ADVERTISEMENT

പരസ്പരം നന്നായി മനസ്സിലാക്കിയ രണ്ടു പേർ, അവർ എഴുത്തുകാരായിരുന്നു. വിഭജനം അവരെ രണ്ടു രാജ്യങ്ങളിലേക്ക് അകറ്റി. ഒടുവിൽ അവർ ഒന്നിച്ചു, ഒരു പുസ്തകത്തിൽ. അത് സൗഹൃദത്തിന്റെ മാനിഫെസ്റ്റോയാണ്. (ഹൃദയം കൊണ്ടു വായിക്കുമ്പോൾ ദയവായി ഈ വരി പ്രണയത്തിന്റെ മാനിഫെസ്റ്റോ എന്ന് തിരുത്തുക) അതൊരു കാവ്യനീതിയാണ്.

പാക്കിസ്ഥാനി എഴുത്തുകാരൻ മാന്റോയും ഇന്ത്യക്കാരിയായ ഉറുദു എഴുത്തുകാരി ഇസ്മത് ചുഗ്തായിയുമാണ് അക്ഷരങ്ങൾകൊണ്ട് അതിരുകൾ മായ്ച്ചവർ. അവരുടെ അടുപ്പത്തിന്റെ ആഴമറിയാൻ ഒരു പുസ്തകം വേണ്ട, അവരെഴുതിയ ഒരു കഥയുടെ പേരു തന്നെ പര്യാപ്തമാണ്. മാന്റോയെക്കുറിച്ച് ഇസ്മത് ചുഗ്തായ് എഴുതിയത് ‘എന്റെ സുഹൃത്ത്, എന്റെ ശത്രു’ എന്നാണ്.

ഉറ്റ സുഹൃത്തുക്കളായിരുന്ന ഈ രണ്ട് എഴുത്തുകാരെ ഇന്ത്യ പാക്ക് വിഭജനം രണ്ടു രാജ്യക്കാരാക്കി. രാജ്യങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ സാധാരണക്കാരുടേതാകണം എന്നില്ലല്ലോ.

മനുഷ്യരുടെ വികാരങ്ങളെ മനസ്സിലാക്കുകയും അവയെ സത്യസന്ധതയോടെ പുനരാവിഷ്കരിക്കുകയും ചെയ്തിരുന്നു അവർ. ഒരേ കാലഘട്ടത്തിൽ ഒരേ പോലെ ധൈര്യമായി പേന ചലിപ്പിച്ചിരുന്നവർ. അവർക്കു നേരിടേണ്ടി വന്നിരുന്ന വിമർശനങ്ങളും ആരോപണങ്ങളും വ്യത്യസ്തമായിരുന്നില്ല. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനിലെ ആദ്യകാല അംഗങ്ങളായിരുന്നു ഇരുവരും. സാമ്രാജ്യത്വ, ഫ്യൂഡൽ ചിന്താഗതികളെ എതിർത്തിരുന്നവർ. ചുഗ്തായി മാർക്സിയൻ ചിന്തകൾക്കൊപ്പം നടന്നവൾ കൂടിയാണ്. 

ചുഗ്തായി എഴുതിയ ലിഹാഫ് എന്ന നോവലിലും മാന്റോ എഴുതിയ ബു എന്ന നോവലിലും അശ്ലീലം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് ഒരേസമയം ലഹോർ കോടതിയിൽ ഹാജർ ആകേണ്ടി വന്നിട്ടുണ്ട് ഇരുവർക്കും. സ്വവർഗരതിയെ ധ്വനിപ്പിക്കുന്ന ഭാഗങ്ങളുണ്ടെന്നായിരുന്നു ചുഗ്തായ്ക്ക് എതിരെയുള്ള ആരോപണം. അതിനെ നേരിടാൻ അവർക്കു വേണ്ടി കോടതിയിൽ സംസാരിക്കുവാനും മാന്റോ തയാറായി. സ്വവർഗ പ്രണയം ചുഗ്തായിയുടെ കൃതിയിലും സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച് മാന്റോയുടെ കൃതിയിലും ഉണ്ടായിരിക്കെത്തന്നെ രണ്ടുപേർക്കും എതിരെയുള്ള കേസുകൾ നിയമപരമായി നിലനിൽക്കുന്നവ ആയിരുന്നില്ല. മനുഷ്യ ബന്ധങ്ങളെക്കുറിച്ച് അസത്യമായതൊന്നും അവരെഴുതിയിട്ടുമില്ല.

കോടതിയിൽ മാത്രമല്ല അവർക്കു വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ദോസഖി എന്ന കൃതിയിൽ വളരെ ശക്തമായ ഭാഷയിൽ ചുഗ്തായ് തന്റെ സഹോദരനെക്കുറിച്ച് എഴുതി. മരണശേഷം പുഴുക്കൾ ശരീരത്തെ കാർന്നു തിന്നുമ്പോഴും തോൽക്കാതെ, മനസ്സുകൊണ്ട് ചിരിക്കുന്ന പ്രിയ സഹോദരനെക്കുറിച്ചായിരുന്നു അവർ എഴുതിയത്. അത്തരമൊരു അവസ്ഥയെക്കുറിച്ചു എഴുതിയത് വായിച്ച മാന്റോയുടെ സഹോദരി ഇക്ബാൽ, ചുഗ്തായിയെ വിമർശിച്ചു സംസാരിച്ചു. 'എന്തു നാണം കെട്ട എഴുത്ത് ! സ്വന്തം സഹോദരനെക്കുറിച്ച് അവൾ എഴുതിയിരിക്കുന്നതു കണ്ടില്ലേ' എന്ന ആ വിമർശനത്തിന് മറുപടിയായി മാന്റോ പറഞ്ഞത്, ‘എന്നെക്കുറിച്ച് എന്റെ മരണശേഷം നീ ഇങ്ങനെയൊക്കെ എഴുതും എന്നുണ്ടെങ്കിൽ അതിനായി ഇപ്പോൾ തന്നെ മരിക്കാനും ഞാൻ തയാർ’ എന്നാണ്. 

