഷ്ടിയുടെ കൗതുകം ഇതിലൊന്നും ഒതുങ്ങുന്നുമില്ല. മറ്റൊരു കൃതിയുണ്ട്. ഇതുപോലെ അരക്ഷിതത്വത്തിന്റെ ആൾരൂപമായ നായകനാണ് അതിലും. അയാളും പോയുടെ നായകനെപ്പോലെ തന്റെ വാസസ്ഥലത്തിന്റെ ഈടിനെയും ഉറപ്പിനെയും പറ്റി ആകുലനാണ്. പോയെപ്പോലെ അരക്ഷിതത്വത്തിന്റെ കൊടുമുടിയിൽ ചവിട്ടിനിന്ന് എഴുതിയിരുന്ന ഫ്രാൻസ് കാഫ്കയുടെ ദ് ബറോ (The Burrow) ആണ് അപൂർണതയുടെ കാര്യത്തിലും സാമ്യമുള്ള ആ കഥ.
ഒന്നുമെഴുതാത്ത ഒരു പേജ് ചർച്ചയാകുന്നതും അതിൽ പലരും അവരുടേതായ ഭാവനയ്ക്കൊത്ത് എഴുതിച്ചേർക്കുന്നതും അതിനു മുൻപ് അദ്ദേഹം എഴുതിയവയുടെ പ്രശസ്തിയും പ്രസക്തിയും കൊണ്ടാണ്. മുൻപെഴുതിയ ഓരോ പേജും മറ്റുള്ളവരുടെ ഭാവനയ്ക്ക് കടം കൊടുത്ത വാക്കുകൾ പിന്നീട് ആ പേജിനെ എത്ര തരത്തിൽ പുനഃസൃഷ്ടിച്ചു!
പൊയ്പ്പോയ പോയ്ക്ക് ഇതിലേതു കഥയാവും സ്വീകാര്യമാവുക.