1940 കളിൽ പൊതുവേ കരുതപ്പെട്ടിരുന്നത് ഇസ്മത് ചുഗ്തായ് എന്നത് ഇസ്മത്തിന്റെ സഹോദരൻ അസീം ചുഗ്തായിയുടെ അപരനാമം ആണെന്നാണ്. മാന്റോയും ആദ്യം അങ്ങനെ തന്നെ കരുതി. അല്ല എന്നു തിരിച്ചറിഞ്ഞതു മുതൽ മനസ്സിൽ അവർക്കായി ഒരു ഗംഭീരസ്ഥാനം കരുതിയിരുന്നു മാന്റോ. നേരിട്ടു കണ്ടപ്പോൾ അവർ എക്കാലത്തെയും നല്ല സുഹൃത്തുക്കളാകുകയും ചെയ്തു.

പൂർണയായ, സത്യസന്ധമായി എഴുതുന്ന ഒരു സ്ത്രീ ആയിട്ടാണ് ചുഗ്തായിയെക്കുറിച്ചു മാന്റോ പറഞ്ഞിട്ടുള്ളത്. ഭൂൽ ബുലൈയ്യ, തീൽ ലിഹാഫ്, ഗൈണ്ട എന്നീ രചനകൾ എഴുതാൻ കഴിഞ്ഞതു തന്നെ അവർ പൂർണയായ ഒരു സ്ത്രീ ആയതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവർ പൗരുഷത്തോടു മത്സരിക്കുകയായിരുന്നില്ല, മറിച്ച് സ്ത്രീ എന്ന നിലയിലുള്ള അനുഭവങ്ങളെ തികച്ചും സത്യസന്ധമായി പകർത്തുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

വിഭജനകാലത്ത് മാന്റോ പാക്കിസ്ഥാനിലേക്കു പലായനം ചെയ്തതിനെ ശക്തമായിത്തന്നെ എതിർത്തിരുന്നു ചുഗ്തായ്. ജീവിച്ചിരുന്ന കാലത്ത്, അശ്ലീലം എഴുതുന്നു എന്ന് മുദ്രകുത്തി നിയമക്കുരുക്കുകളിൽ തളച്ച മാന്റോയെ മരണത്തോടെ പാക്കിസ്ഥാൻ ആദരിച്ചതിനെ ചുഗ്തായ് നിശിതമായി വിമർശിച്ചു. ഇനിയൊരു ഇരുപത് ആണ്ടുകൾക്കപ്പുറം നിങ്ങൾ അദ്ദേഹത്തിന്റെ വാർഷികം ആഘോഷിക്കുമ്പോഴും മാന്റോയുടെ മനസ്സ് ദുഃഖിച്ചു ജയിൽക്കമ്പികളിൽ തല തല്ലുകയായിരിക്കും എന്ന് അവർ വിലപിച്ചു.

ഛോട്ടെയ്ൻ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ കിഷൻ ചന്ദർ എഴുതി, ഇസ്മത്തിന്റെ പേര് കേട്ടാൽ പുരുഷ എഴുത്തുകാർ വിറളി പിടിക്കുന്നു എന്ന്. മാന്റോ അതിനു മറുപടിയായി പറഞ്ഞു, ഞാൻ അതിൽ പെടുന്നില്ല, ഒരുപക്ഷേ അവൾ കടലാസിൽ എഴുതുന്നതിനു മുൻപേ ഞാൻ ആ കഥകൾ വായിച്ചു കഴിയുന്നു എന്നതുകൊണ്ടാവാം എന്ന്. മനസ്സുകൊണ്ട് അത്രയേറെ ചേർന്നു നിൽക്കുന്ന കൂട്ടുകാർക്കു മാത്രം കഴിയുന്ന കാര്യമാണ് കാവ്യജീവിതത്തിലെ ആ പാരസ്പര്യം.

ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാശാലികളായ ഈ രണ്ട് എഴുത്തുകാരും സാമുദായിക സംഘർഷങ്ങൾ, ഇന്ത്യാ പാക്ക് വിഭജനം, സ്ത്രീപുരുഷ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള കഥകൾ എഴുതിയവരാണ്. ആ കഥകളാണ് ഒന്നിച്ചൊരു പുസ്തകമായത്.

പുസ്തകം ഒരു പുറത്തുനിന്ന് മാന്റോയുടെ മുഖചിത്രത്തോടെ തുടങ്ങുന്നു; മറുപുറത്തു നിന്ന് ചുഗ്തായിയുടെയും. പരസ്പരം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നവരുടെ കഥകൾ ഒന്നിച്ചിങ്ങനെ, ഒറ്റപ്പുസ്തകമായി.

ചരിത്രമെന്നും ഒന്നിച്ചോർക്കുന്ന രണ്ടു പേരുകളായി അവർ തുടരുമ്പോൾ മനസ്സുകളും സൗഹൃദങ്ങളും വിഭജിക്കുന്നതിൽ രാജ്യാതിർത്തികൾ തോറ്റു പോകുന്നത് അങ്ങനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com